ആലി മുസ്‌ലിയാര്‍ വിപ്ലവകാരിയായ മതപണ്ഡിതന്‍

ഡോ. കെ.ടി ജലീല്‍  

കിഴക്കന്‍ ഏറനാട്ടിലെ നെല്ലിക്കുത്തില്‍ ഏറിക്കുന്നം പാലത്തുമൂലയില്‍ കുഞ്ഞിമൊയ്തീന്‍ സാഹിബിന്റെയും മുടിക്കോട് ഖാസി(ന്യായാധിപന്‍) യായിരുന്ന ഒറ്റക്കാട്ടു മമ്മദു മുസ്‌ലിയാരുടെ മകള്‍ ആമിനയുടെയും മകനായി(1853-54)ല്‍ ആലിമുസ്‌ലിയാര്‍ ജനിച്ചു. കുലീനരും ഉറച്ച മതവിശ്വാസികളുമായിരുന്ന ഈ കുടുംബം പരമ്പരാഗതമായി ബ്രിട്ടീഷുകാരുമായി ശത്രുതയിലായിരുന്നു. ആലി മുസ്‌ലിയാരുടെ കുടുംബത്തില്‍പെടുന്ന പയ്യനാട്ടു ഗുരുക്കള്‍, മഞ്ചേരി ഹസ്സന്‍(അത്തന്‍)കുരിക്കള്‍, ഇളംപുരളിശ്ശേരി ഉണ്ണിമൂപ്പന്‍ മുതലായവര്‍ ബ്രിട്ടീഷുകാരോട് നേര്‍ക്കുനേരെ പടവെട്ടിയവരായിരുന്നു.
ആലിമുസ്‌ലിയാരുടെ മാതാവ് ആമിന പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരായിരുന്നു. ഖാസിയെന്ന നിലയില്‍ മമ്മദുകുട്ടി മുസ്‌ലിയാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രശസ്തനായിരുന്നു. ആലി മുസ്‌ലിയാരുടെ മാതാവിന്റെ കുടുംബക്കാര്‍ അറിയപ്പെടുന്ന ഇസ്‌ലാംമത പണ്ഡിതന്‍മാരും കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഖാസിമാരായി സേവനം അനുഷ്ഠിച്ചവരുമായിരുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ആലി മുസ്‌ലിയാര്‍ ധീരനും സത്യസന്ധനും ബുദ്ധിമാനുമായിരുന്നു. വെള്ളങ്ങാട്ടെ കുഞ്ഞിക്കമ്മു മുല്ലയായിരുന്നു അദ്ദേഹത്തിന്റെ ഖുര്‍ആന്‍ അറബി വ്യാകരണവും ഇസ്‌ലാമിലെ സദാചാര നിയമങ്ങളും പഠിപ്പിച്ചത്. മലയാളം അക്ഷരമാലകളും ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ഹൃദിസ്ഥമാക്കി. കിതാബുകള്‍(മതഗ്രന്ഥങ്ങള്‍), സര്‍ഫ്, നഹ്‌വ്,(അറബി വ്യാകരണ ഗ്രന്ഥങ്ങള്‍) എന്നിവയില്‍ പ്രാവീണ്യം നേടിയ ശേഷം അദ്ദേഹം പിതാവിന്റെയും മാതാവിന്റെയും നിര്‍ദ്ദേശാനുസരണം മതപഠനത്തിനായി പൊന്നാനിക്കുപോയി. പിതാവിന്റെ കുടുംബത്തില്‍ നിന്ന് പകര്‍ന്ന് കിട്ടിയ പോരാട്ടവീര്യവും മാതാവിന്റെ കുടുംബത്തില്‍ നിന്ന് ലഭിച്ച മതവിജ്ഞാനവും ആലി മുസ്‌ലിയാരെ അനിതരസാധാരണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാക്കിത്തീര്‍ത്തതില്‍ അത്ഭുതമില്ല.
മതപഠനകേന്ദ്രമെന്ന നിലയില്‍ പൊന്നാനി അക്കാലത്ത് ‘ചെറിയ മക്ക’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, മലായ, ഇന്തോനേഷ്യ, ജാവ, ലക്ഷദ്വീപ് തുടങ്ങിയ നാടുകളില്‍ നിന്നുള്ളവരും പഠനത്തിനായി അവിടെ എത്താറുണ്ടായിരുന്നു. മുസ്‌ലിയാര്‍ പൊന്നാനിയില്‍ തഫ്‌സീര്‍ (ഖുര്‍ആന്‍ വ്യാഖ്യാനം), ഹദീസ് (പ്രവാചക ചര്യ), ഫിഖ്ഹ്, തസവ്വുഫ്, ഇല്‍മുല്‍ കലാം, ഇല്‍മുല്‍ മീക്കത്ത്, ഇല്‍മുല്‍ ഹഖാഇഖ്, ഇല്‍മുല്‍ നഹസ്, ഇല്‍മുല്‍ മആനി എന്നിവയില്‍ പ്രാവീണ്യം നേടി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ആറാം തലമുറക്കാരും, ഫത്ത്-ഹുല്‍ മുഈന്റെ രചയിതാവുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മുസ്‌ലിയാരാണ് ആലിമുസ്‌ലിയാരെ പഠിപ്പിച്ചിരുന്നത്. നിരവധി പണ്ഡിതന്മാരുമായും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടവരുമായും ധാരാളം പുസ്തകങ്ങളുമായും ഇടപഴകുന്നതിന് മുസ്‌ലിയാര്‍ക്ക് ഇക്കാലത്ത് അവസരമുണ്ടായി. വിദ്യാഭ്യാസത്തിന് പൊന്നാനിയിലെത്തിയ മുസ്‌ലിയാര്‍ക്ക് പൂര്‍ണ്ണമായതോതില്‍ അതിന് കഴിഞ്ഞുവെന്ന് പറയാം . അവിടെ അദ്ദേഹം ഒരു ദശാബ്ദക്കാലം ചെലവഴിച്ചു. ഏഴുന്നൂറു ഹദീസും സനദും മനഃപാഠമാക്കിയതിന് സഹപാഠികളാലും അധ്യാപകരാലും അദ്ദേഹം അഭിനന്ദിക്കപ്പെട്ടത് പ്രത്യേകം ശ്രദ്ധേയമാണ്.

അനന്തരം ആലി മുസ്‌ലിയാര്‍ കപ്പല്‍ മാര്‍ഗം മക്കയിലേക്ക് പോയി. അവിടെ വച്ച് ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഇസ്‌ലാമിക ചരിത്രം എന്നിവയില്‍ അവഗാഹം നേടി. മക്കയില്‍ ഏഴുവര്‍ഷം ചെലവഴിച്ച് വിവിധ ഇസ്‌ലാമിക കലകളും ശാസ്ത്രങ്ങളും ആലിമുസ്‌ലിയാര്‍ സ്വായത്തമാക്കി. ഹറമില്‍ (വിശുദ്ധ കഅബ നില്‍ക്കുന്ന സ്ഥലം) വച്ച് ഖുര്‍ആന്‍ മനഃപ്പാഠമാക്കി.
കുടുംബപരമായും തൊഴില്‍ പരമായും മമ്പുറം തങ്ങന്‍മാരുടെ പാരമ്പര്യവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുസ്‌ലിയാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം വഹിച്ചത് തികച്ചും സ്വാഭാവികമായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളായ രണ്ടുപേര്‍ 1894-ലെ പോരാട്ടത്തില്‍ മരിച്ചിരുന്നു. മക്കയിലേക്കുപോകുന്നതിനു മുമ്പ് അദ്ദേഹം രണ്ടു ദശാബ്ദക്കാലത്തോളം മമ്പുറം പള്ളിയില്‍ പഠിപ്പിക്കുകയുണ്ടായി. കലാപവേളയില്‍ മുസ്‌ലിയാര്‍ തിരൂരങ്ങാടിയിലെ വലിയ പള്ളിയില്‍ മതാധ്യാപകനായി പ്രവര്‍ത്തിക്കുകയായിരുന്നു.

