പ്രസിദ്ധീകരണ ശാലകള്‍

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍  

ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്
ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ഔദ്യോഗിക പുസ്ത പ്രസാധനാലയം. 1985-ല്‍ പി.പി മുഹമ്മദ് അലി ഹാജി തുടക്കം കുറിച്ചു. കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്നില്‍ പബ്ലിക്കേഷന്‍ ഡയറക്ടറും കോഴിക്കോട് പട്ടണത്തിലെ മൊയ്തീന്‍ പള്ളി റോഡില്‍ പ്രധാന ഷോറൂമൂം പ്രവര്‍ത്തിക്കുന്നു.
ചരിത്രം
1945 ഏപ്രില്‍ 19 മുതല്‍ 21 വരെ പഞ്ചാബിലെ ദാറുല്‍ ഇസ്‌ലാമില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം കനപ്പെട്ട ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ലോകഭാഷകളിലേക്കും വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. മലയാള പരിഭാഷയുടെയും പ്രസാധനത്തിന്റെയും ചുമതല ജമാഅത്തെ ഇസ്‌ലാമി കേരള ഘടത്തിന്റെ പ്രഥമ അമീര്‍ വി.പി മുഹമ്മദ് അലി ഹാജി (ഹാജി സാഹിബ്) യെയാണ് ഏല്‍പ്പിച്ചത്. സയ്യിദ് അബ്ദുല്‍ അഅ്‌ലാ മൗദൂദിയുടെ രിസാലെ ദീനിയ്യാതിന്റെ വിവര്‍ത്തനം ഇസ്‌ലാം മതം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് 1945 ല്‍ ഹാജി സാഹിബ് തന്റെ ജോലിക്ക് തുടക്കം കുറിച്ചു. മലയാള ലിപിയില്‍ അച്ചടിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ ആദ്യത്തെ ഇസ്ലാമിക ഗ്രന്ഥവും ഇതുതന്നെ. മുസ്ലിംകളുടെ മിക്ക പത്ര പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും അക്കാലത്ത് അറബി മലയാളത്തിലാണ് അച്ചടിച്ചിരുന്നത്. നാഷണല്‍ ബുക്ക്സ്റ്റാള്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, ഗ്രന്ഥശാലാ സംഘം എന്നിവയുടെ രംഗപ്രവേശവും ഇതേ വര്‍ഷം തന്നെയായിരുന്നു.

 ഇതിനകം കേരളത്തിലെ ഏറ്റവും കരുത്തുറ്റ അനൗപചാരിക ഇസ്ലാമിക വിദ്യാകേന്ദ്രമായി വളര്‍ന്നുവികസിച്ച എ.പി.എച്ചിന്റെ ആദ്യ കേന്ദ്രം മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തുള്ള ഇരിമ്പിളയത്തെ ഒരു ചെറിയ പള്ളിയുടെ വരാന്ത മുറിയായിരുന്നു. ഇസ്‌ലാം മതം പുറത്ത് വന്ന് അധഇകം താമസിയാതെ രക്ഷാസരണിയും പ്രസിദ്ധീകൃതമായി. ഇടവായിലെ സി.എം. പ്രസില്‍ മുദ്രണം ചെയ്ത രണ്ടു പുസ്തങ്ങളുടെയും വിതരണം നിര്‍വഹിച്ചതും ഹാജി സാഹിബ് തന്നെയായിരുന്നു. പിന്നീട് ഇരിമ്പിളിയത്ത് നിന്ന് വളാഞ്ചേരിയിലേക്കും അവിടെ നിന്ന് ഏടയൂരിലേക്കും തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്നിലേക്കും ആസ്ഥാനം മാറ്റി. ഹാജി സാഹിബിന് ശേഷം അബുല്‍ ജലാല്‍ മൗലവി, ടി.കെ ഇബ്റാഹീം, ടി. മുഹമ്മദ് സാഹിബ് എന്നിവര്‍ വിവധ കാലങ്ങളില്‍ ഐ.പി.എച്ചിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്. 1982 മുതല്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍.

