കേരള മുസ്‌ലിം പരിഷ്‌കരണത്തിലെ സ്ത്രീ

ടി എ സജ്‌ന   (റിസര്‍ച്ച് സ്‌കോളര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)

19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടു കൂടി ഇന്ത്യയില്‍ നവോത്ഥാനത്തിന്റെ ശക്തമായ മുന്നേറ്റം കാണാനാകും. ചില വ്യക്തികളുടെ ചിന്തയില്‍ നിന്ന് ഉള്‍തിരിഞ്ഞ് വ്യത്യസ്ത സംഘടനകളായാണ് ഇത് വളര്‍ന്നു വന്നത്. പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ ഫലമായി ചിന്തയിലും പ്രവൃത്തിയിലും ആധുനികത കണ്ടെത്തിയ ഒരു വിഭാഗത്തിന്റെ വളര്‍ച്ച ഇന്ത്യയില്‍ നവോത്ഥാനം വേരോടാന്‍ കാരണമായി. അച്ചടി മാധ്യമ രംഗത്തെ പുരോഗതിയും പൊതു ഇടത്തിന്റെ സാധ്യതകളും മാറ്റത്തിനായി ചിന്തിക്കുന്ന ഒരു മധ്യ വര്‍ഗ്ഗത്തിന്റെ വളര്‍ച്ചക്ക് തുടക്കം കുറിച്ചു. ഈ മധ്യവര്‍ഗ്ഗം, പരമ്പരാഗത വിശ്വാസത്തേയും  ആചാരത്തേയും ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇവരുടെ മുന്നിലുയര്‍ന്ന ഏറ്റവും വലിയ വെല്ലുവിളി, സ്ത്രീകളുടെ നിലവിലുള്ള ഇരുണ്ട അവസ്ഥയെ മാറ്റിയെടുക്കുക എന്നതായിരുന്നു. ഇതിനുവേണ്ടി അവര്‍ ലക്ഷ്യം വെച്ചത് സാമൂഹിക മാറ്റം എന്നതിലേക്കാണ്. സതി, ശൈശവ വിവാഹം, പര്‍ദ്ദ സമ്പ്രദായം തുടങ്ങിയ ആചാരങ്ങള്‍ക്കെതിരെ ഇവര്‍ ഇടപെടാന്‍ തുടങ്ങി. ഈ മാറ്റം ഇന്ത്യ മുഴുവന്‍ വ്യാപിച്ചു.
    കേരളത്തിലെ മുസ്‌ലിംകളിലും ഇതര സമുദായങ്ങളിലും സംഭവിച്ച സാമൂഹിക നവോത്ഥാനം രൂപത്തില്‍ സമാനമാണ്. ഈഴവര്‍ക്കിടയില്‍ നടന്ന ജാതിവിരുദ്ധ പോരാട്ടങ്ങളും നമ്പൂതിരിമാര്‍ക്കിടയിലും നായന്മാര്‍ക്കിടയിലും നടന്ന സാമുദായിക പരിഷ്‌കരണവും മുസ്‌ലിംകള്‍ക്കിടയിലെ മതനവീകരണ പ്രവര്‍ത്തനങ്ങളും ആധുനിക കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെ അടിത്തറയില്‍ നിന്നു കൊണ്ടാണ് ഉയിര്‍കൊണ്ടത്. നവോത്ഥാന പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിലും ഏകോപിപ്പിക്കുന്നതിലും ആധുനിക വിദ്യാഭ്യാസത്തിന്റെ സ്വാധീനം പ്രടകമാണ്. ഇതില്‍നിന്നു തന്നെയാണ് മുസ്‌ലിം പരിഷ്‌കര്‍ത്താക്കളുടെ കടന്നുവരവും.
