ഒരു ബഹുസ്വര സമൂഹത്തില്‍ തികഞ്ഞ മതവിശ്വാസിയും ഉല്‍പതിഷ്ണുവുമായ ഒരു മുസ്‌ലിമിന് എങ്ങനെ മറ്റ് മതസമൂഹങ്ങളുടെ ആദരവും അംഗീകാരവും നേടിയെടുത്തു കൊണ്ട് വിജയകരമായി പ്രവര്‍ത്തിക്കാമെന്നുള്ളതിന്റെ ഉദാഹരണമായിരുന്നു വക്കം മൗലവിയുടെ ജീവിതം. ചരിത്രപരമായ കാരണങ്ങളാല്‍ അവഗണിക്കപ്പെടുകയും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്ത സ്വന്തം സമൂഹത്തെ മറ്റ് സമുദായങ്ങള്‍ക്കൊപ്പം പുരോഗതിയിലേക്കെത്തിക്കുകയെന്നുള്ളതായിരുന്നു ആ ലക്ഷ്യം. എന്നാല്‍ അത് ഒരു വിഭാഗീയ പ്രവര്‍ത്തനമായിട്ടല്ല അദ്ദേഹം കണ്ടത്. അതുവഴി പൊതുസമൂഹത്തിന്റെ പുരോഗതിയാണ് അദ്ദേഹമാഗ്രഹിച്ചത്.(1) മുസ്‌ലിം സമുദായത്തിന്റെ വളര്‍ച്ചക്ക് വിഘാതമായി നിരവധി ഘടകങ്ങളുണ്ടായിരുന്നു. അവയില്‍ പ്രധാനമായി എടുത്തുപറയേണ്ടത് വിശ്വാസപ്രമാണവുമായി ബന്ധമില്ലാത്ത അന്ധവിശ്വാസങ്ങളെയാണ്. മതവിശ്വാസവുമായി പൊരുത്തപ്പെടാത്ത ശകുനം നോക്കല്‍, ജാതകം കുറിപ്പിക്കല്‍, ആഭിചാരം നടത്തിക്കല്‍, കാലഗണന തുടങ്ങിയ ആചാരങ്ങള്‍ മുസ്‌ലിം സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി അംഗീകരിക്കപ്പെട്ടു. മരിച്ചവരുടെ പേരില്‍ നിരവധി ആചാരങ്ങള്‍ നടത്തുകയും അത് ഒരു വരുമാനമാര്‍ഗ്ഗമായി ചിലര്‍ പരിഗണിക്കുകയും ചെയ്തു. വികലങ്ങളും അതിശയോക്തിപരങ്ങളും അസത്യ ജടിലങ്ങളുമായ നിരവധി കൃതികള്‍ മതഗ്രന്ഥങ്ങളുടെ വേഷത്തില്‍ പ്രചരിച്ചിരുന്നു. ഇത്തരം കൃതികളാണ് ഇസ്‌ലാമിക പഠനങ്ങള്‍ എന്ന പേരില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. സുഖ പ്രസവത്തിനും ബലാല്‍ മുസീബത്തുകള്‍ നീങ്ങാനും ശൈത്താന്‍ ബാധകള്‍ അകലാനും, രോഗങ്ങളും ക്ഷീണങ്ങളും മാറാനും ഉറുക്കുകള്‍ ഏലസ്സുകള്‍ എന്നിവ എഴുതി സ്വര്‍ണ്ണം വെള്ളി ചരടുകളില്‍ അടച്ചുകെട്ടുക സര്‍വ്വ സാധാരണമായിരുന്നു. പിഞ്ഞാണത്തില്‍ എഴുതി കുടിക്കുക, മാല മുതലായവ ഓതുക എന്നുള്ളതും സുഖ പ്രസവവും ദ്രുത പ്രസവവും നടക്കുന്നതിനുള്ള ചടങ്ങുകളായിരുന്നു.(2)
ഖബറാരാധന തികച്ചും അനിസ്‌ലാമികമായ ഒരു സമ്പ്രദായമാണ്. ഖബറിനെ ബഹുമാന പുരസ്സരം വീക്ഷിക്കുന്നതും അതില്‍ അടങ്ങിയിട്ടുള്ള വ്യക്തിയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും അനുവദനീയമാണ്. എന്നാല്‍ പുണ്യ പുരുഷന്മാര്‍ എന്നു കരുതുന്ന ആളുകളുടെ ഖബര്‍ സ്ഥാനങ്ങള്‍ കെട്ടിപ്പൊക്കി അവിടെ ആരാധനകള്‍ നടത്തി വിശ്വാസികളുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുന്ന സമ്പ്രദായം വ്യാപകമായി നിലവില്‍ വന്നു. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് അവയെ ഒരു ധനസമ്പാദന മാര്‍ഗമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ട നിരവധി കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്.
നേര്‍ച്ചകള്‍ എന്ന ആചാരങ്ങളാണ് മറ്റൊരു ധനാഗമന മാര്‍ഗമായി തീര്‍ന്നത്. പ്രാദേശികമായ സ്വഭാവങ്ങള്‍ക്കനുസൃതമായി നടത്തുന്ന നേര്‍ച്ചകളില്‍ ബാഹ്യമായി ചില ഇസ്‌ലാമിക ആചാരങ്ങളും അനുഷ്ഠിക്കപ്പെടുന്നു. വിശ്വാസികളായ സാധാരണ ജനങ്ങള്‍ ഈ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ വേണ്ടി നിരവധി കാഴ്ച ദ്രവ്യങ്ങളുമായി എത്തുന്നു. അവ വിശുദ്ധന്റെ ഖബറില്‍ സമര്‍പ്പിക്കപ്പെടുന്നു. ദക്ഷിണ കേരളത്തില്‍ ചില പള്ളികളോടനുബന്ധിച്ച് നടത്തപ്പെടുന്ന ചന്ദനക്കുടങ്ങളും ഇത്തരം ആഘോഷങ്ങളുടെ ഭാഗമാണ്. വിശ്വാസികളുടെ ഭക്തിയെയും അജ്ഞതയെയും ചൂഷണം ചെയ്തുകൊണ്ട് ജീവിക്കുന്ന മതപുരോഹിതന്മാരുടെ സാമ്പത്തിക സ്രോതസുകളായിത്തീരുന്നു ഇവയെല്ലാം തന്നെ.
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തവര്‍ ദ്വിമുഖ പ്രവര്‍ത്തനങ്ങളിലൂടെയാണ് രംഗത്തു വന്നത്. സ്വന്തം സമുദായത്തിന്റെ പരിവര്‍ത്തനം വഴി സാമൂഹ്യ പരിവര്‍ത്തനം നടക്കുന്ന പ്രക്രിയക്കാണ് അവര്‍ നേതൃത്വം നല്‍കിയത്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത് സമുദായ സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഉല്‍പതിഷ്ണുക്കളായ വ്യക്തികള്‍ പോലും അവരുടെ പ്രവര്‍ത്തനം സ്വസമുദായ പരിഷ്‌കരണ ശ്രമങ്ങളിലൂടെയാണ് ആരംഭിച്ചത്. സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് കേരള ചരിത്രത്തില്‍ വളരെ നിര്‍ണ്ണായകവും ദൂരവ്യാപക ഫലങ്ങളുമുളവാക്കുന്നതുമായ സംഭാവന നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വന്തം സമുദായത്തിന്റെ പരിവര്‍ത്തനത്തിലൂടെ സാമൂഹ്യ പുരോഗതി കൈവരിക്കുവാനാണ് അതിന് നേതൃത്വം നല്‍കിയവര്‍ ശ്രമിച്ചത്. ഈഴവ സമുദായത്തില്‍ ശ്രീനാരായണ ഗുരുവും പുലയ സമുദായത്തില്‍ അയ്യങ്കാളിയും അതുതന്നെയാണ് ചെയ്തത്.
അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം മൗലവി തുടങ്ങിയത് സ്വന്തം വ്യക്തി ജീവിതത്തിലും, കുടുംബ ജീവിതത്തിലും അവ പ്രയോഗവല്‍ക്കരിച്ചതിന് ശേഷമാണ്. യാതൊരു വിധത്തിലുള്ള നേര്‍ച്ചകളോ, മറ്റ് ആചാരങ്ങളോ തന്റെ കുടുംബത്തില്‍ നടത്തുകയോ, അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല.
വക്കം മൗലവിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായിട്ടും കേന്ദ്രീകരിച്ചത് മുസ്‌ലിംകളുടെ ബൗദ്ധികമായ ഉണര്‍വിനും വ്യക്തിത്വ വികസനത്തിനുമാണ്. അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാതെ തന്നെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാലഘട്ടത്തിനനുസൃതമായ വ്യാഖ്യാനം നല്‍കുവാനും സമകാലിക പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുമുള്ള ഒരു സംവിധാനം ഇസ്‌ലാമില്‍ നിലവിലുണ്ട്. ഖുര്‍ആനിലും, ഹദീസിലും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ പ്രായോഗികമായ വഴികള്‍ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ നടത്താവുന്നതാണ്. വക്കം മൗലവി ഇജ്തിഹാദ് എന്ന ആശയം സമുദായ പുരോഗതിക്ക് അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
മുസ്‌ലിംകളുടെ അടിസ്ഥാന വിശ്വാസ പ്രമാണമായ ഖുര്‍ആനിലെ ആശയങ്ങളെ അറബിഭാഷയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നും സ്വാതന്ത്ര്യമാക്കുന്നത് തികച്ചും അനിസ്‌ലാമികമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. ദൈവികഭാഷയായ അറബിയില്‍ നിന്നും അതിലെ ആശയങ്ങള്‍ പ്രാദേശിക ഭാഷയിലേക്ക് കൊണ്ടുവരുന്നതോടു കൂടി അവയുടെ പവിത്രത നഷ്ടപ്പെടുന്നുവെന്നാണവര്‍ വിശേഷിപ്പിച്ചത്. മതവിശ്വാസികള്‍ക്ക് പണ്ഡിതന്മാരില്‍ നിന്നും ലഭിച്ചിരുന്ന പാഠങ്ങളാകട്ടെ, പലപ്പോഴും ഖുര്‍ആന്റെ ആശയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങളായിരുന്നു. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി അവര്‍ ആരാധനാ രീതികളില്‍ പരിവര്‍ത്തനം നടത്തി. കാലക്രമത്തില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണത്തെപ്പോലും നിരാകരിച്ചുകൊണ്ടുള്ള ആചാരങ്ങള്‍ മതവിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു.
സമുദായത്തെ അധഃപതനത്തില്‍ നിന്നും രക്ഷിക്കുവാന്‍ വേണ്ടിയുള്ള ഏകമാര്‍ഗം വിദ്യാഭ്യാസം മാത്രമാണെന്ന് തിരിച്ചറിയുവാന്‍ കഴിഞ്ഞു എന്നുള്ളതാണ് വക്കം മൗലവിയെ നവോത്ഥാനത്തിന്റെ നായകനാക്കിത്തീര്‍ത്തത്. വിദ്യാഭ്യാസത്തെക്കുറിച്ച് തനിക്ക് സ്വന്തമായിട്ടുള്ള വീക്ഷണം നടപ്പിലാക്കുവാന്‍ വേണ്ടിയാണ് അദ്ദേഹം തന്റെ ഈ മേഖലയിലുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവിതാംകൂറിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം മദ്രസകളില്‍ മാത്രം പരിമിതപ്പെടുത്തിയിരുന്നു. പൊതു സ്‌കൂളുകളില്‍ കുട്ടികളെ അക്കുവാനും അവര്‍ക്ക് ഭൗതിക വിദ്യഭ്യാസം നല്‍കുവാനും താല്‍പര്യം കാണിക്കുന്നവര്‍ വളരെ വിരളമായിരുന്നു. അതുകൊണ്ട് അവര്‍ പൊതുധാരയില്‍ നിന്നും പിന്തള്ളപ്പെട്ടു. പൊതുവിദ്യഭ്യാസം നേടിയെടുക്കുകയെന്നുള്ളതാണ് അതിന് പ്രതിവിധിയായി വക്കം മൗലവി കണ്ടത്. രണ്ടു മാര്‍ഗ്ഗങ്ങളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചത്. ഒന്നാമതായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ അധികൃതരുടെ സഹായം അഭ്യര്‍ത്ഥിക്കുക അവയില്‍ മത വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസവും നല്‍കുക. രണ്ടാമതായി സാമ്പത്തികമായി കഴിവുള്ളവരെ തേടിപ്പിടിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ തുടങ്ങുവാന്‍ പ്രേരിപ്പിക്കുക. ഈ രണ്ട് സമീപനങ്ങളുടെ അടിസ്ഥാനത്തിലുള്ള അദ്ദേഹത്തിന്റെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി തിരുവിതാംകൂറില്‍ പുതിയ സ്‌കൂളുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അദ്ദേഹത്തിന്റെ സമ്മര്‍ദ്ധത്തിന്റെ ഫലമായി പലരും വിദ്യാലയങ്ങള്‍ സ്ഥാപിക്കുവാന്‍ മുന്നോട്ട് വന്നു. ഭൗതിക വിദ്യഭ്യാസം, മതവിദ്യാഭ്യാസത്തോടൊപ്പം തന്നെ മനുഷ്യപുരോഗതിക്ക് അനിവാര്യമാണെന്ന് ഉറച്ചുവിശ്വസിക്കുക മാത്രമല്ല അത് കേരളത്തില്‍ പ്രായോഗികമായി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തുവെന്നുള്ളതാണ് വക്കം മൗലവിയുടെ ഈ മേഖലയിലുള്ള മൗലികമായ സംഭാവന. കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അത് വിപ്ലവകരമായ ഒരു പരിവര്‍ത്തനത്തിന്റെ ആരംഭമായിരുന്നു.
