കേരളത്തിലെ അറബി പത്ര പ്രസിദ്ധീകരണങ്ങള്‍

അബ്ദുറഹ്മാന്‍ ആദൃശ്ശേരി  

1978 ലെ ഫ്രഞ്ചുകാരുടെ ഈജിപ്ത് അധിനിവേശത്തോടെയാണ് ഈജിപ്തില്‍ അറബി പത്ര പ്രസാധനം ആരംഭിച്ചത്. അതേ തുടര്‍ന്ന് ഈജിപ്തിലേക്ക് ധാരാളം യൂറോപ്യന്‍ ബുദ്ധിജീവികളും സാഹിത്യകാരന്മാരും കടന്നുവരികയുണ്ടായി. ഇത് അറബ് ലോകത്ത് ആധുനികവല്‍ക്കരണവും നാഗരിക പുരോഗതിയും ത്വരിതപ്പെടുത്തുന്നതിന് സഹായകമായി. അച്ചടി യന്ത്രവുമായി കടന്നുവന്ന പാശ്ചാത്യരാണ് ഈജിപ്തില്‍ നിന്ന് ആദ്യത്തെ അറബി അച്ചടി മാധ്യമം പുറത്തിറക്കിയത്. അറബി, തുര്‍ക്കി ഭാഷയില്‍ അച്ചടിച്ച നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ ഒരു രാജകീയ വിളംബരമായിരുന്നു അത്. 'അത്തന്‍ബീഹ്' എന്ന തലക്കെട്ടില്‍ അച്ചടിച്ച ഈ വാര്‍ത്താ പത്രികയാണ് പ്രഥമ അറബി പത്രമെന്നാണ് ചില നിരൂപകന്മാര്‍ വിലയിരുത്തുന്നത്. 1913 ല്‍ പുറത്തിറങ്ങിയ ''ജുര്‍നാല്‍ അല്‍ഖദീവ്'' ആണ് പ്രഥമ സ്വതന്ത്ര അറബി പത്രമെന്നാണ് ഡോ. അബ്ദുല്ലത്തീഫ് ഹംസ അഭിപ്രായപ്പെടുന്നത്. എന്നാല്‍ 1928ല്‍ മുഹമ്മദ് അലി പാഷയുടെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങിയ 'അല്‍വഖാഇഉല്‍ മിസ്‌രിയ്യയാണ് ആദ്യത്തെ ലക്ഷണമൊത്ത അറബി പത്രമെന്നാണ് ജോര്‍ജ് സൈദാന്‍ അഭിപ്രായപ്പെടുന്നത്'. 1847 ല്‍ തലശ്ശേരിയില്‍ ജര്‍മന്‍ സുവിശേഷകന്‍ ജോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് മലയാളത്തിലെ ആദ്യപത്രമായ 'രാജ്യസമാചാരം' പ്രസിദ്ധീകരിച്ചത്. എന്നാല്‍ 1822 ല്‍ കല്‍ക്കത്തയില്‍ നിന്ന് രാജാറാം മോഹന്‍ റായ് ഇന്ത്യയിലെ പ്രഥമ പേര്‍ഷ്യന്‍ പത്രം 'മിര്‍ആത്തുല്‍ അഖ്ബാര്‍' പുറത്തിറക്കിയിട്ടുണ്ടായിരുന്നു.
കേരളത്തില്‍ അറബി അച്ചുകൂടങ്ങള്‍ വ്യാപകമാകുന്നതിന് മുമ്പേ, അറബി മലയാളം പ്രസ്സുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. 1860 ല്‍ തലശ്ശേരിയില്‍ തെക്കുങ്ങല്‍ മുഹമ്മദ് എന്നയാളാണ് ആദ്യത്തെ അറബി മലയാളം പ്രസ്സ് സ്ഥാപിച്ചത്. പിന്നീട് തിരൂരങ്ങാടി ,പൊന്നാനി, വളപ്പട്ടണം എന്നിവിടങ്ങളില്‍ അറബി മലയാളം അച്ചുകൂടങ്ങള്‍ സ്ഥാപിതമായി. 1840 ല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വിവര്‍ത്തനം ചെയ്ത 'തിത്തുന്നബി' എന്ന ഗ്രന്ഥമാണ് ആദ്യമായി മുദ്രണം ചെയ്യപ്പെട്ട അറബി മലയാള ഗ്രന്ഥം.
മമ്പുറം തങ്ങളുടെ പൗത്രന്‍ അബ്ദുല്ലക്കോയ തങ്ങളുടെ 'ഹിദായത്തുല്‍ ഇഖ്‌വാനാണ് പ്രഥമ അറബി മലയാള പത്രം. തിരൂരിലെ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ 1899 ല്‍ സ്ഥാപിച്ച റഫീഖുല്‍ ഇസ്‌ലാം, അദ്ദേഹത്തിന്റെ തന്നെ സ്വലാഹുല്‍ ഇഖ്‌വാന്‍, 1894ല്‍ കേരള മുസ്‌ലിം നവോത്ഥാന നായകന്‍ സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ കൊച്ചിയില്‍ നിന്ന് പുറത്തിറക്കിയ 'തുഹ്ഫത്തുല്‍ അഖ്‌യാര്‍ വ ഹിദായത്തുല്‍ അശ്‌റാര്‍' എന്ന പാക്ഷികം, വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ അല്‍ ഇസ്‌ലാം (1917), കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ മുഖപത്രമായി കൊടുങ്ങല്ലൂരില്‍ നിന്ന് പുറത്തിറങ്ങിയ അല്‍ ഇര്‍ഷാദ് (1923), 1929 ല്‍ കെ.സി കോമുക്കുട്ടി മൗലവി ഇരുമ്പിളിയത്തുനിന്ന് പ്രസിദ്ധീകരിച്ച നിസാഉല്‍ ഇസ്‌ലാം, കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രം അല്‍ മുര്‍ശിദ് (1935) എന്നിവയാണ് കേരളത്തിലെ പ്രഖ്യാതമായ അറബി മലയാള പത്രങ്ങള്‍.
ഇന്ത്യയില്‍ അറബി വിനിമയ ഭാഷയായ ഒരു പ്രദേശവും ഉണ്ടായിരുന്നില്ല. ആ ഭാഷയില്‍ ഒരു ദിനപത്രവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും, അറബ് ലോകവുമായി സംവദിച്ചിരുന്ന വളരെയധികം ആനുകാലികങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ ഇവിടെനിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1871 ഒക്ടോബറില്‍ ലാഹോറില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട അന്നഫ്ഉല്‍ അളീം ലി അബ്‌ലി ഹാദല്‍ ഇഖ്‌ലിം' എന്ന വാരികയാണ് ഇന്ത്യയില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട പ്രഥമ അറബി ആനുകാലികം. പ്രഫ. ശംസുദ്ധീന്‍ എന്നയാള്‍ സ്ഥാപിച്ച പത്രത്തിന്റെ എഡിറ്റര്‍ മുഖര്‍റബ്ബ് അലിയായിരുന്നു. പഞ്ചാബ് സര്‍വകാലാശാല രജിസ്ട്രാറുടെ മേല്‍നോട്ടത്തിലായിരുന്നു പത്രം പ്രസിദ്ധീകരിച്ചിരുന്നത്. കല്ലച്ചില്‍ മുദ്രണം ചെയ്തിരുന്ന ഇതില്‍ മത സാഹിത്യ സാംസ്‌കാരിക വാര്‍ത്തകളും സാമൂഹ്യ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. മുസ്‌ലിം വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ് സര്‍ സയ്യിദ് അഹ്മദ് ഖാന്റെ നിലപാടുകളെ പിന്തുണക്കുന്ന സമീപനമായിരുന്നു പത്രത്തിന്റെത്. അറബി ഭാഷയിലെ മൗലിക ലേഖനങ്ങള്‍ക്കു പുറമെ ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ചെയ്ത ലേഖനങ്ങളും ഇതില്‍ പ്രസിദ്ധീകരിച്ചിരുന്നു. അറബി ഭാഷ പ്രചരിപ്പിക്കുന്നതിലും സാഹിത്യം പരിചയപ്പെടുത്തുന്നതിലും പത്രം വലിയ പങ്കുവഹിക്കുകയുണ്ടായി. അറബ് രാഷ്ട്രങ്ങളിലെ അക്കാലത്തെ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരികാവസ്ഥകള്‍ ഇന്ത്യക്കാര്‍ക്കു പരിചയപ്പെടുത്തുന്നതില്‍ പത്രം അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
1875 ല്‍ ഫൈസുല്‍ ഹസന്‍ സഹാറന്‍ പുരിയുടെ പത്രാധിപത്യത്തില്‍ '  ശിഫാഉസ്സുദൂര്‍' എന്നപേരില്‍ ലാഹോറില്‍ നിന്ന് ഒരു ആനുകാലികം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം അതിന്റെ പ്രസിദ്ധീകരണം നിലച്ചു. പിന്നീട് 1902 ല്‍ ലക്‌നോവില്‍ നിന്ന് പുറത്തിറങ്ങിയ 'അല്‍ബയാന്‍', 1923 ല്‍ മൗലാനാ ആസാദ് കല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിച്ച 'അല്‍ ജാമിഅ' , 1932 ല്‍ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ നിന്ന് പ്രിസിദ്ധീകൃതമായ 'അദ്ദിയാഅ്' , 1950 ല്‍ ആസാദിന്റെ ശ്രമഫലമായി കേന്ദ്ര വിദേകാര്യ വകുപ്പിന്റെ (Indian Council for Cultural relations) ന്റെ കീഴില്‍ പുറത്തിറങ്ങിയ 'സഖാഫത്തുല്‍ ഹിന്ദ്' , 1955 ല്‍ നദ്‌വയില്‍ നിന്ന് പുറത്തിറങ്ങിയ 'അല്‍ബഅ്‌സുല്‍ ഇസ്‌ലാമി', നദ്‌വയില്‍ നിന്നുതന്നെ 1959 ല്‍ പ്രസിദ്ധീകരണമാരംഭിച്ച 'അല്‍റാഇദ്' എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ അറബി ആനുകാലികങ്ങള്‍.

