കേരളത്തിലെ സൂഫീ പാരമ്പര്യം സ്വാധീനം

മുഹമ്മദ് നിഷാദ് ബാബു   (റിസര്‍ച്ച് സ്‌കോളര്‍, അലീഗഡ് യൂണിവേഴ്‌സിറ്റി)

രു ദേശത്തിന്റെ സംസ്‌കൃതി നിര്‍ണ്ണയിക്കുന്നതില്‍ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും വിശ്വാസാചാരങ്ങള്‍ക്കുമൊക്കെ പങ്കുണ്ട്. ഒരു  ജനതയെ സംബന്ധിച്ചിടത്തോളം ഇതില്‍ മുഖ്യപ്രാധാന്യം വിശ്വാസാചാരങ്ങള്‍ക്കാണ്. കാരണം, ഇവയിലുള്ള മാറ്റമാണ് സമൂഹത്തില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് ഭിന്നമായി അറേബ്യയില്‍നിന്ന് നേരിട്ടാണ് ഇസ്‌ലാം കേരളത്തിലെത്തുന്നത്. കേരളത്തിലെ മുസ്‌ലിംകളിലും പൊതുസമൂഹത്തിലും സംസ്‌കാരം, വേഷം, ഭാഷ, ഭൂപ്രകൃതി, കല, തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വേറിട്ട സംസ്‌കാരം നിലനില്‍ക്കുന്നു. കേരള മുസ്‌ലിംകളുടെ സാംസ്‌കാരിക ബന്ധം കൂടുതലായും യമനിലെ മുസ്‌ലിംകളോടാണ്. വേഷഭാഷകളിലും ആചാരങ്ങളിലും കേരള മുസ്‌ലിംകള്‍ യമനീ പാരമ്പര്യത്തിന് കൂടുതല്‍ സ്ഥാനം നല്‍കുന്നു.
 കേരളത്തില്‍ മുസ്‌ലിം സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ മികച്ച പങ്കുവഹിച്ചവരാണ് സൂഫികള്‍. കേരളീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിക സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ അവര്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. നിലവിലുള്ള കേരളീയ സംസ്‌കാരത്തെ സമുദ്ധരിക്കുകയും ഇസ്‌ലാമിക വിരുദ്ധമല്ലാത്ത ആചാരങ്ങളും ജീവിത രീതികളും സ്വീകരിക്കുകയും ഭാഷ, കല, ആചാരം എന്നിവക്ക് ഇസ്‌ലാമികമായ മാനം നല്‍കുകയും ചെയ്തത് സൂഫികളായിരുന്നു. കേരളത്തിലെ സവിശേഷ ജീവല്‍ സംസ്‌കൃതി ഒരുക്കിക്കൊടുക്കുന്നതില്‍ ചാലകശക്തിയായി നിന്നത് സയ്യിദുമാരും, ഉലമാക്കളും, സൂഫികളും ഉള്‍ചേര്‍ന്ന  ആത്മീയ-പണ്ഡിത നേതൃത്വമാണ്. മത മേഖലകളില്‍ മാത്രം ഒതുങ്ങങ്ങുന്നതല്ല ഈ നേതൃത്വത്തിന്റെ പ്രഭാവം. അത് അക്കാലത്തെയും അനന്തര കാലത്തെയും പൊതുമണ്ഡലത്തെ കൂടി നിര്‍മിക്കുന്നതായിരുന്നു. ഏകദേശം 30 ഓളം സയ്യിദീ ഖബീലകള്‍ (കുടുംബങ്ങള്‍) കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