വളര്‍ച്ചയും വികാസവും
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ കേന്ദ്രം നല്‍കിയ 700 രൂപ മൂലധനമാക്കി തുടങ്ങിയ എ.പി.എച്ച് ഇന്ന് കേരളത്തില്‍ പ്രസിദ്ധീകരണാലയങ്ങളും മുന്‍നിരയില്‍ എത്തിനില്‍ക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണാലയമായ ഐ.പി.എച്ച് ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വിഷയങ്ങളിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള മുസ്ലിം നവോത്ഥാനത്തില്‍ ഈ കൃതികള്‍ വഹിച്ച പങ്ക് സുവിദിതമത്രെ. 400-ഓളം കൃതികളാണ് ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്. ഉള്ളടക്കം പോലെ തന്നെ കെട്ടിലും മട്ടിലും മകവു പുലര്‍ത്തുന്നവയാണവ. പുസ്ത നിര്‍മാണ രംഗത്തെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയും വിപുലമായ വിതരണ സംവിധാനം ഏര്‍പ്പെടുത്തിയും വിപുലമായ വിതരണ സംവിധാനം ഏര്‍പ്പെടുത്തിയും പ്രസാധന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഐ.പി.എച്ചിനു കഴിഞ്ഞിട്ടുണ്ട്.
പുനര്‍മുദ്രണ കൃതികളുള്‍പ്പെടെ മൂന്ന് ദിവസത്തില്‍ ഒന്ന് എന്ന തോതില്‍ ഐ.പി.എച്ച് കൃതികള്‍ പുറത്തിറങ്ങുന്നുണ്ട്. കോഴിക്കോട് എം.പി. റോഡിലുള്ള പ്രധാന വിതരണ കേന്ദ്രത്തിനുപുറമെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ ബ്രാഞ്ച് ഷോറൂമുകള്‍, കേരളത്തിലും ഗള്‍ഫ് നാടുകളിലുമുള്ള 20 ഓളം ഏജന്‍സികള്‍ എന്നിവ വഴിയാണ് പ്രധാനമായും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. വര്‍ഷം തോറും നടത്തിവരാറുള്ള പുസ്ത മേളകള്‍ക്ക് പുറമേ കേരളത്തിലും ഗള്‍ഫ് നാടുകളിലും സംഘടിപ്പിക്കപ്പെടാറുള്ള അന്താരാഷ്ട്ര പുസ്തക മേളകളിലും ഐ.പി.എച്ച് പങ്കെടുക്കുന്നു. ഐ.പി.എച്ചിന്റെ സ്ഥരം ഗുണഭോക്താക്കളുടെ സൗകര്യാര്‍ഥം രൂപീകരിച്ച ബുക്ക് ക്ലബ് നിലവിലുണ്ട്.
ഇന്റര്‍ നാഷണല്‍ സ്റ്റാന്റേര്‍ഡ് ബുക്ക് നമ്പര്‍ (ISBN) സീരിയലില്‍ അംഗമായ ഐ.പി.എച്ചിന് അന്താരാഷ്ട്ര പുസ്തക പ്രസാധക രംഗത്ത് സജീവ സാനിധ്യമുണ്ട്. ISBN രേഖപ്പെടുത്തുന്ന ഇന്ത്യന്‍ പ്രസിദ്ധീകരണാലയങ്ങളുടെ മുന്‍നിരയില്‍ തന്നെ ഐ.പി.എച്ച് നിലകൊള്ളുന്നു.
ഐ.പി.എച്ച് സംഘടിപ്പിക്കാറുള്ള പുസ്തക പ്രകാശന ചടങ്ങുകളുടെ പുസ്തക മേളകളും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളുടെ വേദികള്‍ കൂടിയാണ്. കേരളത്തിനകത്തും പുറത്തുമുള്ള സാഹിത്യ-സാംസ്‌കാരിക നായകന്മാരെ പങ്കെടുപ്പിച്ച് നടത്താറുള്ള ഇത്തരം പരിപാടികള്‍ ശ്രോതാക്കളുടെ ജാതിമതഭേദമന്യേയുള്ള പങ്കാളിത്തവും ബാഹുല്യവും കൊണ്ട്‌ ശ്രദ്ധേയമാണ്.