കേരളവും അറബി പത്രപ്രവര്‍ത്തനവും
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി പിന്നിട്ടതോടെ കേരളത്തിലെ അറബിക്കോളേജുകള്‍ വ്യാപകമാവുകയും സ്‌കൂളുകളില്‍ അറബി അധ്യാപകര്‍ നിയമിക്കപ്പെടുകയും ചെയ്തു. ഇക്കാലയളവില്‍ അപൂര്‍വമായിട്ടാണെങ്കിലും അല്‍ അസ്ഹര്‍, മദീനയിലെ 'അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ' തുടങ്ങിയ സ്ഥാപനങ്ങളില്‍ ചില മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരം ലഭിക്കുകയുണ്ടായി. ഇതിനുമുമ്പ് തന്നെ കെ.എം മൗലവി, വക്കം മൗലവി തുടങ്ങിയവര്‍ ഈജിപ്തില്‍ നിന്നും സയ്യിദ് റഷീദ് രിദ പ്രസിദ്ധീകരിച്ചിരുന്ന 'അല്‍ മനാര്‍' മാസിക സ്ഥിരമായി വായിക്കുകയും അതില്‍ കത്തുകളും കുറിപ്പുകളും എഴുതുകയും ചെയ്യാറുണ്ടായിരുന്നു. പിന്നീട് ലക്‌നൗവില്‍ നിന്നും പ്രസിദ്ധീകരിച്ച 'അല്‍ ബഅ്‌സുല്‍ ഇസ്‌ലാമി' യിലും ചില മലയാളികള്‍ ലേഖനമെഴുതാറുണ്ടായിരുന്നു. അറബ് ലോകവുമായി അടുത്തിടപഴകാന്‍ സാധിച്ച ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രമുഖ പണ്ഡിതനും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് പ്രിന്‍സിപ്പലുമായിരുന്ന കെ.പി. മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ കേരളത്തിലെ പ്രഥമ അറബി ആനുകാലികമായ 'അല്‍ ബുഷ്‌റ' മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.

