കേരള മുസ്‌ലിംകളും ഇതര സമൂഹങ്ങളും: സാംസ്‌കാരിക വിനിമയങ്ങള്‍

മുഹമ്മദ് ശമീം  

കൊളോണിയലിസത്തിന്റെയും ജന്മിത്താധീശത്വത്തിന്റെയും ഉപകരണങ്ങളിലാണ് സാമ്പ്രദായികമായ ചരിത്രനിര്‍മിതി ഉണ്ടാവുന്നത്. എന്നാല്‍ ദേശങ്ങളെയും ജനസമൂഹങ്ങളെയും അറിയുന്നതില്‍ അവ പരാജയപ്പെടുകയാണ് ചെയ്യുക. കേരളചരിത്രമെന്നാല്‍ തറവാട്ടു കൂട്ടങ്ങളുടെയും ഗോത്രങ്ങളുടെയും സമുദായങ്ങളുടെയും ദേശങ്ങളുടെയും ചരിത്രം കൂടിയാണ്. അന്നിലക്ക് പ്രാദേശികവും ജനകീയവുമായ ചരിത്രാന്വേഷണം അനിവാര്യവുമാണ്. ഒരു സമൂഹത്തെയും ദേശത്തെയും സംബന്ധിച്ച പഠനത്തിനുപകരിക്കുന്ന ഉപകരണങ്ങള്‍ ഒരു പക്ഷേ മറ്റൊരു സമൂഹത്തിനും ദേശത്തിനും ബാധകമായിക്കൊള്ളണമെന്നില്ല. മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ് കൊളോണിയല്‍ ചരിത്ര പാഠങ്ങള്‍. അതേ സമയം താഴെ നിന്ന്, ജനതകളില്‍ നിന്ന് രൂപപ്പെട്ടു വരുന്നതാണ് പ്രാദേശിക ചരിത്രാന്വേഷണം. കൂടുതല്‍ ജനകീയമായിരിക്കും അത്തരം പാഠങ്ങള്‍.
അതേയവസരം ഈ പഠനങ്ങളില്‍ നിന്ന് സമന്വയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സാധ്യതകള്‍ നാം വികസിപ്പിക്കുന്നു. സമഗ്രമായ ഒരുദ്ഗ്രഥനം അങ്ങനെ സാധ്യമാക്കുകയും ചെയ്യുന്നു. താഴെ നിന്നാരംഭിക്കുകയും ഒരേക മാനവികതയിലേക്കും നൈതികതയിലേക്കും അത് വികസിക്കുകയും ചെയ്യുന്നു, പിരമിഡിന്റെ രൂപത്തില്‍.
 
ഇസ്‌ലാമികമാനം
കേരള മുസ്‌ലിംകളുടെ ഇതര സമൂഹങ്ങളുമായുള്ള സാംസ്‌കാരിക ആദാനപ്രദാനങ്ങളെയാണ് ഈ പ്രബന്ധത്തില്‍ നാം അന്വേഷിക്കുന്നത്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട കാര്യമാകയാല്‍ത്തന്നെ ഇത്തരം കൊടുക്കല്‍ വാങ്ങലുകളുമായി ബന്ധപ്പെട്ട് ഇസ്‌ലാമിന്റെ പ്രമാണങ്ങളില്‍ നിന്നു കൊണ്ടുള്ള സാധ്യതകളെ നാം ആദ്യമേ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. തങ്ങളുടെ സമൂഹത്തില്‍ നില നിന്നിരുന്ന സാമൂഹികാചാരങ്ങളില്‍ നിന്ന് തങ്ങള്‍ പ്രബോധനം ചെയ്യുന്ന ദര്‍ശനത്തോടിടയാത്ത സമ്പ്രദായങ്ങളെ സ്വാംശീകരിക്കാന്‍ പ്രവാചകന്മാര്‍ മടി കാണിച്ചിരുന്നില്ല. ഒരു സാര്‍വ്വലൗകിക ജീവിതക്രമമായും പ്രത്യയശാസ്ത്രമായും ഇസ്‌ലാം ഉയര്‍ന്നു നില്‍ക്കുന്നത് ബഹുസ്വരങ്ങളെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളാനുള്ള അതിന്റെ കഴിവു കൊണ്ടു തന്നെയാണ്. നബിയുടെ ശിഷ്യന്മാരില്‍ അറബികളല്ലാത്തവരുണ്ടായിരുന്നു. അവര്‍ രീതികളിലും സമ്പ്രദായങ്ങളിലും ചിലപ്പോള്‍, മുസ്‌ലിംകളില്‍ പ്രവാചകനുള്‍പ്പെടുന്ന, അറബികളായ മുഖ്യധാരയുടെ പതിവുകളെ ഉപേക്ഷിച്ച് അവരുടെ സംസ്‌കൃതിയെത്തന്നെ അവലംബമാക്കുന്നതിനെ ആരും എതിര്‍ത്തില്ല. ഇടയില്‍ ഇബ്‌നു എന്നു ചേര്‍ത്ത് തങ്ങളുടെ പേരുകളെ പിതാക്കന്മാരുടെയും ചിലപ്പോള്‍ പിതാമഹന്മാരുടെയും പേരുകള്‍ ചേര്‍ത്ത് പറയുന്നതായിരുന്നു അറബികളുടെ രീതി. അറബികളായ സ്വഹാബിമാരും അപ്രകാരം തന്നെ അറിയപ്പെടുന്നു. എന്നാല്‍ സ്വഹാബികളില്‍ പേര്‍ഷ്യക്കാരനായ സല്‍മാനോ റോമക്കാരനായ സുഹൈബോ ഈ രീതി അവലംബിച്ചില്ല. അവര്‍ സല്‍മാനുല്‍ ഫാരിസി എന്നും സുഹൈബു റൂമി എന്നും തന്നെ അന്നും ഇന്നും അറിയപ്പെടുന്നു.