ലാഭേച്ഛ കൂടാതെയുള്ള വിലനിര്‍ണയം ഐ.പി.എച്ച് കൃതികളുടെ പ്രത്യേകതയാണ്. കേരളത്തിലെ മറ്റേത് പ്രസാധകരുടെ പുസ്തകങ്ങളും ലഭ്യമാണ്. സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ പുറത്തിറങ്ങുന്ന ബാലസാഹിത്യ കൃതികള്‍ കുറഞ്ഞ വിലക്കാണ് ഐ.പി.എച്ച് അതിന്റെ ബാലസാഹിത്യ കൃതികള്‍ വില്‍ക്കുന്നത്.
പണ്ഡിതന്മാരും സാഹിത്യകാരന്മാരും എഴുത്തുകാരും ഉള്‍പ്പെടുന്ന ഏഴംഗ സമിതിയാണ് പ്രസിദ്ധീകരണത്തിന് കൃതികള്‍ തെരഞ്ഞെടുക്കുന്നത്. ഇസ്‌ലാമിന് വിരുദ്ധമല്ലാത്തതും ധാര്‍മിക സദാചാര മൂല്യബോധത്തെ പോഷിപ്പിക്കുന്നതും സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-മത രംഗങ്ങളില്‍ സത്യനീതികള്‍ക്കനുഗുണമായ പ്രചോദനം നല്‍കുന്നതുമായ എല്ലാ ഇനത്തിലും പെട്ട പുസ്തകങ്ങള്‍ ഐ.പി.എച്ച് ഇറക്കിക്കൊണ്ടിരിക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍, ഹദീഥ്, കര്‍മശാസ്ത്രം, ചരിത്രം, ജീവ ചരിത്രം, ആത്മകഥ, കഥ, കവിത, നോവല്‍, യാത്രാവിവരണം, ശാസ്ത്രം, ബാല സാഹിത്യം എന്നീ ശാഖകളിലുള്ള ഗ്രന്ഥങ്ങള്‍ക്കുപുറമേ 20-ാം നൂറ്റാണ്ടില്‍ ലോകത്ത് ഉയിര്‍കൊണ്ട ഇസ്ലാമിക ചിന്തയും നവോത്ഥാന പ്രവണതകളും പഠനവിധേയമാകുന്ന വിഖ്യാതമായ ധാരാളം കൃതികളും ഐ.പി.എച്ച് പുറത്തിറക്കിയിട്ടുണ്ട്. ഇമാം ഗസ്സാലി, ഇമാം നവവി, ഷാ വലിയുല്ലാഹി ദ്ദഹ് ലവി തുടങ്ങിയ മുന്‍കാല പണ്ഡിതര്‍ക്കു പുറമെ ശഹീദ് ഹസനുല്‍ ബന്ന, ശഹീദ് സയ്യിദ് ഖുത്ബ്, അബുല്‍ അഅ്‌ലാ മൗദൂദി, അബുല്‍ ഹസന്‍ അലി നദ്‌വി, ഡോ. അലി ശരീഅതി, ഡോ. യൂസുഫുല്‍ ഖറദാവി, സയ്യിദ് സാബിഖ്, സയ്യിദ് സുലൈമാന്‍ നദ്‌വി, ഡോ. സഈദ് റമദാന്‍ ബൂത്വി, ഡോ. മുസ്ത്വഫ സ്സിബാഈ, ഥര്‍വത് സ്വൗലത്, രജാഗരോഡി, ഡോ. ഇസ്മാഈല്‍ റാജി ഫാറൂഖി, കെ. എല്‍. ഗൗബ, സൈനബുല്‍ ഗസ്സാലി, മുഹമ്മദ് ഖുത്ബ്, അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്, മുഹമ്മദുല്‍ ഗസ്സാലി, അഹമ്മദ് ബഹ്ജത്, നജീബ് കീലാനി, മുറാദ് ഹോഫ്മാന്‍ , അലി ത്വന്‍ത്വാവി, മുഹമ്മദ് അസദ്, അബുല്‍ കലാം ആസാദ്, മാല്‍ക്കം എക്‌സ്, ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി, ഡോ. ഹാഷിം യഹ്‌യാ ഖാലിദി, അബ്ദുല്‍ അസീസ് ഇബ്നുബാസ്, സ്വദ്‌റുദ്ദീന്‍ ഇസ്ലാഹി, ഇന്‍ആമുര്‍റഹ്മാന്‍ ഖാന്‍, നഈം സ്വിദ്ദീഖി, അമീന്‍ അഹ്സന്‍ ഇസ്ലാഹി, ഖുര്‍റം മുറാദ്, അബൂസലിം അബ്ദുല്‍ ഹയ്യ്, ഡോ. മുഹമ്മദ് ഹമീദുല്ലാ, മൗലാനാ ഹാമിദ് അലി, ഡോ. ഫത്ഹീയകന്‍, ഡോ. ജമാല്‍ ബദവി, പ്രൊഫ. ഖുര്‍ശിദ് അഹ്മദ്, ഡോ. എം.