അല്‍ ബുഷ്‌റ
1963 ജനുവരിയിലാണ് അല്‍ബുഷ്‌റയുടെ പ്രഥമ ലക്കം പുറത്തിറങ്ങിയത്. അന്നത്തെ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്‍, ഉപരാഷ്ട്രപതി സാക്കിര്‍ ഹുസൈന്‍, കേരള ഗവര്‍ണര്‍ വി.വി. ഗിരി, മന്ത്രി പി. പി. ഉമ്മര്‍കോയ, മദ്രാസിലെ ഡോ. അബ്ദുല്‍ വഹാബ് ബുഖാരി, കെ.എം മൗലവി, അബുസ്സബാഹ്മൗലവി, ഈജിപ്ത് എംബസിയിലെ സാംസ്‌കാരിക വിഭാഗം തലവന്‍ എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ആമുഖ ലേഖനത്തില്‍ അല്‍ ബുഷ്‌റയുടെ പിറവിക്ക് വഴിവെച്ച സാഹചര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായിരുന്ന കരുവള്ളി മുഹമ്മദ് മൗലവി തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത അറബി ഭാഷാ സ്‌നേഹികളുടെ ശ്രമഫലമാണ് മാസികക്ക് തുടക്കം കുറിച്ചതെന്ന് എഡിറ്റോറിയല്‍ വ്യക്തമാക്കുന്നുണ്ട്. അറബി ഭാഷ പ്രചരിപ്പിക്കുകയും സാഹിത്യ താല്‍പര്യം ജനിപ്പിക്കുകയും അറബ് രാഷ്ട്രങ്ങളും ഇന്ത്യയുമായി സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്തുകയുമാണ് പത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് എഡിറ്റര്‍ എടുത്ത് പറയുന്നുണ്ട്. പ്രഥമ ലക്കത്തില്‍ കേരളത്തിലെ ഇസ്‌ലാമിക ചരിത്രത്തെ സംബന്ധിച്ച് പത്രാധിപര്‍ മുഹമ്മദ് മൗലവി എഴുതിയ ലേഖനം അടുത്ത പത്ത് ലക്കത്തില്‍ തുടര്‍ലേഖനമായി പ്രസിദ്ധീകരിക്കുകയുണ്ടായി.
കെ.കെ. ജമാലുദ്ദീന്‍ മൗലവിയുടെ ആശംസാ കാവ്യം, അല്‍ അസ്ഹര്‍ പ്രതിനിധിയും മദ്രാസ് ജമാലിയ്യാ കോളേജ് പ്രിന്‍സിപ്പലുമായിരുന്ന ശൈഖ് അഹ്മദ് ശര്‍ഖാവിയുടെ 'ഇന്ത്യയിലെ അറബ് പത്രപ്രവര്‍ത്തനത്തിന്റെ സന്ദേശം' എന്ന ലേഖനം,  മതവും മനുഷ്യനും എന്ന തലക്കെട്ടില്‍ കോഴിക്കോട് ഖാസി ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ ലേഖനം, 'മുസ്‌ലിം ലോകം' എന്ന മുഹ്‌യുദ്ധീന്‍ ആലുവായുടെ ലേഖനം എന്നിവ പ്രഥമ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കോഴിക്കോട് ഖാസി ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ കൈകാര്യം ചെയ്തിരുന്ന'ലോകം പോയ മാസത്തില്‍' എന്ന പംക്തി ഇന്ത്യയിലെ അറബി പത്ര ചരിത്രത്തിലെ ഒരു നൂനത അധ്യായമായിരുന്നു. അതത് മാസങ്ങളില്‍ ലോകരാഷ്ട്രങ്ങളിലെ രാഷ്ട്രീയ സാംസ്‌കാരിക ചലനങ്ങള്‍ ഒപ്പിയെടുത്ത് അവതരിപ്പിക്കുന്ന ഒരു പംക്തിയായിരുന്നു അത്. രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ വിയോഗം, ഈജിപ്ഷ്യന്‍ രാഷ്ട്രത്തലവന്റെ ഇന്ത്യ സന്ദര്‍ശനം, ഇറാഖിലെ സൈനിക കലാപം, സിറിയയിലെ സൈനിക അട്ടിമറി, ഈജിപ്ത്, ഇറാഖ്, സിറിയ തുടങ്ങിയ രാഷ്ട്രങ്ങള്‍ സംയുക്തമായി രൂപീകരിച്ച കോണ്‍ഫെഡറേഷന്‍, പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറും രാഷ്ട്രപതി സാക്കിര്‍ ഹുസൈനും തമ്മില്‍ നടന്ന സംഭാഷണം, ലിന്റന്‍ ജോണ്‍സണ്‍ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്, നാഗാലാന്റ് സംസ്ഥാന രൂപീകരണം മുതല്‍, കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഭൂപരിഷ്‌കരണ നിയമവും മാധവന്‍ നായര്‍ കെ.പി.സി.സി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതുമെല്ലാം സുന്ദരമായ അറബി പത്രഭാഷയില്‍ തങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. അല്‍ ബുഷ്‌റയുടെ പ്രഥമ ലക്കങ്ങളില്‍ കേരളത്തിലെ അറബി സംസ്‌കാരത്തെക്കുറിച്ച് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ എഴുതിയ തുടര്‍ലേഖനം, കേരളത്തിലെ അറബി ഭാഷാപഠന ചരിത്രത്തെക്കുറിച്ച് അബുസ്സലാഹ് മൗലവി എഴുതിയ തുടര്‍ലേഖനങ്ങള്‍, മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയെ പരിചയപ്പെടുത്തി മൂന്ന് ലക്കങ്ങളിലായി മലയാളിയും സ്ഥാപനത്തിലെ അധ്യാപകനുമായിരുന്ന സഅദുദ്ദീന്‍ മൗലവി എഴുതിയ ലേഖനം എന്നിവ ഏറെ വിജ്ഞാനപ്രദമായിരുന്നു. ബാലപംക്തി, കേരളവാര്‍ത്തകള്‍, വായനക്കാരുടെ എഴുത്തുകള്‍ തുടങ്ങിയവ ആദ്യകാലത്തെ സ്ഥിരം പംക്തികളായിരുന്നു. അക്കാലത്ത് അറബ് യൂണിവേഴ്‌സിറ്റികളില്‍ പഠിതാക്കളായിരുന്ന മുഹ്‌യുദ്ധീന്‍ ആലുവായ്, ശിഹാബ് തങ്ങള്‍, ബഷീര്‍ മുഹ്‌യുദ്ധീന്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ അല്‍ ബുഷ്‌റ പ്രസിദ്ധപ്പെടുത്തി. മലബാരി പൈതൃകമുണ്ടായിരുന്ന അറബി എഴുത്തുകാരന്‍ മുഹമ്മദ് അബ്ദുല്ല മലബാരി അല്‍ ബുഷ്‌റയുടെ ലേഖകരില്‍ ശ്രദ്ധേയനായിരുന്നു. മക്കയും കേരളവും തമ്മിലുള്ള പ്രാചീന ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം ഒരു ലേഖനം എഴുതിയിരുന്നു. ആയിശ പി.കെ എഴുതിയ സ്ത്രീ ഇസ്‌ലാമില്‍ (1963 മെയ്), ശാന്തപുരം ഇസ്‌ലാമിയ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന വി.കെ ഹംസ എഴുതിയ സ്ത്രീ സ്വാതന്ത്ര്യം (1963 ആഗസ്റ്റ്) എന്നീ ലേഖനങ്ങള്‍ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുന്നതായിരുന്നു. അക്കാലത്തെ വിദ്യാര്‍ത്ഥികളായിരുന്ന അബ്ദുറഹ്മാന്‍ തറുവായ്, വി.കെ. അലി എന്നിവരുടെ രചനകള്‍ അല്‍ബുഷ്‌റയുടെ താളുകളില്‍ ഇടക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. പ്രഫസര്‍ ഉമര്‍, മൂസാ വാണിമേല്‍, എന്‍.കെ. അഹ്മദ് മൗലവി, മുഹമമദ് മാത്തൂര്‍ തുടങ്ങിയവരുടെ കവിതകളും മങ്കട അബ്ദുല്‍ അസീസ് മൗലവിയുടെ സാമൂഹ്യ വിമര്‍ശന ലേഖനങ്ങളും എടുത്ത് പറയേണ്ടതാണ്. 1974 ല്‍ ഒരു വര്‍ഷത്തെ പ്രസിദ്ധീകരണത്തിന് ശേഷം 1967 ല്‍ KATF ഏറ്റെടുക്കുകയും പിന്നീട് ഒമ്പത് വര്‍ഷത്തോളം മുടങ്ങാതെ പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ, അറബിഭാഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവഗണന നിമിത്തം കേരളത്തിലെ ആദ്യത്തെ അറബി പ്രസിദ്ധീകരണത്തിന് മുന്നോട്ടുപോവാനായില്ല. കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ അറബി പ്രസിദ്ധീകരണമായ അല്‍ ബുഷ്‌റയോട് കിടപിടിക്കുന്നതും ദീര്‍ഘകാലം മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത മറ്റൊരു പ്രസിദ്ധീകരണം പിന്നീട് കേരളത്തില്‍ പിറവിയെടുക്കുകയുണ്ടായില്ല.

1972 ല്‍ അറബിക് മുന്‍ഷീസ് അസോസിയേഷന്റെ കീഴില്‍ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരണമാരംഭിച്ച അല്‍ഹാദി എന്ന മാസിക മൂന്ന് ലക്കം മാത്രം പ്രസിദ്ധീകരിച്ച ശേഷം കാലയവനികക്കുള്ളില്‍ മറഞ്ഞു.