സൂഫികളുടെ ആഗമനം
നബി(സ) യുടെ കാലത്തുതന്നെ ഒരു രാഷ്ട്രീയാധികാരത്തിന്റെയും പിന്തുണയില്ലാതെ തന്നെ ഇസ്‌ലാം കേരളത്തില്‍ പ്രചരിച്ചിരുന്നു. കേരളത്തില്‍ പ്രബോധനവുമായി വന്ന പ്രഥമ ഗണനീയനായ ഇമാം മാലിക്‌ബ്‌നു ദീനാര്‍ സൂഫി പ്രമുഖനായിരുന്ന ഹസ്സന്‍ ബസ്വരിയുടെ ശിഷ്യഗണത്തില്‍ പെട്ടവരാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ അനുചരന്‍മാരും കേരളത്തിന്റെ നാനാഭാഗത്തും പള്ളികള്‍ സ്ഥാപിക്കുകയും ഖാസിമാരെ നിയമിക്കുകയും ചെയ്തു. കേരളത്തില്‍ ഇസ്‌ലാമിന്റെ വ്യാപനത്തില്‍ ഇവരുടെ പ്രബോധന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളിലും താഴെത്തട്ടിലുള്ള ജനങ്ങള്‍ക്കിടയിലും ഇവര്‍ക്ക് വലിയ സ്വാധീനമാണുണ്ടായിരുന്നത്. വടക്കന്‍ മലബാറില്‍ പ്രബോധനം നടത്തിയ  പെരിങ്ങത്തൂരിലെ കനക മലയിലുള്ള കൃഷിക്കാരനായ ശൈഖ് അലിയെ കുറിച്ച് ഉമറുബ്‌നു സൂഹ്‌റാവര്‍ദി വിവരം നല്‍കുന്നുണ്ട്. വളയപട്ടണത്തെ ഖാളി സയ്യിദ് അബൂബക്കറും, ഖാളി മുഹമ്മദും ജനസ്വാധീനം നേടിയിരുന്ന സൂഫീ വര്യന്‍മാരാണ്. ഏഴിമലയിലെ ശൈഖ് നൂറുദ്ദീന്‍, കോഴിക്കോട്ടെ ശിഹാബുദ്ധീന്‍ ഗാസറൂനി, കൊല്ലത്തെ ഖാളി ഖസ്‌വീനി മുഹമ്മദ് ഷാ ബന്തര്‍, ശൈഖ് ഫഖ്‌റൂദ്ധീന്‍ എന്നിവരെക്കുറിച്ചും 14-ാം നൂറ്റാണ്ടില്‍ കേരളത്തിലേക്കു വന്ന ഇബ്‌നു ബത്തുത്ത പരാമര്‍ശിക്കുന്നുണ്ട്. പ്രധാനപ്പെട്ട നാല് സൂഫീ ത്വരീഖത്തുകളും അവയുടെ ശാഖകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ പ്രധാനമായും മഖ്ദൂമുമാര്‍ പ്രചരിപ്പിച്ച ഖാദിരി മാര്‍ഗമാണ്, കോഴിക്കോട്ടെ ജിഫ്‌രി തങ്ങന്‍മാരും പൊന്നാനിയിലെ ഹൈദ്രോസ് സയ്യിദുമാരും ഖാദിരിയ്യ ശാഖയായ ബാ അലവി ത്വരീഖത്തിന് പ്രചാരം നല്‍കിയത്. ആധ്യാത്മിക നേതാക്കളായി വാഴ്ത്തപ്പെടുന്ന അബ്ദുല്‍ ഖാദിര്‍ ജീലാനി, അഹ്മദ് കബീര്‍ രിഫാഈ, അബുല്‍ ഹസനുശ്ശാദുലി, ബഹാവുദ്ധീന്‍ നഖ്ശബന്തി, ഇമാം സുഹ്‌റാവര്‍ദി, തുടങ്ങിയവരുടെ സരണികളായ ഖാദിരിയ്യ, രിഫാഇയ്യ, ശാദുലിയ്യ, നഖ്ശബന്തിയ്യ, സുഹ്‌റാവര്‍ദിയ്യ തുടങ്ങിയ സരണികള്‍ ഇവയില്‍ പ്രസിദ്ധരാണ്.
ഖാദിരിയ്യ സൂഫീ ത്വരീഖ്
13-ാം നൂറ്റാണ്ടില്‍ മുള്‍ട്ടാനില്‍ നിന്ന് വന്ന ശൈഖ് ഫരീദുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖുറാസാനി ഖാദിരിയാണ് ആധ്യാത്മിക വഴികളുമായി ആദ്യം കേരളത്തിലെത്തിയത്. മലബാറിലുടനീളം സഞ്ചരിക്കുകയും പൊന്നാനിയിലടക്കം നിരവധി പള്ളികളുണ്ടാക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത  ഈ സൂഫീ ശൈഖ് ജാതി സമ്പ്രദായത്തെ എതിര്‍ക്കുകയും നിരവധി അധസ്ഥിത പിന്നാക്ക വിഭാഗങ്ങളെ തന്റെ ജീവിത ശൈലിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു.

