മാഹിയിലെ സ്വാതന്ത്ര്യ സമരവും മാപ്പിളമാരും

ഡോ. ടി.എ. മുഹമ്മദ്   (അസോ. പ്രൊഫ. ഫാറൂഖ് കോളെജ്‌)

ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ച മഹാ സംഭവങ്ങളിലൊന്നായിരുന്നല്ലോ 1453-ല്‍ നടന്ന തുര്‍ക്കികളുടെ ഈസ്തംബൂള്‍ ആക്രമണം. അതോടു കൂടി പാശ്ചാത്യ ലോകത്തു നിന്നും പൗരസ്ത്യ ദിക്കുകളിലേക്കുള്ള കരമാര്‍ഗ്ഗം അടഞ്ഞപ്പോള്‍ യൂറോപ്യര്‍ ബദല്‍ വഴികള്‍ തേടി. ആ അന്വേഷണങ്ങളില്‍ ആദ്യം പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും വലിയ മുന്നേറ്റങ്ങള്‍ നടത്തി. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാത്രമല്ല വിദൂരമായ അമേരിക്കയും ആസ്‌ത്രേലിയയും അങ്ങനെ കൊളോണിയല്‍ ശക്തികളുടെ പിടിയിലായി. പതിനെട്ടാം നൂറ്റാണ്ടില്‍ പശ്ചിമ യൂറോപ്പില്‍ ആരംഭിച്ച വ്യവസായിക വിപ്ലവം അധിനിവേശ ശക്തികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകയും ചെയ്തു.
    1599ല്‍ ഡച്ച് വ്യാപാരികളുടെ ഇടപെടല്‍മൂലം ബ്രിട്ടീഷ് മാര്‍ക്കറ്റിലെ കുരുമുളകിന്റെ വില വന്‍തോതില്‍ വര്‍ദ്ധിച്ചപ്പോള്‍, അതിനെ നേരിടാന്‍ അവിടത്തെ വ്യാപാരികള്‍ രൂപീകരിച്ച വാണിജ്യസ്ഥാപനമാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി. അവരുടെ പാത പിന്തുടര്‍ന്നു കൊണ്ട് ഡച്ചുകാരും ഫ്രഞ്ചുകാരും ഈസ്റ്റ് ഇന്ത്യാ കമ്പനികള്‍ ഉണ്ടാക്കി. 1666ല്‍ ഫ്രഞ്ചുകാര്‍ ഇന്ത്യയിലെ ആദ്യത്തെ ഫാക്റ്ററി സൂറത്തില്‍ സ്ഥാപിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കോഴിക്കോടും ഒരു വാണിജ്യ കേന്ദ്രം തുറന്നു. കടത്തനാട്ടു രാജാവുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മയ്യഴിയില്‍ ഒരു പാണ്ടികശാല തുറക്കാന്‍ ധാരണയാവുകയും 1721ല്‍ അതിന്റെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.1
    വടകരയിലെ വാഴുന്നവരും ഫ്രഞ്ചുകമ്പനിക്കാരും തമ്മിലുള്ള ബന്ധം അധികം കഴിയാതെ വഷളാവുകയും കമ്പനിക്കാര്‍ മയ്യഴിയെ പൂര്‍ണമായും അധീനപ്പെടുത്തുകയും ചെയ്തു. മയ്യഴിയിലെ ഫ്രഞ്ചാധിപത്യം നില നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ 1761 ല്‍ ബ്രിട്ടീഷുകാര്‍ അവിടം പിടിച്ചെടുത്തത് ഫ്രഞ്ചുകാര്‍ക്കൊരടിയായി. എന്നാല്‍ 1761-ല്‍ ബ്രിട്ടീഷുകാര്‍ അവിടം പിടിച്ചെടുത്തത് ഫ്രഞ്ചുകാര്‍ക്കൊരടിയായി. എന്നാല്‍ 1763-ലെ പാരീസ് ഉടമ്പടി പ്രകാരം മയ്യഴി ഫ്രഞ്ചുകാര്‍ക്കു തന്നെ തിരിച്ചു കിട്ടി. യൂറോപ്പില്‍ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിലുള്ള കിട മത്സരത്തിന്റെ പ്രതിഫലനങ്ങള്‍ ഇന്ത്യയിലും  ഉണ്ടാവുകയും അതനുസരിച്ച് 1779ലും 1793 ലും വീണ്ടും ബ്രിട്ടീഷുകാര്‍ മയ്യഴിയെ  അധീനപ്പെടുത്തുകയും ചെയ്തു. 1814 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട പാരീസ് ഉടമ്പടി പ്രകാരം മയ്യഴിയെ വിട്ടുകൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറാവുകയും അങ്ങനെ 1816 ല്‍ അവിടെ ഫ്രഞ്ചാധിപത്യം പുനഃസ്ഥാപിക്കപ്പെടുകയും ആ അവസ്ഥ 1954 വരെ തുടരുകയും ചെയ്തു.