അസ്സഖാഫ
1963 ല്‍ പുറത്തിറങ്ങിയ അല്‍ബുഷ്‌റയുടെ തിരോധാനത്തിന് ശേഷം രംഗത്തു വന്ന ഒരു അറബി പ്രസിദ്ധീകരണമാണ് അസ്സഖാഫ. കാരന്തൂര്‍ മര്‍ക്കസു സ്സഖാഫത്തുസ്സുന്നിയ്യയില്‍ നിന്ന് 1996 ലാണ് ഇതിന്റെ പ്രസിദ്ധീകരണമാരംഭിച്ചത്. 1996 ഒക്ടോബറില്‍ പുറത്തിറങ്ങിയ ആദ്യ ലക്കത്തില്‍, അറബി ഭാഷയുടെ പ്രചരണവും സംരക്ഷണവും ലക്ഷ്യം വെച്ചാണ് മാസിക പ്രസിദ്ധീകരിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. അറബി ഭാഷയോട് കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുക, പണ്ഡിതന്മാരെ അറബിയില്‍ ആശയ വിനിമയത്തിന് യോഗ്യരാക്കുക, അറബി ഭാഷയില്‍ രചിക്കപ്പെട്ട പൗരാണിക സൃഷ്ടികള്‍ കണ്ടെത്തി സംരക്ഷിക്കുക എന്നിവയെല്ലാമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് തുടര്‍ന്ന് പ്രസ്താവിക്കുന്നുമുണ്ട്.
തുടക്കത്തില്‍ കൃത്യമായി പുറത്തിറങ്ങിയിരുന്ന മാസിക പിന്നീട് എല്ലാ മാസവും സ്ഥിരമായി പുറത്തിറങ്ങിയില്ല. മര്‍ക്കസിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളും കേരളത്തിനുപുറത്തുള്ള സ്ഥാപനങ്ങളിലെ പണ്ഡിതന്മാരുമാണ് പത്രത്തെ ഒരളവോളം സജ്ജീവമായി നിലനിര്‍ത്തിയത്. യാഥാസ്ഥിത ആശയങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന ലേഖനങ്ങളാണ് പലപ്പോഴും ഇതില്‍ പ്രത്യക്ഷപ്പെട്ടത്. മിക്കവാറും എല്ലാ ലേഖനങ്ങളിലും ഗള്‍ഫ് രാജാക്കന്മാരുടെ സ്തുതി കീര്‍ത്തനവും മര്‍ക്കസിലെ അന്തേവാസികള്‍ അവര്‍ക്ക് വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനാ സദസ്സുകളുടെ സചിത്ര വാര്‍ത്തകളും ഇതില്‍ നിറഞ്ഞുനിന്നു. ഡോ. അബ്ദുല്‍ ജബ്ബാര്‍, കൗസര്‍ മുഹമ്മദ്, അബ്ദുല്‍ കരീം റാഹത് എന്നിവരുടെ ചെറുകഥകള്‍ ഇടക്ക് അസ്സഖാഫത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സഊദിയിലെ യാഥാസ്ഥിക പണ്ഡിതന്‍ ഉമര്‍ കാമില്‍, കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, ഹുസൈന്‍ സഖാഫി എന്നിവരുടെ ലേഖനങ്ങള്‍ അസ്സഖാഫയുടെ താളുകളെ അലങ്കരിച്ചു. പരമ്പരാഗത രീതിയില്‍ മതപഠനം നടത്തിയിരുന്ന വിഭാഗത്തില്‍ ആധുനിക അറബി ശൈലിയും രചനാരീതിയും പരിചയപ്പെടുന്നതില്‍ അസ്സഖാഫ നിര്‍വഹിച്ച പങ്ക് പ്രശംസാര്‍ഹമാണ്. ഇപ്പോള്‍ മാസിക പ്രസിദ്ധീകരണം നിലച്ചിരിക്കുകയാണ്.

അല്‍ റൈഹാന്‍
വയനാട്ടിലെ മുട്ടില്‍ WMO കോളേജ് അറബി വിഭാഗം 2003 ല്‍ പ്രസിദ്ധീകരണമാരംഭിച്ച ഒരു അറബി ആനുകാലികമാണിത്. അറബി ഭാഷയുമായി പൗരാണിക കാലം മുതലേ ബന്ധം നിലനില്‍ക്കുന്ന കേരളത്തില്‍ അറബി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പത്രത്തെക്കുറിച്ചുള്ള ആശയം ഉടലെടുത്തതെന്ന് പ്രഥമ ലക്കത്തിന്റെ ആമുഖ ലേഖനത്തില്‍ പ്രസ്താവിക്കുന്നുണ്ട്. പ്രാഥമിക തലം മുതല്‍ സര്‍വ്വകലാശാല തലം വരെ അറബി ഭാഷാ പഠനം സജീവമായി നടക്കുന്ന കേരളത്തില്‍, ഇത്തരം അനുകൂല സാഹചര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും അരനൂറ്റാണ്ടിലധികമായി മുടങ്ങാതെ അറബി പ്രസിദ്ധീകരണങ്ങള്‍ നടത്തുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പമെത്താന്‍ കഴിയാത്തതിനെക്കുറിച്ച് നടത്തിയ പുനരാലോചനയാണ് ഇത്തരമൊരു ആനുകാലിക പ്രസിദ്ധീകരണത്തിന്റെ സാധ്യതകളെക്കുറിച്ച് ബന്ധപ്പെട്ടവരെ ഉണര്‍ത്തിയത്.
അറബി ഭാഷയും സാഹിത്യവും ഇന്ത്യയിലെ അറബി സാഹിത്യ വിശാരദന്മാരെ പരിചയപ്പെടുത്തുവാന്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ഈ ത്രൈമാസികയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് അറബി ലേഖകനും പണ്ഡിതനുമായ ജമാലുദ്ദീന്‍ ഫാറൂഖിയാണ്. പ്രാദേശിക അറബി എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് പത്രത്തിന്റേത്. ഇന്ത്യന്‍ പണ്ഡിതനായ അബ്ദുല്‍ അലി ബഹറുല്‍ ഉലൂം, അസൂദി എഴുത്തുകാരന്‍ മുഹമ്മദ് അബ്ദുല്ല മലൈബാരി, മഹ്മൂദ് ദര്‍വീഷ്, ഹാഫിദ് ഇബ്രാഹീം, ഈലിയ അബൂമാദി, ലൈലാ അബൂലൈലാ തുടങ്ങിയവരുടെ സാഹിത്യ സംഭാവനകളെക്കുറിച്ചും ഇസ്മാഇല്‍, ശിഹാബുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയ കേരളീയ വ്യക്തിത്വങ്ങളെക്കുറിച്ചും അല്‍റൈഹാന്‍ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു,.

അത്തളാമുന്‍
ആലുവാ അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് അകാദമിയില്‍ നിന്ന് പുറത്തിറങ്ങുന്ന അറബി മാസികയാണിത്. പ്രശസ്ത പണ്ഡിതനും അറബി ഗ്രന്ഥകാരനുമായിരുന്ന ഡോ. മുഹ്‌യുദ്ധീന്‍ ആലുവായാണ് അസ്ഹറിന്റെ സ്ഥാപകന്‍. 2004 ലാണ് അത്തളാമുന്‍ ഒരു വാര്‍ത്താപത്രികയുടെ രൂപത്തില്‍ ആദ്യമായി പുറത്തിറങ്ങിയത്. മുഹമ്മദ് ഇഖ്ബാല്‍ നദ്‌വിയാാണ് പത്രത്തിന്റെ അണിയറ ശില്‍പി. അറബി ലോകത്തെ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ പഴയ ലേഖനങ്ങള്‍ സന്ദര്‍ഭോചിതമായി ഇതില്‍ പുനഃപ്രസിദ്ധീകരിക്കുന്നുണ്ട്. അറബി ഭാഷാപ്രയോഗ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഭാഷാപംക്തി, കേരളീയ പത്രങ്ങളിലെ പ്രധാന വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുന്ന കേരളീയ പത്രങ്ങളിലേക്ക് ഒരെത്തിനോട്ടം, ബാലപംക്തി തുടങ്ങിയ സ്ഥിരം പംക്തിക്കു പുറമെ ആധുനിക അറബി സാഹിത്യ നായകന്മാരെ പരിചയപ്പെടുത്തുന്ന സ്ഥിരം ലേഖനവും ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അറബി പണ്ഡിതന്മാരുമായി അഭിമുഖങ്ങളും ഇടക്ക് പ്രത്യക്ഷപ്പെടാറുണ്ട്. അനുസ്മരണക്കുറിപ്പുകള്‍, പരിപാടികളുടെ റിപ്പോര്‍ട്ടുകള്‍, കവിതകള്‍, അറബ് ലോകത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൊണ്ട് സമ്പന്നമാണ് അത്തളാമുനിന്റെ താളുകള്‍. ഡോ. മുഹ്‌യുദ്ധീന്‍ ആലുവായുടെ ലേഖനങ്ങളെക്കുറിച്ച് ഒരു പഠനം ഇപ്പോള്‍ തുടര്‍ ലേഖനമായി മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്ത്യയിലെ ശ്രദ്ധേയമായ അറബി ഇസ്‌ലാമിക കലാലയമായ ലക്‌നോ ദാറുല്‍ ഉലൂം നദ്‌വയിലെ അറബി പാഠ്യപദ്ധതിയെക്കുറിച്ച് മൂന്ന് ലക്കങ്ങളിലായി പ്രസ്തുത സ്ഥാപനത്തിലെ അലാഉദ്ധീന്‍ നദ്‌വി എഴുതിയ ലേഖനം ഇപ്പോള്‍ മാസിക പ്രസിദ്ധീകരിച്ചുവരുന്നു. ചുരുക്കത്തില്‍ നിലവാരവും നിലപാടുകളുമുള്ള ഈ പത്രം കേരളത്തിലെ അറബി പ്രസിദ്ധീകരണ മേഖലക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല.