മഖ്ദൂം കുടുംബം
യമനില്‍ നിന്നുമാണ് മഖദൂം കുടുംബത്തിലെ പൂര്‍വികര്‍ കായല്‍ പട്ടണത്തിലേക്ക് എത്തിച്ചേര്‍ന്നത്. അവരുടെ കുടുംബ പരമ്പര ഹസ്രത്ത് അബൂബക്കര്‍ (റ) വിന്റെ പരമ്പരയിലേക്ക് എത്തിച്ചേരുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ പിതാവായ ശൈഖ് അഹ്മദ് മഅ്ബരിയാണ് ആദ്യമായി കേരളത്തിലെത്തിയ മഖ്ദൂം. കൊച്ചിയിലായിരുന്നു അദ്ദഹം എത്തിയത്. പൊന്നാനിയായിരുന്നു സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്റെ പ്രവര്‍ത്തന മണ്ഡലം. 1518 ല്‍ അദ്ദേഹം അവിടെ പള്ളി നിര്‍മിക്കുകയും (മഖ്ദൂം പള്ളി. പൊന്നാനിയിലെ വലിയ ജുമാമസ്ജിദ്) ചെയ്തു. ആ പള്ളി വിജ്ഞാനസമ്പാദനത്തിന്റെ കേന്ദ്രമായി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ അവിടെ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വം മുസ്‌ലിം സമൂഹത്തെ സാമൂഹിക രാഷ്ട്രീയ ഉണര്‍വുകള്‍ക്ക് വഴിയൊരുക്കി. മഖ്ദൂം ഒന്നാമന്‍ മുസ്‌ലിംകളെ അധിനിവേശ ശക്തികള്‍ക്കെതിരെ സംഘടിപ്പിക്കുന്നതിന് അദ്ദേഹം തഹ്‌രീളു അഹ്‌ലുല്‍ ഈമാന്‍ അലല്‍ ജിഹാദ് എന്ന യുദ്ധകാവ്യം രചിക്കുകയുണ്ടായി. അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് ഹിദായത്തുല്‍ അദ്കിയാഅ്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ മഖ്ദൂം പരമ്പരയിലെ മറ്റൊരു പ്രധാന വ്യക്തിയാണ് വിജ്ഞാന മേഖലയില്‍ ലോകത്തിന് അദ്ദേഹം വലിയ സംഭാവനകളാണ് നല്‍കിയത്. പുതിയകത്ത് സയ്യിദ് മുത്തുകോയ തങ്ങളാണ് മഖ്ദൂം കുടുംബത്തിലെ 14-ാമത്തെ ശ്രേണിയായി ഇന്നുള്ളത്.

ശൈഖ് ജിഫ്രി തങ്ങള്‍
ശൈഖ് ജിഫ്രി ഹളര്‍ മൗത്തില്‍ നിന്നും മലബാറിലെത്തിയ സൂഫീ വര്യനാണ്.  അദ്ദേഹം മുഹമ്മദ്ബ്‌നു ഹാമിദില്‍ നിന്നാണ് ഖാദിരി പട്ടം സ്വീകരിക്കുന്നത്. 1746 ലാണ് അദ്ദേഹം കോഴിക്കോട്ടെത്തുന്നത്. സാമൂതിരി അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു.  കുറഞ്ഞ കാലം കൊണ്ട് ധാരാളം പേര്‍ ശൈഖ് ജിഫ്രിയുടെ ശിഷ്യന്‍മാരായിത്തീര്‍ന്നു. ടിപ്പു സുല്‍ത്താനുമായി അദ്ദേഹം ഉഷ്മള ബന്ധം സ്ഥാപിച്ചിരുന്നു. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ നിത്യസ്മാരകമാണ് കോഴിക്കോട് മാനാഞ്ചിറ എന്ന് ചരിത്രം. 1908 ലാണ് അദ്ദേഹം വിയോഗം പ്രാപിക്കുന്നത്. ഏറനാടും വള്ളുവനാടും അടങ്ങുന്ന മലബാറിന്റെ നവോത്ഥാനത്തില്‍ അമൂല്യമായ സംഭാവനകള്‍ നല്‍കിയ ശൈഖ് ഹസന്‍ ജിഫ്രി മലബാറിന്റെ സൂഫീ പാരമ്പര്യത്തില്‍ വലിയ ഇടം നേടുകയും കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിരതാമസമാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മരുമകനായ സയ്യിദ് അലവി തങ്ങളും മകന്‍ ഫസല്‍ തങ്ങളും സാമൂഹിക സേവനങ്ങള്‍ക്കും അധിനിവേശ വിരുദ്ധ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ജിഫ്രി തങ്ങളുടെ സൂഫീ ആത്മീയ പാരമ്പര്യത്തിന്റെ ശക്തി സ്രോതസ്സില്‍ നിന്നുകൊണ്ടാണ്.