മയ്യഴിയെ മാഹിയാക്കി മാറ്റിയത് ഫ്രഞ്ചുകാരാണ്. മയ്യഴി എന്ന പേര് ഫ്രഞ്ചീകരിച്ചു മാഹിയാക്കിയതാണെന്നും അതല്ല. ആ പ്രദേശം പിടിച്ചെടുത്ത നാവികത്തലവനായിരുന്ന മായേ ലബുര്‍ദാനെയുടെ പേര് ആ സ്ഥലത്തിനിട്ടതാണെന്നും രണ്ടഭിപ്രായമുണ്ട്.2
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ ഒന്നും മാഹിയിലെ ശാന്തമായ ജനജീവിതത്തെ ബാധിച്ചില്ല. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് വിരുദ്ധ കൃതികളും ലഘുലേഖകളും നോട്ടീസുകളും മറ്റും അവിടെ നിന്നാണ് പ്രിന്റ് ചെയ്തിരുന്നത്. മലബാറിലെ സ്വാതന്ത്യ സേനാനികള്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ താമസിച്ചതും അവിടെയായിരുന്നു. അതേ സമയം മാഹിക്കാര്‍ ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരായി അതിര്‍ത്തി പ്രദേശമായ അഴിയൂരിലെ അത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയാണ് ചെയ്തിരുന്നത്.3
1934 ല്‍ ഗാന്ധിജിയുടെ സന്ദര്‍ശനം മാഹിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി.  നാടും നഗരവുമൊന്നാകെ വൈദേശികാധിപത്യ വിരുദ്ധ പ്രകടനങ്ങളാല്‍ മുഖരിതമായി.  1937 ല്‍ പോണ്ടിച്ചേരിയില്‍ സ്ഥാപിതമായ മഹാജന സഭയുടെ പ്രവര്‍ത്തനം അവിടെയും ആരംഭിച്ചു. ഫ്രഞ്ചിന്ത്യയുടെ മുഴുവന്‍ പ്രദേശങ്ങളുടെയും വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഫ്രഞ്ച് ഇന്ത്യന്‍ കോണ്‍ഗ്രസ്സുമായി മഹാജന സഭ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ദേശീയ വാദികള്‍ മാത്രമല്ല സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും അതില്‍ അംഗങ്ങളായിരുന്നു.