    19-ാം നൂറ്റാണ്ടിന്റെ അന്തിമ ഘട്ടത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ഉയര്‍ന്നുവന്ന പരിഷ്‌കര്‍ത്താക്കളായിരുന്നു സയ്യിദ് സനാഉള്ള മക്തിതങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ശൈഖ് മുഹമ്മദ് മാഹിന്‍ ഹംദാനിതങ്ങള്‍, വക്കം മൗലവി തുടങ്ങിയവര്‍. അച്ചടി മാധ്യമങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കുകയും അത് ഫലവത്തായി ഉപയോഗിക്കുകയും ചെയ്തിരുന്നു ഈ പരിഷ്‌കര്‍ത്താക്കള്‍. ഭൗതിക വിദ്യാഭ്യാസത്തേക്കാള്‍ മതവിദ്യാഭ്യാസമായിരുന്നു അക്കാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്നത്. ആധുനിക വിദ്യാഭ്യാസത്തില്‍ ഊന്നിക്കൊണ്ട് മത വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കുകയാണ് ഈ പരിഷ്‌കര്‍ത്താക്കള്‍ ചെയ്തത്. അന്ധവിശ്വാസത്തിലും അനാചാരത്തിലും മുഴുകിയ മുസ്‌ലിം സമൂഹത്തെ ഖുര്‍ആനിന്റേയും ഹദീസിന്റേയും ചട്ടക്കൂടിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അവരുടെ അജണ്ട. സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി തന്നെയായിരുന്നു ഈ പരിഷ്‌കര്‍ത്താക്കളുടെ പരമമായ ലക്ഷ്യം. സ്ത്രീ സാന്നിദ്ധ്യം തീര്‍ത്തും അദൃശ്യവും അപ്രസക്തവും ആയ ഒരു അവസ്ഥയെയാണ് മുസ്‌ലിം പരിഷ്‌ക്കര്‍ത്താക്കള്‍ അഭിമുഖീകരിച്ചത്. അത്‌കൊണ്ടുതന്നെ നവോത്ഥാന പ്രക്രിയയുടെ പ്രഥമമായ ഊന്നല്‍, വിദ്യാഭ്യാസവും സ്ത്രീകളുടെ അവകാശാധികാരങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമായിത്തീര്‍ന്നു. പ്രസിദ്ധീകരണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയുമായിരുന്നു ഇത്തരം ബോധവല്‍ക്കരണം ഇവര്‍ സാധ്യമാക്കിയത്. (ശാസ്ത്രീയവും ആധുനികവുമായ വിദ്യാഭ്യാസ പ്രചരണം, മത നവീകരണം, സത്രീ സ്വാതന്ത്ര്യം എന്നീ ആശയങ്ങളാണ് പരിഷ്‌ക്കരണ വാദികളുടെ കാര്യപരിപാടികളില്‍ പ്രധാനമായും ഇടം നേടിയത്). യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ വിലക്കുകള്‍ ലംഘിച്ച് മാതൃ ഭാഷയിലൂടെ ആധുനിക വിദ്യാഭ്യാസം നേടാന്‍ സമുദായത്തോട് പരിഷ്‌കര്‍ത്താക്കള്‍ ആഹ്വാനം ചെയ്തു. വക്കം മൗലവിയും മക്തി തങ്ങളും ഈ നിലയില്‍ സമുദായത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിരുന്നു. ''രാജഭക്തിയും ദേശാഭിമാനവും'' എന്ന ലേഖനത്തിലൂടെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു സ്ഥാപനത്തിലിരുന്ന് വിദ്യാഭ്യാസം നടത്തുന്നതിനെ തങ്ങള്‍ പ്രോത്സാഹിപ്പിച്ചു.
    വക്കം മുഹമ്മദ് അബ്ദുല്‍ഖാദര്‍ മൗലവിയും സ്വസമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി നല്‍കിയ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. 'മുസ്ലിം', 'അല്‍ - ഇസ്ലാം', 'ദീപിക' എന്നീ വാരികളിലൂടെ മുസ്‌ലിംങ്ങളെ വിദ്യാസമ്പന്നരാക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. 'മുസ്ലി'മിന്റെ ആദ്യ ലക്കത്തില്‍ തന്നെ തിരുവിതാകൂര്‍ മുസ്‌ലിംകങ്ങളുടെ വിദ്യാഭ്യാസ സ്ഥിതിവിവരക്കണക്ക് അദ്ദേഹം അവതരിപ്പിച്ചു. അത്പ്രകാരം സാക്ഷരതാനിരക്ക് പുരുഷന്മാരുടേത് 8.4 ശതമാനവും സ്ത്രകളുടേത് 1.0 ശതമാനവും ആയിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി മൗലവി ശക്തിയുക്തം വാദിച്ചു. ബുദ്ധിയുടെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷനു തുല്യരാണെന്നും മതപരവും മതേതരവുമായ വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നതിന് അവര്‍ക്ക് തുല്യ അവകാശമുണ്ടെന്നും മൗലവി അടിവരയിട്ടു. സ്ത്രീകളുടെ ശോചനീയമായ സാമൂഹികാവസ്ഥയെ പ്രതിപാദിക്കുന്ന അഖിലേന്ത്യാതലത്തിലുള്ള ചര്‍ച്ചകളും അവര്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുന്ന മാഗസിനുകളുമെല്ലാം 'മുസ്ലിം' മാസിക പരിചയപ്പെടുത്തുന്നുണ്ട്. ''നമ്മുടെ സ്ത്രീകള്‍'' എന്ന ലേഖനത്തില്‍ ആണ് മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസാവകാശത്തെക്കുറിച്ച് മൗലവി പ്രതിപാദിക്കുന്നത്.