ബാ അലവി ത്വരീഖത്ത്
ഖാദിരിയ്യ ത്വരീഖത്തിന്റെ ശാഖയാണ് ബാ അലവി ത്വരീഖത്ത്. ശൈഖ് അഹ്മദ്ബ്‌നു ഈസയാണ് ആധ്യാത്മിക നേതാവ്. യമനിലെ ഹളറമൗത്തില്‍ നിന്നും മലബാറിലേക്ക് കുടിയേറിയ സയ്യിദ് വംശമാണ് ബാ അലവി സയ്യിദ് വംശം. കേരളത്തിലെ മത-സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ ഇവര്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടില്‍ തിരൂരങ്ങാടിയിലെ മമ്പുറത്ത് താമസമാക്കിയ സയ്യിദ് അലവി തങ്ങളിലൂടെ തെക്കന്‍ മലബാറില്‍ മതപ്രബോധനം വ്യാപിക്കുകയും ഖുത്വുബുസ്സമാന്‍ (യുഗപുരുഷന്‍) എന്ന പേരില്‍ വിശ്രുതനാവുകയും ചെയ്തു. 1843-ല്‍ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം മകന്‍ ഫസല്‍ തങ്ങള്‍ നേതൃത്വ രംഗത്ത് വരികയും പിതാവിനെപ്പോലെ സമുദായത്തിന്റെ നവോത്ഥാന സംരംഭങ്ങളില്‍ സയ്യിദ് ഫസല്‍ വ്യാപൃതനായി.
വെളിയങ്കോട് ഉമര്‍ ഖാളിയും, പരപ്പനങ്ങാടിയിലെ അവുകോയ മുസ്‌ലിയാരും മമ്പുറം തങ്ങളുടെ ഇഷ്ട ശിഷ്യന്‍മാരായിരുന്നു. മത-സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ അനല്‍പമായ സംഭാവനകള്‍ അര്‍പ്പിച്ച വെളിയങ്കോട് ഉമര്‍ ഖാളി മമ്പുറം തങ്ങളുടെ സമകാലികനും സഹപ്രവര്‍ത്തകനുമായിരുന്നു.
ഖാദി മുഹമ്മദാണ് കോഴിക്കോട് ഖാദി കുടുംബത്തിലെ ഏറ്റവും പ്രസിദ്ധനായ പണ്ഡിതന്‍. 40 ഓളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അവയില്‍ രണ്ടെണ്ണം വളരെ പ്രശസ്തവും മുസ്‌ലിം സാംസ്‌കാരിക ജീവിതത്തിന്റെ മഹത്തായ ഈടുവെപ്പുമാണ്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന മുഹ്‌യുദ്ധീന്‍ മാലയും, ഫത്ഹുല്‍ മുബീനുമാണ് അവ.
കേരളത്തിലെ മത സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന മറ്റൊരു സൂഫി-സയ്യിദ് കുടുംബമാണ് ബാഫഖികള്‍. ഏകദേശം 1770-ല്‍ യമനിലെ ഹളര്‍ മൗത്തില്‍ നിന്നും പ്രബോധനാര്‍ത്ഥം കുടിയേറിയവരാണ് ബാഫഖികള്‍. ശൈഖ് മുഹമ്മദ് ഷാഹിര്‍ ബാഫഖിയില്‍ നിന്നാണ്  ഈ കുടുംബത്തിന്റെ ഉല്‍ഭവം. ശൈഖ് മുഹമ്മദ്ബ്‌നു അഹമ്മദ് ആണ് ആദ്യത്തെ ബാഫഖി. കോഴിക്കോട്, വടകര മേഖലകളിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുത്ത ഹാശിം ബാഫഖി തങ്ങള്‍ മലബാറിലെ പ്രമുഖ വ്യവസായായിരുന്ന സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങള്‍. മത സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തുടങ്ങിയവരാണ് ബാഫഖി പരമ്പരയിലെ പ്രധാനികള്‍.

