സ്വാതന്ത്ര്യ മനോഭാവം പുലിക്കോട്ടില്‍ കൃതികളില്‍

അബിന്‍ഷാ എം യു   (റിസര്‍ച്ച് സ്‌കോളര്‍, അലീഗഡ് യൂണിവേഴ്‌സിറ്റി)

കിഴക്കന്‍ ഏറനാട്ടിലെ വണ്ടൂരില്‍ ജീവിച്ചിരുന്ന (1879-1976) മാപ്പിള കവി പുലിക്കോട്ടില്‍ ഹൈദറിന്റെ രചനകള്‍ മാപ്പിള സാഹിത്യത്തിന്റെ പൊതു സ്വഭാവത്തെ പുനര്‍നിര്‍ണ്ണയിക്കുന്നവയായിരുന്നു. മതത്തിന്റെ പരിവേഷത്തില്‍ നിന്നും  ഭാവനാത്മക പ്രണയത്തില്‍ നിന്നും മാറി ഏറനാട്ടിലെ സാധാരണക്കാരനായ മാപ്പിളയുടെ ജീവിതാസക്തിയും സാഹസികതയും സാമൂഹ്യ ജീവിതവും രാഷ്ട്രീയ ബോധവും വരെ മാപ്പിളപ്പാട്ടിനു വിഷയമാകുന്നത് പുലിക്കോട്ടില്‍ ഹൈദറിന്റെ രചനകളിലൂടെയാണ്. വിവിധ വിഷയങ്ങളിലായി രണ്ടായിരത്തോളം പാട്ടുകള്‍ ഹൈദര്‍ രചിച്ചിട്ടുള്ളതായി കരുതുന്നു. മാപ്പിളപ്പാട്ടുകളില്‍ ഉപയോഗിച്ചു പോന്നിരുന്ന സങ്കര ഭാഷക്കു പകരം തദ്ദേശീയ പദങ്ങള്‍ക്കു പ്രാമുഖ്യം നല്‍കിയ ഹൈദറിന്റെ പാട്ടുകള്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ സ്വാധീനം നേടുകയുണ്ടായി. തന്റെ പാട്ടുകളുടെ സ്വീകാര്യത തിരിച്ചറിഞ്ഞ കവി സാമൂഹിക പരിഷ്‌കരണ ശ്രമങ്ങള്‍ക്കു വേണ്ടിയും നിരവധി രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. മാപ്പിള കവി എന്നതിനോടൊപ്പം ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ പുന്നപ്പാല അംശാധികാരിയുടെ മകന്‍, സാമൂഹ്യ പ്രശ്‌നങ്ങളില്‍ തീര്‍പ്പു പറയുന്ന മധ്യസ്ഥന്‍, കോടതിയില്‍ കേസു നടത്തിയിരുന്ന പരിചയം, എന്നിവ പുലിക്കോട്ടില്‍ ഹൈദറിന്റെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നവയാണ്.
1921ലെ ഖിലാഫത്ത് സമരത്തിനുശേഷം ദേശീയ പ്രസ്ഥാനത്തിനോടും സ്വാതന്ത്ര്യത്തോടുമുള്ള ഏറനാട്ടിലെ മാപ്പിളമാരുടെ രാഷ്ട്രീയ നിലപാടുകളിലേക്ക് വെളിച്ചം പകരാന്‍ ഉതകുന്ന ഹൈദറിന്റെ 'ഇന്ത്യയെന്ന പതിക്ക്', 'മുഹമ്മദ് അബ്ദുറഹ്മാന്‍', 'നാം ഇന്ത്യന്‍ പൗരന്‍മാര്‍' എന്നീ പാട്ടുകളെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ് ഈ പ്രബന്ധം ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് അധിനിവേശ കാലം മുതല്‍ മലബാറിലെ മുസ്‌ലിംകള്‍  പുലര്‍ത്തിയിരുന്ന അധിനിവേശ വിരുദ്ധ മനോഭാവം അവരുടെ സാഹിത്യത്തെയും സ്വാധീനിച്ചിരുന്നു.അധിനിവേശ വിരുദ്ധ സാഹിത്യം പ്രത്യക്ഷ സമരങ്ങള്‍ക്ക്  പ്രേരകമായി വര്‍ത്തിച്ചിരുന്ന നിരവധി സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.  പടപ്പാട്ടുകള്‍ മാപ്പിളമാരുടെ പോരാട്ട വീര്യത്തെ പ്രചോദിപ്പിക്കുമെന്ന ഭീതിയില്‍ നിന്നുമാണ് പാട്ടുകള്‍ പാടിപ്പറയുന്നതു പോലും നിരോധിക്കപ്പെട്ടിരുന്നത്.
 അധിനിവേശത്തിനെതിരെയുള്ള മാപ്പിളമാരുടെ മനോഭാവം തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടും ഖിലാഫത്ത് പ്രസ്ഥാനത്തോടും സഹകരിക്കുന്നതിനും സമരമുഖത്തേക്ക് എടുത്തു ചാടുന്നതിനും  മാപ്പിളമാരെ പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ 1921ലെ കലാപത്തിന്റെ ദുരന്ത പരിണിതിയും കലാപാനാന്തരമുള്ള അടിച്ചമര്‍ത്തലിന്റെ കാലഘട്ടത്തില്‍ ഗാന്ധിജി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ സ്വീകരിച്ച നിലപാടുകളും ഏറനാട്ടിലെ മാപ്പിള സമൂഹത്തില്‍ കോണ്‍ഗ്രസിനോടും സ്വാതന്ത്ര്യ പ്രസ്ഥാനത്തോടും കടുത്ത അതൃപ്തിയും അവിശ്വാസവുമുളവാക്കുന്നതിനു കാരണമായി കാണാവുന്നതാണ്. മാപ്പിളമാരുടെ വലിയ ഒരു വിഭാഗത്തിലുണ്ടായ ഈ അവിശ്വാസവും അതൃപ്തിയും അവരുടെ സാഹിത്യത്തിലും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിലപാടുകളില്‍ വ്യത്യസ്തമായ ചില ഉള്‍പിരിവുകള്‍ ഉണ്ടാക്കുന്നതായി കാണാന്‍ കഴിയും. പുലിക്കോട്ടില്‍ ഹൈദറിന്റെ 'ഇന്ത്യയെന്ന പതിക്ക്' എന്ന രചനയെ ഈ തലത്തില്‍ സമീപിക്കേണ്ടതുണ്ട്.