വക്കം മൗലവി തന്റെ പ്രവര്‍ത്തന മേഖലകളില്‍ പത്ര പ്രവര്‍ത്തനത്തിന് നിര്‍ണ്ണായകമായ ഒരു സ്ഥാനമാണ് നല്‍കിയത്. മുമ്പ് സൂചിപ്പിച്ചപോലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരു സാമൂദായിക പ്രവര്‍ത്തനമായിട്ട് മാത്രം പരിമിതപ്പെടുത്തിക്കൊണ്ട് ചിലര്‍ വിലയിരുത്തുന്നത് ശരിയല്ല. സാമുദായിക പരിഷ്‌കരണ പ്രവര്‍ത്തനം അദ്ദേഹം ആരംഭിച്ചത് പൊതു സമൂഹത്തിന്റെ പുരോഗതിയുടെ ഭാഗമായിട്ടാണ്. തന്റെ പ്രവര്‍ത്തനങ്ങളുടെ ഫലം തന്റെ സമുദായത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുക്കിനിര്‍ത്തുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. അന്ന് തിരുവിതാംകൂറിലെ ജനങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത് ഒരു സ്വേച്ഛാധിപതിയുടെ വഴിപിഴച്ച ഭരണത്തെയായിരുന്നു. രാജഭരണത്തിന്റെ ഏകാധിപത്യ സ്വഭാവത്തിലധിഷ്ഠിതമായ ഭരണകൂടവും അതിനനുബന്ധിച്ചുള്ള ദുഷ്പ്രവണതകളും തിരുവിതാംകൂറില്‍ അസ്വസ്ഥ ജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. സദാചാര മൂല്യങ്ങള്‍കും ജീവിത ശുദ്ധിക്കും പരമ പ്രാധാന്യം നല്‍കിയിരുന്ന മൗലവിക്ക് തിരുവിതാംകൂറിലെ രാഷ്ട്രീയ രംഗത്ത് അടിഞ്ഞു കൂടിയിരുന്ന ദുര്‍ഗന്ധം അസഹനീയമായി അനുഭവപ്പെട്ടു. എന്നാല്‍ അധികാര രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുവാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. തന്റെ ചുറ്റും നടക്കുന്ന അനീതികളെ കണ്ടില്ലെന്ന് നടിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ ദുഃസ്ഥിതിക്കെതിരെ പ്രതികരിക്കുവാനാണ് അദ്ദേഹം സ്വദേശാഭിമാനി പത്രത്തിലൂടെ ശ്രമിച്ചത്. ഭരണ രംഗത്തുള്ള കെടുകാര്യസ്ഥതയേയും അഴിമതിയേയും തുറന്ന് കാണിക്കുവാനും ജനങ്ങളെ അതിനെതിരെ പ്രതികരിക്കുവാന്‍ സന്നദ്ധരാക്കുവാനും ജനാധിപത്യത്തെക്കുറിച്ച് അവരെ ഉല്‍ബുദ്ധരാക്കുവാനുമാണ് അദ്ദേഹം ആ പ്രസിദ്ധീകരണത്തിലൂടെ ശ്രമിച്ചത്. സാമുദായിക പ്രവര്‍ത്തന മേഖലകളില്‍ താന്‍ തുടങ്ങിവച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുള്ളതുകൊണ്ട് മാത്രമാണ് അതിന്റെ പത്രാധിപ സ്ഥാനം സ്വയം ഏറ്റെടുക്കുവാന്‍ അദ്ദേഹത്തിന് കഴിയാതെ പോയത്.
സമൂഹത്തിന് വിദ്യാഭ്യാസം പകര്‍ന്ന് കൊടുക്കുന്നതിനുള്ള ഒരു പ്രധാന മാധ്യമമായിട്ടാണ് വക്കം മൗലവി തന്റെ പ്രസിദ്ധീകരണങ്ങളെ പരിഗണിച്ചത്. ജനകീയ ബോധവല്‍ക്കരണത്തിനു വേണ്ടി പ്രസിദ്ധീകരണത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ആദ്യമായി കാണിച്ചുകൊടുത്തത് അദ്ദേഹമായിരുന്നു. ഭൗതിക വിദ്യാഭ്യാസം സമുദായ പുരോഗതിക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നതോടൊപ്പം ധാര്‍മ്മിക പുരോഗതിയും കൈവിട്ട് പോകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ വിശ്വാസികളുടെയിടയില്‍ പ്രചരിപ്പിക്കുവാനുള്ള ഒരു മാധ്യമം എന്നുള്ള നിലയിലാണ് 'മുസ്‌ലിം' എന്ന മാസിക അദ്ദേഹം ആരംഭിച്ചത്.(3) ആ മാസികയിലൂടെയാണ് പിന്നീട് മുസ്‌ലിംകളുടെ ഇടയില്‍ വിദ്യാഭ്യാസ പ്രചാരണം നടത്തിയത്. വിദ്യാഭ്യാസ രംഗത്ത് സഹോദര സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥയെപ്പറ്റി ആനുകാലിക രേഖകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ചിരുന്ന സ്ഥിതിവിവരക്കണക്കുകള്‍, സെന്‍സസ് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ വിദ്യാഭ്യാസപരമായി എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി. തന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മാതൃകയായി സ്വീകരിച്ചത് അലീഗര്‍ മുസ്‌ലിം സര്‍വകലാശാലയുടെ സ്ഥാപകനായിരുന്ന സര്‍. സയ്യിദ് അഹമ്മദ് ഖാനെ ആയിരുന്നു. ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത് ഇസ്‌ലാമിന് വിരുദ്ധമായ ഒരു പ്രവൃത്തിയാണെന്ന് പ്രചരിപ്പിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. ഒരു സാര്‍വലൗകിക ഭാഷയായി വളര്‍ന്നു കഴിഞ്ഞ ഇംഗ്ലീഷ് പഠിക്കേണ്ടത് വിദ്യഭ്യാസ പുരോഗതിക്ക് അനിവാര്യമാണെന്ന് അദ്ദേഹം മുസ്‌ലിം മാസികയിലൂടെ വ്യക്തമാക്കി.
മുസ്‌ലിം മാസിക പ്രസിദ്ധീകരിക്കുന്നതിലൂടെ മൗലവിക്ക് ചില സുവ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂര്‍വ്വമായ പുരോഗതിയെക്കുറിച്ച് മുസ്‌ലിംകളെ ബോധവാന്‍മാരാക്കുക, കേരളത്തിലെ മുസ്‌ലിംകളുടെ അന്നത്തെ വിദ്യാഭ്യാസ നിലവാരവും സ്ഥിതി വിവരങ്ങളും പ്രസിദ്ധീകരിച്ച് മറ്റ് സമുദായങ്ങളില്‍ നിന്നും അവര്‍ എത്രമാത്രം പിറകിലാണെന്ന് കണ്ടെത്തുക. ഇംഗ്ലീഷ് ഭാഷാഭ്യാസവും ഉപരിപഠനവും നിര്‍ബന്ധമാക്കുക. സ്ത്രീവിദ്യാഭ്യാസം പരിപോഷിപ്പിക്കുക. ശാസ്ത്രം, കല എന്നീ വിഷയങ്ങളിലൂന്നിയുള്ള പഠനം പ്രോല്‍സാഹിപ്പിക്കുക, വിദ്യാഭ്യാസം വ്യാപകമായി പ്രചരിപ്പിക്കുന്നതിന് സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുക. ഇത്തരം പൊതുവായ ലക്ഷ്യങ്ങളോടൊപ്പം മതപരമായ പരിഷ്‌കരണങ്ങള്‍ക്കു വേണ്ടിയും ആ മാസികയിലൂടെ ശ്രമങ്ങള്‍ നടത്തി.