പാണക്കാട് തങ്ങന്‍മാര്‍
 18ാം നൂറ്റാണ്ടില്‍ യമനില്‍ നിന്നുവന്ന് കണ്ണൂരില്‍ താമസമാക്കിയ സയ്യിദ് അലി ശിഹാബ് തങ്ങളിലൂടെയാണ് പാണക്കാട് ശിഹാബ് കുടുംബം കേരളത്തിലെത്തുന്നത്. കേരള മുസ്‌ലിംകളുടെ സ്‌നേഹാദരവുകള്‍ നേടിയ സൂഫീ സയ്യിദീ കുടുംബമാണ് പാണക്കാട്ടെ ശിഹാബുദ്ദീന്‍ കുടുംബം. ഇവരും ബാ അലവി ത്വരീഖത്തിന്റെ കണ്ണിയില്‍ പെട്ടവരാണ്. സയ്യിദ് ഹുസൈന്‍ ശിഹാബുദ്ധീന്‍ തങ്ങള്‍ മലപ്പുറം ജില്ലയിലെ പാണക്കാട്ടേക്ക് താമസം മാറിയതോടെയാണ് പാണക്കാട് ശിഹാബുദ്ദീന്‍ കുടുംബത്തിന്റെ കേന്ദ്രമാവുന്നത്. മത - സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു അദ്ദേഹം. കേരള മുസ്‌ലിംകളുടെ മത സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങള്‍, മുഹമ്മദാലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഈ ശ്രേണിയിലുള്ളവരാണ്.

ഓടക്കല്‍ കുടുംബം
കേരള മുസ്‌ലിം ചരിത്രത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച സൂഫീ പണ്ഡിതകുടുംബമാണ് ഓടക്കല്‍ കുടുംബം. മലപ്പുറം ജില്ലയിലെ തിരൂര്‍ പൊന്നാനി, തിരൂരങ്ങാടി, വേങ്ങര, ഊരകം, കുഴിപ്പുറം, മറ്റത്തൂര്‍, ഒതുക്കുങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പരന്നുകിടക്കുന്ന ഈ കുടുംബത്തിന്റെ വേര് യമനിലാണ്. മാതൃപരമ്പരയുടെ വേര് പൊന്നാനി മഖ്ദൂം കുടുംബത്തിലും, തിരൂരങ്ങാടിയില്‍ ഖാളിയായിരൂന്ന പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ അലിഹസന്‍ മുസ്‌ലിയാരാണ് ഓടക്കല്‍ കുടുംബത്തിന്റെ പിതാവ്. താനൂരിലെ ഖാളിയും മുദരിസുമായിരുന്ന ഓടക്കല്‍ ശൈഖ് അഹമ്മദ് മുസ്‌ലിയാര്‍, കൂട്ടായി ഖാദിയായിരുന്ന ഓടക്കല്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, വാഗ്മിയായിരുന്ന ഖാളി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, പണ്ഡിതനും ഊരകം ഖാളിയുമായിരുന്ന അലിഹസന്‍ മൂന്നാമന്‍, കുഴിപ്പുറം ഖാളി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കോയക്കുട്ടി മുസ്‌ലിയാര്‍, തുടങ്ങിയവര്‍ കേരള മുസ്‌ലിംകള്‍ക്ക് മതപരമായ നേതൃത്വം നല്‍കിയ ഓടക്കല്‍ തറവാട്ടിലെ പ്രധാനികളാണ്.
വടക്കേ മലബാറില്‍ ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് വളപ്പട്ടണം ഖാദിമാര്‍. ആദ്യകാല മുസ്‌ലിം പ്രബോധകരില്‍പെട്ട സയ്യിദ് അബൂബക്കര്‍, സഹോരന്‍ സയ്യിദ് ഹുസൈന്‍, സയ്യിദ് മുഹമ്മദ് തുടങ്ങിയവരാണ് വളപട്ടണം ഖാദിമാരുടെ മുന്‍ഗാമികള്‍. ഇവര്‍ക്ക് ശേഷമാണ് ബുഖാരി തങ്ങന്‍മാര്‍ വളപ്പട്ടണം ഖാദിമാരാകുന്നത്.