മലബാര്‍യെണ്ടെ ദിക്കില്‍ കലഹം കൊണ്ടെ - നാശം
പണ്ടൊണ്ടണഞ്ഞ സുവാദ് മറന്നോ- 

 എന്ന വരികളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആഹ്വാനമുള്‍ക്കൊണ്ട് സ്വാതന്ത്ര്യ സമരത്തിലേക്ക് ചെന്നു ചാടിയതിന്റെ പേരില്‍ മലബാറിലെ ജനങ്ങള്‍ അനുഭവിച്ച സമാനതകളില്ലാത്ത ദുരന്തത്തിന്റെ  ഓര്‍മ്മകള്‍ കാണാം.
 ശ്രീ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് നിരീക്ഷിക്കുന്നത് പോലെ സാധാരണ മനുഷ്യന്റെ യുക്തിബോധത്തില്‍ നിന്നാണ് ഹൈദര്‍ തന്റെ കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകള്‍ വ്യക്തമാക്കുന്നത്. അത് ക്രമേണ സ്വയം ഭരണമെന്ന ആശയത്തോടു തന്നെയുള്ള അവിശ്വാസമായി മാറുന്നുമുണ്ട്.

കെട്ടിമറിഞ്ഞു വിദേശീയ സാമാനങ്ങളുപേക്ഷിച്ചാല്‍
കിട്ടണ കോപ്പെന്താണതു കണ്ടിട്ടാവുമോ-

എന്നതിലൂടെ വിദേശസാധനങ്ങള്‍ ചുട്ടെരിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഗാന്ധിയന്‍ സമരരീതിയുടെ മറുപുറം അന്വേഷിക്കയാണ് ചെയ്യുന്നത്. ബദല്‍ തേടുന്നതിലെ ഈ നിരാശാബോധം സ്വാതന്ത്ര്യാനന്തരം ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കവിയെ വ്യാകുലപ്പെടുത്തുന്നുണ്ട്. ജാതിയുടെ പേരില്‍ തമ്മിലടിക്കുന്ന ജനതക്ക് സ്വയംഭരണം ലഭിച്ചാല്‍ കിട്ടുന്ന പൊല്ലാപ്പ് നര്‍മ്മത്തിന്റെ മേമ്പൊടിയായി അവതരിപ്പിക്കുന്നത് കാണാം.

പട്ടര് ചെട്ടി നായര് നമ്പൂരിക്കീയൂരുഭരിക്കാന്‍
കിട്ടിയാല്‍ കഷ്ടപ്പാടൊരു കാലം തീരുമോ
പക്ഷവും ഭാഗമറിഞ്ഞു തിരിഞ്ഞും ലോകം അടങ്കേലും
വെച്ചറസാക്കിടും കൂട്ടരുതമ്മില്‍ ചേരുമോ-

എന്ന ചോദ്യം ശ്രദ്ധേയമാണ്.കോണ്‍ഗ്രസ് പുലര്‍ത്തുന്ന സവര്‍ണ മനോഭാവത്തെ സംശയത്തോടെ കാണുന്ന വരികളാണ്. കോമന്‍ നായരു പറഞ്ഞിട്ടേ രാമന്‍ മേനവനിറങ്ങട്ടേ  മാപ്പിളമാരിനി യാതൊരു തീയ്യരെ ഷാപ്പതു പോയി മുടക്കണ്ടാ-എന്നു പറയുന്നിടത്തും സവര്‍ണരുടെ ദേശീയ പ്രസ്ഥാനത്തോട് മാപ്പിളമാര്‍ പുലര്‍ത്തേണ്ട നിലപാട് വ്യക്തമാക്കുകയാണ്. ബ്രിട്ടീഷ് ഭരണം ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ മുന്‍ നിറുത്തി ആലോചിക്കുമ്പോള്‍

പതിയെങ്കും ഇസ്‌കൂള്‍ ധര്‍മ്മവും ആസ്പത്രി പല റോഡുമോടും
പാലം റയില്‍വേ സത്രം സതമേത് വീതിയിലേര്‍പ്പെടുത്തി
അത്രയും സാധുക്കളില്‍ ദയ ചെയ്തിടും മഹരാജന്‍
മതം വേണ്ട വേദമതാരെയും ഇഷ്ടമെടുക്കാം
മനവാതിലും തുറന്നു വെച്ചു കിടക്കാം
ചതി ചെയ്തിടാ മരിയാദപോലെ നടക്കാം
സ്വാതന്ത്യം നല്‍കുന്നു മഹരാജന്‍
അതുകൊണ്ട് വേണ്ട ജനങ്ങളേ സ്വയരാജ്യം

ബ്രിട്ടീഷ് ഭരണം നല്‍കുന്ന ജീവിത സൗകര്യങ്ങള്‍, മതസ്വാതന്ത്ര്യം, സുരക്ഷിതത്വം എന്നിവ എടുത്ത് പറഞ്ഞ് ഇന്ത്യക്ക് സ്വയംഭരണം വേണ്ട എന്ന തന്റെ നിലപാടിനെ സാധാരണക്കാരന്റെ യുക്തിയില്‍ പറഞ്ഞു വക്കുന്നത് കാണാം. കാര്യങ്ങളെ വളച്ചുകെട്ടില്ലാതെ പറയുന്ന ഹൈദറിന്റെ ശൈലിയും കാണാം.