അസ്സ്വലാഹ്
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ നടത്തുന്ന എടവണ്ണ ജാമിഅ നദ്‌വിയയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു അറബി ത്രൈമാസികയാണിത്. 2005ലാണ് ഇതിന്റെ പ്രസിദ്ധീകരണമാരംഭിച്ചത്. മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലും അല്‍ അസ്ഹറിലും പഠനം നടത്തിയ ശേഷം, നാലു പതിറ്റാണ്ട് കാലം വിവിധ അറബി രാഷ്ട്രങ്ങളില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച മുഹമ്മദ് ഫാറൂഖിയാണ് ഇതിന്റെ അണിയറ ശില്‍പി. അസ്ഹരിച്ചുവയുള്ള സുന്ദരമായ അറബി ശൈലിയിലുള്ള അദ്ദേഹത്തിന്റെ ആമുഖ ലേഖനങ്ങള്‍ ഏറെ ഹൃദ്യമാണ്. സലഫി വീക്ഷണം പുലര്‍ത്തുന്ന പത്രത്തില്‍ അധികവും മത സംബന്ധിയായ ലേഖനങ്ങളാണെങ്കിലും സാഹിത്യ പ്രധാനങ്ങളായ ലേഖനങ്ങളും കുറവല്ല. ഇന്തോ-അറബ് സാഹിത്യകാരന്മാരെ കുറിച്ചും ഇടക്ക് ലേഖനങ്ങള്‍ കാണാറുണ്ട്. ഇന്ത്യന്‍ അറബി പണ്ഡിതന്മാരായ ഷാഹ് വലിയുല്ലാ ദഹ്‌ലവി, സിദ്ധീഖ് ഹസന്‍ ഖാന്‍, ഗുലാം അലി ആസാദ് ബല്‍ഗ്രാമി, അബുസ്സബാഹ് അഹ്മദലി, പി.വി അബൂലൈല എന്നിവരുടെ സംഭാവനകളെക്കുറിച്ചുള്ള പഠനാര്‍ഹമായ ലേഖനങ്ങള്‍ ഇതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹദീസ് വിജ്ഞാനിയത്തിന് നാസിറുദ്ദീന്‍ അല്‍ബാനി നല്‍കിയ സംഭാവനകളെ കുറിച്ചുള്ള തുടര്‍ ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു. 2010 ജനുവരി ലക്കം ഇസ്‌ലാമിക പ്രബോധനത്തിന്റെ വിവിധ വശങ്ങള്‍ പ്രതിപാദിക്കുന്ന പ്രത്യേക പതിപ്പായിരുന്നു. മൗലാനാ ആസാദിന്റെ 'വിശ്വാസത്തിന്റെ ശരിയായ വഴി' നദ്‌വി സാഹിബിന്റെ 'പ്രബോധന രംഗത്തെ പ്രധാന തത്വങ്ങള്‍', മുഹമ്മദ് റാഷിദ് സാഹിദിന്റെ 'പ്രബോധകന്റെ സംസ്‌കാരം', തൗഫീഖ് മുഹമ്മദ് ശാഹിന്‍ എഴുതിയ 'ഇസ്‌ലാമിക പ്രബോധനം' എന്നീ ലേഖനങ്ങള്‍ ഇതിലെ മികച്ച വിഭവങ്ങളായിരുന്നു.