ഐ.എച്ച് ഫാറൂഖി, അബ്ദുല്‍ ഹമീദ് സിദ്ദീഖി, സയ്യിദ് അഹ്മദ് ഉറൂജ് ഖാദിരി, മള്ഹറുദ്ദീന്‍ സ്വിദ്ദീഖി, വഹിദുദ്ദീന്‍ ഖാന്‍, ജലാലുദ്ദീന്‍ ഉമരി തുടങ്ങിയ പ്രശസ്തരായ ആധുനിക പണ്ഡിതന്മാരുടെയും ചിന്തകരുടെയും കൃതികള്‍ ഐ.പി.എച്ചിലൂടെ മലയാള ഭാഷക്കു മുതല്‍കൂട്ടായിട്ടുണ്ട്. മുസ്ലിം ഗ്രന്ഥകാരന്മാര്‍ക്കു പുറമെ സര്‍ തോമസ് ആര്‍നോള്‍ഡ്, പ്രൊഫ കെ.എസ് രാമകൃഷ്ണറാവു, പ്രൊഫ എം.പി.എസ് മേനോന്‍, സുരീന്ദര്‍ കൗര്‍, തപന്‍ സന്യാല്‍, നാഥൂറാം, എം.എസ് നായര്‍, കരോള്‍ എല്‍.ആന്‍വി, വിനീന്‍ പെരീര, ജെറമി സീബ്രൂക്ക്, യോഗീന്ദര്‍ സിക്കന്ദ്, വാണിദാസ് എളയാവൂര്‍, കെ.ജി രാഘവന്‍ നായര്‍, പോള്‍ കല്ലാനോട്, പി.കെ. ഗോപി, സി. രാധാകൃഷ്ണന്‍ തുടങ്ങിയ നാട്ടുകാരും മറുനാട്ടുകാരുമായ പ്രമുഖ അമുസ്ലിം ഗ്രന്ഥകാരന്മാരുടെ കൃതികളും ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇസ്ലാമിനെക്കുറിച്ചും മലയാളികളുടെ മൗലിക കൃതികള്‍ ഏറ്റവും കൂടുതല്‍ വെളിച്ചം കണ്ടതും ഇസ്ലാമിക സാഹിത്യം വളര്‍ന്നു പുഷ്ടിപ്പെട്ടതും ഐ.പി.എച്ചിലൂടെയാണ്. കെ.സി അബ്ദുല്ലാ മൗലവി, ടി.വി, ടി.കെ അബ്ദുല്ലാ, ഡോ. മുഹ് യുദ്ദീന്‍ ആലുവായ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഒ. അബ്ദുറഹ്മാന്‍, ടി.കെ ഉബൈദ്, ഇ.വി. അബ്ദു, വി.എ കബീര്‍, പ്രൊഫ കെ.എം. ബഹാവുദ്ദീന്‍, എന്‍.എം ഹുസൈന്‍, ഹൈദരലി ശാന്തപുരം, ഇ.എന്‍ ഇബ്റാഹീം, പ്രൊഫ. പി.പി ഷാഹുല്‍ ഹമീദ് തുടങ്ങി ഒട്ടേറെ ഗ്രന്ഥകാരന്മാരുടെ മൗലിക കൃതികള്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഐ.പി.എച്ച് പ്രസിദ്ധീകരിച്ച  പ്രധാന കൃതികള്‍