1947 ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയെങ്കിലും ഫ്രഞ്ചുകാര്‍ അങ്ങനെ ചെയ്യാതിരുന്നത് മാഹി ഉള്‍പ്പെടെയുളള ഫ്രഞ്ചധീന പ്രദേശങ്ങളില്‍ മുറുമുറുപ്പുണ്ടാക്കി.  ഇന്ത്യാ ഗവണ്‍മെന്റൂം ഫ്രഞ്ച് ഗവണ്‍മെന്റൂം തമ്മില്‍ നടത്തിയ കൂടിയാലോചനകളുടെ ഫലമായി, ഫ്രഞ്ചിന്ത്യയുടെ സ്വാതന്ത്ര്യത്തെ ജനഹിത പരിശോധനക്കു വിധേയമാക്കാന്‍ തീരുമാനിക്കപ്പെട്ടു.  അതനുസരിച്ച് 1948 ഒക്‌ടോബറില്‍ ഫ്രഞ്ചിന്ത്യയിലൊട്ടാകെ നഗരസഭാ തെരഞ്ഞെടുപ്പുകള്‍ നടത്താനും തീരുമാനിച്ചു.4
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മയ്യഴിയിലെ ജനങ്ങള്‍ വലിയ താല്‍പര്യം കാണിച്ചെങ്കിലും ഫ്രഞ്ചനുകൂലികളായ രാഷ്ട്രീയക്കാരും ഭരണാധികാരികളും ചേര്‍ന്നു കൊണ്ട് തെരെഞ്ഞടുപ്പില്‍ കൃത്രിമം കാണിച്ചതായി ആരോപണമുയര്‍ന്നു.  തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുന്നതില്‍ പക്ഷപാതം കാട്ടുന്നതായും പരാതിയുണ്ടായി.  ഒക്‌ടോബര്‍ 21ാം തിയ്യതി മഹാജന സഭാ പ്രവര്‍ത്തകര്‍ പരാതിക്കെട്ടുകളുമായി അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തു.  അദ്ദേഹത്തില്‍ നിന്നും അനുകൂലമായ നടപടികളൊന്നും കാണാത്തതുകൊണ്ട് പ്രതിഷേധക്കാര്‍ നേരെ മേയറുടെ ഓഫീസിലേക്ക് തിരിച്ചു.  എന്നാല്‍ അദ്ദേഹവും തന്റെ നിസ്സഹായത അറിയിച്ചപ്പോള്‍ അവര്‍ തിരിച്ചുവന്ന് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിനു തീ വെക്കുകയും പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് അവിടെയുളളവരെ നിരായൂധരാക്കുകയും ചെയ്തു.5
പിറ്റെ ദിവസം, മയ്യഴി വിമോചന സമര നായകനായ ഐ.കെ.കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു സംഘം സഭാ പ്രവര്‍ത്തകര്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിലെ ഫ്രഞ്ച് പതാകക്കു പകരം ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. മാത്രവുമല്ല, ഫ്രഞ്ച് ഭരണം അവസാനിച്ചതായും മയ്യഴിയുടെ ഭരണം ഉടനെ ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്ന ഒരു ടെലഗ്രാം ഇന്ത്യാ ഗവര്‍മ്മെണ്ടിനും അതിന്റെ കോണ്‍ഗ്രസ്  പ്രസിഡണ്ടിനും അയക്കുകയും ചെയ്തു. തുടര്‍ന്ന് മയ്യഴിയുടെ ഭരണം ഐ.കെ. കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു ഡിഫന്‍സ് കൗണ്‍സില്‍ ഏറ്റെടുത്തു. ശ്രീ.കെ.പി. അബ്ദുള്‍ ഖാദര്‍ ഇതിലെ ഒരംഗമായിരുന്നു.