ഹള്‌റമി സയ്യിദുമാര്‍,
കൊണ്ടോട്ടി തങ്ങന്‍മാര്‍

കച്ചവടച്ചരക്കുകളും വിശ്വാസാദര്‍ശങ്ങളും ഒരുപോലെ സഞ്ചരിച്ച ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങളില്‍ ഹള്‌റമി സയ്യിദുമാര്‍ എന്നും സ്വീകരിക്കപ്പെട്ടു. നയതന്ത്രജ്ഞന്‍മാരും ഭാഷാജ്ഞാനികളും ഭൂമിശാസ്ത്ര പണ്ഡിതന്‍മാരും പ്രശ്‌ന പരിഹാരകരും സമാധാന കാംക്ഷികളുമായിരുന്നു ഇവര്‍.
ബോംബെ കല്യാണ്‍ സ്വദേശിയായ മുഹമ്മദ് ഷാ തങ്ങളാണ് കൊണ്ടോട്ടി തങ്ങന്‍മാരുടെ പിതാവ്. അറബി പേര്‍ഷ്യന്‍ ഭാഷയിലും സൂഫിസത്തിലും നല്ല അവഗാഹം നേടിയ അദ്ദേഹം ടിപ്പു സുല്‍ത്താന്റെ അടുത്ത പരിചയക്കാരനായിരുന്നു. അല്‍പകാലത്തിനകം മുഹമ്മദ് ഷായുടെ സിദ്ധി നാടെങ്ങും പ്രചരിച്ചു. മലബാറിലുടനീളം അദ്ദേഹത്തിന് മുരീദുമാരുണ്ടായി. ശൈഖ് ജിഫ്‌രി അദ്ദേഹത്തിന്റെ മേല്‍ ശീഇസം ആരോപിക്കുകയും അദ്ദേഹത്തിന്റെ ത്വരീഖത്തിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