ഇന്തിയയെന്ന പതിക്ക് സ്വയംഭരണം
കിട്ടാനാശിച്ചെന്തിനെടോ തകരാറിന് പോണിക്കാലത്ത്
എത്തരയും മരിയാദയിലെന്നെന്നും ഈ നാടു ഭരിക്കാ-
നിത്തര നല്ലൊരു മന്നവനുണ്ടോ ലോകത്ത് 

എന്നു പറഞ്ഞാണ് പാട്ട് തുടങ്ങുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിലും സമരമുറകളിലും അതിന്റെ ആശയസ്രഷ്ടാവായ ഗാന്ധിയിലും അവിശ്വാസം പ്രകടമാക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്.

തന്തറമാണതു ഗാന്ധി പറഞ്ഞൊരു മന്തിരം കേട്ടു നടക്കണ്ട
തപ്പിലവേ കടലപ്പത് കോരിയും ഉപ്പു കുറുക്കി യെടുക്കണ്ടാ
അന്തവിധം ഖദര്‍ വസ്ത്രവും ബഹു തൊന്തരവാണതുടുക്കണ്ടാ
അങ്ങിനെ മദ്ദിയഷാപ്പുകള്‍ പിക്കറ്റിങ്ങിത് ചെയ്ത് മുടക്കല്ലാ-

എന്നിങ്ങനെ കോണ്‍ഗ്രസിന്റെ സ്വയംഭരണ ശ്രമത്തെയും അതിലേക്കുള്ള സമര മാര്‍ഗങ്ങളേയും അവിശ്വസിക്കുന്ന നിലപാടാണ് 'ഇന്ത്യ എന്ന പതിക്ക്' എന്ന ബ്രിട്ടീഷ് അനുകൂല രാഷ്ട്രീയ ഗാനത്തിലുള്ളത്.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ വ്യക്തിത്വം മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ രാഷ്ട്രീയത്തെ ശക്തിയായി എതിര്‍ത്തിരുന്നവര്‍ പോലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ആകൃഷ്ടരായിരുന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ സാന്നിദ്ധ്യം ഖിലാഫത്ത് കലാപാനന്തരകാലത്തെ ഒരിടവേളക്കു ശേഷം വീണ്ടും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളോട് അനുഭാവ പൂര്‍ണ്ണമായ നിലപാട് മുസ്‌ലിംകളില്‍ ഉണ്ടാക്കിയിരുന്നതായി കാണാം.പുലിക്കോട്ടില്‍ ഹൈദര്‍ 1935ല്‍ അബ്ദുറഹ്മാന്‍ സാഹിബിനു വേണ്ടി എഴുതിയ തെരഞ്ഞെടുപ്പ് ഗാനം

ബി എ ഓണേഴ്‌സ് പരീക്ഷാ വിദ്യാ കോളേജില്‍ വാഴ്ചാ
അയ്യോര്‍ സ്ഥാനം ലഭിച്ചാല്‍ അനുഫം ഉണ്ടാകും തീര്‍ച്ചാ -

എന്ന അബ്ദുറഹ്മാന്‍ സാഹിബിന്റെ വ്യക്തിത്വത്തിനോടുള്ള ആദരകാഴ്ചപ്പാട് അദ്ദേഹത്തിന്റെ അകാലചരമത്തെ തുടര്‍ന്ന് എഴുതിയ പാട്ടിലും കാണാവുന്നതാണ്.