    പരിഷ്‌കര്‍ത്താവായ മൗലാനാ ചാലിലകത്തിന്റെ മദ്രസാ പരിഷ്‌ക്കരണം അക്കാലത്ത് വിപ്ലവംതന്നെ സൃഷ്ടിച്ചു. മൗലാന ആവിഷ്‌ക്കരിച്ച മദ്രസിലെ ക്ലാസ്‌റൂം സമ്പ്രദായവും മലയാളം ബോധനമാധ്യമമാക്കിയതും ഗണിതവും ശാസ്ത്രവും പാഠ്യവിഷയങ്ങളാക്കിയതും മത നവീകരണ പ്രക്രിയയിലെ നാഴികക്കല്ലുകളായിരുന്നു. പരിഷ്‌കരണ പ്രവര്‍ത്തകര്‍ പോലും പെണ്‍കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ മടിച്ചുനിന്ന കാലത്ത് അമ്മാവന്റേയും തന്റെയും പണ്‍മക്കളെ സ്‌കൂളിലയച്ചുകൊണ്ട് മൗലാന മാതൃകകാട്ടി. ഇത് കൊണ്ടുതന്നെ 'കേരളത്തിന്റെ സര്‍ സയ്യിദ്' എന്ന് ഇദ്ദേഹം അറിയപ്പെട്ടു.
    1920-ഓടുകൂടി ഈ പരിഷ്‌ക്കര്‍ത്താക്കളുടെ ശ്രമഫലമായി, കേരളാടിസ്ഥാനത്തില്‍ മുസ്‌ലിംകളുടെ സാമൂഹിക പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനരൂപം കൊണ്ടു. അത് 'കേരള മുസ്ലിം ഐക്യസംഘം' എന്ന് വിളിക്കപ്പെട്ടു. പുരോഗമനപരമായ ചിന്തകളായിരുന്നു സംഘത്തിന്റേത്. ഖുര്‍ആനും സുന്നത്തും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശിര്‍ക്കിനും അനാചാരത്തിനുമെതിരെയായിരുന്നു സംഘത്തിന്റെ  ആദ്യ പ്രഹരം. 1924-ല്‍ ആലുവയില്‍ ചേര്‍ന്ന രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ സമുദായം മതനിന്ദയായി കരുതിയ സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ആവശ്യം ഐക്യംഘം ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി കൂടുതല്‍ സ്‌കൂളുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും മറ്റൊരു പ്രമേയത്തിലൂടെ  പ്രസ്തുത സമ്മേളനം ഉന്നയിക്കുകയുണ്ടായി. അഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ അദ്ധ്യക്ഷനായ എം.എം മുഹമ്മദാലി (പൂനെ)യും ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിലൂന്നിയാണ് സംസാരിച്ചത്. ഈ കാലയളവില്‍, ഐക്യസംഘം ബ്രിട്ടീഷ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി മലബാറില്‍ ഒട്ടേറെ മാപ്പിള സ്‌കൂളുകള്‍ സ്ഥാപിതമായി. ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തിലാണ് 'കേരള ജംഇയ്യത്തുല്‍ ഉലമ' രൂപീകൃതമായത്. ഐക്യസംഘത്തിന്റെ പണ്ഡിത സഭയായി ഇത് അറിയപ്പെട്ടു. ഇവര്‍ പ്രഥമവും പ്രധാനപരവുമായ പരിഗണന നല്‍കിയതും സാര്‍വ്വത്രിക വിജ്ഞാന പ്രചരണത്തിനായിരുന്നു. ഇവരുടെ പ്രചരണത്തിന്റെ ധാരയായി പ്രവര്‍ത്തിച്ചത് മുഖപത്രമായ 'അല്‍ മുര്‍ഷിദ്' മാസികയായിരുന്നു.
    1920 മുതല്‍ 1960 വരെ കാലഘട്ടത്തില്‍ മലബാറില്‍ നിന്ന് മലയാളത്തിലും അറബി-മലയാളത്തിലുമായി ഒട്ടേറെ മാസികകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇവ മുസ്ലിം സമൂഹത്തിനിടയില്‍ പുതിയ ചിന്തയുടെ വിത്ത് പാകി. (ഉദാ: അല്‍ഇത്തിഹാദ്, നിസാഹുല്‍ ഇസ്ലാം, അല്‍ബയാന്‍, ഹിദായത്ത്, യുവജനമിത്രം, മുസ്ലിം സഹകാരി, മാര്‍ഗ്ഗദര്‍ശകന്‍, ചിന്തകന്‍.) ഇതില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ കാതലായി പ്രവര്‍ത്തിച്ചിരുന്ന മാസികകള്‍ അല്‍മനാര്‍, അന്‍സാരി, ന്യൂഅന്‍സാരി എന്നിവയാണ്. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ആദ്യ ഘട്ടത്തില്‍ സ്ത്രീ ശാക്തീകരണത്തിനും സ്ത്രീ വിമോചനത്തിനും വേണ്ടിയുള്ള ആശയ സമരങ്ങള്‍ പ്രബലമായിരുന്നുവെന്ന് നാം കണ്ടു. പക്ഷെ, സംഘടനകളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സ്ത്രീകളെ സംഘടനയുടെ ഭാഗമാക്കിയതായി നമുക്ക് കാണാന്‍ സാധിക്കുന്നില്ല. മുസ്‌ലിം ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ സംഘടനകളുടെ വാര്‍ഷിക യോഗങ്ങളില്‍ സ്ത്രീകള്‍ പങ്കെടുത്തതായി രേഖകളില്ല. സ്ത്രീകള്‍ക്ക് പ്രത്യേക സമ്മേളനം സംഘടിപ്പിക്കുകയോ സ്ത്രീകള്‍ സദസ്സിനെ അഭിമുഖീകരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സംഘടനയുടെ തണലിലല്ലാത്ത വിധം സ്ത്രീകള്‍ ഒത്തുകൂടുകയും സമ്മേളനം നടത്തപ്പെടുകയും ചെയ്തതായി കാണാന്‍ സാധിക്കുന്നുണ്ട്. ഇവരില്‍ പ്രമുഖയാണ് എം.ഹലീമാ ബീവി. ഇവര്‍ പത്രാധിപരും സാമൂഹികപരിഷ്‌കര്‍ത്താവും ആയിരുന്നു. 1938-ല്‍ 'മുസ്ലിം വനിത' എന്ന പേരില്‍ ഇവരൊരു മാസിക തുടങ്ങി. മുസ്ലിം വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ച മാസികക്ക് യാഥാസ്ഥിതികരായ മുസ്ലിങ്ങളില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടിവന്നു. തിരുവല്ലയില്‍ നിന്ന് മാസികയുടെ പ്രസിദ്ധീകരണം പെരുമ്പാവൂരിലേക്ക് മാറ്റിയെങ്കിലും ഏറെനാള്‍ മാസിക തുടര്‍ന്നുകൊണ്ടുപോകാനായില്ല. 1946-ല്‍ 'ഭാരത ചന്ദ്രിക' എന്ന ആഴ്ചപ്പതിപ്പിന് ഇവര്‍ രൂപം നല്‍കി. സാഹിത്യത്തിനായിരുന്നു ഇതില്‍ പ്രാധാന്യം. മാനേജിംഗ് എഡിറ്ററായിരുന്നു ഹലീമാബീവി. ഇതിന്റെ സബ് എഡിറ്റര്‍മാര്‍ വൈക്കം മുഹമ്മദ് ബഷീര്‍, വക്കം അബ്ദുല്‍ഖാദര്‍ മൗലവി, വെട്ടൂര്‍ രാമന്‍നായര്‍  എന്നീ മൂന്ന് പ്രഗത്ഭരായിരുന്നു.  ബഷീറിന്റെ ബാല്യകാലസഖിയും പാത്തുമ്മയുടെ ആടും വെളിച്ചം കണ്ടത് ഈ മാസികയിലൂടെയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം 'ഭാരത ചന്ദ്രിക' ദിനപ്പത്രമാക്കി. ഭാരത ചന്ദ്രികയില്‍ വന്നിരുന്ന ലേഖനങ്ങള്‍ വളരെ പുരോഗമനപരമായിരുന്നു. 
    ഹലീമബീവി തന്റെ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും സ്ത്രീയുടെ ദുരവസ്ഥകള്‍ വളരെയധികം വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പുരുഷവര്‍ഗ്ഗത്തോടവര്‍ ചോദിക്കുന്നു. ''സ്ത്രീയെ ചുമതലാ ബോധമുള്ളവരും വിവേകികളും വിജ്ഞാനികളും ആക്കിത്തീര്‍ക്കേണ്ട ബാധ്യത നിങ്ങള്‍ക്കാണ്'' വിദ്യാഭ്യാസം കൊണ്ടുമാത്രം സ്ത്രീകള്‍ക്ക് തൃപ്തരാകാനാവില്ലായെന്നും ആവശ്യങ്ങള്‍ വ്യക്തമാക്കാനും അവകാശം നേടിയെടുക്കാനും സ്ത്രീകള്‍ സംഘടിക്കേണ്ട ആവശ്യമുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. 1938-ല്‍ തിരുവല്ലയില്‍ നടന്ന വനിതാ സമ്മേളനത്തില്‍ അവര്‍ നടത്തിയ പ്രസംഗം സ്ത്രീകളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ എന്ന നിലക്ക് വായിച്ചെടുക്കാം.