നഖ്ശബന്തി ത്വരീഖത്ത്
വളപ്പട്ടണത്തെ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ സയ്യിദ് മുഹമ്മദ് മൗലയും നഖ്ശബന്തി മാര്‍ഗത്തിന്റെ വക്താക്കളാണ്. ഹിജ്‌റ 9ാം ശതകത്തില്‍ മധ്യേഷ്യയിലെ ബുഖാറില്‍ നിന്നാണ് ശൈഖ് അഹ്മദ് വളപ്പട്ടണത്തേക്ക് കുടിയേറിയത്. കവരത്തിയില്‍ നിന്ന് മലബാറിലെത്തിയ സയ്യിദ് മുഹമ്മദ് മൗല കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രബോധനം നടത്തി. കൊച്ചിയില്‍ പ്രസിദ്ധമായ ചെമ്പിട്ട പള്ളി അദ്ദേഹമാണ് നിര്‍മിച്ചത്. അദ്ദേഹത്തിന്റെ മക്കളായ സയ്യിദ് മുഹമ്മദ് മൗലാമസ്താന്‍, ഹമീദ് ഫഖ്‌റുദ്ദീന്‍, സയ്യിദ് മുസ്തഫ കൊച്ചുകോയ തുടങ്ങിയവരെല്ലാം നഖ്ശബന്തി മാര്‍ഗം പ്രചരിപ്പിച്ചു.
സയ്യിദ് ജലാലുദ്ദിന്റെ ഏക മകന്‍ സയ്യിദ് ഇസ്മാഈല്‍ വിവിധ സ്ഥലങ്ങളില്‍ പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഒടുവില്‍ കൊച്ചിയില്‍ സ്ഥിരതാമസമാക്കി. പൊന്നാനിയിലെ സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്റെ ആത്മീയ ഗുരു കൂടിയായിരുന്നു സയ്യിദ് ഇസ്മാഈല്‍ ബുഖാരി.
ലവാമിഉല്‍ അന്‍വാര്‍, ജവാമിഉല്‍ ഫവാഇദ,  എന്നീ കൃതികളുടെ കര്‍ത്താവായ മുഹമ്മദ് ഫഖ്‌റൂദ്ദീന്‍ എന്ന കോയക്കുട്ടി തങ്ങള്‍, പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ സയ്യിദ് ഹാമിദ് കോയ തങ്ങള്‍ തുടങ്ങിയവരും ഈ കുടുംബത്തിലെ പ്രധാനികളാണ്. 1904 ല്‍ മരണപ്പെട്ട ശൈഖ് അബ്ദുറഹ്മാന്‍ താനൂരി, തെക്കെ മലബാറിലെ പ്രസിദ്ധനായ നഖ്ശബന്ധി സൂഫിയാണ്. തിരുവനന്തപുരത്ത് മാജിദാ ബീവിയും ഭര്‍ത്താവ് മാഹിന്‍ അബൂബക്കറും, എറണാകുളത്തെ കാഞ്ഞിരമറ്റത്ത് ശൈഖ് പരീരുദ്ധീന്‍ ഔലിയയും കാസര്‍ഗോഡ് മാലിക്
ബ്‌നു മുഹമ്മദും, പെരുമ്പടപ്പിലെ ബാവ കുഞ്ഞഹമ്മദ് മുസ്‌ലിയാരും പാലക്കാട്ട് ശൈഖ് ഹുസൈന്‍ മദനിയും, മലപ്പുറത്തെ ഹാജിയാര്‍ ഉപ്പാപ്പയും പ്രസിദ്ധി നേടിയ സൂഫീ പ്രചാരകരാണ്.

രിഫാഇയ്യ സൂഫീ ത്വരീഖ
ശൈഖ് അഹ്ദ് രിഫാഇ ( 11191182) യാണ് രിഫാഇ ത്വരീഖത്തിന്റെ സ്ഥാപകന്‍. ഇറാഖിലെ ബസ്വറ, വസീത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ഈ ത്വരീഖത്തിന്റെ ആവിര്‍ഭാവം. തുടക്കത്തില്‍ ഇറാഖില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രചാരം ഉണ്ടായിരുന്നില്ലെങ്കിലും 15ാം നൂറ്റാണ്ടോടെ ഖാദിരി ത്വരീഖത്തിന്റെ വ്യാപനത്തില്‍ രിഫാഈ സ്വൂഫിസത്തിന്റെ സ്വാധീനം കുറഞ്ഞുപോയി. ഇന്ത്യയില്‍ പ്രധാനമായും കേരളം, തമിഴ്‌നാട്, കര്‍ണാടക, ഹൈദരാബാദ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആണ് കുറഞ്ഞ തോതില്‍ വേരോട്ടം ലഭിച്ചത്. ഇവിടങ്ങളിലെല്ലാം രിഫാഈ തങ്ങന്‍മാരുടെ ദര്‍ഗകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും കാണാവുന്നതാണ്.
കളമശ്ശേരിയിലെ ശൈഖ് സയ്യിദ്  ഹാമിദ് രിഫാഇയും കോഴിക്കോട് ശൈഖ് റാഫി രിഫാഇയും അവരില്‍ പ്രമുഖരാണ്. രിഫാഇ തങ്ങന്‍മാരെക്കുറിച്ചുള്ള മദ്ഹൂം മറ്റും പക്ഷിപ്പാട്ടുകളിലും മറ്റ് മാലപ്പാട്ടുകളിലും അറബിയിലും അറബി മലയാള ഭാഷകളിലും കേരളത്തില്‍ സജീവമാണ്. റാത്തീബ് പോലെയുള്ള ദിക്ര്‍ കര്‍മങ്ങളും രിഫാഇ ത്വരീഖത്തില് നിന്ന് ഉടലെടുത്തതാണ്.