അല്‍ ജാമിഅ
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയാണ് അല്‍ ജാമിഅ. 2006 മെയ് മാസത്തിലാണ് ഇതിന്റെ ആദ്യ ലക്കം പ്രസിദ്ധീകരിക്കപ്പെട്ടത്. 140 ല്‍ പരം പുറങ്ങളുള്ള പ്രഥമ ലക്കം തന്നെയായിരുന്നു ഇതിന്റെ ഏറ്റവും മികച്ച ലക്കവും. പ്രഥമ ലക്കത്തില്‍ ലോക പ്രശസ്ത ഹദീസ് പണ്ഡിതനായ ഡോ. അബ്ദുല്ല മലയ്ബാരിയുടെ ഹദീസ് വിജ്ഞാനീയങ്ങളിലെ തനിമയും നവീകരണവും എന്ന ലേഖനം ഏറെ കനപ്പെട്ട പഠനമാണ്. ഇതിന് പുറമെ ഏകീകൃത ഇസ്‌ലാമിക കലണ്ടര്‍, അറക്കല്‍ രാജവംശം, ഹുജ്ജത്തുല്ലാഹില്‍ ബാലിഗയുടെ സാഹിത്യ ഭംഗി, അബുല്‍ അഅ്‌ലാ മൗദൂദി എന്നീ ലേഖനങ്ങള്‍ക്കു പുറമെ അല്‍ ജാമിഅയുടെ ഉദ്ഘാടന പരിപാടിയുടെ വിശദമായ റിപ്പോര്‍ട്ടുമുണ്ടായിരുന്നു. അറബി രാഷ്ട്രങ്ങളുമായി സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്തുക, പൗരാണികരും ആധുനികരുമായ ഇന്ത്യന്‍ പണ്ഡിതന്മാരുടെ വൈജ്ഞാനിക സംഭാവനകള്‍ അവര്‍ക്ക് പരിചയപ്പെടുത്തുക, ഇന്ത്യന്‍ സര്‍വകലാശാലകളും അറബി സര്‍വകലാശാലകളും തമ്മില്‍ അക്കാദമിക വിനിമയം ശക്തിപ്പെടുത്തുക, പുതിയ തലമുറയില്‍ അറബിയില്‍ ആവിഷ്‌കാര ശേഷി വളര്‍ത്തുക എന്നിവയെല്ലാമാണ് പത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് പ്രഥമ ലക്കത്തിലെ ആമുഖ ലേഖനത്തില്‍ നിന്ന് വ്യക്തമാകും. വിദ്യാര്‍ത്ഥികളുടെ കോളം എന്ന പേരില്‍ പുതുമലമുറക്ക് എഴുതിത്തെളിയാനുള്ള അവസരം ഇതിന്റെ പ്രത്യേകതയാണ്. ജാമിഅയിലെ ഉത്തരേന്ത്യക്കാരായ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് പത്രത്തിന്റെ പ്രധാന അണിയറ ശില്‍പികള്‍. ആധുനിക കര്‍മ ശാസ്ത്ര പ്രശ്‌നങ്ങള്‍, ന്യൂനപക്ഷ കര്‍മശാസ്ത്രം, നിദാന ശാസ്ത്ര പഠനങ്ങള്‍ എന്നിവയെല്ലാം പത്രത്തെ ഏറെ ശ്രദ്ധേയമാക്കുന്നു. ആറ് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ഇനായത്തുല്ലാ സുബ്ഹാനിയുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലെ അബദ്ധങ്ങളെ കുറിച്ചുള്ള പഠനം ഈ രംഗത്തെ ഏറ്റവും മികച്ച പഠനമാണെന്ന് പറയാം. ഷാജഹാന്‍ നദ്‌വിയും, സുബ്ഹാനിയും ഏറെക്കുറെ എല്ലാ ലക്കങ്ങളിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആധുനിക കാലത്തെ ഇസ്‌ലാമിക വ്യക്തിത്വങ്ങളായിരുന്ന മൗലാനാ മൗദൂദി, ഹസനുല്‍ ബന്ന, യൂസുഫുല്‍ ഖര്‍ദാവി, അബൂ ബദ്ര്‍ എന്നിവരെ പരിചയപ്പെടുത്തുന്ന ലേഖനങ്ങള്‍ വിവിധ ലക്കങ്ങളിലായി പത്രം പ്രസിദ്ധീകരിച്ചു.
ആദ്യത്തെ ഏതാനും ലക്കങ്ങളില്‍ കനപ്പെട്ട ലേഖനങ്ങളും ചര്‍ച്ചകളും പ്രസിദ്ധീകരിച്ച അല്‍ ജാമിഅ ഇപ്പോള്‍ കെട്ടിലും മട്ടിലും കൂടുതല്‍ ആകര്‍ഷകമാക്കിയെങ്കിലും അറബ് രാഷ്ട്രങ്ങളില്‍ സ്ഥാപനത്തെയും പ്രസ്ഥാനത്തെയും പരിചയപ്പെടുത്തുന്ന ഒരു വാര്‍ത്താപത്രികയുടെ നിലവാരത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അന്നഹ്‌ള
മലപ്പുറം ജില്ലയിലെ പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളേജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കുന്ന അറബി ദൈ്വമാസികയാണ് അന്നഹ്‌ള. 2006  ലാണ് ഇതിന്റെ പ്രസിദ്ധീകരണം തുടങ്ങിയത്. ഇതിന്റെ ആദ്യ പുറത്തില്‍ ഇപ്പോള്‍ വാര്‍ത്തകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇസ്‌ലാമിക ലേഖനങ്ങള്‍, കുറിപ്പുകള്‍, വാര്‍ത്താവലോകനങ്ങള്‍, അനുസ്മരണക്കുറിപ്പുകള്‍, പ്രഗത്ഭ വ്യക്തിത്വങ്ങളുമായുള്ള അഭിമുഖങ്ങള്‍, ഗ്രന്ഥാവലോകനം എന്നിവക്കുപുറമെ കടങ്കഥകള്‍ പോലുള്ള കൊച്ചു കുറിപ്പുകളുടെ ഒരു പംക്തിയുമുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ പരസ്പരധാരണയും വൈജ്ഞാനിക നവോന്മേഷവും വളര്‍ത്തുകയാണ് സ്ഥാപിത ലക്ഷ്യം. ദേശീയ അന്താരാഷ്ട്ര വാര്‍ത്തകളും ഫീച്ചറുകളം കേരളം സന്ദര്‍ശിക്കുന്ന പ്രശസ്തരുമായി നടത്തുന്ന അഭിമുഖങ്ങളും പത്രത്തെ വേറിട്ടുനിര്‍ത്തുന്നു. മുന്‍ ഫലസ്തീന്‍ മുഫ്തി ഇക്‌രിമ സ്വബരി, മൗലാനാ മുഹമ്മദ് റാബിഅ് നദ്‌വി, പ്രഗത്ഭ ഇസ്‌ലാമിക ചിന്തകന്‍ ഡോ. സലാഹ് സുല്‍ത്താന്‍ , ഫലസ്തീന്‍ അംബാസിഡര്‍ അദ്‌ലി സാഹിഖ്, ലിബിയന്‍ മന്ത്രി അഖീല്‍ സുഹൈന്‍ അഖീല്‍, മമ്പുറം തങ്ങളുടെ പൗത്രന്‍ സയ്യിദ് സഹ്‌ലു ബിന്‍ ഫദ്ല്‍ എന്നിവര്‍ പത്രം അഭിമുഖം നടത്തിയവരില്‍ ചിലരാണ്. ഖുര്‍ആന്‍, ഹദീസ്, പഠനങ്ങള്‍ക്ക് സ്ഥിരം പംക്തിയുമുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള ഖുര്‍ആന്‍ ഹദീസ് പണ്ഡിതന്മാരുടെ സംഭാവനകള്‍ അന്നഹ്ള പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്രത്തിന്റെ 2009 ഒക്ടോബര്‍ ലക്കം പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള സ്‌പെഷ്യല്‍ പതിപ്പായിരുന്നു. പ്രസ്തുത ലക്കത്തില്‍ ഭിന്നിപ്പിനെതിരില്‍ താക്കീത് ചെയ്തുകൊണ്ടുള്ള തങ്ങളുടെ ഒരു പഴയ ലേഖനം പത്രം പുനഃപ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ പരേതനെക്കുറിച്ചുള്ള അനുശോചനക്കുറിപ്പുകളും അനുസ്മരണ കാവ്യങ്ങളുമുണ്ട്.  ലോക രാഷ്ട്രങ്ങളിലും ഇന്ത്യയിലും മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്ങ്ങള്‍ പത്രത്തിന്റെ സവിശേഷ ശ്രദ്ധ പതിഞ്ഞ മേഖലയാണ്. കൂടാതെ ഭാരതീയ മുസ്‌ലിം പ്രതിഭകളായ ടിപ്പു സുല്‍ത്താന്‍, ഔറം ഗസേബ് തുടങ്ങിയവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങളും അന്നഹ്ദ പ്രസിദ്ധീകരിക്കാറുണ്ട്. റഫീഖ് അഹമദ് ഹുദവി കോലാര്‍ അന്നഹ്ദയിലെ സ്ഥിരം ലേഖകനാണ്.
ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ കഠിന ശ്രമഫലമായി ഇത്രയും കാലം മുടങ്ങാതെ പ്രസിദ്ധീകരിച്ച അന്നഹ്ദ അറബി ഭാഷാ പ്രേമികളുടെ എല്ലാ പിന്തുണയും അര്‍ഹിക്കുന്നുണ്ട്. പരിമിതമായ വിഭവങ്ങളുടെ പരിമിതിക്കുള്ളില്‍ ആത്മാര്‍ത്ഥത കൊണ്ട് മാത്രം പിടിച്ചുനില്‍ക്കുന്ന അന്നഹ്ദ, അത്തളാമുന്‍ ശില്‍പികള്‍ അങ്ങേയറ്റത്തെ പ്രശംസ അര്‍ഹിക്കുന്നുണ്ട്.