ആദഃ, ഉര്‍ഫ് എന്നിങ്ങനെ രണ്ടു കാര്യങ്ങള്‍ ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാറുണ്ട്. ശരീഅത്തില്‍ നിയമസ്രോതസ്സെന്ന നിലക്ക് പൊതുവേ അംഗീകാരമുള്ള ഒന്നാണ് ഇതില്‍ ഉര്‍ഫ്. ഈ പദങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെപ്പറ്റി വ്യത്യസ്ത ചര്‍ച്ചകളുണ്ട്. വൈയക്തികവും സാമൂഹികവുമായ എല്ലാ നടപ്പുകളെയും രീതികളെയും ആദഃ എന്നു പറയും. എന്നാല്‍ സമുദായം പൊതുവില്‍ അംഗീകരിച്ചതും അതിന്റെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയതുമായ സമ്പ്രദായങ്ങളെയാണ് ഉര്‍ഫ് എന്നു പറയുക. എല്ലാ ഉര്‍ഫും ആദത്താണ്. എന്നാല്‍ എല്ലാ ആദത്തും ഉര്‍ഫല്ല. മറ്റൊരു വ്യാഖ്യാനമുള്ളത്, ഇസ്ലാമിക ശരീഅത്ത് അതിന്റെ ചൈതന്യത്തില്‍ നിന്നുകൊണ്ട് അംഗീകരിക്കുന്ന നാട്ടുനടപ്പുകളെയും സമ്പ്രദായങ്ങളെയുമാണ് ഉര്‍ഫ് എന്നു പറയുക. അതുപ്രകാരവും എല്ലാ ഉര്‍ഫും ആദത്താണ്. എന്നാല്‍ എല്ലാ ആദത്തും ഉര്‍ഫല്ല. ജനങ്ങളില്‍ പൊതുവേ പ്രചരിച്ചതും അംഗീകാരമുള്ളതുമാവുക, ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കെതിരാവാതിരിക്കുക എന്നീ നിബന്ധനകളില്‍ സാമൂഹികാചാരങ്ങള്‍ക്ക് ഇസ്‌ലാം അംഗീകാരം നല്‍കുന്നുണ്ട്. അതിനെ നിയമമായംഗീകരിക്കുകയും ചെയ്യുന്നു. ശരീഅത്തിന്റെ സാങ്കേതിക പദാവലിയില്‍ ഉര്‍ഫ് ഇതാണ്. ഇപ്രകാരം വൈവിധ്യമുള്ള സാമൂഹിക ക്രമങ്ങളെ ഇസ്‌ലാം ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നു. സാമൂഹിക ഭദ്രതയ്ക്ക് ഇത്തരം ആചാരങ്ങള്‍ അനിവാര്യവുമാണ്. അതേയവസരം തികഞ്ഞ പ്രതിലോമ സ്വഭാവമുള്ള ആചാരങ്ങള്‍ ധാരാളമുണ്ട്. അവയെ ശക്തമായി നിരാകരിക്കുകയും ചെയ്യുന്നുണ്ട് ശരീഅത്ത്.

സമന്വയത്തിന്റെ
ചരിത്ര സാക്ഷ്യം

വ്യാപാരവും പ്രബോധനവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ അറബികളും മലയാളി സ്ത്രീകളും തമ്മിലുള്ള വിവാഹബന്ധത്തില്‍ നിന്നാണ് കേരളത്തിലെ മുസ്‌ലിം സമൂഹം ഉല്‍ഭവിക്കുന്നത്. അതായത് കേരള മുസ്‌ലിംകള്‍ പിതാവ് വഴിക്ക് അറബ് സംസ്‌കാരവുമായും മാതാവ് വഴിക്ക് മലയാള സംസ്‌കാരവുമായും ബന്ധപ്പെടുന്നു. ഈ രണ്ട് സംസ്‌കൃതികളുടെയും സ്വാധീനം മലയാളി മുസ്‌ലിമിന്റെ മത സാംസ്‌കാരിക ജീവിതങ്ങളെ നിര്‍ണയിച്ചിട്ടുണ്ട്. മറുഭാഗത്ത് നിലവിലുണ്ടായിരുന്നതും വന്നു ചേര്‍ന്നതുമായ എല്ലാ ജനസമൂഹങ്ങളില്‍ നിന്നും സംഭാവനകളുള്‍ക്കൊണ്ടുകൊണ്ടാണ് കേരളം വികസിച്ചതും കേരളീയത രൂപം കൊണ്ടതും. സ്വാഭാവികമായും ഇതില്‍ ക്രിയാത്മകമായ ധാരാളം സംഭാവനകള്‍ മുസ്‌ലിം സമൂഹത്തിന്റേതായുണ്ട്.
ഇപ്രകാരമുള്ള സാംസ്‌കാരിക ആദാനപ്രദാനങ്ങളെ പ്രധാനമായും നാല് മേഖലകളിലായി വിശകലനം ചെയ്യാന്‍ നമുക്ക് സാധിക്കുമെന്നു തോന്നുന്നു. മതവും തത്വചിന്തയും, ഭാഷ, കലയും സാഹിത്യവും, ആചാരവും സമ്പ്രദായവും എന്നിവയാണവ.

മതവും തത്വചിന്തയും
ഖുര്‍ആന്‍ ഏകദൈവ തത്വം വളരെ കര്‍ക്കശമായി പ്രതിപാദിക്കുന്ന വേദഗ്രന്ഥമാണ്. അതേയവസരം തന്നെ സകല വേദങ്ങളും ആദിമവിശുദ്ധിയില്‍ അംഗീകരിച്ചിട്ടുള്ള തത്വമാണിത് എന്നും അത് പഠിപ്പിക്കുന്നുണ്ട്. പ്രായോഗികതലത്തില്‍ സമൂഹങ്ങള്‍ ഈ തത്വത്തില്‍ വരുത്തിയിട്ടുള്ള വ്യതിയാനങ്ങളെയാണ് ഖുര്‍ആന്‍ നിരൂപണ വിധേയമാക്കുന്നത്. ഒപ്പം തന്നെ വേദഗ്രന്ഥം അവതരിപ്പിക്കുന്ന പ്രവാചകന്മാരുടെ ചരിത്രങ്ങളില്‍ വിമര്‍ശനവിധേയമാകുന്ന ബഹുദൈവോപാസനാ രൂപങ്ങള്‍ക്ക് രാഷ്ട്രീയമായ സ്വാധീനങ്ങളുമുണ്ടായിരുന്നുവെന്നു കാണാം.
ഇന്ത്യയിലെ, സ്വാഭാവികമായും കേരളത്തിലെയും ഭൂരിപക്ഷ മതവിഭാഗമായ ഹൈന്ദവരുടെ വേദങ്ങളും അടിസ്ഥാനപരമായി ഏകത്വത്തെ ഊന്നുന്നവയാണ്. ഇന്ത്യയിലെ സൂഫീ ഗുരുക്കന്മാരും മറ്റും ഈ ആധ്യാത്മ തത്വത്തെ തിരിച്ചറിയാനും വിശകലനം ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. അവരുടെ ചിന്തകളില്‍ അതിന്റെ സ്വാധീനവും കാണാം. പില്‍ക്കാലത്ത് വേദങ്ങളിലുള്ള ഏകപരമാത്മ സങ്കല്പത്തെ ആധാരമാക്കി രൂപപ്പെട്ടിട്ടുള്ള, ഭക്തിപ്രസ്ഥാനം പോലുള്ള മതനവീകരണ സംരംഭങ്ങളെ ഇസ്‌ലാം തിരിച്ചും സ്വാധീനിച്ചിട്ടുണ്ട്. കബീറിന്റെയും നാനാക്കിന്റെയും ദോഹകളും കൃതികളുമൊക്കെത്തന്നെ ഏകത്വത്തിലൂന്നി നില്‍ക്കുന്നതായി കാണാം.