മയ്യഴിയിലെ സംഭവ വികാസങ്ങള്‍ അറിഞ്ഞയുടനെ ഒക്‌ടോബര്‍ 25 നു ഒരു ഫ്രഞ്ച് നിരീക്ഷണക്കപ്പല്‍ സ്ഥലത്തെത്തി. അവര്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിലെ ഇന്ത്യന്‍ പതാക മാറ്റി പകരം ഫ്രഞ്ച് പതാക ഉയര്‍ത്തി. പ്രതികാര നടപടികള്‍ ഭയന്ന് സഭാ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ യൂണിയന്‍ പ്രദേശത്തേക്ക് നീങ്ങി. എന്നാല്‍, മയ്യഴി വിട്ടുപോയ സര്‍ക്കാര്‍ ജീവനക്കാരോട് സ്വന്തം ജോലികളിലേക്കു മടങ്ങിപ്പോകണമെന്ന് ഉന്നതങ്ങളില്‍ നിന്നു നിര്‍ദ്ദേശമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ പള്ളൂര്‍ ഫ്രഞ്ച് സ്‌ക്കൂളിലെ അറബി അധ്യാപകനായിരുന്ന പി.കെ. ഉസ്മാന്‍  മാസ്റ്റരും മറ്റു മടങ്ങിപ്പോയിരുന്നു. മഹാജന സഭയുടെ നേതാക്കളിലൊരാളായിരുന്ന പൊന്നമ്പത്ത് കേളോത്ത് ഉസ്മാന്‍. പള്ളൂരിലെ ഫ്രഞ്ച് സ്‌ക്കൂളിലെ അധ്യാപകനായിരുന്ന ഉസ്മാന്‍ മാസ്റ്ററെ നവംബര്‍ 3 നു സ്‌ക്കൂളില്‍ വെച്ച് അറസ്റ്റു ചെയ്യുകയും മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്തു. ഫ്രഞ്ച് കോടതി വിചാരണ പ്രഹസനം നടത്തി ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ അദ്ദേഹത്തിന് അഞ്ചു കൊല്ലം കഠിന തടവും ആയിരം ഫ്രാങ്ക് പിഴയും ശിക്ഷ വിധിച്ചു.6
അഞ്ചുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം 1953-ല്‍ ഉസ്മാന്‍ മാസ്റ്റര്‍ മോചിതനായെങ്കിലും 1954ല്‍ വീണ്ടും കാരാഗൃഹത്തിലടക്കപ്പെട്ടു. ആ വര്‍ഷം ഏപ്രിലില്‍ നടന്ന വ്യക്തി സത്യാഗ്രഹത്തില്‍ പങ്കെടുത്ത അദ്ദേഹത്തെ പോലീസ് മൃഗീയമായി മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന ഇന്ത്യന്‍ പതാക കത്തിക്കാനാവശ്യപ്പെടുകയുമായിരുന്നു. “ഫ്രാന്‍സേ കിത്തേ ലേന്ത്” അഥവാ “ഫ്രഞ്ചുകാര്‍ ഇന്ത്യ വിടുക” എന്നുറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ പതാക കത്തിക്കാന്‍ അദ്ദേഹം സന്നദ്ധനായില്ല. കഠിനമായ മര്‍ദ്ദനം കാരണം അദ്ദേഹം ബോധരഹിതനായെങ്കിലും ദേശീയ പതാകയെ മാറോട് ചേര്‍ത്തു കിടന്നു. പിറ്റേന്നു അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയും ഒരു മാസത്തെ കഠിന തടവു ശിക്ഷയായി വിധിക്കുകയും ചെയ്തു.7
    ഈ സംഭവത്തെ തുടര്‍ന്നു മഹാജന സഭാ നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്നു അധിനിവേശ വിരുദ്ധ സമരം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. ഐ.കെ. കുമാരനോടും മംഗലാട്ട് രാഘവനോടുമൊപ്പം പി.കെ. ഉസ്മാന്റെ സഹോദരനായ പി.കെ. ഇബ്രാഹിം, കെ.പി. അബ്ദുള്‍ ഖാദര്‍, കെ.എ. ഉമ്മര്‍ ഹാജി, എം.പി. മൊയ്തു, എം. മുഹമ്മദ് കുഞ്ഞി തുടങ്ങിയ മാപ്പിള നേതാക്കളും ആവേശപൂര്‍വ്വം ഈ സമരത്തില്‍ പങ്കാളികളായി.