കാലിക്കൂത്ത്
2006 ലാണ് കോഴിക്കോട് സര്‍വകലാശാല അറബി വിഭാഗത്തില്‍ നിന്നും സാഹിത്യ പ്രധാനമായ ഈ ത്രൈമാസിക പ്രസാധനമാരംഭിച്ചത്. 'സാഹിത്യത്തോടും ജീവിതത്തോടുമുള്ള വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ നമ്മുടെ എഴുത്തുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവസരമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന്' പ്രഥമ ലക്കത്തിലെ ആമുഖ ലേഖനത്തില്‍ തന്നെ എഡിറ്റര്‍ ഡോ. എം.ഐ റഹ്മത്തുല്ല പ്രസ്താവിക്കുന്നുണ്ട്. ആധുനിക അറബി സാഹിത്യത്തെ കുറിച്ചും സാഹിത്യ പ്രതിഭകളെക്കുറിച്ചുമുള്ള പഠനങ്ങള്‍, കവിതകള്‍, യൂണിവേഴ്സ്റ്റി അറബി വിഭാഗം നടത്തിയ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍, യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങളുടെ അവലോകനങ്ങള്‍, പുസ്തക പരിചയം തുടങ്ങിയ പലവിഷയങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിഭാഗം വിദ്യാര്‍ത്ഥികളാണ് ഇതിന്റെ അണിയറ ശില്‍പികള്‍. അറബി സാഹിത്യ കുലപതിയും നോബല്‍ സമ്മാന ജേതാവുമായ നജിസ് മഹ്ഫൂസിന്റെ സാഹിത്യ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങളാണ് പ്രഥമ ലക്കത്തിന്റെ പ്രധാന ഉള്ളടക്കം. അശ്‌റഫ് അബൂസൈദിന്റെ നോവലുകള്‍, മുഹമ്മദ് മഹ്ദി ജവാഹിരിയുടെ വിപ്ലവ കവിതകള്‍, യമനി സാഹിത്യകാരി നാദിയ അല്‍ കൗകബാനി, അലാഉല്‍ അസ്വാനി, മൊറോക്കന്‍ സാഹിത്യകാരന്‍ മുഹമ്മദ് സ്വഫ്‌സാഫ്, ഫലസ്തീന്‍ സാഹിത്യകാരന്‍ ഗസാന്‍ കനഫാനി എന്നീ ആധുനിക സാഹിത്യപ്രതിഭകളെ കുറിച്ചുള്ള പഠനങ്ങള്‍ കാലിക്കൂത്തില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ഇന്ത്യന്‍ സര്‍വകലാശാലകള്‍ അറബി ഭാഷക്കും സാഹിത്യത്തിനും നല്‍കുന്ന സംഭാവനകളെക്കുറിച്ച് ഡോ. മുസഫര്‍ ആലം എഴുതിയ പ്രൗഢമായ പഠനം 2012 ആഗസ്റ്റ് ലക്കത്തിലെ പ്രധാന വിഭവമാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ സമര്‍പ്പിക്കപ്പെട്ട അറബി ഗവേഷണ പ്രബന്ധങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാണ്.

അന്നൂര്‍
പട്ടിക്കാട് ജാമിഅ നൂരിയ്യ പൂര്‍വ വിദ്യര്‍ത്ഥികള്‍ (ഛടഎഛഖചഅ) പുറത്തിറക്കുന്ന ത്രൈമാസികയാണ് അന്നൂര്‍. 2010 ജനുവരിയിലാണ് പ്രഥമ ലക്കം പുറത്തിറങ്ങിയത്. കേരളത്തില്‍ അറബിഭാഷയും സാഹിത്യവും പ്രചരിപ്പിക്കുക, അറബി ഭാഷയും സാഹിത്യവും പ്രചരിപ്പിക്കുക, ചിന്താ പ്രബോധന, വൈജ്ഞാനിക രംഗത്ത് ഉന്മേഷം വളര്‍ത്തുക, നമ്മുടെ വൈജ്ഞാനിക പൈതൃകങ്ങളെ അറബ് ലോകത്തിന് പരിചയപ്പെടുത്തുക എന്നിവയൊക്കെയാണ് പത്രത്തിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍.
പ്രഥമ ലക്കം കേരള മുസ്‌ലിം സംസ്‌കൃതിയെ പരിചയപ്പെടുത്താനാണ് നീക്കിവെച്ചിരിക്കുന്നത്. കേരള മുസ്‌ലിംകളുടെ ശോഭനമായ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന ഈടുറ്റ ലേഖനങ്ങള്‍ കൊണ്ട് സമ്പന്നമാണ് പ്രഥമ ലക്കം, 'ഇസ്‌ലാമിക സംസ്‌കാരവും കേരള മുസ്‌ലിംകളും', 'കേരളത്തില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവം'. 'കേരള മുസ്‌ലിംകളുടെ ആചാരങ്ങള്‍', 'സാസ്‌കാരിക അധിനിവേശം, 'മലബാറില്‍ ക്രിസ്ത്യന്‍ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ശോഷണം', 'മലബാര്‍ മുസ്‌ലിം മലേഷ്യയില്‍', 'കേരള മുസ്‌ലിംകളുടെ സാമൂഹികാവസ്ഥകള്‍',  'കേളത്തിലെ അറബി പൈതൃകം' എന്നിവ ഇതിലെ പ്രധാന വിഭവങ്ങളാണ്. കേരളത്തിലെ പള്ളി ദര്‍സുകള്‍, പൊന്നാനിയുടെ വൈജ്ഞാനിക പൈതൃകം, ഇസ്‌ലാമിക് ബേങ്കിങ്, കേരളത്തിലെ അറബി പത്രങ്ങള്‍, കേരളത്തിലെ അറബി കവികളും കവിതകളും, കേരള മുസ്‌ലിംകളും അറബി ഭാഷയും എന്നീ ലേഖനങ്ങളും ആദ്യ ലക്കത്തിലെ മറ്റു വിഭവങ്ങളാണ്.
പത്രത്തിന്റെ രണ്ടാം ലക്കം പ്രധാനമായും സ്ത്രീകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് നീക്കിവെച്ചിരിക്കുന്നത്. ലിംഗ സമത്വ സിദ്ധാന്തം, ഹിജാബിന്റെ അനിവാര്യതയും ഫ്രാന്‍സിന്റെ ശത്രുത സമീപനവും, മുസ്‌ലിം സ്ത്രീ പ്രശ്‌നങ്ങളില്‍ കോടതികളുടെ ഇടപെടലുകള്‍ തുടങ്ങിയ ലേഖനങ്ങളാണ് ഈ ലക്കത്തിലെ പ്രധാന വിഭവങ്ങള്‍. 2013 ജനുവരിയില്‍ പുറത്തിറങ്ങിയ എട്ടാം ലക്കത്തില്‍ ആലിക്കുട്ടി മൗലവി, കോട്ടൂര്‍ സിയാഉദ്ധീന്‍ ഫൈസി, അബ്ദുല്ല അമാനി എന്നിവരുടെ കവിതകളും ലേഖനങ്ങളുമുണ്ട്.