മുസ്‌ലിം മാസികയിലൂടെ നിരന്തരം പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെയും ലേഖനങ്ങുെടെയും ഫലമായി മുസ്‌ലിം വിദ്യാഭ്യാസം എന്ന വിഷയം സര്‍ക്കാരിന്റെ സജ്ജീവ ശ്രദ്ധയില്‍ കൊണ്ടുവരാനും മുസ്‌ലിംകളുടെ ഇടയില്‍ ബോധവല്‍ക്കരണമുണ്ടാക്കുവാനും കഴിഞ്ഞു. ആ വിഷയത്തില്‍ ആധികാരികമായി എഴുതുവാന്‍ കഴിവുള്ള പ്രഗത്ഭ വ്യക്തികളില്‍ നിന്നും ലേഖനം എഴുതിക്കുവാനും വക്കം മൗലവി ശ്രദ്ധിച്ചു. കെ.എം ചെറിയാനെപ്പോലെയുള്ള വിദഗ്ധന്മാര്‍ക്ക് മുസ്‌ലിംകളുടെ വിദ്യാഭ്യാസപരമായ ദയനീയ സ്ഥിതിയെക്കുറിച്ച് ലേഖനങ്ങളിലൂടെ വിശദീകരിക്കുവാന്‍ അവസരം നല്‍കി.(4) അതിന്റെ ഫലമായിട്ടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണങ്ങളുണ്ടായതും കൊല്ലം തിരുവനന്തപുരം, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ പുതിയ സ്‌കൂളുകള്‍ തുടങ്ങിയതും. പത്രപ്രവര്‍ത്തന രംഗത്ത് വക്കം മൗലവി നടത്തിയ മറ്റൊരു ശ്രദ്ധേയമായ പരീക്ഷണമാണ് 'അല്‍ ഇസ്‌ലാം' എന്ന മാസികയുടെ പ്രസിദ്ധീകരണം. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മലയാളഭാഷ ഒരു അന്യഭാഷയായിട്ടാണ് കണക്കാക്കിയിരുന്നത്. മാതൃഭാഷ മലയാളം തന്നെയായിരുന്നുവെങ്കിലും അത് എവുതുവാനും വായിക്കുവാനും എല്ലാവര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ മദ്രസയിലൂടെയുള്ള നിര്‍ബന്ധിത വിദ്യാഭ്യാസം വഴി അറബിഭാഷ എഴുതാനും വായിക്കുവാനും സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അറിയാമായിരുന്നു. ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ അറബി മലയാളത്തിലുള്ള ഒരു പ്രസിദ്ധീകരണം വഴി മാത്രമേ മുസ്‌ലിം സാമാന്യ ജനങ്ങളുടെയിടയില്‍ ആശയ പ്രചാരണത്തിന് കഴിയുകയുള്ളുവെന്ന് മൗലവി തിരിച്ചറിഞ്ഞു. പ്രത്യേകിച്ചും സ്ത്രീ ജനങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന ഭാഷ അറബിമലയാളമായിരുന്നു. അങ്ങനെയാണ് 'അല്‍ ഇസ്‌ലാം' എന്ന അറബി മലയാളം മാസിക അദ്ദേഹം ആരംഭിച്ചത്. മുസ്‌ലിംകളുടെ ഇടയില്‍ ഏകദൈവ വിശ്വാസം ഉണര്‍ത്തിക്കുകയും പ്രാദേശികമായി കടന്നുകൂടിയ അനാചാരങ്ങളില്‍ നിന്നും സമുദായത്തെ സ്വതന്ത്രമാക്കുകയും ചെയ്യുകയുമായിരുന്നു ആ പത്രത്തിന്റെ ലക്ഷ്യം. പൊതു വായനാ സ്വഭാവത്തില്‍ നിന്നും പൂര്‍ണ്ണമായും അകറ്റിനിര്‍ത്തപ്പെട്ടിരുന്ന, അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങിക്കിടന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് അത് പുതിയ വെളിച്ചം പകര്‍ന്നു. മുസ്‌ലിം ഭവനങ്ങളുടെ അടുക്കളകള്‍ വരെ കടന്നുചെന്ന് അത് പുതിയ ആശയങ്ങള്‍ പകര്‍ന്നു നല്‍കി. ഖുര്‍ആനിലെ പ്രഥമ അധ്യായമായ അല്‍ ഫാതിഹ മലയാളത്തില്‍ പരിഭാഷപ്പെടുത്തി അതിന് ലളിതമായ ശൈലിയില്‍ വ്യാഖ്യാനവും നല്‍കി. അല്‍ ഇസ്‌ലാമില്‍ പ്രസിദ്ധീകരിച്ചത് വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവത്തിന്റെ വാതായനം തുറന്നുകൊടുത്തു.
മൗലവിയുടെ നേതൃത്വത്തില്‍ പുറത്ത് വന്ന പ്രസിദ്ധീകരണങ്ങള്‍ സാമൂഹ്യപരിവര്‍ത്തന പ്രക്രിയക്ക് ആക്കം കൂട്ടി. എന്നാല്‍ അവയെല്ലാം തന്നെ സാമ്പത്തികമായി പരാജയത്തിലാണ് കലാശിച്ചത്. നിര്‍ഭാഗ്യവശാല്‍ സ്വന്തം സമുദായത്തില്‍ നിന്നു പോലും അദ്ദേഹത്തിന് പ്രതീക്ഷിച്ച രീതിയിലുള്ള സഹകരണമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധികള്‍ അദ്ദേഹത്തെ നിരാശനാക്കിയില്ല. പ്രസിദ്ധീകരണ മേഖലയില്‍ വീണ്ടും പരീക്ഷണം നടത്തുവാന്‍ തന്നെയാണ് അദ്ദേഹം തീരുമാനിച്ചത്. മതപരവും സാംസ്‌കാരികവുമായ ഗ്രന്ഥങ്ങളുടെ പ്രകാശനത്തിന് വേണ്ടി 'ഇസ്‌ലാമിക പ്രസിദ്ധീകരണാലയം' എന്ന പേരില്‍ ഒരു സ്ഥാപനം രൂപീകരിച്ചു. അതില്‍ നിന്നാണ് 'ദീപിക' എന്ന മാസിക പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. ഇസ്‌ലാം മതത്തെക്കുറിച്ച് മുസ്‌ലിംകള്‍ക്കിടയിലുള്ള തെറ്റിദ്ധാരണയെയും അജ്ഞതയെയും നീക്കത്തക്കവിധം അതിന്റെ യഥാര്‍ത്ഥ തത്വങ്ങളെ അവരെ ധരിപ്പിക്കുന്നതിന് ഉതകുന്നവയും, ഇസ്‌ലാം മതത്തിന്റയും മതസ്ഥാപകന്റെയും പേരില്‍ അവര്‍ ചെയ്യുന്ന ആക്ഷേപങ്ങളെ ഖണ്ഡിക്കുന്നവയുമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു സ്ഥാപനത്തിന്റെ ആവശ്യമുണ്ടായിരുന്നു. അതിന്റെ ഭാഗമെന്ന നിലയിലാണ് ദീപികയെന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.(5)
അറബി ഭാഷയിലെഴുതപ്പെട്ട ഖുര്‍ആന്‍ മറ്റ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നത് അനിസ്‌ലാമികമാണെന്ന് ഉറച്ച് വിശ്വസിക്കുന്ന നല്ലൊരു വിഭാഗം മുസ്‌ലിം പണ്ഡിതന്മാരും സാധാരണക്കാരുമുണ്ടായിരുന്നു. പലര്‍ക്കും ഖുര്‍ആന്‍ പരിഭാഷ ചെയ്യുന്നതിനെപ്പറ്റി ഭയപ്പാടോടെ മാത്രമേ ചിന്തിക്കുവാന്‍ പോലും കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ ആ മഹത്തായ ഗ്രന്ഥത്തിന്റെ ആശയങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് സ്വന്തം ചുമതലയാണെന്നുള്ള ഉറച്ച വിശ്വാസമാണ് മൗലവിയെ ആ കൃത്യത്തിന് പ്രേരിപ്പിച്ചത്. ആ പരിഭാഷയിലൂടെ അദ്ദേഹം നിര്‍വഹിച്ചത് വിപ്ലവകരമായ ഒരു പരിവര്‍ത്തനമാണ്. വ്യഖ്യാനത്തോടുകൂടി അത് ദീപികയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചു തുടങ്ങി.(6) ഇംഗ്ലീഷ് ഭാഷയിലും മറ്റ് യൂറോപ്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കുന്ന പ്രധാന പുസ്തകങ്ങളെപ്പറ്റി സമഗ്രമായ അറിവ് വായനക്കാര്‍ക്ക് പകര്‍ന്നു കൊടുക്കുവാന്‍ മൗലവി ദീപികയിലൂടെ ശ്രമിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ദേശീയ പ്രസ്ഥാനത്തിലുണ്ടായിക്കൊണ്ടിരുന്ന ചലനങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടോടെ അദ്ദേഹം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. വൈജ്ഞാനിക മേഖലകളിലെ പുതിയ പുതിയ സംഭവവികാസങ്ങള്‍ വായനക്കാരിലെത്തിക്കുക മാത്രമല്ല ദീപികയുടെ ലക്ഷ്യം. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുവാനും സമൂഹത്തിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുവാനും ആ പ്രസിദ്ധീകരണത്തിലൂടെ അദ്ദേഹം ശ്രമിക്കുകയുണ്ടായി. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിനോടൊപ്പം തന്നെ ഉല്‍പതിഷ്ണുക്കളായ വ്യക്തികള്‍ പുതിയ ആശയങ്ങളുമായി മുന്നോട്ടുവരുന്നതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയുന്ന കാര്യത്തില്‍ ദീപിക പ്രത്യേകം ശ്രദ്ധ ചെലുത്തി.
സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം സമൂഹത്തില്‍ നല്‍കുവാന്‍ പുരുഷ വര്‍ഗം ഒരിക്കലും തയ്യാറായിരുന്നില്ല. അധികാര സ്ഥാനങ്ങളില്‍ നിന്നും അവര്‍ അകറ്റി നിര്‍ത്തപ്പെട്ടു. കേരളത്തില്‍ സമീപകാലം വരെ മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ട കനിയായിരുന്നു. ആധുനിക വിദ്യാഭ്യാസം സ്ത്രീകളുടെ ഇടയില്‍ പ്രചരിപ്പിക്കുവാന്‍ അദ്ദേഹം സ്ത്രീകളോടാവശ്യപ്പെട്ടു. അനിയന്ത്രിതമായ ആഭരണഭ്രമവും പാശ്ചാത്യ രീതിയിലുള്ള വസ്ത്ര ധാരണരീതിയും സ്ത്രീത്വത്തിന്റെ മഹത്വത്തെ കുറച്ച് കാണിക്കുമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മതമൂല്യങ്ങളെ കൈവിടാതെ തന്നെ ആധുനിക വിദ്യാഭ്യാസം നേടിയെടുക്കുവാനും സമൂഹത്തിന്റെ നേതൃസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനുമാണ് സ്ത്രീകളെ അദ്ദേഹം ആഹ്വാനംചെയ്തത്. വക്കം മൗലവി അന്ന് വച്ചുപുലര്‍ത്തിയ ദീര്‍ഘവീക്ഷണമുള്ള ഈ സമീപനം തന്നെയാണ് ഇന്നും കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിട്ടുള്ളത്.
സംഘടനകള്‍
പ്രസിദ്ധീകരണങ്ങള്‍ക്കൊപ്പം തന്നെ തന്റെ ആശയം സാമാന്യജനങ്ങളിലേക്ക് പ്രായോഗികവല്‍ക്കരിക്കുവാന്‍ വക്കം മൗലവി സ്വീകരിച്ച രണ്ടാമത്തെ മാര്‍ഗമാണ് സംഘടനകള്‍ രൂപീകരിക്കുകയെന്നത്. പ്രസിദ്ധീകരണങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഗ്രാമതലം തൊട്ട് സംസ്ഥാന തലം വരെയുള്ള സംഘടനകള്‍ രൂപീകരിക്കുവാനും ആ സംഘടനകളില്‍ നേരിട്ട് പങ്കെടുത്ത് തന്റെ ആശയങ്ങള്‍ പ്രചിപ്പിക്കുവാനും വക്കം മൗലവി ശ്രമിച്ചു. അതിനുവേണ്ടി അദ്ദേഹം നിരന്തരമായ യാത്രകള്‍ നടത്തി. തന്റെ സ്വന്തം ഗ്രാമമായ നിലയ്ക്കാമുക്കില്‍ ഒരു സംഘടന കെട്ടിപ്പടുത്തുകൊണ്ടാണ് അദ്ദേഹം അതിന് ആരംഭംകുറിച്ചത്. ചിറയന്‍കീഴിലും, പെരുമാതുറയിലും, പള്ളിപ്പുറത്തും, ഇടവായിലും, കൊട്ടാരക്കരയിലും അദ്ദേഹം സംഘടനകള്‍ക്ക് രൂപം നല്‍കി. 1921 ഓഗസ്റ്റ് 21-ാം തിയ്യതി തിരുവിതാംകൂര്‍ മഹാജന സഭയെന്ന പേരില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഒരു സംഘടന രൂപികരിച്ചു. തിരുവനന്തപുരത്തുള്ള തമ്പാനൂരിലെ ആര്യശാല ഹാളില്‍ വെച്ചാണ് സമ്മേളനം നടന്നത്. തിരുവിതാംകൂറിലെ 29 താലൂക്കുകളില്‍ നിന്നുമായി 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. നവോത്ഥാന ആശയങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി പുതിയ സംഘടനകള്‍ രൂപീകൃതമായി. തിരുവനന്തപുരം താലൂക്കിലെ പള്ളിപ്പുറത്ത് ഒരു മുസ്‌ലിം ഹൈസ്‌കൂള്‍ സ്ഥാപിച്ചത് വിദ്യാഭ്യാസ രംഗത്ത് പരിവര്‍ത്തനത്തിന്റെ തുടക്കം കുറിച്ചു. അവിടെത്തന്നെ 'മുനവ്വിറുല്‍ ഇസ്‌ലാം' എന്ന പേരില്‍ ഒരു സംഘടനയും അതിനോടനുബന്ധിച്ച് ഒരു വായനശാലയും പ്രവര്‍ത്തിച്ചുതുടങ്ങി. ഈ സംഘടനയുടെയെല്ലാം നേതൃത്വത്തില്‍ പ്രസംഗ പരമ്പരകള്‍ സംഘടിപ്പിക്കുകയും അവയില്‍ വക്കം മൗലവി പങ്കെടുക്കുകയും ചെയ്തു.