    ഈ സമ്മേളനത്തിന്റെ ഉദ്ദേശ്യം സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തുകയാണെന്നും പുരുഷന്മാരെ ആരാധിച്ച് കഴിയേണ്ടവളല്ല സ്ത്രീയെന്നും അവര്‍ക്ക് സ്വാതന്ത്ര്യവും അസ്തിത്വവും ദൗത്യവും ഉണ്ടാകണമെന്നും ഹലീമാബീവി ഉണര്‍ത്തുന്നു. എന്നിട്ടവര്‍ സ്ത്രീ സമൂഹത്തോടായി തുടരുന്നു. ''ശരീഅത്ത് പ്രകാരം  സ്ത്രീക്ക് പുരുഷന്മാരുടേതിന് തുല്യമായ അകാശമുണ്ട്. ഈ പരമാര്‍ത്ഥം മനസ്സിലാക്കിയിട്ടുള്ള സ്ത്രീകള്‍ നമുക്കിടയില്‍ എത്രപേരുണ്ട്? അല്ലെങ്കില്‍ ഇവരെ ഇങ്ങനെ തരംതാഴ്ത്തി അടുക്കളപ്പാവകളായി പ്രസവയന്ത്രങ്ങളായി മാറ്റിയ പുരുഷന്മാര്‍ക്ക് റസൂല്‍ മാതൃകയാണോ?'' ഇങ്ങനെയുള്ള എഴുത്തുകളിലൂടെ ശക്തമായ രീതിയില്‍ ഇവര്‍ സ്ത്രീ ശാക്തീകരണത്തിനുവേണ്ടി ആഹ്വാനം ചെയ്യുന്നത് കാണാന്‍ സാധിക്കും. ഹലീമാബീവിയോളം പ്രശസ്തരല്ലെങ്കിലും ഒട്ടേറെ മുസ്‌ലിം വനിതകള്‍ പൊതു രംഗത്തുണ്ടായിരുന്നു. ആയിഷാബിമാഹിന്‍, വി.എസ്.കാസിം ബി മിസ്ട്രസ്, മിസിസ് രാജമ്മ യൂസഫ്, തങ്കമ്മ മാലിക്ക്, മറിയം ബീവിമരക്കാര്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.
കെ.എന്‍.എം.ന്റെ രൂപീകരണത്തോടുകൂടി കേരള മുസ്ലിങ്ങള്‍ സംഘടിതരായിത്തീര്‍ന്നു. ഈ സംഘടനയുടെ കീഴില്‍ മദ്രസകളും വിദ്യാഭ്യാസസ്ഥാപനങ്ങളും വന്നു. മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇവര്‍ അതീവ പ്രാധാന്യമാണ് നല്‍കിയത്. കെ.എന്‍.എം.ന്റെ പ്രസിദ്ധീകരണമായ അല്‍മനാറിലും പ്രമുഖ പണ്ഡിതര്‍ നടത്തിയിരുന്ന അന്‍സാരി, ന്യൂ അന്‍സാരി, മിഷ്‌കാത്തുല്‍ ഹുദാ തുടങ്ങിയ മാസികകളിലൂടെയും കണ്ണോടിക്കുകയാണെങ്കില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മുഖം ദര്‍ശിക്കാനാകും. പത്തിലേറെ സ്ത്രീകള്‍ ഇത്തരം പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം എഴുത്തുകാരായി ഉണ്ടാകുകയും സ്ത്രീകളുടെ സ്ഥിരം പംക്തികള്‍ക്ക് ഇടം നല്‍കുകയും ചെയ്തിരുന്ന പി.കെ.സുബൈദ, ഫാത്തിമകുട്ടി മദനിയ, സൈനബ, ആയിഷകുട്ടി മദനിയ തുടങ്ങിയവരും ഇതില്‍ പ്രമുഖരാണ്.
പി.കെ.സുബൈദയുടെ 'സ്ത്രീകള്‍ക്കൊരു സംഘടന വേണം' എന്ന ലേഖനത്തില്‍ സ്ത്രീ സംഘടനയുടെ ആവശ്യകത പ്രതിപാദിക്കുന്നു. ഇവരുടെ രണ്ടാമത്തെ ലേഖനം 'അബല വര്‍ഗ്ഗത്തിന്റെ ഉദ്ധാരണമാര്‍ഗ്ഗം' നിര്‍ദ്ദേശിക്കുന്നത്, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമാണ് ആവശ്യം എന്നതാണ്. ഫാത്തിമ മദനിയയുടെ 'ഇസ്‌ലാമും സ്ത്രീകളും' എന്ന ലേഖനത്തില്‍ ഇസ്‌ലാം സ്ത്രീകള്‍ക്കനുവദിച്ച അവകാശങ്ങള്‍ വ്യക്തമാക്കുന്നു. അവരുടെത്തന്നെ രണ്ടാം ലേഖനം 'പര്‍ദ്ദക്കുള്ളിലെ കര്‍മ്മശേഷി' എന്ന ലേഖനത്തില്‍ പര്‍ദ്ദയിട്ട സ്ത്രീയുടെ വിശാല ലോകവും അവരുടെ കര്‍മ്മവീഥിയെക്കുറിച്ചും ബോധ്യപ്പെടുത്തുകയാണ്. എ.സൈനബയുടെ 'മുസ്ലിം സ്ത്രീകളും പര്‍ദ്ദയും' എന്ന ലേഖനത്തില്‍ പര്‍ദ്ദയെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ വ്യത്യസ്തമായാണ് അവതരിപ്പക്കുന്നത്. പര്‍ദ്ദ എന്നത് ഒരു വസ്ത്രത്തിലുപരി ഒരു പെരുമാറ്റരീതിയാണ് എന്നതാണ് ഈ ലേഖനം പറയുന്നത്. ഈ മാസികകളിലെ മിക്ക ലേഖനങ്ങളിലും ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീയുടെ സ്ഥാനങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയും വിശകലനവും ഈ സ്ത്രീകള്‍ മുന്നോട്ടുവെക്കുന്നു. ഇസ്‌ലാമിനെപ്പറ്റിയുള്ള മുന്‍വിധിയെ തകര്‍ക്കുകയാണിവര്‍ ചെയ്യുന്നത്. ഇസ്‌ലാം സ്ത്രീകള്‍ക്കു നല്‍കുന്ന അവകാശവും സ്വാതന്ത്ര്യവും ബോധ്യപ്പെടുത്താനും എല്ലാവരേയും പ്രാപ്യമാക്കാനും തന്നെയാണിവര്‍ ശ്രമിച്ചതെന്ന് കാണാം.