ചിന്തയിലും അടിസ്ഥാനത്തിലുമുള്ള ഈ ഏകത കേരളത്തിലെ മത സാമൂഹിക നവോത്ഥാനങ്ങളിലും ദൃശ്യമാണ്. ബാഹ്യമായി ക്ഷേത്രോപാസനയും പ്രതിഷ്ഠകളും നിലനില്‍ക്കുമ്പോള്‍ത്തന്നെ അടിസ്ഥാനപരമായ ആധ്യാത്മിക ചര്‍ച്ചകളെല്ലാം ഏകത്വത്തെയോ ഏകദൈവത്തെയോ ആണ് ആധാരമാക്കുന്നത്. കേരളത്തിലെ സാമൂഹിക നവോത്ഥാനനായകന്മാരില്‍ അഗ്രിമനായ ശ്രീ നാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളുടെ കാര്യം തന്നെയെടുക്കാം. ഒട്ടേറെ ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ഗുരു നടത്തിയിട്ടുണ്ടെങ്കിലും ഏറ്റവുമവസാനം ആലുവയില്‍ അദ്ദേഹം സ്ഥാപിച്ചത് മൂര്‍ത്തികളോ പ്രതിഷ്ഠകളോ ഇല്ലാത്ത ആശ്രമമാണ്. ബിംബാരാധനാ സ്വഭാവത്തിലുള്ള ഉപാസനാരീതികളെ തത്വത്തില്‍ നിരാകരിക്കുകയാണ് അദ്ദേഹം ചെയ്തത്. 1888ല്‍ അരുവിപ്പുറത്ത് ശിവലിംഗപ്രതിഷ്ഠ നടത്തിയ ഗുരുദേവന്‍ 1912ല്‍ വര്‍ക്കല ശിവഗിരിയില്‍ സ്ഥാപിച്ചത് ശാരദാ (സരസ്വതി) ക്ഷേത്രമാണ്. പരാശക്തിയുടെ വാഗ്ഭാവമാണ് സരസ്വതി. 1921ല്‍ കാരമുക്കില്‍ അദ്ദേഹം ദീപപ്രതിഷ്ഠ നടത്തി. ശേഷം മുരുക്കുംപുഴയില്‍ 1922ല്‍ വാക്കുകള്‍ (സത്യം, ധര്‍മം, ദയ, ശാന്തി) പ്രതിഷ്ഠിച്ചു. വാക്ക് അഥവാ വചനം എന്നാല്‍ തത്വചിന്തയില്‍ ലോഗോസ് ആണ്. ബൈബിളില്‍ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നത് ആദിയില്‍ ലോഗോസ് ഉണ്ടായിരുന്നു, ലോഗോസ് ദൈവത്തോടൊപ്പമായിരുന്നു, ലോഗോസ് ദൈവമായിരുന്നു എന്നു പറഞ്ഞു കൊണ്ടാണ്. കലിമ എന്ന് ഖുര്‍ആന്‍ ഇതിനെ അടയാളപ്പെടുത്തുന്നു. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ പൊതുവായുള്ള കലിമത്തിലേക്കു വരുവിന്‍ എന്ന് ജനതയോടു പറയാന്‍ ഖുര്‍ആന്‍ മുഹമ്മദ് നബിയോടു കല്പിക്കുന്നുണ്ട്. അതേയവസരം തന്നെ ലോഗോസിന്റെ സാക്ഷാല്‍ അര്‍ത്ഥം യുക്തി (ലോജിക്) എന്നാണ് താനും. വചനങ്ങളുടെ പ്രതിഷ്ഠ ഈ ഏകത്വത്തിലേക്ക് ഉപാസകനെ നയിക്കട്ടെയെന്നാവാം ഗുരുദേവന്‍ ഉദ്ദേശിച്ചത്. 1927ല്‍ കളവംകോട്ടും വെച്ചല്ലൂരും അദ്ദേഹം കണ്ണാടി പ്രതിഷ്ഠിച്ചു. നീ നിന്നില്‍ പരംപൊരുളിനെ കണ്ടെത്തുക എന്ന പ്രഖ്യാപനം. തുടര്‍ന്നാണ് മൂര്‍ത്തിയോ പ്രതിഷ്ഠയോ ഇല്ലാത്ത പരബ്രഹ്മക്ഷേത്രം, ആശ്രമം അദ്ദേഹം ആലുവയില്‍ സ്ഥാപിക്കുന്നത്.
ഏകവും അമൂര്‍ത്തവും എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്ന അധ്യാത്മ തത്വത്തെത്തന്നെയാണ് വേദോപനിഷദ് പാഠങ്ങളില്‍ നിന്ന് ഗുരുദേവനും കണ്ടെടുക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്നര്‍ത്ഥം. അതേയവസരം ഒരുപാസനാരീതി എന്ന നിലക്ക് പ്രതിഷ്ഠകളെയും മറ്റും അദ്ദേഹം തീര്‍ത്തും തള്ളിപ്പറഞ്ഞിട്ടില്ല. മേല്‍ പ്രസ്താവിച്ച ക്രമത്തില്‍ ക്ഷേത്രസംസ്ഥാപനങ്ങള്‍ നടത്തുമ്പോഴും മറ്റ് ഒട്ടേറെ ക്ഷേത്രങ്ങളും അദ്ദേഹം സ്ഥാപിച്ചിരുന്നു. ഖുര്‍ആനാകട്ടെ ബഹുദൈവത്വസ്വഭാവമുള്ള ഒരാരാധനാരീതിയേയും അംഗീകരിച്ചിട്ടുമില്ല.

ഭാഷ
കേരള മുസ്‌ലിംകളുടെ സാമൂഹിക സമ്പര്‍ക്കവും സംസ്‌കാരവും സമന്വയത്തിന്റെ മാതൃകകളായാണ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. മലയാളം, അറബി, പാര്‍സി ഭാഷകളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു മാപ്പിള വാമൊഴി മുസ്‌ലിം സമൂഹം രൂപപ്പെടുത്തിയെടുത്തു. പില്‍ക്കാലത്ത് ഇതിന്റെ രേഖീയരൂപമായി അറബിമലയാളം എന്ന വരമൊഴി സമ്പ്രദായവും രൂപപ്പെട്ടു. ഇതില്‍ നിന്നുള്ള സംഭാവനകള്‍ മലയാളിയുടെ, പ്രത്യേകിച്ചും വടക്കന്‍ മലയാളിയുടെ പൊതു ഭാഷയിലും ധാരാളമായി ഉണ്ടായിട്ടുണ്ട്. കച്ചവടവും വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് മലയാളത്തിലുപയോഗിക്കുന്ന പല പദങ്ങളും ഈ മാപ്പിള വാമൊഴിയുടെ സംഭാവനകളാണ്. ബസാര്‍, നിരക്ക്, സുമാര്‍, രൊക്കം, ബാക്കി, ഖജാന, താരിഫ്, ഗുദാം, അസ്സല്‍, നക്കല്‍ തുടങ്ങിയവ ഉദാഹരണം. അതു പോലെ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് മുന്‍സിഫ്, വക്കീല്‍, ജപ്തി തുടങ്ങിയ പദങ്ങള്‍. മൊഞ്ച്, മൊഞ്ചത്തി, വര്‍ക്കത്ത് തുടങ്ങിയ ചില പൈങ്കിളിപ്പദങ്ങളും മലയാള ഭാഷയ്ക്ക് മുസ്ലിംകളുടെ സംഭാവനയാണ്.