വക്കം മൗലവിയുടെ സംഘടനാ പ്രവര്‍ത്തനം തിരുവിതാംകൂറില്‍ നിന്നും കൊച്ചിയിലേക്കും മലബാറിലേക്കും വ്യാപിപ്പിക്കുവാന്‍ തുടങ്ങി. കേരളത്തിന്റെ മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാനമാണ് കൊടുങ്ങല്ലൂരിനുള്ളത്. അവിടെയാണ് 1922-ല്‍ മുസ്‌ലിം ഐക്യസംഘം രൂപീകൃതമായത്. 1923-ല്‍ ഏറിയാടില്‍ വച്ച് കൂടിയ ഐക്യ സംഘത്തിന്റെ പ്രഥമ വാര്‍ഷിക യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് വക്കം മൗലവി നടത്തിയ പ്രഭാഷണം വളരെയേറെ ഒച്ചപ്പാടുണ്ടാക്കി.(7) അന്ധവിശ്വാസത്തിനെതിരെ ആഞ്ഞടിച്ച ആ പ്രസംഗത്തില്‍ മുസ്‌ലിംകളുടെ വികലമായ ജീവിതരീതിയെപ്പറ്റി നടത്തിയ വിശദമായ പ്രസംഗം യാഥാസ്ഥിതികരെ പ്രകോപിച്ചു. മലബാറില്‍ പില്‍ക്കാലത്ത് പടര്‍ന്നുപിടിച്ച ഇസ്‌ലാഹി ആശയങ്ങളുടെ പ്രചാരണം കൂടിയായിരുന്നു അത്. ഐക്യഘത്തിന്റെ എല്ലാ സമ്മേളനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. കേരളത്തിലെ മറ്റ് സമുദായങ്ങള്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുകയും അവയിലൂടെ ബിരുദധാരികള്‍ പുറത്ത് വരികയും, അവര്‍ വിവിധ മേഖലകളില്‍ ജോലി സമ്പാദിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുസ്‌ലിം സമുദായത്തിന് വേണ്ടി ഒരു കോളേജ് തുടങ്ങുവാനുള്ള ആഗ്രഹം വക്കം മൗലവിയെ അലട്ടിത്തുടങ്ങിയത്. 1928 ല്‍ ഏറിയാടില്‍ വച്ച് കൂടിയ ഐക്യ സംഘത്തിന്റെ വാര്‍ഷിക യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് വക്കം മൗലവി തന്റെ ചിരകാലാഭിലാഷമായ കോളേജ് സ്ഥാപനങ്ങളെപ്പറ്റി പരാമര്‍ശിക്കുകയുണ്ടായി. അന്ന് അദ്ദേഹം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളാണ് 1948-ല്‍ കോഴിക്കോടിലെ ഫറോക്ക് കോളേജിന്റെ സ്ഥാപനത്തില്‍ ചെന്നെത്തിയത്. തിരുവനന്തപുരത്ത് പഠനാവശ്യങ്ങള്‍ക്ക് വേണ്ടി വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തിക്കൊണ്ട് പഠിക്കുവാനും താമസിക്കുവാനും വേണ്ടിയുള്ള ഒരു മുസ്‌ലിം ഹോസ്റ്റല്‍ സ്ഥാപിക്കണമെന്നുള്ള ആശയം ആദ്യമായി ഉന്നയിക്കുന്നത് വക്കം മൗലവിയാണ്. അങ്ങനെയാണ് കുന്നുകുഴിയില്‍ ഒരു മുസ്‌ലിം ഹോസ്റ്റല്‍ സ്ഥാപിതമാകുന്നത്. മുസ്‌ലിം ഹോസ്റ്റലില്‍ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള വ്യക്തികള്‍ പതിവായി ഒത്തുകുടാറുണ്ടായിരുന്നു. സീതി സാഹിബ് തിരുവനന്തപുരത്ത് വിദ്യാഭ്യാസത്തിനായി മുസ്‌ലിം ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുമ്പോഴാണ് വക്കം മൗലവിയുമായി ബന്ധപ്പെടുന്നത്. മുസ്‌ലിംകളെ പൊതുവായി ബാധിക്കുന്ന പല പ്രശ്‌നങ്ങളെ സംബന്ധിച്ചും അവര്‍ ചര്‍ച്ച ചെയ്യുകയും ഗവണ്‍മെന്റിലേക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു(8). ആശയപരമായി അഭിപ്രായഭിന്നതയുള്ളവരോട് പോലും സാമൂഹിക ജീവിതത്തില്‍ പ്രയോജനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ മൗലവി തയ്യാറായി. സമുദായ പുരോഗതിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അദ്ദേഹം എപ്പോഴും താങ്ങും തണലുമായി. ആലപ്പുഴയിലെ 'ലജ്‌നത്തുല്‍ മുഹമ്മദിയ്യ' എന്ന സ്ഥാപനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ഇന്നും വിജയകരമായി പ്രവര്‍ത്തിക്കുന്നു. സംഘടനകള്‍ക്ക് കാലാനുസൃതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാന്‍ അദ്ദേഹം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. താലൂക്ക് മുസ്‌ലിം സമാജങ്ങള്‍ ഓരോ മഹല്ലിലെയും മുസ്‌ലിംകളുടെ സ്ഥിതിവിവരക്കണക്കുകള്‍ എടുക്കുക, മുസ്‌ലിം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കാലോചിതമായി വിദ്യാഭ്യാസം നല്‍കുക, പള്ളികളില്‍ വിവാഹം, വിവാഹമോചനം, ജനനം, മരണം എന്നിവ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കുക, പള്ളിയോടനുബന്ധിച്ച് മദ്രസ, ഗ്രന്ഥശാല, വായനശാല എന്നിവ സ്ഥാപിക്കുക, പള്ളികളില്‍ പുരോഗമനാശയക്കാരും പണ്ഡിതന്മാരുമായ ഖതീബുമാരെ നിയമിക്കുക, വെള്ളിയാഴ്ചകളില്‍ ഖുത്വുബ പ്രാര്‍ത്ഥനാ ഭാഗമൊഴികെ മലയാളത്തില്‍ നടത്തുക, അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമായ അനാചാരങ്ങള്‍ നിര്‍ത്തലാക്കുക, ഓരോ മഹല്ലിലും തൊഴില്‍ പ്രാധാന്യമുള്ള കുടില്‍ വ്യവസായങ്ങള്‍ തുടങ്ങുക, ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ മലയാളത്തിലും അറബി മലയാളത്തിലും പ്രസിദ്ധീകരിക്കുക, ഒരു പ്രസിദ്ധീകരണാലയവും വൃത്താന്ത പത്രവും തുടങ്ങുക ഇവയൊക്കെയായിരുന്നു സംഘടന കൊണ്ട് ഉദ്ദേശിച്ചിരുന്നത്.(9) അവയില്‍ മിക്കതും പ്രായോഗികമായി നടപ്പിലാക്കുവാന്‍ മൗലവിക്ക് കഴിഞ്ഞു. എന്നാല്‍ മറ്റ് ചിലത് ഫലപ്രദമായി നടപ്പില്‍ വരുത്തുവാന്‍ കഴിയാത്തതിന്റെ ഭവിഷ്യത്ഫലങ്ങള്‍ സമുദായം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ദേശീയ പ്രസ്ഥാനത്തില്‍
ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികള്‍ അന്ന് തിരുവിതാംകൂറില്‍ പ്രകടമായിരുന്നില്ല. എന്നാല്‍ മലബാറില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള ജനകീയ സമരങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു. 1921-ലെ മലബാറിലുണ്ടായ സ്വാതന്ത്ര്യ സമരത്തില്‍ അബ്ദുല്‍ റഹ്മാന്‍ സാഹിബ്, മൊയ്തുമൗലവി, കെ. കേളപ്പന്‍ എന്നീ നേതാക്കളെപ്പോലെ ശക്തമായ ഒരു നേതൃത്വം തിരുവിതാംകൂറില്‍ ഉയര്‍ന്നു വന്നില്ല. പ്രാദേശികമായ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയാണ് വക്കം മൗലവി പൊതുജീവിതത്തിലേക്ക് കടന്നുവന്നത്. ജനാധിപത്യ അവകാശങ്ങളുടെ സ്ഥാപനത്തിന് വേണ്ടിയും, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയും, പൊതുജീവിത്തില്‍ നിന്നും അഴിമതി നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് വേണ്ടിയുമാണ് അദ്ദേഹം പത്രപ്രവര്‍ത്തനം നടത്തിയത്. ഇന്ത്യയില്‍ പലഭാഗങ്ങളിലും ഉയര്‍ന്നുവന്ന ദേശീയ സമരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഏതാനും ലേഖനങ്ങള്‍ അദ്ദേഹം ദീപികയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന ബാരിസ്റ്റര്‍ എ.കെ. പിളളയുമായി മൗലവി വെച്ചുപുലര്‍ത്തിയിരുന്ന ആത്മബന്ധത്തിലൂടെ അദ്ദേഹത്തിന് ഈ വിഷയത്തിലുള്ള അഭിനിവേശത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും. പത്രാധിപര്‍ രാമകൃഷ്ണപിള്ളയുടെ ജാമാതാവായിരുന്ന എ.കെ. പിള്ള ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തില്‍ സജ്ജീവമായി പങ്കെടുക്കുവാന്‍ വേണ്ടിയാണ് 1921-ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും പഠനമുപേക്ഷിച്ച് നാട്ടിലെത്തിയത്. എ.കെ പിള്ളയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മൗലവി സഹകരിക്കുകയും പല യോഗങ്ങളില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുക്കുകയും ചെയ്തു.(10)
മലബാര്‍ ലഹളയുടെ പേരില്‍ ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട പീഡനങ്ങളെത്തുടര്‍ന്ന് അവിടെയുള്ള പ്രാദേശിക നേതാക്കന്മാര്‍ക്ക് ഒളിവില്‍ പോകേണ്ടിവന്നു. ലഹളകളുടെ ഒരു പ്രധാന കേന്ദ്രമായിരുന്ന തിരൂരങ്ങാടിയിലെ കെ.എം മൗലവി തിരൂവിതാംകൂറിലേക്കാണ് പോയത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന കെ.എം മൗലവിയോട് ബ്രിട്ടീഷുകാര്‍ക്ക് ഒടുങ്ങാത്ത പകയുണ്ടായിരുന്നു. തിരുവിതാംകൂറില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആശയങ്ങളുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന വക്കം മൗലവിക്ക് മലബാറില്‍ നിന്നും തിരുവിതാംകൂറിലെത്തിയ കെ.എം മൗലവിയെ സ്വീകരിക്കുവാനുള്ള അവസരം ലഭിച്ചത് ഒരു അസുലഭ ഭാഗ്യമായിട്ടാണ് അനുഭവപ്പെട്ടത്. കെ.എം. മൗലവി, വക്കത്ത് അദ്ദേഹത്തിന്റെ ഭവനത്തില്‍ ഏറെനാള്‍ താമസിക്കുകയുണ്ടായി. വക്കം മൗലവി, സ്വദേശാഭിമാനി പത്രം ആരംഭിച്ച 1904-ല്‍ തിരുവിതാംകൂറില്‍ ദേശീയ ബോധം ഒരു വികാരമായി ജനങ്ങളുടെയിടയില്‍ പ്രചരിച്ചിരുന്നില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും ബ്രിട്ടീഷുകാരെ അനുനയിപ്പിച്ച് മുന്നോട്ടുനീങ്ങുവാനാണവര്‍ ആദ്യകാലങ്ങളില്‍ ശ്രമിച്ചത്. മഹാത്മാഗാന്ധി 1920-ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുക്കുന്നതുവരെ ഈ നില തുടര്‍ന്നു. അതിനുശേഷമാണ് ദേശീയ ബോധം ഉദ്ദീപിപ്പിച്ചുകൊണ്ട് ബോംബെ ക്രോണിക്കിള്‍, ലീഡര്‍ എന്നീ പത്രങ്ങള്‍ പ്രസിദ്ധീകരണം തുടങ്ങിയത്. അതിനു മുമ്പു തന്നെ 'ഭയകൗടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്ന ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പുറത്ത്‌വന്ന സ്വദേശാഭിമാനി പത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ രാഷ്ട്രീയവുമുണ്ടായിരുന്നു. മലബാര്‍ സമരത്തോടനുബന്ധിച്ച് ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനത്തെ വക്കം മൗലവി സ്വാഗതം ചെയ്തു. 1921-ല്‍ മലബാറിലെ കോണ്‍ഗ്രസ്സ് നേതാക്കളായ കെ. മാധവന്‍ നായര്‍, യാക്കൂബ് ഹസ്സന്‍, യു ഗോപാലമേനോന്‍, വി.മൊയ്തീന്‍ കോയ തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് വച്ച് വക്കം മൗലവി ശക്തമായ പ്രതിഷേധവും ധാര്‍മ്മിക രോഷവും പ്രകടിപ്പിക്കുകയുണ്ടായി.(11) 1922-ല്‍ ഗാന്ധിജി തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ ഭക്തിവിലാസം മന്ദിരത്തില്‍ വച്ച് മൗലവി അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തു.(12)
1921-ല്‍ ഒറ്റപ്പാലത്ത് വച്ച് കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ കെ.എം സീതി സാഹിബിനോടും കെ.എം മൗലവിയോടുമൊപ്പം വക്കം മൗലവി പങ്കെടുത്തിരുന്നു. പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തമുണ്ടായിരുന്ന മുസ്‌ലിം പണ്ഡിതന്മാരുടെ ഉത്തരേന്ത്യയിലുണ്ടായിരുന്ന സംഘടനയുടെ മാതൃകയില്‍ ദക്ഷിണേന്ത്യയിലും മുസ്‌ലിം പണ്ഡിതന്മാര്‍ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ ഒരു സംഘടനക്ക് രൂപം കൊടുത്തു. 'മജ്‌ലിസുല്‍ ഉലമ' എന്നറിയപ്പെടുന്ന ആ സംഘടന തൃശ്ശിനാപ്പള്ളി കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ്സിന്റെ ഒരു പോഷക സംഘടന എന്ന പദവി അതിനുണ്ടായിരുന്നു. 1921-ല്‍ അതിന്റെ വിശേഷാല്‍ യോഗം ഈറോഡില്‍ വച്ച് കൂടിയപ്പോള്‍ മൗലാനാ അബ്ദുല്‍ കലാം ആസാദ്, മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി എന്നീ നേതാക്കളും ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരും ആ യോഗത്തില്‍ പങ്കെടുത്തു. വക്കം മൗലവി അതിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. അതിനെത്തുര്‍ന്നാണ് 1921 ഏപ്രില്‍ മാസത്തില്‍ ഒറ്റപ്പാലത്ത് വച്ച് നടത്തപ്പെട്ട കേരള സംസ്ഥാന ഖിലാഫത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് രൂപീകരിച്ച മജ്‌ലിസുല്‍ ഉലമായുടെ കേരള ശാഖയുടെ പ്രസിഡന്റായി മദ്രാസ് ജമാലിയ അറബിക്ക് കോളേജ് പ്രിന്‍സിപ്പലായ മൗലവി സയ്യിദ് അലവി തങ്ങളെയും വൈസ് പ്രസിഡന്റായി വക്കം മൗലവിയെയും തെരഞ്ഞെടുത്തു. തിരുവിതാംകൂറില്‍ നിന്നും വക്കം മൗലവി മാത്രമേ ആ യോഗത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. അതിനുശേഷമാണ് മൊയ്തുമൗലവിയുമായി മലബാറിലെ രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുവാനുള്ള അവസരം വക്കം മൗലവിക്ക് ലഭിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സംഘടിക്കുവാനും പൊതുജന വികാരം ഉണര്‍ത്തിക്കുവാനും വേണ്ടി ലഘുലേഖകള്‍ തയ്യാറാക്കുകയെന്നുള്ള ചുമതല ആ സംഘടന ഏറ്റെടുത്ത് നടപ്പിലാക്കി. വക്കം മൗലവിയുടെ സ്വഭാവത്തിന്റെ ഒരു പ്രത്യേകത, അദ്ദേഹം ഏത് പ്രസ്ഥാനവുമായി സജീവമായി പ്രവര്‍ത്തിക്കുമ്പോഴും ചില അടിയുറച്ച ധാര്‍മ്മിക മൂല്യങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്നുവെന്നുള്ളതാണ്. സ്വാതന്ത്ര്യ സമരത്തെ ശക്തമായി അനുകൂലിച്ചിരുന്നുവെങ്കിലും വിദ്യാര്‍ത്ഥികളുടെ വിദ്യാലയ ബഹിഷ്‌കരണ പരിപാടിയോട് യോജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അന്ന് ബി.