മലബാറിലെ മുസ്‌ലിംകള്‍ മിക്കപ്പോഴും ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടലിന്റെ പാതയാണ് സ്വീകരിച്ചത്. 1894-ല്‍ മണ്ണാര്‍ക്കാട്ടുവച്ചു നടന്ന ഏറ്റുമുട്ടലില്‍ ആലിമുസ്‌ലിയാരുടെ മൂത്ത സഹോദരന്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു. തന്റെ ജ്യോഷ്ഠന്റെ മരണത്തെക്കുറിച്ചും ആ വര്‍ഷം നടന്ന മാപ്പിള ലഹളയില്‍ മരിച്ച മറ്റു ബന്ധുക്കളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. ബ്രിട്ടീഷുകാരെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ലെന്ന് തീരുമാനിച്ച മുസ്‌ലിയാര്‍, തന്റെ ഇളയ സഹോദരനായ മുഹമ്മദ് കുട്ടി മുസ്‌ലിയാരെ വിളിച്ചുവരുത്തി തന്റെ ചുമതലകളേല്‍പ്പിച്ച് മലബാറിലേക്ക് മടങ്ങി. 1896-ല്‍ മഞ്ചേരിയിലെ കര്‍ഷകസമരത്തില്‍ മുസ്‌ലിയാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്ന ധാരാളം പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി മറ്റു ബന്ധുക്കള്‍ കലാപത്തില്‍ പങ്കെടുത്തിന്റെ പേരില്‍ തടവിലാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്. കഴിവുറ്റ മതാധ്യാപകന്‍ എന്ന നിലയിലും മതപ്രഭാഷകനെന്ന നിലയിലും പ്രശസ്തനായിത്തീര്‍ന്ന മുസ്‌ലിയാര്‍ സഹോദര സമുദായങ്ങളുടെ പോലും ആദരവ് പിടിച്ചുപറ്റിയിരുന്നു. അദ്ദേഹം പകര്‍ന്നു നല്‍കിയ ആശയങ്ങള്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം ആളിക്കത്തിച്ചു. 1907ലാണ് ആലിമുസ്‌ലിയാര്‍ തിരുരങ്ങാടി വലിയ ജുമുഅത്തുപള്ളിയില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനും ധാര്‍മികാധ്യാപനം നടത്താനുമായി ചുമതലയേറ്റത്.

തുര്‍ക്കിയിലും മറ്റു മുസ്‌ലിം രാജ്യങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിവന്ന കടന്നാക്രമങ്ങളില്‍ മുസ്‌ലിയാര്‍ അസ്വസ്ഥനായിരുന്നു. നാട്ടില്‍ തന്റെ ആളുകളെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തുകൊണ്ടിരുന്ന ബ്രിട്ടീഷുകാരോടുള്ള പക അദ്ദേഹത്തില്‍ പുകഞ്ഞുകൊണ്ടിരുന്നു. ക്രമേണ അദ്ദേഹം ഖിലാഫത്തിലേക്കും കോണ്‍ഗ്രസിലേക്കും ആകര്‍ഷിക്കപ്പെട്ടു. ഏറനാട്, വള്ളുവനാട് ദേശങ്ങള്‍ ഖിലാഫത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ ആലി മുസ്‌ലിയാര്‍ നിര്‍ണ്ണായകമായ ഒരു പങ്കുവഹിച്ചു. 1920 അവസാനത്തോടെ അദ്ദേഹം തിരൂരങ്ങാടിയില്‍ ഖിലാഫത്തു കമ്മിറ്റിക്ക് രൂപം നല്‍കി. പൊടിയാട്ട്, തിരൂരങ്ങാടി, പൊന്നാനി, താനൂര്‍ എന്നിവിടങ്ങളിലെ ഖിലാഫത്തു കമ്മിറ്റികള്‍ ഏകോപിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. ആലിമുസ്‌ലിയാരുടെയും കെ.എം. മൗലവി സാഹിബിന്റെയും കഴിവുറ്റ നേതൃത്വത്തിന്‍ കീഴില്‍ തിരൂരങ്ങാടിയിലും താനൂരിലും നിസ്സഹകരണ പ്രസ്ഥാനം പരിപൂര്‍ണ്ണ വിജയമായിരുന്നു. ആലി മുസ്‌ലിയാരുടെ നേതൃത്വത്തിലുണ്ടായ ഈ വിജയത്തെ തുടര്‍ന്ന് മലപ്പുറം കുഞ്ഞി തങ്ങള്‍ ഖിലാഫത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. വാരിയംകുന്നത്തു കുഞ്ഞഹമ്മദു ഹാജി, ചെമ്പ്രശ്ശേരി കുഞ്ഞി സീതി തങ്ങള്‍, കാരാടന്‍ മൊയ്തീന്‍ കുട്ടി ഹാജി എന്നിവര്‍ മുസ്‌ലിയാരുടെ നേതൃപാടവത്തില്‍ ആവേശംകൊണ്ട് അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നു.

മലബാറില്‍ ഖിലാഫത്തിനും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനും മുന്നേറ്റമുണ്ടായത് 1921-ലാണ് അന്ന് ആലി മുസ്‌ലിയാര്‍ക്ക് പ്രായം അറുപത്തിയഞ്ച്. 1921 ഫ്രെബ്രുവരി 26-ാം തിയ്യതി തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകരായിരുന്ന പൊറ്റയില്‍ കുഞ്ഞഹമ്മദ്, പൊറ്റയില്‍ അബൂബക്കര്‍, വി.വി. ഹസ്സന്‍കുട്ടി, കല്ലറക്കല്‍ അഹമ്മദ് എന്നീ നാലുപേര്‍ അറസ്റ്റിലായി. അവരെ ആറുമാസം തടവിനു ശിക്ഷിച്ചു. അതോടെ, തിരൂരങ്ങാടിയില്‍ നിലനിന്നിരുന്ന സമാധാനാന്തരീക്ഷം വഷളായി. 1897 മുതല്‍ 1902 വരെ ആലി മുസ്‌ലിയാര്‍ പൂക്കോട്ടൂരില്‍ നിന്നും രണ്ടുമൈല്‍ അകലെയുള്ള പൊടിയാട്ട് ജുമുഅത്ത് പള്ളിയോടു ചേര്‍ന്നുള്ള മദ്രസയിലെ മതാദ്ധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ പൂക്കോട്ടൂരിലും പരിസരപ്രദേശങ്ങളിലും അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാരുമുണ്ടായിരുന്നു. ആലിമുസ്‌ലിയാരുടെ സാന്നിധ്യം കൊണ്ടും അദ്ദേഹത്തിന്റെ വാഗ്‌ധോരണികൊണ്ടും ആവേശം കൊണ്ട നാട്ടുകാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടുന്നതിന് മുന്നിട്ടിറങ്ങി. 1921 മെയ് അവസാനമോ ജൂണ്‍ ആദ്യമോ ഖിലാഫത്തുകമ്മിറ്റി രൂപീകരിക്കുന്നതിന് വേണ്ടി ആലിമുസ്‌ലിയാര്‍ നെല്ലിക്കുത്തിലെത്തി. പോലീസിന്റെ നിതാന്ത നിരീക്ഷണത്തിലായിരുന്നത്‌കൊണ്ടും തന്റെ കുടുംബ സംബന്ധമായ ചുറ്റുപാടുകള്‍ അനുവദിക്കാതിരുന്നതുകൊണ്ടും വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജി ഖിലാഫത്തു പ്രവര്‍ത്തനങ്ങളില്‍ ആസമയത്ത് നേരിട്ടു പങ്കെടുത്തില്ല.