സ്വലാത് എന്ന ഇസ്ലാമികാരാധനാ സമ്പ്രദായത്തെ മലയാളി മുസ്ലിംകള്‍ നിസ്‌കാരം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. നമസ്‌കാരം എന്ന പ്രയോഗത്തിന്റെ വാമൊഴി രൂപമാണത്. അതേ സമയം വന്ദനം, വണക്കം എന്ന അര്‍ത്ഥത്തില്‍ പൊതുവായുപയോഗിക്കുന്ന പ്രയോഗമായതു കൊണ്ടു കൂടിയാവാം അതിനെ നിസ്‌കാരം എന്നാക്കി മാറ്റിയത്. സ്വലാത്തിന്റെ അര്‍ത്ഥവിവക്ഷയെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ നമസ്‌കാരം എന്ന പദത്തിനു പറ്റില്ല. അതിനാല്‍ത്തന്നെ നിസ്‌കാരം എന്ന വേറിട്ട പ്രയോഗം സാധുവാണ്. മുസ്‌ലിം പ്രാര്‍ത്ഥന എന്ന അര്‍ത്ഥത്തില്‍ത്തന്നെ നിസ്‌കാരം എന്ന ശബ്ദം ഭാഷാനിഘണ്ടുവിലിടം പിടിക്കുകയും ചെയ്തു.
പടച്ചോന്‍ എന്നാണ് മാപ്പിള വാമൊഴിയില്‍ സ്രഷ്ടാവായ അല്ലാഹുവിനെ വിശേഷിപ്പിക്കുക. പടച്ചവന്‍ എന്നതാണ് അതിന്റെ ശരിയായ രൂപമെങ്കിലും മനുഷ്യനും ഈശ്വരനും തമ്മിലുള്ള ബന്ധത്തെ അല്പം കൂടി ആര്‍ദ്രമായി പ്രതിനിധാനം ചെയ്യുന്ന പ്രയോഗമാണ് പടച്ചോന്‍ എന്നത്. പടച്ച തമ്പുരാന്‍ എന്നും സാമാന്യേന ദൈവത്തെ വിശേഷിപ്പിക്കുന്നു. ഈ പ്രയോഗമാവട്ടെ, സൂക്ഷ്മ തലത്തില്‍ അന്നത്തെ ഫ്യൂഡല്‍ അധികാരക്രമത്തെ നിരാകരിക്കുന്നു. തമ്പുരാക്കന്മാരാണല്ലോ അധികാരികള്‍. അധീശത്വം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും വകവെച്ചു കൊടുക്കരുതെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന പാഠമാണ്. ഭൂമിയിലെ അന്യായമായ എല്ലാ അധീശത്വങ്ങളെയും അത് നിരാകരിക്കുന്നു. അന്നിലക്ക് പടച്ച തമ്പുരാനല്ലാതെ തമ്പുരാനായി മറ്റാരുമില്ല എന്ന്, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദര്‍ശനവാക്യത്തെ വിവര്‍ത്തനം ചെയ്യുന്ന പദപ്രയോഗമാവാം പടച്ച തമ്പുരാന്‍ എന്നത്. ഖുര്‍ആനികമായ വിശേഷണങ്ങളെ മലയാളീകരിച്ച് പടച്ചോനോടും തമ്പുരാനോടും ചേര്‍ക്കാറുമുണ്ട്. ഖോജരാജാവായ തമ്പുരാന്‍ എന്നത് ഉദാഹരണം. രാജത്വം അഥവാ മനുഷ്യന്റെ മേലുള്ള അധികാരം അല്ലാഹുവിനു മാത്രമാണെന്നും അവനാണ് രാജാധിരാജന്‍ എന്നുമുള്ള തത്വം കൂടി ഈ പ്രയോഗത്തിലുണ്ട്. ഇതേ അര്‍ത്ഥത്തില്‍ത്തന്നെ മാലികുല്‍ മുലൂക്കായ തമ്പുരാന്‍ എന്നും മാപ്പിള വാമൊഴി പ്രയോഗം കാണാം.
അല്ലാഹു എന്ന പദം മലയാളത്തില്‍ അല്ല എന്നു മാത്രമായി ലോപിച്ചിട്ടുണ്ട്. ഇതിനെ പല ഊന്നലുകളില്‍ ഉച്ചരിച്ച് വൈകാരികമായ ആശയപ്രകാശനം നടത്തുന്ന രീതി മാപ്പിള മുസ്ലിംകള്‍ക്കുണ്ട്. ഇതാകട്ടെ വടക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ പൊതുവായ വാമൊഴി പ്രയോഗമായി വികസിച്ചിട്ടുമുണ്ട്. ദുഃഖവും നിരാശതയും തോന്നുന്ന ഘട്ടങ്ങളില്‍ ല്ല എന്നതിന് പ്രത്യേക ഊന്നല്‍ നല്‍കി അല്‍ല്‍ല്‍ല്ല എന്നു പറയാറുണ്ട്. വിസ്മയവും വ്യസനവുമനുഭവപ്പെടുമ്പോള്‍ ല്ല എന്നിടത്ത് ദീര്‍ഘമുള്ള ഒകാരം ചേര്‍ത്ത് അല്ലോ എന്നാക്കും. മാനസികപ്രയാസമനുഭവപ്പെടുന്ന ഘട്ടങ്ങളില്‍ ല്ല എന്നതിന് ദീര്‍ഘം നല്‍കി അല്ലാ എന്നായിരിക്കും ഉച്ചരിക്കുക. പുച്ഛവും നിന്ദ്യതയും തോന്നുന്ന സമയത്താകട്ടെ അല്ല എന്നതിന് സംവൃതോകാരം നല്‍കി അല്ല് എന്നാക്കുകയും അല്പമതൊന്നു നീട്ടുകയും ചെയ്യും.
പള്ളി എന്ന് മുസ്‌ലിം തന്റെ ആരാധനാലയത്തെ വിശേഷിപ്പിക്കുന്നു. ഈ പദം ബുദ്ധമതത്തില്‍ നിന്നു കടം കൊണ്ടതാണ്. അതേയവസരം പള്ളിയുമായി ബന്ധപ്പെട്ട് മലയാളത്തില്‍ പല തരം ശൈലികള്‍ രൂപപ്പെട്ടിട്ടുണ്ട്. പള്ളീപ്പോയിപ്പറ, ജുമായത്തു പള്ളീല്‍ ഈച്ച കേറിയ മാതിരി, വീട്ടില്‍ വിളക്കു കത്തിച്ചിട്ടു മതി പള്ളീല്‍ വിളക്കു വെക്കാന്‍, പള്ളീലിരുന്നാ പള്ളേപ്പോവില്ല തുടങ്ങിയവ ഉദാഹരണം. മാപ്പിള ജീവിതവുമായി ബന്ധപ്പെട്ട വേറെയും ഒട്ടേറെ ശൈലീ പ്രയോഗങ്ങള്‍ മലയാളത്തിലുണ്ട്. അറക്കലെ ബീവിനെക്കെട്ടാന്‍ പാതി സമ്മതം എന്നത് കണ്ണൂര്‍ ഭാഗത്ത് നിലവിലുള്ള ഒരു പൊതു ശൈലീവാക്യമാണ്. വര്‍ക്കത്തുള്ള പയ്യന്‍ എന്നൊരു പ്രയോഗമുണ്ട്. ബറകത് എന്ന അറബി പദത്തില്‍ നിന്നാണ് വര്‍ക്കത്തുണ്ടായത്. ബദര്‍ മുഴുവന്‍ കേട്ടിട്ടും അബൂജാഹില് ദീനീക്കൂടിയോ എന്നത് രാമായണം മുഴുവന്‍ കേട്ടിട്ടും രാമന്‍ സീതയ്ക്കാരാണെന്നു ചോദിക്കുന്ന ശൈലീ വാക്യത്തിന്റെ മറു രൂപമാണ്.