എ ഓണേഴ്‌സിന് പഠിക്കുകയായിരുന്ന സീതി സാബിബും മൗലവിയുടെ മരുമകന്‍ ഹബീബ് മുഹമ്മദും കോളേജ് ബഹിഷ്‌കരണത്തിന് തീര്‍ച്ചയാക്കിയെങ്കിലും മൗലവി അവരെ ആ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ടാണവര്‍ക്ക് കോളേജ് വിദ്യഭ്യാസം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞതെന്ന് സീതി സാഹിബ് അനുസ്മരിക്കുന്നു.(13)
സ്വദേശാഭിമാനി പത്രം മുടങ്ങിയപ്പോള്‍ താങ്ങാനാവുന്നതിലപ്പുറം പണം അതിനുവേണ്ടി ചെലവാക്കേണ്ടി വന്നു. പരമ്പരാഗതമായി കിട്ടിയ സമ്പത്ത് വിറ്റുകിട്ടിയ പണം കൊണ്ടാണ് ഭീമമായ തുക മുടക്കി അദ്ദേഹം പത്രം തുടങ്ങിയത്. അതുണ്ടാക്കിയേക്കാവുന്ന സാമ്പത്തിക നഷ്ടത്തിനെയും അപകടങ്ങളെയും കുറിച്ച് അദ്ദേഹം ചിന്തിച്ചില്ല. സമൂഹത്തില്‍ നിലനിന്നിരുന്ന അനീതികള്‍ക്കെതിരെ പോരാടുന്നത് സ്വന്തം ധര്‍മ്മമാണെന്ന അചഞ്ചലമായ വിശ്വാസമാണ് അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്. ആ തുക മറ്റെന്തെങ്കിലും വ്യവസായ സംരംഭങ്ങള്‍ക്ക് വിനിയോഗിച്ചാല്‍ കിട്ടുമായിരുന്ന പ്രയോജനങ്ങളെപ്പറ്റിയും അദ്ദേഹം ബോധവാനായിരുന്നു. അക്കാര്യങ്ങള്‍ അദ്ദേഹത്തോട് സൂചിപ്പിച്ച അഭ്യുദയകാംക്ഷികളോട് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. 'എനിക്കുവേണ്ട പരമമായ ലാഭം പണമല്ല. ഞാനുദ്ദേശിക്കുന്നത് എനിക്കല്ല, എന്റെ രാജ്യത്തിന് കിട്ടുമെന്ന് തന്നെയാണ് എന്റെ രാജ്യ വിശ്വാസം' മറ്റെന്തിനെക്കാളുമുപരി ദേശത്തെ പരിഗണിക്കുന്ന കറകളഞ്ഞ രാജ്യസ്‌നേഹിക്ക് മാത്രമേ ഇപ്രകാരം പറയുവാന്‍ കഴിയുകയുള്ളൂ.(14)
ദേശീയ പ്രസ്ഥാനത്തില്‍ മുഴുവന്‍ സമയവും ചിലവഴിച്ച് പ്രവര്‍ത്തിക്കുവാന്‍ വക്കം മൗലവിക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇന്ത്യയില്‍ വളര്‍ന്നുവന്ന ബ്രിട്ടീഷ് വിരുദ്ധ ചിന്താഗതികളെ കൂടുതല്‍ ശക്തമാക്കിത്തീര്‍ക്കാനുള്ള ഒരു സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. വിദേശ ഭരണത്തിനെതിരെയുള്ള സമരമുഖത്ത് അദ്ദേഹം സജീവമായി പങ്കെടുത്തില്ല. എന്നാല്‍ അദ്ദേഹം വിശ്വസിച്ച ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ രാഷ്ട്രീയ ചലനങ്ങളില്‍ നിന്നും അദ്ദേഹം മാറിനിന്നില്ല. ദൈനംദിന രാഷ്ട്രീയ സംഭവ വികാസങ്ങളെ സസൂക്ഷ്മം വീക്ഷിക്കുകയും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത തന്റെ സുഹൃത്തുക്കള്‍ക്ക് ധാര്‍മ്മികമായ പിന്തുണ നല്‍കുകയുമാണ് അദ്ദേഹം ചെയ്തത്. ഈ വസ്തുതകള്‍ വ്യക്തമായി അറിയാവുന്ന ഇ. മൊയ്തുമൗലവി തന്റെ സഹ പ്രവര്‍ത്തരായിരുന്ന വക്കം മൗലവി ഒരു കോണ്‍ഗ്രസ്സുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.(15) ഗാന്ധിയന്‍ ആശയങ്ങള്‍ വക്കം മൗലവിയെ സ്വാധീനിച്ചിരുന്നുവെന്ന് അവകാശപ്പെടാന്‍ കഴിയില്ല. എന്നാല്‍ ഗാന്ധിജി പ്രാദേശിക പ്രശ്‌നങ്ങളോട് പുലര്‍ത്തിയിരുന്ന സമീപനം തന്നെയാണ് മൗലവി തന്റെ പ്രവര്‍ത്തനങ്ങളില്‍ അനുവര്‍ത്തിച്ചത്. ജീവിതത്തിലും തികച്ചും ലളിതമായ ഒരു ശൈലിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. തികച്ചും യാദൃശ്ചികമായുണ്ടായ ഒരു സമീപന ഐക്യമായിരിക്കാം അത്. സമൂഹത്തിലുണ്ടായിരുന്ന തൊട്ടുകൂടായ്മക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള സമരം ഹരിജനോദ്ധാരണം, ഹിന്ദി പ്രചാരണം എന്നിവക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമെന്നുള്ള നിലയില്‍ ഗാന്ധിജി അംഗീകരിക്കുകയുണ്ടായി. എന്നാല്‍ അതിനു മുമ്പുതന്നെ സമൂഹത്തിന്റെ പുരോഗതിയെ തടഞ്ഞു നിര്‍ത്തുന്ന യാഥാസ്ഥിതിക ശക്തികളെ നേരിട്ടുകൊണ്ട് വക്കം മൗലവിയുടെ നേതൃത്വത്തിലാരംഭിച്ച സാമൂഹ്യ നവോത്ഥാന പരിപാടികള്‍ക്ക് രൂപം കൊടുത്ത സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ സ്വാതന്ത്ര്യ ചിന്തയേയും ദേശാഭിമാന ബോധത്തെയും വളര്‍ത്തിയെടുത്തു. അത് അധീശ ശക്തികള്‍ക്കെതിരെ സമരം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഗാഢമായി ബന്ധപ്പെട്ടിരുന്നു. പത്രപ്രവര്‍ത്തനം, ലേഖനങ്ങളുടെയും ഗ്രന്ഥങ്ങളുടെയും രചന, മതപ്രസംഗങ്ങള്‍, ശിഷ്യന്മാര്‍ക്കുള്ള അധ്യാപനം, അറബിഭാഷാ പ്രചാരണം, സാമുദായിക സംഘടനകളുടെ രൂപീകരണം തുടങ്ങിയ ഉപാധികളില്‍ കൂടി സ്വസമുദായത്തെ യാഥാസ്ഥിതികത്വത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും വിമോചിപ്പിച്ച് ആത്മീയവും, ഭൗതികവുമായ പുരോഗതിയിലേക്കു നയിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്. ഇസ്‌ലാമിന് നിരക്കാത്ത ആചാരങ്ങളും, അനുഷ്ഠാനങ്ങളും, അന്ധവിശ്വാസങ്ങളും ഉപേക്ഷിക്കുവാനും സാര്‍വത്രികമായി ആധുനിക വിദ്യഭ്യാസം നേടുവാനും പുരോഗമന പ്രസ്ഥാനങ്ങളില്‍ പങ്കുചേരുവാനുമാണ് അദ്ദേഹം മുസ്‌ലിംകളെ ഉദ്‌ബോധിപ്പിച്ചത്. കേരള മുസ്‌ലിം സമുദായത്തിലുണ്ടായിട്ടുള്ള സാംസ്‌കാരിക നവോത്ഥാനത്തിന്റെയും, പുരോഗമന ആശങ്ങളുടെയും നവീന ചിന്തകളുടെയും ഉത്തേജനവും ഉറവിടവും വക്കം മൗലവിയാണ്. മുസ്‌ലിം സമുദായത്തെ പൊതുധാരയിലേക്കെത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കിയത്.