പരപ്പനങ്ങാടി റയില്‍വേ സ്റ്റേഷനില്‍ നിന്നും തിരൂരങ്ങാടിയിലേക്കുള്ള റോഡിന്റെ ഇരുവശവും ധാരാളം മാപ്പിളമാര്‍ തിങ്ങിപ്പാര്‍ത്തിരുന്നു. അവരുടെ ശ്രദ്ധയില്‍പെടാതെ നൂറുകണക്കിനു പോലീസുകാര്‍ക്കും പട്ടാളക്കാര്‍ക്കും സാധനസാമഗ്രികളുമായി പരപ്പനങ്ങാടിയില്‍ നിന്നും  തിരൂരങ്ങാടിയിലേക്ക് പോകുവാന്‍ കഴിയുമായിരുന്നില്ല. ആഗസ്റ്റ് 20-ാം തിയ്യതി വെളുപ്പിന് കളക്ടറും ധാരാളം പട്ടാളക്കാരും പരപ്പനങ്ങാടിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും, എന്നാല്‍ അവരുടെ ലക്ഷ്യമെന്തെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമുള്ള വാര്‍ത്ത തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും പ്രചരിപ്പിച്ചു. അതിനിടയില്‍ ഖിലാഫത്തു പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ പട്ടാളം നീങ്ങിയിട്ടുണ്ടെന്നും അവര്‍ കീഴടങ്ങാത്ത പക്ഷം പള്ളി തകര്‍ക്കാനുള്ള സാദ്ധ്യതയുണ്ടെന്നുമുള്ള കിംവദന്തിയും ഉണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടവരോട് അനുഭാവം പ്രകടിപ്പിക്കാന്‍ എല്ലാവരും ഒരുമിച്ചുനില്‍ക്കണമെന്ന ശക്തമായ പ്രചാരണവുമുണ്ടായി.

 ഒരു ദിവസം ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഖാദി വസ്ത്രധാരികളായ മുന്നൂറിനും നാന്നൂറിനുമിടയിലുള്ള ഖിലാഫത്തു വോളന്റിയര്‍മാര്‍ മമ്പുറം കിഴക്കേ പള്ളിയില്‍ നിന്നും, ആദ്യ കലാപങ്ങളില്‍ മരിച്ചുവീണവരുടെ ശവകൂടീരങ്ങളിലേക്ക് ഒരു ജാഥ നടത്തി. ജാഥാംഗങ്ങളില്‍ ചിലര്‍ ക്രോസ് ബെല്‍റ്റു ധരിച്ചിരുന്നു. ചിലരുടെ കയ്യില്‍ കത്തികളുമുണ്ടായിരുന്നു. അവര്‍ രക്ത സാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. മുന്‍കാല അനുഭവങ്ങള്‍ വച്ചുനോക്കിയാല്‍ ഇവിടെ പ്രാര്‍ത്ഥന നടത്താറുള്ളത് ഒരു ലഹളക്ക് മുമ്പാണ്. അതുകൊണ്ടുതന്നെ ഖബറിടങ്ങളില്‍ യോഗങ്ങള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് നടത്തിയ പ്രാര്‍ത്ഥന ഖിലാഫത്തു പ്രസ്ഥാനത്തിന്റെ വിജയത്തിന് വേണ്ടിയായിരുന്നു. അല്ലാതെ ഒരു കലാപം നടത്താനുള്ളതിന്റെ മുന്നോടിയായിരുന്നില്ല. എന്നാല്‍ ഇതുസംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് നടത്തിയ വിലയിരുത്തലില്‍ പറഞ്ഞു. നടക്കാന്‍ പോകുന്ന കലാപത്തിന്റെ ആദ്യ ചുവടുവെപ്പ്. ഇതേ തുടര്‍ന്ന് 1921 ആഗസ്റ്റ് 19ാം തിയ്യതി മലബാര്‍ കളക്ടര്‍ തോമസ്, ഡി.എസ്.പി. ഹിച്ച്‌കോക്ക്, എ.എസ്.പി. ആമു എന്നിവരുടെ നേതൃത്വത്തില്‍ അഞ്ഞുറോളം വെള്ളപ്പട്ടാളക്കാര്‍ തിരൂരങ്ങാടിയിലേക്ക് ഇരച്ചുകയറി. അവര്‍ കിഴക്കേപ്പള്ളിയും നിരവധി മുസ്‌ലിം വീടുകളും പരിശോധന നടത്തുകയും പൊറ്റയില്‍ മുഹമ്മദ് ഹാജി, കോഴിശ്ശേരി മമ്മദ്, അദ്ദേഹത്തിന്റെ മകന്‍ മൊയ്തീന്‍കുട്ടി എന്നിവരെ അറസ്റ്റുചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ് ആളുകള്‍ സംഘടിച്ചുവന്നെങ്കിലും കെ.എം മൗലവി അവരെ പിന്തിരിപ്പിച്ചു. മാപ്പിളമാരെ പ്രകോപിപ്പിച്ച് ഒരു കൂട്ടക്കൊലയായിരുന്നു കലക്ടറുടെ ലക്ഷ്യമെന്ന് വ്യക്തമായിരുന്നു.
അറസ്റ്റുചെയ്യപ്പെട്ട നിരപരാധികളായ മൂന്നുപേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവുമായി ആലി മുസ്‌ലിയാരുടെ നേതൃത്തിലുള്ള ഒരു പ്രതിനിധി സംഘം 1921 ആഗസ്റ്റ് 20 ാം തിയ്യതി തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചു. സ്‌റ്റേഷനില്‍ നിന്ന് അല്‍പം ദൂരത്തുവച്ച് പട്ടാളക്കാര്‍ അവരെ തടഞ്ഞുനിര്‍ത്തി. എ.എസ്.പി റൗളി അവരോട് വിവരം തിരക്കി.
അറസ്റ്റുചെയ്തവരെ വിട്ടയക്കുക. ആലി മുസ്‌ലിയാര്‍ പറഞ്ഞു. ഇരിക്കൂ, ഉടന്‍ വിട്ടയക്കാം. ഹെഡ്‌കോണ്‍സ്റ്റബിള്‍ മൊയ്തീന്‍ പ്രതികരിച്ചപ്പോള്‍ ആലിമുസ്‌ലിയാരും സംഘവും ക്ഷമയോടെ കാത്തിരുന്നു. പിന്നെ കേട്ടത് ഫയര്‍ എന്നൊരലര്‍ച്ചയും അതേതുടര്‍ന്ന് വെടിവെപ്പിന്റെ ശബ്ദവുമായിരുന്നു. ജനങ്ങള്‍ പട്ടാളത്തെ ധീരമായി നേരിട്ടു. പിന്നെ അവിടെ നടന്നത് അതിരൂക്ഷമായ പോരാട്ടമായിരുന്നു. വടികളും കത്തികളും ഉപയോഗിച്ച് ജനക്കൂട്ടം പട്ടാളത്തോട് ഏറ്റുമുട്ടി. പട്ടാളം സ്റ്റേഷനുള്ളിലേക്ക് പിന്‍വാങ്ങി. ഈ സംഘട്ടനത്തില്‍ റൗളിയും ഹെഡ്‌കോണ്‍സ്റ്റബിള്‍ മൊയ്തീനും ഉള്‍പെടെ സര്‍ക്കാര്‍ ഭാഗത്തുനിന്നും ആറുപേര്‍ മരിച്ചുവീണു. മറുഭാഗത്ത് 17 പേര്‍ കൊല്ലപ്പെടുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തോടെ മലബാറില്‍ ഖിലാഫത്തു ലഹള പൊട്ടിപ്പുറപ്പെടുകയായിരുന്നു.