ഇതുപോലെ മലയാളം പൊതുവായംഗീകരിച്ചിട്ടുള്ള കുറേ പഴഞ്ചൊല്ലുകളുണ്ട്. ആശ വലിയവന്‍ അതാവ് പെട്ടു പോകും (അറബിയിലെ അദാബ് ആണ് ഇവിടെ അതാവ്), തര്‍ക്കത്തിന് വര്‍ക്കത്തില്ല ഒരുമയ്‌ക്കൊമ്പതു വര്‍ക്കത്ത്, പണമുണ്ടെങ്കില്‍ പാദുഷ അല്ലെങ്കില്‍ പക്കിരി (ഫക്കീര്‍ എന്നത് പക്കിരി എന്നായിരിക്കുന്നു), മുറി വൈദ്യനാളേം കൊല്ലും മുറി ഹാജി ദീനും കൊല്ലും, കഴുത മക്കത്തു പോയാല്‍ ഹാജിയാകുമോ തുടങ്ങി നിരവധി ചൊല്ലുകളുണ്ട്. ആശാനക്ഷരമൊന്നു പിഴച്ചാലമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്ന നമ്പ്യാര്‍സൂക്തത്തെയാണ് മാപ്പിള വാമൊഴി മൊയ്‌ല്യാര്‍ നിന്നു പാത്തിയാല്‍ പിള്ളേര്‍ നടന്നു പാത്തും എന്നു വിവര്‍ത്തനം ചെയ്തത്.
കലയും സാഹിത്യവും
പ്രകൃതിയെ രൂപപ്പെടുത്തുന്നവന്‍ അഥവാ പ്രവര്‍ത്തനനിരതന്‍ എന്ന നിലക്ക് മനുഷ്യന്‍ അനുവര്‍ത്തിക്കുന്ന കര്‍മത്തിന്റെ സൃഷ്ടിയാണ് കല എന്ന് റൊഷേര്‍ ഗരോദി നിര്‍വചിച്ചിട്ടുണ്ട്. മാനുഷികമായ ആത്മീയാവശ്യത്തിന്റെ നിര്‍വഹണമായും അദ്ദേഹം കലയെ കാണുന്നു. വര്‍ണ ശബ്ദ രൂപാദികളെയോ മൂര്‍ത്തമായ വസ്തുക്കളെയോ ഭാഷയെയോ ഉപാധിയാക്കി സര്‍ഗശക്തിയുടെ സഹായത്തോടെ ആത്മാനുഭൂതിയെ ആവിഷ്‌കരിക്കുന്ന സൃഷ്ടി പ്രക്രിയ എന്ന് കലയെ പൊതുവായി നിര്‍വ്വചിക്കാം.  സാഹിത്യേതരകലകള്‍ പൊതുവേ കൂട്ടായ്മയുടെ ആവിഷ്‌കാരങ്ങളും കൂടിയാണ്. ജാതീയമായ കുലത്തൊഴില്‍ സമ്പ്രദായം കേരളത്തില്‍ പണ്ടേ കലാ രൂപങ്ങള്‍ക്കും ബാധകമായിരുന്നു. ചെണ്ട കൊട്ട് മാരാരുടെ കുലത്തൊഴിലായിരുന്നല്ലോ. പുള്ളുവന്‍ പാട്ട്, മിഴാവു കൊട്ടുന്ന നമ്പ്യാര്‍, ചാക്യാര്‍ കൂത്ത്, നങ്ങ്യാര്‍ കൂത്ത് തുടങ്ങിയവയും ജാതീയമായ കലാ സംസ്‌കാരത്തിന്റെ അടയാളങ്ങളാണ്. കേരളത്തിലെ ക്ലാസ്സിക്കല്‍ കലകളും ഒരു പരിധി വരെ നാടന്‍ കലകളും അനുഷ്ഠാനങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് വളര്‍ന്നതും നിലനിലന്നതും. ക്ഷേത്ര കലകളും അനുഷ്ഠാനകലകളുമായി അവ അറിയപ്പെട്ടു.
അതേയവസരം കലാരൂപങ്ങളിലൂടെയുള്ള അനുഷ്ഠാനങ്ങള്‍ പൊതുവേ മുസ്ലിംകളുടെ സമ്പ്രദായമായിരുന്നില്ല. ജാതിയെ ഒരു നിലക്കും ഇസ്ലാം അംഗീകരിക്കുകയുമില്ല. അതേയവസരം ജാതിയെ നിരാകരിക്കുന്നതിനാല്‍ത്തന്നെ എല്ലാം എല്ലാവര്‍ക്കും പ്രാപ്യമായിരുന്നു താനും. ഈ ഘടകങ്ങളാണ് കലയില്‍ കേരള മുസ്‌ലിംകളുടേതായ മറ്റൊരു ധാരയെ സൃഷ്ടിച്ചത്. പൊതുവേ മാപ്പിള കലകള്‍ എന്ന് ഈ ധാരയില്‍പ്പെട്ട കലാരൂപങ്ങള്‍ അറിയപ്പെട്ടു. ഇങ്ങനെ വികാസം പ്രപിച്ച കലാരൂപങ്ങളിലും സാംസ്‌കാരികമായ പാരസ്പര്യത്തിന്റെ നിദാനങ്ങള്‍ കണ്ടെത്താന്‍ നമുക്കു പറ്റും. കേരളത്തിലെ പരമ്പരാഗത നാടന്‍ കലകളില്‍നിന്നാണ് കോല്‍ക്കളി പോലുള്ള മാപ്പിള കലാരൂപങ്ങള്‍ വികാസം പ്രാപിച്ചത്. ദഫ് മുട്ട്, അറബന തുടങ്ങിയവയാകട്ടെ അറബ് കലാരൂപങ്ങളുടെ കേരളീയ വല്‍ക്കരണവും.
ക്ഷേത്രകലകളും മാപ്പിളകലകളും തമ്മിലുള്ള സമന്വയത്തിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ നമുക്കു കണ്ടെത്താനാവും. കഥകളിയിലെ സ്ത്രീവേഷം മുസ്‌ലിം സ്ത്രീയില്‍ നിന്നു കടം കൊണ്ടതാണെന്ന് പലരും ചൂണ്ടിക്കാണിക്കാറുണ്ട്. ഇക്കാര്യം സമര്‍ത്ഥിക്കുന്ന, ശ്രീ എം.എന്‍ കാരശ്ശേരിയുടെ പഠനത്തില്‍ അംബരീഷ ചരിതം കഥകളിയിലെ കാലയവനന്‍ എന്ന കഥാപാത്രത്തെ ഒരു മുസ്‌ലിം രൂപമായി കാണുന്നുണ്ട്. യവനന്‍, ജോനകന്‍, ജോനക മാപ്പിള എന്നെല്ലാം കേരളത്തില്‍ മുസ്‌ലിംകള്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കാലയവനന്‍ (കറുത്ത യവനന്‍) അരങ്ങില്‍ നിന്നു നിസ്‌കാരത്തിനു സമമായ ആരാധന നിര്‍വ്വഹിക്കുന്നുമുണ്ടത്രേ. നാടന്‍ അനുഷ്ഠാനകലകളില്‍ കാസര്‍ക്കോട്ടെ മാപ്പിളത്തെയ്യങ്ങള്‍ പ്രസിദ്ധമാണ്. പ്രത്യേകിച്ച് കുമ്പളയിലെ ആലിത്തെയ്യം. തെയ്യം കെട്ടിയാടാറുള്ള കരിഞ്ചാമുണ്ടി, വയനാട്ടു കുലവന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളില്‍ മുസ്‌ലിം കഥാപാത്രങ്ങളെ കാണാം.