ഈ സ്ത്രീകളൊന്നും പുരുഷ കേന്ദ്രീകൃതമായ പ്രത്യയശാസ്ത്ര മൂല്യങ്ങളെ നിഷേധിക്കുന്നില്ല. കാരണം ഇവരെല്ലാം നവോത്ഥാനനായകരുടെ തണലില്‍ നിന്നു കൊണ്ട് എഴുത്തിന്റെ ലോകത്ത് എത്തിയവരാണ്. എങ്കിലും ഇസ്‌ലാം എന്ന പ്രത്യയശാസ്ത്ര വ്യവസ്ഥക്കകത്ത് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കി തങ്ങളുടെ സ്വത്വം സ്ഥാപിച്ചെടുക്കുകയാണ് ഈ എഴുത്തുകാരികള്‍. ഈ കാലഘട്ടത്തിലെ പുരുഷന്മാരായ എഴുത്തുക്കാരുടെ സൃഷ്ടികള്‍ വായിക്കുമ്പോഴാണ് സ്ത്രീ എഴുത്തുക്കാരുടെ പ്രസക്തി ബോധ്യപ്പെടുന്നത്. പുരുഷന്മാരുടെ രചനകളെല്ലാം ഒരു വിഷയത്തെമാത്രം കേന്ദ്രീകരിച്ചുള്ളതല്ല. പൊതുവെ എല്ലാ ലേഖനങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുകയോ പരമാര്‍ശിച്ച് പോവുകയോ ചെയ്യുന്ന വിഷയം മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസമാണ്. 1953-ലെ അല്‍മനാറിന്റെ പത്രാധിപക്കുറിപ്പില്‍ 'സ്ത്രീ വിദ്യാഭ്യാസം' എന്ന തലക്കെട്ടില്‍ എഡിറ്റര്‍ തന്റെ ആശങ്ക മുന്നോട്ടുവെച്ചു കൊണ്ട് മുസ്ലിം സ്ത്രീകളുടെ പരിഷ്‌ക്കാരത്തെ തടയിടുവാന്‍ മത വിദ്യാഭ്യാസം നല്‍കണമെന്ന് പ്രഖ്യാപിക്കുന്നു. അതുപോലെ, ജമാലുദ്ദീന്‍ മൗലവിയുടെ ലേഖനത്തില്‍ ഒരു സ്ത്രീയുടെ കടമ എന്തായിരിക്കണമെന്ന് വിശദീകരിക്കുന്നു. കുടുംബ മഹത്വത്തിനും അമ്മ, ഭാര്യ എന്നീ സ്ഥാനങ്ങള്‍ നിലനിര്‍ത്തേണ്ടതിനും അടിയുറച്ച മതവിശ്വാസമാണ് ലേഖനം മുന്നോട്ട്‌ വെക്കുന്നത്. ഈ കാലഘട്ടത്തില്‍ത്തന്നെ അല്‍മനാറില്‍ ഒരു തുടര്‍ലേഖനം കാണാനാകുന്നുണ്ട്. 'ഇസ്ലാമിലെ ബഹുഭാര്യത്വം' ഇസ്‌ലാമിലെ ബഹുഭാര്യത്വത്തെ അംഗീകരിക്കുകയും എന്തുകൊണ്ട് ബഹുഭാര്യത്വം എന്നത് വിശദീകരിക്കുകയും ചെയ്യുന്നു ഇവിടെ. പുരുഷന്റേയും സ്ത്രീയുടേയും ശാരീരിക കഴിവുകളുടെ വ്യത്യാസം ചൂണ്ടിക്കാണിക്കുകയും ബുദ്ധിപരമായി സ്ത്രീ വളരെ പിന്നിലാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നു ഈ ലേഖനം. പുരുഷന് ബഹുഭാര്യത്വം ആകാം എന്ന നിഗമനത്തിലാണ് ലേഖനം അവസാനിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമായി സ്ത്രീപക്ഷത്തു നില്‍ക്കുന്ന ചില അപൂര്‍വ്വം എഴുത്തുകാരെങ്കിലും അന്ന് ഉണ്ടായിരുന്നു. എം.സി.സി അഹമ്മദ് മൗലവിയുടെ 'മുസ്ലീം സ്ത്രീകള്‍ക്ക് അവകാശമുണ്ടോ?'(1952) എന്ന പുസ്തകത്തില്‍ സ്ത്രീകളുടെ പള്ളിപ്രവേശവും വസ്ത്രധാരണവും വളരെ പുരോഗമനപരമായിത്തന്നെ വിലയിരുത്തുന്നുണ്ട്. ഒതായി പ്രദേശത്തെ മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശനവുമായി (ജുമാഅയും ജമാഅത്തും) ബന്ധപ്പെട്ട് യഥാസ്ഥിതികന്മാരായ മുസ്ല്യാക്കന്മാര്‍ക്ക് നല്കിയ മറുപടിയെ ആധാരമാക്കിയുള്ളതാണ് ഈ പുസ്തകം. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും എല്ലാ നമസ്‌കാരത്തിനും പള്ളിയില്‍ വരാന്‍ അവകാശമുണ്ടെന്ന് ഹദീസിന്റെ പിന്‍ബലത്തില്‍ മൗലവി വാദിക്കുന്നു. സ്ത്രീകളെ എല്ലാ നമസ്‌കാരങ്ങളിലേക്കും പുരുഷനോടൊപ്പം കൊണ്ടുവരാന്‍ ആഹ്വാനം ചെയ്യുന്നു. നമസ്‌കരിക്കാന്‍ വരുന്ന സ്ത്രീകള്‍ പാലിക്കേണ്ടനിയമങ്ങളായി പുരുഷ വിഭാഗം സാധാരണയായി മുന്നോട്ടുവെക്കുന്ന വാദങ്ങളെ മൗലവി ഈ പുസ്തകത്തിലൂടെ ഖണ്ഡിക്കുകയാണ്. ആഭരണം കെട്ടാതിരിക്കുക, മോടിയുള്ള അലങ്കാരം ചമയാതിരിക്കുക, ഭംഗിയുള്ള വസ്ത്രം ധരിക്കാതിരിക്കുക, പരിമളം പുരട്ടാതിരിക്കുക എന്നീ നാല് വാദങ്ങളെയാണ് മൗലവി ഖണ്ഡിക്കുന്നത്.
1970 വരെയുള്ള ഘട്ടം കെ.എന്‍.എം.ന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഘട്ടമാണ്. സ്ത്രീയുടെ വിദ്യാഭ്യാസവും ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളും പാരമ്പര്യ വാദികളോടുള്ള സംവാദങ്ങളും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ അടിത്തറ ഉറപ്പിച്ചു. ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്നുവരുന്നതായി കാണാന്‍ സാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച വ്യത്യസ്ത അസോസിയേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളും കെ.എന്‍.എം.ന്റെ കീഴിലുള്ള സ്ഥാപനങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ എഴുപതുകള്‍ക്കു ശേഷം സംഘടന വളരെ ശക്തി പ്രാപിക്കുകയും സംഘടനയുടെ പ്രവര്‍ത്തന രീതികള്‍ക്ക് മാറ്റംവരുകയും ചെയ്തു. സംഘടനയിലെ അധികാര വികേന്ദ്രീകരണ പ്രക്രിയയിലൂടെ സംഘടനക്ക് പുതിയൊരു ഊര്‍ജ്ജം ലഭിച്ചതായി കാണാം. ഐ.എസ്.എം, എം.എസ്.എം, എം.ജി.എം എന്നീ ഉപ സംഘടനകള്‍ രൂപീകൃതമായി. ഇതോടെ മുജാഹിദ് സംഘടനക്ക് പുതിയൊരു ഘട്ടം ആരംഭിച്ചു. 1940-70 കളില്‍ എഴുതപ്പെട്ട ഏതാനും രചനകള്‍ മാത്രമാണിവിടെ ചര്‍ച്ചചെയ്തത്. ലഭ്യമായ എഴുത്തുകളില്‍ സ്ത്രീകള്‍ എങ്ങിനെ അവരുടെ സാമൂഹികാവസ്ഥയേയും മതപരമായ അവകാശങ്ങളേയും നോക്കികാണുന്നുവെന്ന് എടുത്തുകാണിക്കുക മാത്രമാണിവിടെ ചെയ്ത്. ശക്തമായ ഭാഷയില്‍ തന്നെ പുരുഷാധിപത്യത്തേയും പൗരോഹിത്യത്തേയും നിഷേധിക്കുന്ന രചനകള്‍ ഇവരുടേതായുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതാവസ്ഥയില്‍ പുരുഷാധിപത്യത്തെ നിരാകരിക്കാന്‍ കഴിയുമായിരുന്നില്ല. മതത്തിന്റെ ചട്ടകൂടില്‍ നിന്നുകൊണ്ട് തന്നെ പെണ്ണിന്റേതായ ഒരിടത്തെ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിച്ചത്.