തിരൂരങ്ങാടിയില്‍ നടന്ന സംഭവങ്ങളെ ഭാഷാ പത്രങ്ങള്‍ ശക്തമായി അപലപിച്ചു. ഒരു പത്രം ഇപ്രകാരം എഴുതി. സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ അവധാനതയോടുകൂടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ലഹളയേ ഉണ്ടാകുമായിരുന്നില്ല. അസ്വസ്ഥതയുടെ അഗ്നി ആളിക്കത്തിക്കുന്നതിന് മാത്രമേ അധികാരികളുടെ നടപടികള്‍ക്കു കഴിഞ്ഞിട്ടുള്ളൂ. ചുരുക്കത്തില്‍ ലഹളക്ക് ഉത്തരവാദികള്‍ പോലീസും പട്ടാളവുമാണ്. ഈ ലഹളയെ ഇനിയും മാപ്പിള ലഹളയെന്നു വിളിക്കരുത്.
മറ്റു മലയാള പത്രങ്ങള്‍ തോമസിനെ മലബാറിലെ ഡയര്‍ എന്നുവിളിക്കുകയും തിരൂരങ്ങാടിയിലെ പ്രകോപനപരമായ പ്രവൃത്തികള്‍ക്കുത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥന്മാരുടെയും രാജി ആവശ്യപ്പെടുകയും ചെയ്തു. മാപ്പിളമാര്‍ നടത്തിയ അക്രമണങ്ങളെ അപലപിച്ച മിതവാദികളായ പത്രങ്ങള്‍ പോലും ജനങ്ങളില്‍ ഭീതിപരത്തുന്നതിനുവേണ്ടി നടത്തിയ അനവസരങ്ങളിലുള്ള വെടിവെപ്പ് കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയത്. പിന്നീട് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആയുധങ്ങള്‍ക്കും കുറ്റവാളികള്‍ക്കും വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി മാപ്പിള പോലീസുദ്യോഗസ്ഥന്മാര്‍ കിഴക്കേപ്പള്ളിയില്‍ കയറി പരിശോധിച്ചു. അവര്‍ പള്ളിയില്‍ കയറുന്നതിന് മുമ്പ് ചെരിപ്പുകള്‍ ഊരിമാറ്റിയിരുന്നു. പുഴയുടെ മറുകരയിലുള്ള മമ്പുറം പള്ളിയില്‍ ആരും കയറിയിരുന്നതുമില്ല. എന്നാല്‍ മമ്പുറം തങ്ങളുടെ ആസ്ഥാനമായ മമ്പുറം പള്ളിസമുച്ചയം ആക്രമിക്കപ്പെട്ടെന്നും പള്ളിക്കെട്ടിടം ഇടിച്ചുനിരത്തിയെന്നുമുള്ള വാര്‍ത്തകളാണ് നാടെങ്ങും പ്രചരിപ്പിച്ചത്. ഇത് എരിതീയില്‍ എണ്ണയൊഴിച്ചതിന് സമാനമായിരുന്നു.

ദീര്‍ഘ വീക്ഷണമില്ലാതിരുന്ന തോമസ് എന്ന മലബാര്‍ കളക്ടര്‍ കാട്ടിക്കൂട്ടിയ മഠയത്തരങ്ങള്‍ കാരണം മലബാറിലെങ്ങും കലാപം ആളിപ്പടര്‍ന്നു. ഖിലാഫത്ത്-കോണ്‍ഗ്രസ് നേതൃത്വം സംഭവഗതികള്‍ സസൂക്ഷമം വിലയിരുത്തുകയും 1921 ആഗസ്റ്റ് 26 ാം തിയ്യതി കോണ്‍ഗ്രസ്-ഖിലാഫത്ത് നേതാക്കന്മാര്‍ കോഴിക്കോട്ടുനിന്നും തിരൂരങ്ങാടിക്കു യാത്ര തിരിക്കുകയും ചെയ്തു. കെ.പി. കേശവമേനോന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കെ.എം. മൗലവി സാഹിബ്, കെ.വി ഗോപാലകൃഷ്ണ മേനോന്‍, പൊന്‍മാടത്തു മൊയ്തീന്‍ കോയ, കൊടുങ്ങല്ലൂര്‍ ശേഖരമേനോന്‍, ഇ. മൊയ്തീന്‍ മൗലവി, യു. ഗോപാലമേനോന്‍, മാണിക്യത്ത് ഗോപാലമേനോന്‍, കെ. മാധവമേനോന്‍, ടി.വി ചന്തുക്കുട്ടി നായര്‍, എ.പി. മൊയ്തീന്‍ കോയ മധുരവനം ഗോവിന്ദക്കുറുപ്പ് തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
തിരൂരങ്ങാടിക്കു സമീപമുള്ള കടത്തുകടവില്‍ വച്ച് ആലി മുസ്‌ലിയാരുടെ സംഘത്തില്‍പെട്ട സന്നദ്ധഭടന്മാര്‍ തക്ബീര്‍ (ദൈവ കീര്‍ത്തനം) വിളികളോടെ നേതാക്കളെ വരവേറ്റു. പാതക്കിരുപുറവും തികഞ്ഞ അച്ചടക്കത്തോടെ തിങ്ങിനിറഞ്ഞുനിന്ന ജനക്കൂട്ടത്തിനിടയിലൂടെ അവര്‍ മുന്നോട്ടുനീങ്ങി. തങ്ങളുടെ നാട് ബ്രിട്ടീഷു ഭരണത്തില്‍ നിന്നും വിമോചിതമായതായി ജനങ്ങള്‍ ധരിച്ചുവച്ചതായി തോന്നും വിധമായിരുന്നു അവരുടെ ഭാവം. പരിണിത ഫലങ്ങള്‍ അവര്‍ക്ക് പ്രശ്‌നമായിരുന്നില്ലതാനും. ആലിമുസ്‌ലിയാരുടെയും കൂട്ടരുടെയും നിയന്ത്രണത്തിലാണ് തങ്ങളുടെ നാടെന്ന് ജനങ്ങള്‍ വിശ്വസിച്ചു. കേശവമേനോനും സംഘവും തിരൂരങ്ങാടിയിലെ ഖിലാഫത്ത് ആഫീസിലേക്ക് ആനയിക്കപ്പെട്ടു. മേനോനും കുറേ നേതാക്കന്മാരും ആലിമുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. മുസ്‌ലിയാര്‍ മേനോനെ ആശ്ലേഷിക്കുകയും തിരൂരങ്ങാടിയിലെ സംഭവഗതികള്‍ ധരിപ്പിക്കുകയും ചെയ്തു. അടുത്ത നീക്കമെന്തെന്ന കേശവമേനോന്റെ ചോദ്യത്തിനു മറുപടിയെന്നോണം അതു സംബന്ധിച്ച് മേനോന്റെ അഭിപ്രായമെന്താണെന്ന് മുസ്‌ലിയാര്‍ തിരിച്ചുചോദിച്ചു. കലാപം ഇങ്ങനെ തുടര്‍ന്നുപോകുന്നതിലുള്ള അപായ സാധ്യതകള്‍ പറഞ്ഞു മനസ്സിലാക്കിയ ശേഷം പിടികിട്ടാപ്പുള്ളികളായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുള്ളവര്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന് കേശവമേനോന്‍ മറുപടി പറഞ്ഞു. ഇത്തരത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഒരു ആത്മ ബലി തിരൂരങ്ങാടിയെയും അവിടുത്തെ ജനങ്ങളെയും രക്ഷിക്കുമെന്ന പ്രതീക്ഷയായിരുന്നു മേനോന്റെ ഈ അഭിപ്രായ പ്രകടനത്തിനുപിന്നില്‍.