തഫ്ഹീമുല്‍ ഖുര്‍ആന്‍ (ആറു വാല്യം), ഖുര്‍ആന്‍ ഭാഷ്യം, അമൃതവാണി, ഫിഖ്ഹുസ്സുന്ന, ഇസ്ലാം പ്രബോധനവും പ്രചാരവും, ഇസ്‌ലാമിക സമൂഹം ചരിത്രസംഗ്രഹം (നാലുവാല്യം), മുഹമ്മദ്, ഫാറൂഖ് ഉമര്‍, ഖിലാഫതും രാജവാഴ്ചയും, ഇസ്‌ലാംമതം, ഇസ്‌ലാം രാജമാര്‍ഗം, ഇസ്‌ലാമി ഖുത്ബാത്, സൈന്ധവ നാഗരികഗതയും പുരാണകഥകളും, ഇബാദത് ഒരു വീക്ഷണത്തില്‍, ഖാദിയാനിസം ഒരു സമഗ്ര പഠനം (ഏഴ് ഭാഗങ്ങള്‍) അല്ലാഹു ഖുര്‍ആനില്‍, ഖുര്‍ആനിലെ ജന്തുകഥകള്‍, മക്കയിലേക്കുള്ള പാത, മാല്‍ക്കം എക്‌സിന്റെ ആത്മകഥ, മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിപ്പുകള്‍

സ്‌ലാമിക വിജ്ഞാനകോശം
ഐ.പി.എച്ചിന്റെ ഇസ്‌ലാമിക വിജ്ഞാനകോശം പദ്ധതി കേരള മുസ്്‌ലിം പ്രസ്ഥാനമാണിത്. ലെയിംസ്റ്റെര്‍ സര്‍വകലാശാലയുമായും ലെയിസെസ്റ്റര്‍ പോളി ടെക്‌നിക്കുമായും ഈ സംഘടന ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബര്‍മിംഗ് ഹാമിലെ സെല്ലി ഓക് കോളേജില്‍ മുസ്ലിം ക്രൈസ്തവ ബന്ധ പഠനങ്ങള്‍ ഫൗണ്ടേഷന്‍ മുന്‍കൈയെടുത്തു പ്രത്യേക സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്.
1980-കളില്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ഫൗണ്ടേഷന്റെ മുഖ്യ സ്റ്റാഫുകളും ഇന്ന് പ്രസാധന രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലിം മധ്യേഷ്യയെ സംബന്ധിച്ചും മുസ്ലിം-ക്രൈസ്തവ ബന്ധങ്ങളെക്കുറിച്ചും ഫൗണ്ടേഷന്‍ പതിവായി ബുള്ളറ്റിനുകള്‍ ഇറക്കുന്നു. മുസ്ലിം വിദ്യാര്‍ഥികള്‍ക്കായി ധാരാളം പുസ്തകങ്ങള്‍ പ്രസാധനം ചെയ്യുന്നു. കൂടാതെ ഇസ്‌ലാമിക സമ്പദ്ശാസ്ത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും ധാരാളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. 1990 മുതല്‍ മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്റെ ആംഗലേയ പരിഭാഷ പ്രസിദ്ധപ്പെടുത്തി വരുന്നു മുസ്ലിം യുവജന സംഘടനകള്‍ക്ക് ഫൗണ്ടേഷന്‍ പ്രോല്‍സാഹനമേകുന്നു. നാഷണല്‍ അസോസിയേഷന്‍ ഓഫ് മുസ്ലിം യൂത്തുമായി അത് അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

സ്‌ലാമിക് ഫൗണ്ടേഷന്‍, അരീക്കോട്
മലപ്പുറം ജില്ലയിലെ അരീക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സ്ഥാപനം 1400 റമദാന്‍ 1ന് 1880-ല്‍ നിലവില്‍വന്നു. ഇസ്‌ലാം വിരുദ്ധമായ അക്കാദമിക പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയെന്നതാണ് മുഖ്യ ലക്ഷ്യം. എന്‍.വി മുഹമ്മദ് വി. മുഹമ്മദ് ഫദ്‌ലുല്ലായാണ് സ്ഥാപകനും ഡയറക്ടറും.