സര്‍വ്വ ആവശ്യങ്ങള്‍ക്കും  സ്വാതന്ത്ര്യ ഇന്ത്യയെ ആശ്രയിക്കേണ്ടിയിരുന്ന മാഹിക്കാരെ സംബന്ധിച്ചേടത്തോളം അതൊരു പരീക്ഷണ കാലഘട്ടമായിരുന്നു. അവശ്യ സാധനങ്ങള്‍ക്ക്  ബുദ്ധിമുട്ടനുഭവപ്പെട്ടതോടു കൂടി ജനങ്ങളും  ഇളകിവശായി. അതേ സമയം മയ്യഴിയെ സ്വതന്ത്ര ഇന്ത്യയുമായി ലയിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മാഹി നഗരസഭ പാസ്സാക്കുകയും ചെയ്തു. അവസരത്തിനൊത്തുയര്‍ന്ന മാഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും പോലീസുകാരും  ഫ്രഞ്ച് വിരുദ്ധ സമരത്തില്‍ ആവേശപൂര്‍വ്വം അണി ചേര്‍ന്നു. കടപ്പുറത്തു നടന്ന പ്രതിഷേധ യോഗത്തില്‍ ഫ്രഞ്ച് പോലീസിന്റെ യൂനിഫോം ധരിച്ചുകൊണ്ട് സി.എം. മൂസ എന്നൊരു പോലീസുദ്യോഗസ്ഥന്‍ വിമോചന  പ്രസ്ഥാനത്തിനു പിന്തുണയര്‍പ്പിച്ചു കൊണ്ട് പ്രസംഗിച്ചത് ജനങ്ങളെയാകെ ആവേശം കൊള്ളിച്ചു. അതോടുകൂടി മലയാളി പോലീസുകാരിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഭരണാധികാരികള്‍ മലയാളി പോലീസുകാര്‍ക്ക് ആയുധം നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി.8
ഗത്യന്തരമില്ലാതെ ഫ്രഞ്ച് ഭരണകൂടം ചര്‍ച്ചകള്‍ക്കു സന്നദ്ധരാവുകയും 1954 ജൂലായ് 16ന് ഭരണം മഹാജന സഭക്കാരെ ഏല്‍പിച്ചുകൊണ്ട് പതുക്കെ രംഗം വിടുകയും ചെയ്തു. ഐ.കെ. കുമാരന്‍ സ്വതന്ത്ര മാഹിയുടെ പ്രഥമ അഡ്മിനിസ്‌ട്രേറ്ററായി. അദ്ദേഹത്തെ സഹായിക്കാനായി രൂപീകരിച്ച പതിനഞ്ചു പേരടങ്ങിയ ഭരണ സമിതിയില്‍ ഉസ്മാന്‍ മാസ്റ്ററും ഒരംഗമായിരുന്നു.9
1948-ല്‍ ഉസ്മാന്‍  മാസ്റ്റര്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അധ്യാപക ജോലിയില്‍ നിന്നു ഡിസ്മിസ് ചെയ്തിരുന്നു. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ  മാഹിയിലെ തന്നെ ലബുര്‍ദാനെ ഹൈസ്‌ക്കൂളില്‍ ഹിന്ദി അധ്യാപകനായി നിയമിച്ചു.10 ദീര്‍ഘകാലത്തെ ജയില്‍ വാസത്തിനിടയില്‍ അദ്ദേഹം ഹിന്ദി പഠിക്കുകയും പ്രവീണ്‍ പരീക്ഷയുടെ ആദ്യഭാഗം പാസ്സാകുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്കു ശേഷം നിരന്തരമായ പീഢനങ്ങള്‍ കാരണം അദ്ദേഹം ശയ്യാവലംബിയാവുകയും 1958 മാര്‍ച്ച് 23-നു തന്റെ മുപ്പത്തി നാലാമത്തെ വയസ്സില്‍ വെല്ലൂരിലെ ക്രിസ്ത്യന്‍ മിഷന്‍ ആശുപത്രിയില്‍ വെച്ച് അന്തരിക്കുകയും ചെയ്തു.11