മേനോന്റെ അഭിപ്രായത്തിനെതിരായി മുസ്‌ലിയാര്‍ യാതൊന്നും പറഞ്ഞില്ല. തന്റെ ആളുകളുമായി ആലോചിച്ച ശേഷം ഒരു തീരുമാനമെടുക്കാമെന്നു മാത്രം മറുപടി നല്‍കി. മാത്രമല്ല, തന്റെ വിശ്വസ്ത അനുയായികളായ ലവക്കുട്ടിയോടും കുഞ്ഞലവിയോടും കൂടി മേനോന്‍ ഇക്കാര്യം സംസാരിക്കണമെന്ന് ആലിമുസ്‌ലിയാര്‍ ആഗ്രഹം പ്രകടിപ്പിച്ചു. അത് പ്രകാരം കേശവമേനോന്‍ ലവക്കുട്ടിയുമായി സംസാരിച്ചെങ്കിലും കീഴടങ്ങുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. എന്നെ അവരുടെ കയ്യില്‍ കിട്ടിയാല്‍ കൊല്ലുകയായിരിക്കില്ല, ഞെക്കിപ്പിഴിയുകയായിരിക്കും ചെയ്യുക. ‘ഇല്ല, ഞാന്‍ പോരാടി മരിച്ചുകൊള്ളാം’ എന്നായിരുന്നു ലവക്കുട്ടിയുടെ മറുപടി. സൈന്യം തിരൂരങ്ങാടി പള്ളി തകര്‍ക്കുന്നതിനുള്ള സാദ്ധ്യതയെപ്പറ്റി മേനോന്‍ മുന്നറിയിപ്പുനല്‍കിയപ്പോള്‍ കുഞ്ഞലവി പറഞ്ഞു: ആലി മുസ്‌ലിയാര്‍ അവിടെയുള്ളിടത്തോളം വെടിയുണ്ടകള്‍ പള്ളിയെ സ്പര്‍ശിക്കില്ല. കുഞ്ഞലവിക്ക് മുസ്‌ലിയാരുടെ സിദ്ധികളില്‍ അനല്‍പമായ വിശ്വാസമാണുണ്ടായിരുന്നത്. ഏതായാലും തിരൂരങ്ങാടിയില്‍ സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന ഒരു സുഹൃത്തിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും മേനോനെ കൊണ്ടു പോകുന്നതിന് മുസ്‌ലിയാര്‍ നിര്‍ദ്ദേശിച്ചു. ഇയാള്‍ മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരോടൊപ്പം രക്ഷപ്പെട്ടുപോകാന്‍ കൂട്ടാക്കാതിരുന്നതായിരുന്നു. മേനോനും കൂട്ടരും രാത്രി 8 മണിയോടുകൂടി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.

ആഗസ്റ്റ് 21 ാം തിയ്യതി മജിസ്‌ട്രേറ്റും പോലീസും പട്ടാളവും തിരൂരങ്ങാടി വിട്ടശേഷം ഒരു കൂട്ടം കലാപകാരികള്‍ അവിടെ ഉണ്ടായിരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ആക്രമിച്ചു. പോലീസ് സ്‌റ്റേഷന്‍, സബ് മജിസ്‌ട്രേറ്റു കോടതി, സബ് രജിസ്ട്രാര്‍ ആഫീസ് എന്നിവ തീവച്ചു നശിപ്പിച്ചു. തപാല്‍ ഓഫീസും അംശം കച്ചേരിയും കൊള്ളയടിക്കുകയും അവിടെയുള്ള രേഖകള്‍ തീവെക്കുകയും ചെയ്തു. ടി.ബി. കെട്ടിടത്തിനും കേടുപാടുകള്‍ വരുത്തി. അന്നേ ദിവസം തന്നെ ആലി മുസ്‌ലിയാര്‍ ഭരണാധികാരിയായി പ്രഖ്യാപിക്കപ്പെട്ടു. മറ്റ് അധികാര കേന്ദ്രങ്ങളുടെ അഭാവത്തില്‍ അദ്ദേഹം നേരിട്ട് രാജ്യകാര്യങ്ങള്‍ നോക്കാന്‍ തുടങ്ങി. കലാപത്തിന്റെ ആദ്യ ദശയില്‍ ഖിലാഫത്തു സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് മുസ്‌ലിയാര്‍ ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് രംഗത്തുനിന്നും അപ്രത്യക്ഷമാകുകയും ലഹളയിലെ ആക്രമത്തെ അപലപിക്കുകയും ചെയ്‌തോടെ ഒരു ബദല്‍ ‘ഭരണ സംവിധാനത്തെക്കുറിച്ചു ചിന്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായെന്നിരിക്കും. മുസ്‌ലിയാരെ സംബന്ധിച്ചിടത്തോളം പരിചിതമായ ‘ഭരണകൂട മാതൃക ഖിലാഫത്തിന്റേതായിരുന്നു. എന്നാല്‍ കലാപത്തിന്റെ ആദ്യനാളുകളില്‍ ഖിലാഫത്തു ഗവണ്‍മെന്റിന്റെ രൂപീകരണം സംബന്ധിച്ചു മുസ്‌ലിയാര്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് വിരുദ്ധ സമരം വിജയിച്ചാല്‍ കോണ്‍ഗ്രസ് തങ്ങളുടെ സഹായത്തിനെത്തുമെന്ന് ന്യായമായും ആലിമുസ്‌ലിയാര്‍ കരുതിയിരിക്കണം.

പൂക്കോട്ടൂരില്‍ നടന്ന സംഭവങ്ങളില്‍ കറാച്ചി ഖിലാഫത്തു സമ്മേളനത്തിനുള്ള സ്വാധീനം കണ്ടുപിടിക്കുക ദുഷ്‌കരമാണ്. എന്നാല്‍ പൂക്കോട്ടൂരില്‍ പ്രസ്തുത സമ്മേളനത്തില്‍ പാസ്സാക്കിയ പ്രമേയത്തിന്റെ മലയാളത്തിലുള്ള കോപ്പികള്‍ വിതരണം ചെയ്യപ്പെട്ടിരുന്നു. ജൂലൈ 29ാം തിയ്യതി തിരൂരങ്ങാടി പള്ളിയില്‍ സന്നദ്ധ സേനാംഗങ്ങളെ ആലി മുസ്‌ലിയാര്‍ ഈ പ്രമേയം വായിച്ചുകേള്‍പ്പിച്ചിരുന്നുവത്രെ.

ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍ എന്നിവര്‍ക്ക് അവ്യക്തമെങ്കിലും ദക്ഷിണ മലബാറില്‍ ഒരു ബ്രിട്ടീഷ് വിരുദ്ധ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് പൊതുവായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. ഖിലാഫത്ത് സിദ്ധാന്തങ്ങള്‍ക്കനുരൂപമായി കലാപകാരികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഖിലാഫത്ത് സങ്കല്‍പ്പമാണ് അവര്‍ വെച്ചുപുലര്‍ത്തിയിരുന്നത്. കോണ്‍ഗ്രസ്സ് ലഹളയെ തള്ളിപ്പറഞ്ഞില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ച ഒരു ഭരണ സംവിധാനം തന്നെ കുറച്ച് ദിവസത്തേക്കാണെങ്കിലും തിരൂരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും നിലവില്‍ വരുമായിരുന്നു.

ബ്രിട്ടീഷ് പട്ടാളത്തിന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടി ഖിലാഫത്ത് അനുകൂലികള്‍ കലുങ്കുകള്‍ തകര്‍ക്കുകയും മരങ്ങള്‍ മുറിച്ചിട്ടു മാര്‍ഗതടസ്സമുണ്ടാക്കുകയും ചെയ്തു. ആലിമുസ്‌ലിയാര്‍ തന്റെ ഹ്രസ്വമായ ഭരണം ആരംഭിച്ചത് കലാപത്തിന് എതിരുനിന്ന നാലകത്തു കുഞ്ഞിപ്പോക്കര്‍, ആളുവളപ്പില്‍ കുഞ്ഞഹമ്മദ് എന്നിവരെ പിടികൂടി വിചാരണ നടത്തി ശിക്ഷിച്ചുകൊണ്ടാണ്. 1921 ആഗസ്റ്റ് 21 ാം തിയ്യതി അദ്ദേഹത്തിന്റെ സേനാവ്യൂഹം തിരൂരിലെത്തി വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തു. ഖിലാഫത്ത് പ്രക്ഷോഭകരുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം പോലീസും പട്ടാളവും ഈ ആയുധങ്ങള്‍ സുരക്ഷിതമായ ഒരു സ്ഥലത്ത് സൂക്ഷിക്കുന്നതിന് കൊണ്ടുപോകുകയായിരുന്നു.