സ്വാതന്ത്ര്യ സമരത്തിനായ് പോരാടിയ ശ്രീമാന്‍
സര്‍വ്വത്ര ശൂരനാം മുഹമ്മദബ്ദുറഹ്മാന്‍ 
ഉപ്പു സത്യാഗ്രഹത്തിലന്നു ചെയ്ത ധീരത
എത്ര ഗംഭീര രീതിയിലാണന്ന് ഭാരത
സന്താനങ്ങളോര്‍ത്ത് സ്തുതി ചെയ്യുന്ന ശ്രീമാന്‍ -

എന്ന് അബ്ദുറഹിമാന്‍ സാഹിബിനെ അംഗീകരിക്കുമ്പോള്‍
തപ്പിലത് കടലപ്പതു കോരിയുമുപ്പു കുറുക്കിയെടുക്കണ്ടാ എന്ന് ഇന്ത്യ എന്ന പതിക്ക് എന്ന കാവ്യത്തില്‍ ഉപ്പു സത്യാഗ്രഹത്തെ പരിഹസിച്ചതില്‍ നിന്നും ദേശീയ പ്രസ്ഥാനത്തോടുള്ള നിലപാടുകളിലെ മാറ്റം കൂടി വ്യക്തമാക്കപ്പടുന്നുണ്ട്. മുസ്‌ലിം തടവുകാര്‍ക്ക് നമസ്‌കാര നേരത്തെ മുന്തിച്ച് ജയിലില്‍ സ്ഥാപനം ചെയ്യിച്ച ഗുണത്തെ സ്മരിക്കുന്നതിലൂടെ കോണ്‍ഗ്രസിനും മലബാറിലെ മുസ്‌ലിം സമൂഹത്തിനുമിടയില്‍ ഉണ്ടായി വന്നിരുന്ന സൗഹൃദത്തിലേക്ക് സൂചന ലഭിക്കുന്നുണ്ട്.
  മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ചരമം ഉണ്ടാക്കിയ ശൂന്യത  മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ കോണ്‍ഗ്രസിനോട് ഉണ്ടായിതുടങ്ങിയിരുന്ന അനുഭാവം ഇല്ലാതെയാക്കി.അബ്ദുറഹ്മാന്‍ സാഹിബിനു പകരം വക്കാവുന്ന മുസ്‌ലിം നേതാക്കന്‍മാര്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നുമില്ല. അതേ സമയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ സാമുദായിക ധ്രുവീകരണം ഉണ്ടാവുകയും ചെയ്തു. മുഹമ്മദലി  ജിന്നയുടെ നേതൃത്വത്തില്‍  മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിനു ലഭിച്ച വലിയ സ്വീകാര്യത ഇക്കാലത്തെ മറ്റൊരു യാഥാര്‍ഥ്യമാണ്. കോണ്‍ഗ്രസുമായുള്ള അകല്‍ച്ച പുലിക്കോട്ടില്‍ ഹൈദറിനെയും മുസ്‌ലിം ലീഗ് പാളയത്തിലെത്തിച്ചു. പിന്നീട് മരണം വരെയും മുസ്‌ലിം ലീഗുകാരനായിരുന്നു ഹൈദര്‍. ഇന്ത്യാ വിഭജന കാലത്തും തുടര്‍ന്നുളള പത്തു പന്ത്രണ്ട്‌കൊല്ലക്കാലവും പുലിക്കോട്ടില്‍ ഹൈദറിന്റെ പാട്ടുകളില്ലാതെ പ്രമുഖ മുസ്‌ലിം ലീഗ് യോഗങ്ങളൊന്നും മലബാറില്‍ ചേര്‍ന്നിരുന്നില്ല.