അറബി, പാര്‍സി, തമിഴ്, മലയാളം എന്നീ ഭാഷകള്‍ ചേര്‍ത്തുകൊണ്ടാണ് മോയിന്‍ കുട്ടി വൈദ്യരും പഴയ കാല മാപ്പിളകവികളും മാപ്പിളപ്പാട്ടുകള്‍ രചിച്ചത്. ഭാഷയും സംസ്‌കൃതവും ഇടകലര്‍ന്നു വരുന്ന മണിപ്രവാളസാഹിത്യത്തിനു തുല്യമാണത്. മാപ്പിള രാമായണം, ക്ഷേത്ര സ്തുതീ മാതൃകയില്‍ വിരചിതമായ പ്രവാചക പ്രകീര്‍ത്തനങ്ങള്‍, മറിയം ബീവിപ്പാട്ട്, പക്ഷിപ്പാട്ട്, തോണിപ്പാട്ട്, കുപ്പിപ്പാട്ട്, കപ്പപ്പാട്ട് തുടങ്ങിയവയിലെല്ലാം കേരളത്തിലെ വ്യത്യസ്തങ്ങളായ നാടന്‍ കലകളുടെയും ക്ഷേത്ര കലകളുടെയും സ്വാധീനം കാണാം.
മുഖ്യമായും പള്ളിനിര്‍മാണവുമായി ബന്ധപ്പെട്ട വാസ്തുശില്പ കലാരംഗത്ത് കേരളത്തിലെ ഹൈന്ദവസമൂഹവുമായിച്ചേര്‍ന്ന് മുസ്‌ലിംകള്‍ സവിശേഷമായ സമ്പ്രദായമാവിഷ്‌കരിച്ചിട്ടുണ്ട്. വാസ്തുകലയില്‍ മുസ്‌ലിംകളുടെ സംഭാവന ലോകചരിത്രത്തില്‍ത്തന്നെ ഗണനീയമാണല്ലോ. ലോകത്ത് മുസ്‌ലിംകള്‍ പള്ളി നിര്‍മാണത്തിന് പൊതുവായൊരു വാസ്തുശില്പ രീതി ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. ഉയര്‍ന്നു നില്‍ക്കുന്ന കുംഭഗോപുരമാണ് അതിന്റെ ഏറ്റവും പ്രധാന സവിശേഷത. കുംഭഗോപുരത്തിന്റെ അടിത്തറയ്ക്ക് ചതുരാകൃതിയാണ്. അതിന്റെ നാലതിരുകള്‍ നാല് ദിക്കുകളെ, ഭൗതികലോകത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു സങ്കല്പം. അതിന്റെ മുകളില്‍ അഷ്ടകോണാകൃതിയുള്ള തൂണാണ്. അത് മലക്കുകളെയാണ് സൂചിപ്പിക്കുന്നത്. അതിന്മുകളിലുള്ള ശൂന്യമായ കുംഭം ആത്മാവിന്റെ അടയാളമാണ്. കുംഭാഗ്രമാകട്ടെ, ദിവ്യതത്വമായ തൗഹീദ് അഥവാ ഏകത്വം. ഇങ്ങനെയൊരു വാസ്തുശില്പ കലാരീതി പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുവായി നിലവിലിരിക്കെത്തന്നെ കേരളത്തിലെ ആദ്യകാല മുസ്‌ലിം പള്ളികള്‍ കുംഭഗോപുരം ഉള്‍പ്പെടുത്തിക്കൊണ്ടും അല്ലാതെയും ശുദ്ധ ക്ഷേത്രമാതൃകകളാണ് സ്വീകരിച്ചത്.

ആചാര സമ്പ്രദായങ്ങളും മറ്റും
അഭികാമ്യമെന്നു കരുതപ്പെടുന്ന ഏതെങ്കിലും സാമൂഹ്യലക്ഷ്യത്തിന്റെ നിര്‍വഹണത്തിനു വേണ്ടിയാണ് പൊതുവേ ആചാരങ്ങളുടലെടുക്കാറുള്ളത്. ഒരു സമൂഹം ഉത്തമമെന്നു കരുതുന്ന ലക്ഷ്യം മറ്റൊരു സമൂഹത്തിന് ബുദ്ധിശൂന്യവും അധാര്‍മികവുമാകാം. ഒരു സമൂഹത്തെസ്സംബന്ധിച്ചേടത്തോളം അതിന്റെ ആചാരങ്ങള്‍ ധാര്‍മികവും യുക്തിസഹവുമായിരിക്കും. എന്നാല്‍ ഇതേ സമൂഹം തന്നെ മറ്റൊരു ഘട്ടത്തിലേക്ക് വികസിക്കുന്നതോടെ മുമ്പംഗീകൃതമായിരുന്ന സമ്പ്രദായങ്ങള്‍ക്ക് നീതീകരണമില്ലാതാകുന്നു. തന്റെ വിചാരഗതികള്‍ക്കൊത്തുള്ള വ്യക്തിയുടെ പെരുമാറ്റത്തെ ശീലം എന്നാണ് പറയുക. സമൂഹവും വ്യക്തിയും തമ്മിലുള്ള ശരിയായ സഹകരണത്തിനു വേണ്ടി സമൂഹം വികസിപ്പിക്കുന്ന നടപടിക്രമങ്ങളെ ആചാരങ്ങള്‍ എന്നും പറയുന്നു. ആചാരം ശീലത്തെ നിയന്ത്രിക്കും. ശീലമാകട്ടെ, ചിലപ്പോള്‍ ആചാരമായി മാറുകയും ചെയ്യും. സാര്‍വ്വത്രികമായ രീതിയായി മാറുകയും അതിന് സമുദായത്തിന്റെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നതോടെയാണ് ശീലം ആചാരമായി മാറുക.