സൈനിക നീക്കം സംബന്ധിച്ച വിവരം മുന്‍കൂട്ടി തിരൂരങ്ങാടിയില്‍ എത്തിയിട്ടുണ്ടെന്നറിയാതെ അവിടെയെത്തിയ മജിസ്‌ട്രേറ്റും സംഘവും നടപടികള്‍ ആരംഭിച്ചു,. ആരെയും പുറത്തുപോകാന്‍ അനുവദിക്കാതെ പോലീസിനെയും പട്ടാളത്തെയും കാവല്‍ നിര്‍ത്തിക്കൊണ്ട് കോരിച്ചൊരിയുന്ന മഴക്കിടയില്‍ തെരച്ചില്‍ ആരംഭിച്ചു.
പിടികിട്ടാപുള്ളികളും ആയുധങ്ങളുമായിരുന്നു ലക്ഷ്യം. കിഴക്കേപ്പള്ളിയിലും പോലീസ് തമ്പടിച്ചിരുന്നു. തിരൂരങ്ങാടയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീനും, പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആമുവും കൂടി പള്ളിയിലേക്കു കയറി. എന്നാല്‍ ആയുധങ്ങളൊന്നും കണ്ടെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ആക്രമണത്തിന് ഉപയോഗിക്കാന്‍ പാകത്തിലുള്ള കത്തികളും വാളുകളും തിരൂരങ്ങാടിയില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന ധാരണ പരത്തിയത് തോമസും ഹിച്ച്‌കോക്കുമായിരുന്നു. തിരൂരങ്ങാടിയില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങളൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പിന്നീട് ജില്ലാ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. പള്ളിക്കുള്ളില്‍ ആലിമുസ്‌ലിയാരെ കണ്ടുകിട്ടാത്തതിനാല്‍ അരമൈല്‍ അകലെയുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ തെരച്ചില്‍ നടത്താനായി പിന്നീടുള്ള ശ്രമം. എന്നാല്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പൂട്ടുപൊളിച്ച് അകത്തു കയറി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അയല്‍ വീടുകളൊക്കെ കയറിയിറങ്ങിയിട്ടും മുസ്‌ലിയാരെ കണ്ടെത്താനായില്ല. ഇതിനിടെ ഒഴിഞ്ഞു കിടന്ന വീടിനുള്ളില്‍ ആലിമുസ്‌ലിയാരുടെ മെതിയടി കിടക്കുന്നത് പട്ടാളത്തിന്റെ ശ്രദ്ധയില്‍പെട്ടു. അതു നനഞ്ഞ നിലയിലായിരുന്നു. ആയതിനാല്‍ മുസ്‌ലിയാര്‍ അവിടെനിന്നും രക്ഷപ്പെട്ടിട്ട് അധികസമയമായിട്ടില്ലെന്ന് അവര്‍ ഊഹിച്ചു. ആലിമുസ്‌ലിയാരുടെ അടുത്ത അനുയായിയും വിശ്വസ്തനുമായിരുന്ന ലവ്വക്കുട്ടിയെ അറസ്റ്റു ചെയ്യുന്നതിന് നടത്തിയ ശ്രമവും വിജയിച്ചില്ല. സൈന്യം അകത്തുകടന്നപ്പോഴേക്കും അയാള്‍ വീടിനു പിറകുവശത്തു കൂടി രക്ഷപ്പെട്ടിരുന്നു. പിടികിട്ടേണ്ടവരില്‍ ചിലര്‍ ആ പ്രദേശത്തുതന്നെയുണ്ടെന്നു സംശയമുണ്ടായിരുന്നതിനാല്‍ അധികാരി കഴുങ്ങുംതോട്ടത്തില്‍ മൂസക്കുട്ടിയും തിരൂരങ്ങാടി ഹെഡ്‌കോണ്‍സ്റ്റബിള്‍ മൊയ്തീനും ഉള്‍പ്പെടെ പരിചയക്കാരായ ഏതാനും ഉദ്യോഗസ്ഥര്‍ അവിടെത്തന്നെ തങ്ങി.
1921 ആഗസ്റ്റ് 28 ാം തിയ്യതി ഒരു വന്‍സേനാ വ്യൂഹം ജുമുഅത്ത് പള്ളി വളഞ്ഞു. പള്ളിയുടെ മുകളിലത്തെ നിലയില്‍ ആലി മുസ്‌ലിയാരും 114 അനുയായികളും ഉണ്ടായിരുന്നു. പെട്ടെന്ന് മസ്ജിദിനുള്ളിലേക്ക് പട്ടാളം വെടിയുതിര്‍ത്തു. കെട്ടിടത്തിന്റെ ഏല്ലാ വശത്തുനിന്നും വെടിവെപ്പുണ്ടായി. അത് ഒരു മണിക്കൂര്‍ തുടര്‍ന്നു. കുഞ്ഞലവി, ലവക്കുട്ടി, അബ്ദുല്ലക്കുട്ടി തുടങ്ങിയ നേതാക്കള്‍ പള്ളിയുടെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. ആലിമുസ്‌ലിയാരും 37 അനുയായികളും പള്ളിയില്‍ അവശേഷിച്ചു.
അവര്‍ പള്ളിയുടെ മുകളില്‍ നിന്നും വെളുത്ത പതാക വീശിക്കാണിച്ചു. പെട്ടെന്ന് പട്ടാളം പള്ളിയിലേക്ക് ഇരച്ചുകയറി എല്ലാവരേയും പിടികൂടി. അവരെ അന്നുരാത്രി തിരൂരങ്ങാടി ചന്തയില്‍ താമസിപ്പിച്ച ശേഷം പിറ്റേദിവസം തിരൂരിലേക്കു കൊണ്ടുപോയി. 1921 ആഗസ്റ്റ് 28 ാം തിയ്യതി പുലരുന്നതിന് മണിക്കൂറുകള്‍ മുമ്പ് നടത്തിയ സൈനിക നടപടി ആലിമുസ്‌ലിയാരെയും ഖിലാഫത്തു പ്രസ്ഥാനത്തിലുള്ള അദ്ദേഹത്തിന്റെ കൂട്ടാളികളെയും പിടികൂടുന്നതിന് വേണ്ടി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു. കീഴടങ്ങുന്നതിനുള്ള നിര്‍ദ്ദേശം തള്ളിക്കളഞ്ഞ ലവക്കുട്ടിയോട് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സമീപനം ഒരിക്കലും നീതിപൂര്‍വമായിരുന്നില്ല.

ബാംഗ്ലൂരില്‍ നിന്നു കൂടുതല്‍ സൈന്യമെത്തിേേച്ചര്‍ന്നതോടെ മലപ്പുറം, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും മാപ്പിള വീര്യത്തിന്റെ സിരാകേന്ദ്രമായ തിരൂരങ്ങാടി കേന്ദ്രീകരിച്ച് ശക്തമായ സൈനിക നടപടികള്‍ ആരംഭിച്ചു. ആഗസ്റ്റ് 30 ാം തിയ്യതി വൈകീട്ട് കലാപകാരികള്‍ തമ്പടിച്ചിരുന്ന കിഴക്കേ പള്ളി സൈന്യം വളഞ്ഞു. ഔദ്യോഗിക ഭാഷ്യമനുസരിച്ച് പിറ്റേന്നു രാവിലെ പ്രക്ഷോഭകര്‍ തുരുതുരാ വെടിവെച്ചുകൊണ്ട് പുറത്തുവരികയും സൈന്യത്തെ ആക്രമിക്കുകയും ചെയ്തു. സൈന്യം തിരിച്ചു വെടിവച്ചു. 24 മാപ്പിളമാര്‍ കൊല്ലപ്പെട്ടു. 38 പേര്‍ കീഴടങ്ങി. ആലിമുസ്‌ലിയാരെ കോഴിക്കോട്ടുവെച്ച് സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ വിചാരണ നടത്തി. ബ്രിട്ടീഷ് ചക്രവര്‍ത്തിക്കെതിരായി യുദ്ധത്തിലേര്‍പ്പെട്ടുവെന്നതായിരുന്നു അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ട കുറ്റം. നവംബര്‍ 2ാം തിയ്യതി അദ്ദേഹത്തെ വധശിക്ഷക്ക് വിധിക്കുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്തു.
അധികം വൈകാതെ ലവക്കുട്ടി മരണപ്പെട്ടു. കുഞ്ഞലവിയാകട്ടെ വലിയോറയില്‍ നടന്ന നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചു. അങ്ങനെ രണ്ടാം തിരൂരങ്ങാടി പ്രക്ഷോഭത്തില്‍ വെള്ളക്കാര്‍ വിജയിച്ചു. അതോടെ മലബാര്‍ കലാപം കെട്ടടങ്ങി. ഏറെ താമസിയാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും പിടിയിലായി. ഇവരെയും വിചാരണ ചെയ്തു വെടിവെച്ചുകൊന്നു. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് എന്നീ താലൂക്കുകളിലെ 110 ഗ്രാമങ്ങളില്‍ സൈന്യം തേര്‍വാഴ്ച നടത്തി. പന്തീരായിരത്തോളം മാപ്പിളമാര്‍ ഈ സൈനിക നായാട്ടില്‍ കൊലചെയ്യപ്പെട്ടു. നൂറുകണക്കിന് ആളുകളെ ആന്തമാന്‍ ദ്വീപുകളിലേക്ക് നാടുകടത്തി. എണ്ണമറ്റ മുസ്‌ലിംകള്‍ ജയില്‍വാസത്തിന് വിധേയരായി. യുദ്ധച്ചെലവ് ഈടാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് കൂട്ടപ്പിഴയിട്ടു.