ഇറാനിയന്‍ പണ്ഡിതന്മാരുടെ 32 കൃതികള്‍ മലയാളത്തില്‍ ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിച്ചു. ഖുമൈനിയുടെ ഇസ്‌ലാമിക ഗവണ്‍മെന്റ് മുര്‍തദാ മുത്വഹ്ഹരിയുടെ ചരിത്രവും സമൂഹവും, തൗഹീദിന്റെ പ്രപഞ്ച വീക്ഷണം, അലി ശരീഅത്തിയുടെ രക്തസാക്ഷ്യം, ആയത്തുല്ലാ താലിഖാനിയുടെ ജിഹാദും ശഹാദതും തുടങ്ങിയ കൃതികള്‍ ഇവയില്‍ ശ്രദ്ധേയമാണ്. ഇവയ്ക് പുറമേ ഇംഗ്ലീഷ് ഭാഷയില്‍ 12 പുസ്തകങ്ങളും ഫൗണ്ടേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഹമീദ് അല്‍ഗറിന്റെ ദ റൂട്‌സ് ഓഫ് ഇസ്ലാമിക് റെവല്യൂഷന്‍, സയ്യിദ് അലി രിദ്ദായുടെ നഹ്ജുല്‍ ബലാഗ, അലി ശരീഅതിയുടെ മാര്‍ക്‌സിസം ആന്റ് അതര്‍ വെസ്റ്റേണ്‍ ഹാലസീസ് ആന്‍ എ സിസ്റ്റംസ് അപ്രോച് എന്നിവ അവയില്‍ പെടുന്നു. കൂടാതെ എന്‍.എം. ഹുസൈന്‍ രചിച്ച ഡാര്‍വനിസം പ്രതീക്ഷയും പ്രതിസന്ധിയും 14 അമുസ്ലിം സാഹിത്യകാരന്മാരുടെ കവിതകള്‍ ക്രോഡീകരിച്ച തീരുനബി മഹാത്മ്യം തുടങ്ങിയ മറ്റു കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
15000ത്തോളം ഗ്രന്ഥങ്ങളുള്ള ലൈബ്രറി ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുണ്ട്. അതോടനുബന്ധിച്ച് ഒരു ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. വിവിധ മുസ്ലിം സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ആനുകാലിക വിഷയങ്ങളില്‍ അഭിപ്രായ സമന്വയം സാധിച്ചെടുക്കുകയെന്ന ഉദ്ദേശത്തോടെ 1988-92 കാലഘട്ടത്തില്‍ ഡയലോഗ് എന്ന പേരില്‍ ഒരു പരിപാടി ഫൗണ്ടേഷന്‍ നടത്തുകയുണ്ടായി. കോഴിക്കോട്, കണ്ണൂര്‍, ആലുവ, എറണാകുളം എന്നീ സ്ഥലങ്ങളിലാണിത് സംഘടിപ്പിച്ചത്. 1987-ല്‍ കോഴിക്കോട് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് അഖിലേന്ത്യാ സെമിനാറും നടത്തുകയുണ്ടായി. മുന്‍ റേഡിയന്‍സ് എഡിറ്റര്‍ അമീനുല്‍ ഹസന്‍ റിസ്‌വിയാണിത് ഉ്ദഘാടനം ചെയ്തത്. ഇതിന് പുറമേ മുസ്്‌ലിം ഐക്യം മുന്‍നിര്‍ത്തി 1991-92-ല്‍ മഞ്ചേരിയില്‍ യൂണിറ്റി വീക് എന്ന പേരിലും സെമിനാറുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇറാന്‍ പ്രതിനിധികളെ സ്വീകരിക്കുന്നതിലും ആദരിക്കുന്നതിലും ഫൗണ്ടേഷന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നു.
ഇറാന്‍, ലണ്ടന്‍, ക്വാലാലംപൂര്‍ എന്നിവിടങ്ങളില്‍ നടന്ന വിവിധ അന്താരാഷ്ട്ര ഇസ്‌ലാമിക പരിപാടികളില്‍ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ട്. എന്‍.കെ. അബ്ദുല്‍ ഹമീദ് ഔസാഫ് അഹ്സന്‍ സി.ഹംസ എന്നിവരടക്കം 15 അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡാണ് ഫൗണ്ടേഷന്റെ ഭരണപരമായ കാര്യങ്ങള്‍ നീര്‍വഹിക്കുന്നത്. സി.എച്ച് ഉഥ്മാന്‍ സെക്രട്ടറിയാണ്.