മുസ്‌ലിം ലീഗിന്റെ ആശയങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ എത്തിക്കുന്നതില്‍ പുലിക്കോട്ടില്‍ ഹൈദറിന്റെ രാഷ്ട്രീയ ഗാനങ്ങള്‍ക്ക് വലിയപങ്കുണ്ട്. ഞാന്‍ രണ്ടു മണിക്കൂര്‍ കൊണ്ട് സാധിക്കുന്നത് ഹൈദര്‍ രണ്ട് വരികൊണ്ട് സാധിക്കുന്നു എന്ന് മുസ്‌ലിം ലീഗ് നേതാവായ സീതി സാഹിബ് ഒരിക്കല്‍ പറയുകയുണ്ടായി.
 സ്വാതന്ത്ര്യാനന്തരം വിഭജനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മുസ്‌ലിംലീഗില്‍ കെട്ടിവക്കാനാണ് ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളും മാധ്യമങ്ങളും ശ്രമിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ വിശേഷിച്ചും മലബാറില്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യവര്‍ഷങ്ങള്‍ മുസ്‌ലിംലീഗിനെ സംബന്ധിച്ച് പരീക്ഷണ കാലമായിരുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ മുസ്‌ലിം നേതാക്കള്‍ പാകിസ്ഥാനിലേക്കു പോയതിനാല്‍ തങ്ങളുടെ കാര്യം പറയാന്‍ ഒരു നാഥനില്ലാത്ത അവസ്ഥ സംജാതമായി. മുസ്‌ലിംകള്‍ പാകിസ്ഥാനില്‍ പോകണമെന്ന് മുറവിളി ഉയര്‍ന്നു. ഇവ മലബാറിലെ മുസ്‌ലിംകളില്‍ ഭീതിയും അപകര്‍ഷതാബോധവും ജനിപ്പിച്ചു. ലീഗിനോടുള്ള വിരോധം പലപ്പോഴും മുസ്‌ലിംകളോട് ആകമാനമുള്ള അസംത്യപ്തിയായി തീരുന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മുസ്‌ലിം ലീഗിന്റെ നിലപാടുകള്‍ സുവ്യക്തമാക്കുന്ന രാഷ്ട്രീയ ഗാനങ്ങള്‍ പുലിക്കോട്ടില്‍ ഹൈദര്‍ രചിച്ചു. വിഭജന കാലത്ത് ഇന്ത്യന്‍ മണ്ണില്‍ ഉറച്ചു നില്‍ക്കാനും അപ്പോഴും മുസ്‌ലിംലീഗുകാരനായി ജീവിക്കാനും ആഹ്വാനം ചെയ്തു കൊണ്ട് രചിക്കപ്പെട്ടതാണ് നാം ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന ഗാനം. മുസ്‌ലിംലീഗിനെ സംബന്ധിച്ച സംശയങ്ങള്‍ക്കും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കുള്ള അസന്ദിഗ്ധമായ മറുപടിയാണ് ഈ ഗാനത്തിലുള്ളത്.