1921 സെപ്തംബര്‍ 23 ാം തിയ്യതി മുതല്‍ 1922 ഫെബ്രുവരി 25 ാം തിയ്യതി വരെ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ നിരവധി കേസുകളില്‍ വിചാരണനടത്തി. കലാപകാരികള്‍ക്കെതിരെ 302-  ാം വകുപ്പനുസരിച്ച് കൊലപാതകത്തിനുള്ള രണ്ടുകേസുകള്‍, 121 ാം വകുപ്പനുസരിച്ച് സര്‍ക്കാരിനെതിരെ യുദ്ധം നടത്തിയതിന് അഞ്ചു കേസുകള്‍, കവര്‍ച്ച നടത്തിയതിന് 15 കേസുകള്‍, പത്തു തീവെപ്പു കേസുകള്‍, റിയല്‍വേ നിയമ പ്രകാരം ആറു കേസുകള്‍, എന്നിങ്ങനെയായിരുന്നു കുറ്റങ്ങള്‍ ചുമത്തിയിരുന്നത്. വിചാരണയെ തുടര്‍ന്ന് 14 പേരെ വധശിക്ഷക്കും 29 പേരെ ജീവപര്യന്തം നാടുകടത്തലിനും വിധിച്ചു. 407 പേര്‍ക്ക് നാടുകടത്തലോ തടവു ശിക്ഷയോ ലഭിച്ചപ്പോള്‍ 18 പേരെ കുറ്റവിമുക്തരാക്കുകയും 39 പേരെ സ്വതന്ത്രരാക്കുകയും ചെയ്തു. നാടുകടത്തലിനു വിധിക്കപ്പെട്ടവരില്‍ ഒരാളുടെ അപ്പീല്‍ പരിഗണിച്ചശേഷം ഹൈക്കോടതി അയാളെ കുറ്റവിമുക്തനാക്കി. ഒരാളുടെ തടവുശിക്ഷയില്‍ ഇളവുവരുത്തി. എന്നാല്‍ ഇവരില്‍ 3 പേരുടെ ശിക്ഷ സര്‍ക്കാര്‍ നാടുകടത്തലായി ഇളവുചെയ്തുകൊടുത്തു.

കോഴിക്കോട്ടു വിചാരണ നടത്തിയശേഷം ആലി മുസ്‌ലിയാരെയും കൂട്ടരെയും കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. 1921 ഡിസംബറിലെ കേരള പത്രികയില്‍ ഇവരുടെ വിധിന്യായം സംക്ഷിപ്തമായി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 121 ാം വകുപ്പ് (രാജവാഴ്ചക്കെതിരെ പ്രക്ഷോഭം), 302 ാം വകുപ്പ്, 148 ാം വകുപ്പ്(തിരൂരങ്ങാടി ഡോര്‍സെറ്റ് റജിമെന്റെിലെ പ്രൈവറ്റ് വില്യംസിന്റെ കൊലപാതകം) എന്നിവ അനുസരിച്ചായിരുന്നു ആലി മുസ്‌ലിയാര്‍ക്കും 37 മുസ്‌ലിംകള്‍ക്കുമെതിരായി കേസെടുത്തിരുന്നത്. ഇവരുടെ അത്യന്തം അപകടകരമായ പ്രവൃത്തികള്‍ കാരണം ഒരു നൂറ്റാണ്ട് പിന്നിലേക്ക് മുസ്‌ലിം സമുദായം അധഃപതിച്ചുപോയതായി ‘മലബാര്‍ ഗസ്റ്റ്’ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഒന്നാം പ്രതി പാലത്തുമൂലയില്‍ ഏരിക്കുന്നന്‍ ആലിമുസ്‌ലിയാര്‍, രണ്ടാം പ്രതി കൊക്കപ്പറമ്പന്‍ രായിന്‍, മൂന്നാംപ്രതി ചേരുപാടത്തു കുഞ്ഞിച്ചേക്കു, നാലാം പ്രതി കുട്ടാശ്ശേരി അഹമ്മദ്, അഞ്ചാം പ്രതി ചീനക്കല്‍ മുഹമ്മദ്കുട്ടി, ഏഴാം പ്രതി പനക്കല്‍ ഉണ്ണീന്‍ കുട്ടി, പതിനെട്ടാം പ്രതി എലുമ്പലശ്ശേരി മൊയ്തീന്‍ കുട്ടി, മുപ്പത്തിയൊന്നാം പ്രതി പട്ടാളത്തില്‍ കാടശ്ശേരി അഹമ്മദ്, മുപ്പത്തിരണ്ടാം പ്രതി മട്ടാറപൊയി, മുപ്പത്തിമൂന്നാം പ്രതി ഉണിയന്‍ അഹമ്മദ്, മുപ്പത്തിയെട്ടാം പ്രതി കോലക്കാടന്‍ കുഞ്ഞാലന്‍കുട്ടി എന്നിവരെ തൂക്കിക്കൊല്ലുന്നതിന് വിധിച്ചിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വിധിന്യായം ഉപസംഹരിച്ചത്.
ആലി മുസ്‌ലിയാരും കൂട്ടരും ലഹളക്കിറങ്ങിപ്പുറപ്പെട്ടത് ഭൂമി സംബന്ധമായ ഏതെങ്കിലും പ്രശ്‌നങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല. ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും അവരെ ഗണ്യമായി സ്വാധീനിച്ചിരുന്നു. ലഹളക്കാര്‍ക്കുണ്ടായിരുന്നത് ഒരു ഉട്ടോപ്യന്‍ ലക്ഷ്യമായിരുന്നെങ്കില്‍ കൂടി ബ്രിട്ടീഷ് ഭരണത്തെ പറിച്ചെറിഞ്ഞ് തല്‍സ്ഥാനത്ത് ഒരു ഖിലാഫത്ത് ഭരണകൂടം സ്ഥാപിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ടവരും ആപല്‍ഘട്ടത്തില്‍ കൂടെനിന്നവരും കൈയൊഴിഞ്ഞപ്പോള്‍ ലഹളക്കാരുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല. താനാണു രാജാവെന്ന് ആലിമുസ്‌ലിയാര്‍ വിളംബരം നടത്തിയെങ്കിലും ഏതാണു തന്റെ രാജ്യമെന്ന് അദ്ദേഹം വ്യവച്ഛേദിച്ചു പറഞ്ഞിരുന്നില്ല. ഒരാഴ്ച്ചക്കാലത്തോളം മാത്രമാണ് ഭരണം നടത്തിയതെന്നതില്‍ നിന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമാകുന്നുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കലാപത്തിന് നേതൃത്വം കൊടുത്ത നേതാക്കന്മാര്‍ സര്‍ക്കാരിന് കീഴടങ്ങുകയാണ് ചെയ്തത്. അതിനാല്‍ ലഹളക്ക് പ്രേരകം മതഭ്രാന്താണെന്ന് പറഞ്ഞുകൂടാ. ഒരു സമൂലമാറ്റത്തിന് വേണ്ടിയുള്ള അഭിവാഞ്ഛയായിരുന്നു കലാപകാരികളെ മുന്നോട്ടുനയിച്ചത്. കേവല രക്തസാക്ഷികളാകാനുള്ള ഉപരിപ്ലവബോധമായിരുന്നില്ല ആലി മുസ്‌ലിയാരെ വഴിനടത്തിയതെന്നതിന് അദ്ദേഹത്തിന്റെ കീഴടങ്ങല്‍ ഏറ്റവും വലിയ തെളിവാണ്.