മയ്യഴിയുടെ മോചനത്തിനു വേണ്ടിയും സ്വാതന്ത്ര്യത്തിനു വേണ്ടിയും  ആത്മാര്‍പ്പണം ചെയ്ത ഉസ്മാന്‍ മാസ്റ്ററെ പോലുള്ളവരെ ചരിത്രകാരന്മാരും സര്‍ക്കാറുകളും ഏതാണ്ട് വിസ്മരിച്ച മട്ടാണ്. അദ്ദേഹത്തിന്റെ ജീവിത കഥ മയ്യഴി വിമോചന സമരത്തിന്റെ ഒരു ഭാഗം തന്നെയാണ്. ത്യാഗത്തിന്റെയും സേവനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും മഹത്തായ അധ്യായം രചിച്ച ഉസ്മാന്‍ മാസ്റ്ററെപോലുള്ളവരുടെ സ്മരണ രാജ്യ സ്‌നേഹികള്‍ക്ക് എന്നുമെന്നും ആവേശം പകരുന്നതും ദേശകൂറു സംശയിക്കപ്പെടുന്ന ഒരു സമുദായത്തിനേറ്റ കളങ്കം മായ്ച്ചു കളയാന്‍ പോരുന്നതുമാണ്. ബ്രിട്ടീഷു വിരുദ്ധ പോരാട്ടത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് എന്നപോലെ ഫ്രഞ്ചു അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ പി.കെ.ഉസ്മാന്റെ പങ്കും തങ്ക ലിപികളാല്‍ എഴുതപ്പെടേണ്ടതാണ്.

അടിക്കുറിപ്പ്
1. എം.പി. ശ്രീധരന്‍, ഹിസ്റ്ററി ഓഫ് മാഹി 1722 - 1817, ശ്രീ.ഐ.കെ. കുമാരന്‍ മാസ്റ്റര്‍ സപ്തതി വാള്യം, മയ്യഴി, 1973 പേ:1
2. കേണല്‍ ജി.ബി. മല്ലിസണ്‍, ഹിസ്റ്ററി ഓഫ് ഫ്രഞ്ച് ഇന്ത്യ, വാള്യം1, എഡിന്‍ബര്‍ഗ്,1909 പേ.66.
3. പെരുന്ന കെ.എന്‍.നായര്‍, കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം, കൊച്ചി, 1985, പേ.364.
4.അതേ പുസ്തകം, പേ.366
5. വി.സുബ്ബയ്യ, സാഗാ ഓഫ് ഫ്രീഡം ഓഫ് ഫ്രഞ്ച് ഇന്ത്യ, മദ്രാസ്, 1990, പേ:324.
6. സി.എഛ്. ഗംഗാധരന്‍, മയ്യഴി, മാഹി, 1987,പേ:181.
7. മംഗലാട്ട് രാഘവന്‍, മയ്യഴിയിലെ ഫ്രഞ്ചു വാഴ്ചയെ വെല്ലുവിളിച്ച വിപ്ലവകാരി, മാതൃഭൂമിപത്രം, 06 ഏപ്രില്‍ 1958.
8. സി.എച്ച്. ഗംഗാധരന്‍, മുന്‍ പുസ്തകം, പേ: 255
9. അതേ പുസ്തകം പേ: 282.
10. പെരുന്ന കെ.എന്‍. നായര്‍, മുന്‍ പുസ്തകം, പേ.378
11. മംഗലാട്ട് രാഘവന്‍, മുന്‍ ലേഖനം.
author image
AUTHOR: ഡോ. ടി.എ. മുഹമ്മദ്
   (അസോ. പ്രൊഫ. ഫാറൂഖ് കോളെജ്‌)