ശാദുലിയ്യ ത്വരീഖത്ത്
ഇമാം നൂറുദ്ധീന്‍ അബുല്‍ ഹസന്‍ അലി ശാദുലി റാസിയാണ് ശാദിലിയ്യ ത്വരീഖത്തിന്റെ സ്ഥാപകന്‍. അതിന്റെ ശാഖയായ ഫാസ്സിയ്യാത്തു ശാദുലിയ്യ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായ ത്വരീഖത്താണ്. കായല്‍ പട്ടണത്ത് ശൈഖ് അബൂബക്കര്‍ മിസ്‌കീനും ശൈഖ് മീര്‍ അഹ്മദ് ഇബ്രാഹീമും ഇതിന്റെ വക്താക്കളായിരുന്നു. കേരളത്തിലും ശാദുലിയ്യ ത്വരീഖത്തിന് വേരുകളുണ്ടായിരുന്നു. തിരൂരിലെ മച്ചിങ്ങപാറയിലെ ശൈഖ് മുഹമ്മദ് ബാപ്പു ഖാലിദ് ശാദുലിയും, കോഴിക്കോട് വടകരയിലെ ശൈഖ് മുഹമ്മദ് ഹാജി തങ്ങള്‍ ശാദുലിയും അതിന്റെ വക്താക്കളായിരുന്നു.

സുഹ്‌റാവര്‍ദിയ്യ
ഇമാം അബൂ ഹാമിദില്‍ ഗസ്സാലിയുടെ ശിഷ്യഗണത്തില്‍പെട്ട അബ്ദുല്‍ വാഹിര്‍ അബൂ നജീബ് സുഹ്‌റാ വര്‍ദ്ദിയാണ് സുഹ്‌റാവര്‍ദിയ്യ സ്ഥാപിച്ചത്. കേരളത്തിലും ഈ ത്വരീഖത്തിന് വേരുകളുണ്ടായിരുന്നു. കണ്ണൂരിലെ പുറത്തിയിലെ ശൈഖ് അബ്ദുല്‍ ഖാദിര്‍ സാനി സുഹ്‌റാവര്‍ദിയായിരുന്നു ഈ ത്വരീഖത്തിന്റെ പ്രചാരകര്‍.

ഉപസംഹാരം
വ്യത്യസ്ത സന്ദര്‍ഭങ്ങളിലും, കാലഘട്ടത്തിലും ഭരണമാറ്റങ്ങള്‍ക്കും രാഷ്ട്രീയ വടം വലികള്‍ക്കും ഇടയിലുംലോകത്ത് ഇസ്‌ലാം അതിജീവിക്കുന്നതില്‍ സൂഫിസം സുപ്രധാനമായ ദൗത്യമാണ് നിര്‍വഹിച്ചത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ തലങ്ങളില്‍ അതത് കാലങ്ങളില്‍ അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധികളേയും പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതില്‍ സൂഫി ഉലമാക്കളായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഇമാം ഗസ്സാലി, ശൈഖ് അഹ്മദ് സര്‍ഹിന്ദി, ഷാഹ് വലിയുല്ലാഹി ദഹ്‌ലവി, ഇമാം ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി തുടങ്ങിയ സൂഫീ ഉലമാക്കള്‍ അവരുടെ കാലങ്ങളില്‍ അവരുടേതായ സാമൂഹിക ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. കേരളത്തിലും ഇത്തരത്തിലുള്ള നവോത്ഥാനം നടന്നിട്ടുള്ളതിന്റെ തെളിവുകളാണ് കേരള സമൂഹത്തിന്റെ വിശേഷിച്ചും കേരള മുസ്‌ലിം സമൂഹം ആര്‍ജിച്ചതും നേടിക്കൊണ്ടിരിക്കുന്നതുമായ സാമൂഹിക - സാംസ്‌കാരിക - സാമ്പത്തിക - രാഷ്ട്രീയ - വൈജ്ഞാനിക ഉന്നതി.

author image
AUTHOR: മുഹമ്മദ് നിഷാദ് ബാബു
   (റിസര്‍ച്ച് സ്‌കോളര്‍, അലീഗഡ് യൂണിവേഴ്‌സിറ്റി)