ആചാരസമ്പ്രദായങ്ങളിലും കേരളത്തിലെ മുസ്‌ലിം സമൂഹവും മറ്റ് സമൂഹങ്ങളും തമ്മില്‍ കൊള്ളക്കൊടുക്കകളുണ്ടായിട്ടുണ്ട്. കേരളത്തിന്റെ ദേശീയോല്‍സവമായി ഗണിക്കപ്പെടുന്ന ഓണാഘോഷത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളിലൊന്ന് ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം ആശ്ലേഷിച്ച് മക്കയിലേക്കു കപ്പല്‍ കയറിയതിന്റെ സ്മരണയായാണ് ഓണാഘോഷം നിലവില്‍ വന്നതെന്നതാണ്. മലബാര്‍ മാന്വലിലും മറ്റും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ചിങ്ങമാസം കേരളത്തില്‍ കൊയ്ത്തുല്‍സവകാലമാണ്. അത്തം തൊട്ടുത്രാടം വരെയും പിന്നെ തിരുവോണവും അവിട്ടവും ചതയവുമെല്ലാം മലയാളി ഉല്‍സവമായാഘോഷിക്കുന്നു. ജാതിമതഭേദമെന്യേ ഏതൊരു മലയാളിയിലും ഇന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണിത്. അതേയവസരം ഈ ദിനങ്ങളില്‍ത്തന്നെ തിരുവോണത്തിന് പ്രത്യേക പ്രാധാന്യം കൈവന്നത്, ഒരു പക്ഷേ പെരുമാളിന്റെ യാത്ര കൊണ്ടു തന്നെയാവാം. ശരിയായാലും തെറ്റായാലും ഇതിനെ ബലപ്പെടുത്തുന്ന മറ്റൊരു സിദ്ധാന്തം കൂടി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് കൊല്ലവര്‍ഷ കാലഗണനയുടെ പിറവിയുമായി ബന്ധപ്പെട്ടതാണ്. അതിലും ഉന്നയിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തങ്ങളിലൊന്ന് പെരുമാളിന്റെ യാത്രയുമായി ബന്ധപ്പെട്ടതാണ്. പന്തലായനിക്കൊല്ലത്തു നിന്നാണത്രേ പെരുമാള്‍ കപ്പല്‍ കയറിയത്. ഈ രണ്ടു സിദ്ധാന്തങ്ങള്‍ക്കും സംഭവ്യതയേറ്റുന്ന ഘടകമാണ് കൊല്ലവര്‍ഷക്കലണ്ടര്‍ ചിങ്ങമാസത്തിലാണ് തുടങ്ങുന്നതെന്നത്. രാശിചക്ര ക്രമമനുസരിച്ച് ഒന്നാമത്തെ മാസമാവേണ്ടത് മേടമാണ്. എന്നാല്‍ കൊല്ലവര്‍ഷക്കലണ്ടര്‍ ആരംഭിക്കുന്നത് ചിങ്ങത്തിലും. ഒരു പക്ഷേ കേരളത്തിലെ ഒരു ചക്രവര്‍ത്തി അറേബ്യയിലേക്കു കപ്പല്‍ കയറിയതിന്റെ അടയാളമാവാം ഇതെല്ലാം. ഇത് ശരിയാണെന്നു വരുമ്പോള്‍ പെരുമാള്‍ കപ്പലേറിയത് ക്രി പി 825ലാണെന്നു കരുതാം.
കേരളത്തിലെ ഇതര സമൂഹങ്ങളുമായി ബന്ധപ്പെട്ട പരസ്പര സ്വാധീനങ്ങള്‍ സമ്പ്രദായങ്ങളുടെ കാര്യത്തിലും ധാരാളമായുണ്ടായിട്ടുണ്ട്. പൊതുവേ ആദ്യകാല മുസ്‌ലിം സമൂഹം കേരളീയ ജീവിതവുമായുള്ള അനന്യവല്‍ക്കരണത്തിനാണ് പരിശ്രമിച്ചിട്ടുള്ളത്. അതേയവസരം തന്നെ മലയാളിയുടെ വസ്ത്രധാരണത്തിന്റെയും മറ്റും കാര്യത്തില്‍ മുസ്‌ലിംകള്‍ ചെലുത്തിയ സ്വാധീനവും വളരെ വലുതാണ്. കൊടുങ്ങല്ലൂരിലൂടെയാണ് ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങള്‍ കേരളത്തില്‍ പ്രവേശിച്ചതെന്നാണല്ലോ പൊതുവേ കരുതപ്പെടുന്നത്. പൊതുവേ അടഞ്ഞ സമൂഹമായി വര്‍ത്തിച്ചിരുന്ന, മിഷനറി സ്വഭാവമില്ലാത്ത ജനതയായതിനാല്‍, മതം എന്ന നിലക്ക് ജൂതമതത്തിന് വ്യാപനമുണ്ടായില്ല. ക്രിസ്തുമതം കൊടുങ്ങല്ലൂരില്‍ നിന്ന് തെക്കോട്ടാണ് ശക്തമായ വ്യാപനം നേടിയതെങ്കില്‍ ഇസ്‌ലാം അതിന്റെ പ്രഭാവമുറപ്പിച്ചത് കൊടുങ്ങല്ലൂരിനു വടക്കോട്ടാണ്. വളരെ കൃത്യവും കണിശവുമായ ചട്ടക്കൂട് ഈ രണ്ടു മതങ്ങളുടെയും സവിശേഷതയാണെങ്കിലും പൊതു ധാരയില്‍ നിന്ന് ക്രിസ്ത്യാനികള്‍ സ്വീകരിച്ചതിനെക്കാള്‍ കൂടുതല്‍ മുസ്‌ലിംകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ഡോ. എന്‍.എം നമ്പൂതിരി എഴുതുന്നു.
വിവാഹം, മരണാനന്തരാചാരങ്ങള്‍ തുടങ്ങിയവയാണ് ആചാരങ്ങളിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍. കേരളത്തിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്ത് അറബികളായ ചിലര്‍ നാട്ടുകാരായ സ്ത്രീകളുമായി മുത്അ (താല്‍ക്കാലിക) വിവാഹബന്ധങ്ങളിലുമേര്‍പ്പെട്ടിരുന്നതായി പറയപ്പെടുന്നുണ്ട്. മുത്അ വിവാഹങ്ങള്‍ ചില ശീആ വിഭാഗങ്ങളൊഴികെയുള്ള മുസ്‌ലിംകള്‍ നിഷിദ്ധമായാണ് കരുതിയിരുന്നതെങ്കിലും ഇവിടെ നിലനിന്നിരുന്ന നായര്‍ മരുമക്കത്തായവുമായി ബന്ധപ്പെട്ട ബഹുഭര്‍തൃത്വം, വ്യവസ്ഥാപിതവും ഭദ്രവുമായ ഒരു കുടുംബസംവിധാനത്തിന്റെ അഭാവം തുടങ്ങിയവയാകാം അത്തരത്തിലുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് സാഹചര്യമൊരുക്കിയത്. എന്തായാലും മലയാളി സ്ത്രീകളുമായുള്ള അറബികളുടെ വിവാഹബന്ധത്തില്‍ നിന്നാണ് വടക്കേ മലബാറില്‍ കണ്ണുരും കോഴിക്കോട്ടെ ചില പ്രദേശങ്ങളിലും ഇന്നും നില നില്‍ക്കുന്ന, മാപ്പിള മരുമക്കത്തായം എന്നു വിളിക്കപ്പെടുന്ന മാതൃദായക്രമം രൂപപ്പെട്ടത്. വ്യക്തിക്ക് സ്വത്തവകാശമില്ലാത്ത, ട്രസ്റ്റീഷിപ് രൂപത്തിലുള്ള സാമ്പത്തിക സംവിധാനത്തോടു കൂടിയ കൂട്ടുകുടുംബങ്ങളോ അതിലെ മാതൃദായക്രമമോ അംഗീകരിക്കുന്നതിന് മുസ്‌ലിംകള്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല.  മലയാളി മുസ്‌ലിം സമൂഹം രൂപപ്പെട്ടതിനു ശേഷം മേല്‍ സൂചിപ്പിച്ച അടിയന്തിരങ്ങളില്‍ ആചാരപരമായ വിനിമയങ്ങള്‍ രൂപപ്പെട്ടു. വിവാഹനിശ്ചയരീതികള്‍ പോലുള്ള ആചാരങ്ങളുടെ ഉറവിടം അങ്ങനെയാണ്. ഇവയുടെ പ്രയോജനാത്മകമായ വശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് മതവിശ്വാസം തടസ്സം സൃഷ്ടിക്കുന്നില്ലെന്നു വേണം കരുതാന്‍. അതേയവസരം ജാതകക്കൈമാറ്റം, ഗ്രഹനില പരിശോധന തുടങ്ങിയവയെ തങ്ങളുടെ ആചാരങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ മാറ്റി നിര്‍ത്തുകയും ചെയ്തു. വരന്റെ വീട്ടില്‍ നിന്ന് വസ്ത്രം കൊണ്ടുവരുന്ന രീതി, വരന്‍ വെളുത്ത വസ്ത്രം ധരിക്കുന്ന സമ്പ്രദായം തുടങ്ങിയവയെല്ലാം ഇവിടുത്തെ പൊതുധാരയില്‍ നിന്ന് അവര്‍ സ്വീകരിച്ചതാണു താനും. ഒപ്പം സ്ത്രീധനം പോലുള്ള ചില സാമൂഹിക ദുരാചാരങ്ങള്‍ മുസ്‌ലിം, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ സ്വീകരിച്ചതും ഇതേ ധാരയില്‍ നിന്നാണെന്നും കാണാം.