അല്‍ ആസിമ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അറബി വിഭാഗം പുറത്തിറക്കുന്ന അറബി ജര്‍ണലാണ് അല്‍ ആസിമ. വാര്‍ഷിക പ്രസിദ്ധീകരണമാണിത്. 1942 ല്‍ അറബി വിഭാഗം ആരംഭിച്ച യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദാനന്തര  വിഭാഗവും ഗവേഷണ സൗകര്യവുമുണ്ട്. കഠിനാധ്വാനിയും പരിശ്രമശാലിയുമായ യുവ അധ്യാപകന്‍ ഡോ. ഷംനാദാണ് പത്രത്തിന്റെ അണിയറ പ്രവര്‍ത്തകന്‍. ആധുനിക സാഹിത്യ പ്രസ്ഥാനങ്ങള്‍, നിരൂപണങ്ങള്‍, സിദ്ധാന്തങ്ങള്‍ തുടങ്ങിയ നൂതന വിഷയങ്ങളാണ് ആസിമയിലെ വിഭവങ്ങളില്‍ ഏറിയ കൂറും. പ്രവാസ അറബി സാഹിത്യത്തിലെ പോസ്റ്റ് മോഡേണ്‍ പ്രവണതകള്‍ എന്ന തലക്കെട്ടില്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നടന്ന സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളാണ് പ്രഥമ ലക്കത്തിലെ ഉള്ളടക്കം. 2012 ലക്കത്തില്‍ അറബിക്കഥയിലെ ആധുനിക പ്രവണതകള്‍, അറബി സാഹിത്യത്തില്‍ കവിതയുടെ ഉത്ഭവം, ഈലിയ അബൂമാദിയുടെ ജീവിത ദര്‍ശനം എന്ന കവിതയിലെ ജീവിത വീക്ഷണം എന്നീ സാഹിത്യ പഠനങ്ങളും മറ്റു സാമൂഹ്യ പ്രശ്‌നങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

അറബിക്കഥയിലെ അവതരണ പൈതൃകം, നൈജീരിയന്‍ കവിതയിലെ പ്രതിരോധ ധാരകള്‍, ഖുര്‍ആന്‍ പദഘടനയുടെ സാഹിത്യഭംഗി, വ്യാകരണ നിയമങ്ങളുടെ ലഘൂകരണത്തില്‍ പൂര്‍വികരുടെ സംഭാവനകള്‍ തുടങ്ങിയ കനപ്പെട്ട പഠനങ്ങള്‍ ഇതിനകം പത്രം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മറ്റു അറബി ആനുകാലികങ്ങളില്‍ നിന്ന് വ്യത്യസ്തമായി അറബി രാഷ്ട്രങ്ങളിലെയും വിശിഷ്യാ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ അറബി പണ്ഡിതരുടെ ലേഖനങ്ങളും ഭാഷാ പഠനങ്ങളും ഇതില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ മറ്റു അറബി ആനുകാലികങ്ങളില്‍ നിന്നും ആസിമയെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ. കേരളത്തിലെ അറബി പത്രപ്രവര്‍ത്തനത്തിന് പ്രതീക്ഷ പകരുന്നതാണ് ഇതിലെ ഓരോ ലേഖനവും
ഇപ്പറഞ്ഞവ കൂടാതെ കൃത്യമായ സമയനിഷ്ഠ പാലിക്കാതെ ഒന്നോ രണ്ടോ ലക്കങ്ങള്‍ പുറത്തിറങ്ങിയ ഏതാനും ചില അറബി പ്രസിദ്ധീകരണങ്ങളും കേരളത്തിലുണ്ട്. 2011 ല്‍ കേരള സര്‍വകലാശാല അറബി വിഭാഗം പുറത്തിറക്കിയ 'കൈരലാ' എന്ന ത്രൈമാസിക, കോഴിക്കോട് മര്‍കസുദ്ദഅ്‌വയില്‍ നിന്ന് കേരള ജംഇയത്തുല്‍ ഉലമ പ്രസിദ്ധീകരിക്കുന്ന 'മനാദുന്നഹ്ള , മലപ്പുറം ഗവണ്‍മെന്റ് കോളേജ് അറബി വിഭാഗം പുറത്തിറക്കിയ 'അദ്ദീവാന്‍', കണ്ണൂര്‍ ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് അക്കാദമിയുടെ 'അല്‍മിദാദ്' തുടങ്ങിയവ ഈ ഗണത്തില്‍പെടും. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധവും വിഭവസമൃദ്ധിയും നൂറു കണക്കിന് കോളേജുകളും ആയിരക്കണക്കിന് ബിരുദധാരികളുമെല്ലാം ഉണ്ടെങ്കിലും മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു പ്രസിദ്ധീകരണം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാന്‍ നമുക്കാവുന്നില്ല. എന്നാല്‍ ഇപ്പറഞ്ഞ അനുകൂല ഘടകങ്ങളൊന്നുമില്ലാതെ, അരനൂറ്റാണ്ടിലധികമായി ഉന്നതനിലവാരം പുലര്‍ത്തുന്ന ഒന്നിലധികം പ്രസിദ്ധീകരണങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്. അറബി ഭാഷ കേവലം ജീവിതോപാധി എന്നതിലപ്പുറം അതിനോടു നീതി പുലര്‍ത്താന്‍ നമുക്കാവുന്നുണ്ടോ?

Reference

1. കേരളീയ മുസ്‌ലിം പത്ര പ്രവര്‍ത്തന ചരിത്രം- അബ്ദുറഹ്മാന്‍ മങ്ങാട്. പ്രബോധനം അറുപതാം വാര്‍ഷിക പതിപ്പ്
2. സഖാഫത്തുല്‍ ഹിന്ദ് ലക്കം 4. വാള്യം 63, 2012, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്, ന്യൂഡല്‍ഹി.
3. അന്നൂര്‍ ലക്കം 1. വാള്യം 1 2010 ജനുവരി
4. അല്‍ജാമിഅ വാള്യം 1 ലക്കം 1 മെയ് 2008
5. അല്‍ ജാമിഅ വാള്യം 1 ലക്കം 7 മാര്‍ച്ച് 2008
6. അന്നഹ്ദ വാള്യം 17 ലക്കം 4 ഒക്ടോബര്‍ 2013 സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ്, പറപ്പൂര്‍
7. അല്‍ മിദാദ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് കണ്ണൂര്‍-ഫെബ്രുവരി 2013
8. അല്‍ ബുഷ്‌റ വാള്യം 1 ലക്കം 1 1963 ജനുവരി
9. 1963 ഫെബ്രുവരി വാള്യം 1 ലക്കം 2
10. 1963 മാര്‍ച്ച് വാള്യം 1 ലക്കം 3
11. 1963 ഏപ്രീല്‍ വാള്യം 1 ലക്കം 4
12. 1963 മെയ് വാള്യം 1 ലക്കം 5
13. 1963 ജൂണ്‍ വാള്യം 1 ലക്കം 6
14. 1963 ജൂലായ് വാള്യം 1 ലക്കം 7
15. 1963 ആഗസ്റ്റ് വാള്യം 1 ലക്കം 8
16. 1963 സെപ്്റ്റംബര്‍ വാള്യം 1 ലക്കം 9
17. 1963 ഒക്ടോബര്‍ വാള്യം 1 ലക്കം 10
18. 1963 നവംബര്‍ വാള്യം 1 ലക്കം 11
19. 1963 ജനുവരി വാള്യം 2 ലക്കം 1
20. 1963 ഫെബ്രുവരി വാള്യം 2 ലക്കം 2
21. കാലിക്കൂത്ത് വാള്യം 1 ലക്കം 1
22. വാള്യം 3. ലക്കം 1. ആഗസ്റ്റ് 2012
23. അത്തളാമുന്‍ വാള്യം 9 ലക്കം 21 ഫെബ്രുവരി 2013
24. വാള്യം 10 ലക്കം 22 ആഗസ്റ്റ് 2013
25. വാള്യം 10 ലക്കം 23 ഒക്ടോബര്‍ 2013
26. അന്നഹഌവാള്യം 1 ലക്കം. 1
27. വാള്യം 4. ലക്കം 3 സെപ്തംബര്‍ 2010
28. വാള്യം 3 ലക്കം 1 ഏപ്രീല്‍ 2009
29. വാള്യം 5 ലക്കം 10 ഡിസംബര്‍ 2010
30. അല്‍ജാമിഅ വാള്യം 5 ലക്കം 10