പാകിസ്ഥാനില്‍ പോകൂലാ പാകിസ്ഥാനികളാകൂലാ
പാകിസ്ഥാനിലയക്കണ നിങ്ങളെ അപ്പരിപ്പിനി വേകൂലാ

എന്ന് ആ ഗാനം പ്രഖ്യാപിക്കുന്നു. കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ പറയുന്ന പുലിക്കോട്ടില്‍ ശൈലി ഇവിടെയും കാണാം. ഇന്ത്യയിലെ മുസ്‌ലിംകളുടെ ചോറിവിടെയും കൂറ് അവിടെയും എന്ന ആക്ഷേപത്തിന് ഹൈദര്‍ നല്‍കുന്ന മറുപടി:

കൂറുണ്ട് കുറെ അങ്ങോട്ട്, കൂറുണ്ടാകണം ഇങ്ങോട്ടും
കാട്ട്ണ കൂറിനു ചോറില്ലെങ്കില്‍ പിന്നെങ്ങിനെ ഞങ്ങള്‍ വാലാട്ടും

എന്നാണ്. 
മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തെ വര്‍ഗീയവാദമായി ചിത്രീകരിക്കുന്ന പ്രവണതയോട് ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഹൈദര്‍ മറുപടി പറയുന്നുണ്ട്.