മുസ്‌ലിംകളുടെ രാജാവ്, ലഹളക്കാരുടെ നേതാവ്, എല്ലാറ്റിനും പുറമെ ഒരു മതഭ്രാന്തന്‍, ഈ നിലയിലാണ് ബ്രിട്ടീഷ് ചരിത്രകാരന്മാരും കൂട്ടരും ആലിമുസ്‌ലിയാരെ ചിത്രീകരിച്ചിട്ടുള്ളത്. ഈ വിശേഷണങ്ങളൊക്കെ അവരുടെ താല്‍പര്യത്തിന് ന്യായമുണ്ടാക്കാന്‍ ബോധപൂര്‍വ്വം രൂപപ്പെടുത്തിയതായിരുന്നു. എന്നാല്‍ വാസ്തവത്തില്‍ അദ്ദേഹം മതമൈത്രിയുടെ കാവലാളായിരുന്നു. ആലി മുസ്‌ലിയാരുടെ പ്രമുഖ ശിഷ്യ.നായിരുന്ന കെ.എം. മൗലവി ഇങ്ങനെ അനുസ്മരിക്കുന്നു. ആഗസ്റ്റ് 2 മുതല്‍ 29 വരെ തിരൂരങ്ങാടിയിലേയും സമീപപ്രദേശങ്ങളിലെയും ഹിന്ദുക്കള്‍ ആലിമുസ്‌ലിയാരുടെ പൂര്‍ണ്ണനിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ആലി മുസ്‌ലിയാരും അനുയായികളും കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നനിലയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അവര്‍ ഹിന്ദു സഹോദരന്മാരെയും അവരുടെ സ്വത്തുക്കളെയും എന്തുവിലകൊടുത്തും സംരക്ഷിച്ചു. 1921 ഒക്ടോബര്‍ 11 ാം തിയ്യതി ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പബ്ലിസിറ്റി ബ്യൂറോ പുറത്തിറക്കിയ ലഘുലേഖയില്‍ ആലിമുസ്‌ലിയാരെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: ലഹളബാധിത പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ മുസ്‌ലിംകള്‍ സ്വരാജ് കൈവന്നതായി പ്രഖ്യാപിക്കുകയും ആലിമുസ്‌ലിയാരാണ് തങ്ങളുടെ രാജാവെന്ന് വിളംബരം നടത്തുകയും ചെയ്തു. അവര്‍ ഖിലാഫത്ത് പതാക ഉയര്‍ത്തുകയും ഏറനാടും വള്ളുവനാടും ഖിലാഫത്ത് പ്രവിശ്യകളായി പ്രഖ്യാപിക്കുകയും ചെയ്തു.

1921 ലെ മലബാര്‍ കലാപത്തെയും ആലിമുസ്‌ലിയാരെയും കുറിച്ച് കേരളപത്രിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പക്ഷപാതപരവും വസ്തുതാ വിരുദ്ധവുമായിരുന്നു. മുസ്‌ലിംകളുടെ ഭരണാധികാരിയും കലാപകാരികളുടെ തലവനുമായ ആലിമുസ്‌ലിയാരെയും സായുധരായ 37 കൂട്ടാളികളെയും അറസ്റ്റുചെയ്തു. ''അയാളെയും കൂട്ടരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരേണ്ടതും നരഹത്യയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടേണ്ടതുമാണ്. അവര്‍ മരിക്കുന്നതിന് ദുഃഖമില്ല. സ്വര്‍ഗത്തില്‍ അവരെ അകമ്പടി സേവിക്കുന്നതിന് സുന്ദരിമാരുണ്ടല്ലോ....സ്വയം രാജാവായി പ്രഖ്യാപിച്ചുകൊണ്ട് അയാള്‍ ഒരു മാസം ഭരണം നടത്തി. അങ്ങനെ പോകുന്നു അവരുടെ നിരീക്ഷണം''.

കേസില്‍ അപ്പീല്‍ പോയെങ്കിലും കീഴ്‌കോടതി വിധി ശരിവെക്കപ്പെടുകയാണുണ്ടായത്. ആലിമുസ്‌ലിയാരെയും കൂട്ടരെയും കോയമ്പത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. കഴുമരത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പുതന്നെ അദ്ദേഹം അന്ത്യശ്വാസം വലിച്ചുവെന്ന പ്രബലമായ അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ പന്ത്രണ്ട് അനുയായകളെ കോയമ്പത്തൂര്‍ ജയിലില്‍ വെച്ചു തൂക്കിക്കൊന്നു. അവര്‍ പുഞ്ചിരിച്ചുകൊണ്ട് മനക്കരുത്തോടെയാണ് മരണംവരിച്ചത്. അവരുടെ ജീവിതകഥ മലബാറിന്റെ സമരപാരമ്പര്യത്തിന് എക്കാലത്തും മാറ്റ് കൂട്ടും. കോയമ്പത്തൂര്‍ സുല്‍ത്താന്‍പേട്ടയിലെ മുസ്‌ലിം ശ്മശാനത്തില്‍ അവരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. 1958 ല്‍ കോയമ്പത്തൂരില്‍ അവര്‍ക്കായി ഒരു സ്മാരകം പടുത്തുയര്‍ത്തപ്പെട്ടു.

ആലിമുസ്‌ലിയാരുടെ അന്ത്യ നിമിഷങ്ങളെക്കുറിച്ച് ആംഗ്ലോ-മാപ്പിള യുദ്ധം എന്ന തന്റെ ഗ്രന്ഥത്തില്‍ എ.കെ. കോടൂര്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ''1922 ഫെബ്രുവരി 17 ാം തിയ്യതി ആലി മുസ്‌ലിയാരെയും കൂട്ടരെയും കോയമ്പത്തൂര്‍ ജയിയില്‍ തൂക്കിക്കൊന്നു. മൃതദേഹം വ്യക്തികള്‍ക്കു വിട്ടുകൊടുക്കില്ലെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്. ഈ സാഹചര്യത്തില്‍ പി.പി പരീതിന്റെ നേതൃത്വത്തിലുള്ള മലയാളി മുസ്‌ലിം അസോസിയേഷന്‍ ആലിമുസ്‌ലിയാരുടെയും മറ്റു പന്ത്രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി കോയമ്പത്തൂരില്‍ തന്നെയുള്ള സുല്‍ത്താന്‍പേട്ട ശ്മശാനത്തില്‍ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. ജയില്‍വളപ്പില്‍ നിന്ന് ആലിമുസ്‌ലിയാരുടെ മൃതദേഹം പുറത്തേക്കു കൊണ്ടുപോയവരില്‍ ഒരാളായിരുന്ന കുഞ്ഞിബാവ വൈദ്യര്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് മരിച്ചത്. കോയമ്പത്തൂരിലെ മലയാളികള്‍ നദ്‌വാ ഹക്കീം റോഡില്‍ ആലിമുസ്‌ലിയാരുടെ പേരില്‍ ഒരു സ്മാരക സൗധം പടുത്തുയര്‍ത്തി. അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:
സമര്‍പ്പിതനായ അമീര്‍