മരണാനന്തര ചടങ്ങുകള്‍ പരേതന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനുള്ള അവസരങ്ങളാകുന്നു. മൂന്നു ദിവസത്തെ തഅ്‌സിയത്തിന് ഇസ്‌ലാമില്‍ത്തന്നെ വിധിയുണ്ട്. ദുഃഖാചരണം എന്നതിലുപരി അതും ആശ്വസിപ്പിക്കലിനാണ് പരിഗണന നല്‍കുന്നത്. അതേയവസരം ഏഴ്, പതിനഞ്ച്, നാല്പത് തുടങ്ങിയ ദിനങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും ഇസ്‌ലാം കല്പിച്ചിട്ടില്ല. ഈ ദിനങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് അനാചാരങ്ങളുടെ വേര് ഇവിടുത്തെ ഹൈന്ദവസമൂഹത്തില്‍ത്തന്നെയാണ് നില കൊള്ളുന്നത്. കണ്ണോക്ക്, ചാപ്പുര കെട്ടല്‍ തുടങ്ങിയവയെയും അക്കൂട്ടത്തില്‍ കാണാം. മൂന്നാം നാളാണ് കണ്ണോക്കാചരിക്കുന്നത്. അന്നെല്ലാ ബന്ധുക്കളും ഒരുമിച്ചു ചേരുകയും അത് പരേതരുടെ ബന്ധുക്കളില്‍ ആശ്വാസം പകരുകയും ചെയ്യുന്നു. കണ്ണൂര്‍ ഭാഗത്ത് പാലൂദ എന്നു വിളിക്കപ്പെടുന്ന ഒരു പാനീയം ഉണ്ടാക്കാറുണ്ട് ഇതോടനുബന്ധിച്ച്. ഇതിന് മാനസികോന്മേഷം പകരാനുള്ള ശേഷിയുണ്ട്. മൂന്നു ദിവസത്തില്‍ക്കൂടുതല്‍ ഒരു വീടും മരണവീടായിരിക്കരുത് എന്ന പ്രവാചകന്റെ നിര്‍ദ്ദേശത്തെ അനുസ്മരിപ്പിക്കുന്ന സ്വഭാവത്തില്‍ കണ്ണോക്കോടു കൂടി ദുഃഖാചരണം അവസാനിക്കുന്നു. അതേയവസരം കണ്ണോക്ക് എന്ന പേര് ഹൈന്ദവസമൂഹത്തില്‍ നിന്നു വന്നതാണ്. കേരളത്തിലെ ബ്രാഹ്മണന്മാര്‍ മരിച്ചതിന്റെ പിറ്റേ ദിവസം കണ്ണൂക്ക് ആചരിക്കാറുണ്ട്. ഈ കണ്ണൂക്ക് ആണ് കണ്ണോക്ക് ആയിത്തീര്‍ന്നത്.
അതേയവസരം തീര്‍ത്തും അനാവശ്യവും അനാശാസ്യവും ഇസ്‌ലാമിക വിരുദ്ധവുമായ പല കാര്യങ്ങളും മരണാനന്തരാചരങ്ങളോടനുബന്ധിച്ച് നടക്കാറുണ്ട്. വിപുലമായ സദ്യയും വെടിവട്ടവും കോലാഹലവുമായി ആചാരങ്ങള്‍ തരം താണു പോയിട്ടും ഉണ്ട്. ജാതിസമ്പ്രദായത്തെ ഒരു നിലക്കും അംഗീകരിക്കാന്‍ ഇസ്‌ലാം തയ്യാറാവുന്നില്ലെങ്കിലും കേരള മുസ്‌ലിംകളുടെ മനസ്സും ജീവിതവും ജാതി ചിന്തയില്‍ നിന്ന് തീര്‍ത്തും മുക്തമാണെന്നു പറഞ്ഞു കൂടാ. ശക്തമായ വിവേചനമോ വിലക്കുകളോ നിലനില്‍ക്കുന്നില്ലെങ്കിലും തങ്ങള്‍ എന്നത് വരേണ്യ ജാതിയായും ഒസ്സാന്‍, പുയ്സ്ലാന്‍ തുടങ്ങിയവ അധമ ജാതിയായും നിലനില്‍ക്കുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ മറ്റുള്ളവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുക പോലും അസംഭവ്യമോ അപൂര്‍വമോ ആണ്. ഉല്‍സവങ്ങള്‍ക്കു സമാനമായി നേര്‍ച്ചകളും ഉറൂസുകളും അവയില്‍ എഴുന്നള്ളത്തിന്റെയും വെടിക്കെട്ടിന്റെയും സ്ഥാനത്ത് ചന്ദനക്കുടവും വെടി പൊട്ടിക്കലും ഒക്കെ ഇസ്‌ലാമികാനുശാസനകള്‍ക്കു വിരുദ്ധമായി രൂപപ്പെട്ട സമ്പ്രദായങ്ങളത്രേ.

സമാപനം
സമ്പ്രദായങ്ങളുടെയും ആചാരങ്ങളുടെയും സാംസ്‌കാരികമായ മറ്റ് ഘടകങ്ങളുടെയും ആരോഗ്യകരമായ ആദാനപ്രദാനങ്ങളെ ക്രിയാത്മകമായും മാനവികമായും സമീപിക്കുന്നത് സമന്വയത്തിന്റെയും മനുഷ്യരാശിയെ ധാര്‍മികമായി ചിട്ടപ്പെടുത്തലിന്റെയും ശക്തമായൊരുപാധിയാണ്.