വര്‍ഗീയ വാദികളും അല്ലാ
വര്‍ഗീയ വാദം പാടില്ലാ
വര്‍ഗീയം വാദിക്കാനുള്ള ലക്ഷ്യം
ഞങ്ങള മാര്‍ഗത്തിലില്ലാ

ഈ വരികളില്‍ രാഷ്ട്രീയവര്‍ഗീയതയോടുള്ള മുസ്‌ലിമിന്റെ നിലപാട് വ്യക്തമാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ കുത്തക അവകാശപ്പെട്ടിരുന്നവര്‍ക്കെതിരെ

ഏതൊരു ദുര്‍ഭരണപാര്‍ട്ടി
എതിരിടുമ്പോള്‍ അതിനെ തട്ടി
ഇന്ത്യയിലെ പൗരന്മാരായി ജീവിക്കണം നമ്മള്‍ക്കിന്നാട്ടില്‍ 

എന്നു പറഞ്ഞ് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഇടം നിര്‍ണ്ണയിക്കുന്നത് കാണാം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തമായ നിലപാട് പുലര്‍ത്തുന്നുണ്ട്.

സംശയമില്ലാ ഒരു ലേശം
ശാശ്വതമായി കൈവശം
സ്ഥാപിച്ചിട്ടുള്ളിന്ത്യന്‍ മണ്ണില് ഞങ്ങള്‍ക്കും ഉണ്ടവകാശം.

എന്ന ദര്‍ശനത്തെ മാപ്പിള സാഹിത്യത്തിലെ സ്വാതന്ത്ര്യ സങ്കല്‍പത്തിന്റെ ആകത്തുകയായി കണക്കാക്കാം.

Reference

കെകെ മുഹമ്മദ് അബ്ദുള്‍ കരീം, സി.എന്‍ അഹമ്മദ് മൗലവി : മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം (ആസാദ് ബുക് സ്റ്റാള്‍ കോഴിക്കോട്, 1978)
ബാലകൃഷ്ണന്‍ വള്ളിക്കുന്ന്: മാപ്പിള സാഹിത്യ പഠനങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് തിരുവനന്തപുരം 2011,
ബി എം കുട്ടി: 60 ഇയേഴ്‌സ് ഇന്‍ സെല്‍ഫ് എക്‌സൈല്‍ നോ റിഗ്രട്‌സ്, കറാച്ചി യൂണിവേ ഴ്‌സിറ്റി 2012,
എം എന്‍ കാരശ്ശേരി: പുലിക്കോട്ടില്‍ കൃതികള്‍ കേരള സാഹിത്യ അക്കാദമി തൃശൂര്‍ 2007,
എം പി എസ് മേനോന്‍: മലബാര്‍ കലാപം എം പി നാരായണ മേനോനും സഹപ്രവര്‍ത്തകരും. ഐ പി എച്ച് കോഴിക്കോട്,
മുഹമ്മദ് കുഞ്ഞി പികെ: മുസ്‌ലിംകളും കേരള സംസ്‌കാരവും കേരള സാഹിത്യ അക്കാദമി തൃശൂര്‍ 2012,
സെയ്ത് മുഹമ്മദ് പി എ: കേരള മുസ്‌ലിം ചരിത്രം അല്‍ഹുദാ ബുക്‌സ് കോഴിക്കോട് 1988,
മുഹമ്മദ് ടി: മാപ്പിള സമൂഹം ചരിത്രം സംസ്‌കാരം ഐ പി എച്ച് കോഴിക്കോട് 2013,
പുലിക്കോട്ടില്‍ ഹൈദര്‍ ജന്മ ശതാബ്ദി പതിപ്പ് വണ്ടൂര്‍ 1976,

author image
AUTHOR: അബിന്‍ഷാ എം യു
   (റിസര്‍ച്ച് സ്‌കോളര്‍, അലീഗഡ് യൂണിവേഴ്‌സിറ്റി)