    കെ.എന്‍.എം.ന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കപ്പെട്ടിരുന്നു. ഹലീമബീവിയുടെ പ്രസംഗം പ്രസക്തമാണിവിടെ. 1950 കള്‍ക്കുശേഷം നടന്ന മുജാഹിദ് സമ്മേളനങ്ങളില്‍ പണ്ഡിത സ്ത്രീകള്‍ പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല സ്ത്രീ ശാക്തീകരണ പ്രവര്‍ത്തന ഘട്ടത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച പരിപാടികളും മുന്‍ഗണനകളും ഏറെ പുരോഗമിച്ചിരുന്നതായി നിരീക്ഷിക്കാനാകും(34). കേവല സാക്ഷരതയില്‍ നിന്ന് ഉന്നത പഠന മേഖലയിലേക്കും തൊഴിലിടങ്ങളിലേക്കും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ പ്രാതിനിധ്യം സാധ്യമാക്കുന്നതിനുള്ള അജണ്ടകള്‍ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി വരുന്നത് കാണാം. എന്നാല്‍ സ്ത്രീശാക്തീകരണ പദ്ധതിയെക്കുറിച്ചുള്ള ഈ നിലപാട് മുജാഹിദ് പ്രസ്ഥാനം കൂടുതല്‍ സംഘടിതമാക്കുകയും സ്ത്രീ -വിദ്യാര്‍ത്ഥി-യുവജന ഘടകങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്ത ശേഷം പഴയ ആര്‍ജ്ജവത്തോടെ മുന്നോട്ടുപോകാന്‍ സാധിച്ചില്ല എന്നതാണ് വസ്തുത. ഗാര്‍ഹിക ജീവിതത്തിനപ്പുറത്ത് സ്ത്രീയുടെ പങ്കും പ്രസക്തിയും അടയാളപ്പെടുത്തുന്ന കാര്യത്തില്‍ മുജാഹിദ് സംഘടനകള്‍ക്ക് ഏറെ മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ല. സംഘടനയിലെ സ്ത്രീ വിഭാഗങ്ങളുടേയും അവരുടെ പ്രസിദ്ധീകരണങ്ങളുടേയും നിലപാടുകളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുമ്പോള്‍ ഇത് മനസ്സിലാക്കാം. പള്ളിക്കൂടത്തിലും പള്ളിയിലുമൊക്കെ മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രവേശനം ലഭ്യമായെങ്കിലും കുടുംബ സാമൂഹിക ജീവിത രംഗങ്ങളില്‍ ഇസ്‌ലാം അനുവദിച്ച സ്വാതന്ത്ര്യം കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഇനിയും അകലെയാണെന്ന് സൂക്ഷ്മ വിശകലനത്തില്‍ വ്യക്തമാകും. സാഹിത്യ ചിന്താരംഗങ്ങളില്‍ സ്ത്രീകള്‍ക്ക് നവോത്ഥാന ഘട്ടത്തിലുണ്ടായിരുന്ന കുതിച്ചു ചാട്ടത്തില്‍ നിന്ന് പിന്നീട് പിറകോട്ടടിച്ചുഎന്നത് എഴുപതുകള്‍ക്കുശേഷമുണ്ടായ മുജാഹിദ് പത്ര പ്രസിദ്ധീകരണങ്ങളും ആദ്യകാലത്തെ രചനകളും തമ്മില്‍ താരതമ്യം ചെയ്താല്‍ ബോധ്യമാകും. ഈ രണ്ടാംഘട്ടത്തില്‍ സ്ത്രീയുടെ മുന്നേറ്റ പ്രക്രിയയില്‍ സാരമായ മാറ്റം കാണാനാകുന്നുണ്ട്. സംഘടനയുടെ കീഴിലുള്ള 'സ്ത്രീ' ശക്തിപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വിധേയത്വമുള്ളവളായി മാറുന്നതാണ് കാണാന്‍ സാധിക്കുന്നത്.

സ്ത്രീ സംഘടനകള്‍
1982- ല്‍ ഫറോക്കില്‍ നടത്തിയ രണ്ടാം സലഫി സമ്മേളനം പുളിക്കല്‍ സമ്മേളനത്തിന് (1979) വിഭിന്നമായി വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമായൊരു സമ്മേളനം സംഘടിപ്പിച്ചു. എം.എസ്.എം.വനിതാ വിംഗ് പ്രസിഡണ്ട് എം.ജമീലയുടെ അധ്യക്ഷതയില്‍ നടന്ന ഈ സമ്മേളനം പ്രത്യേകം ശ്രദ്ധേയമായി.(35) ഈ സമ്മേളനത്തോടെ പ്രസ്ഥാന വനിതകള്‍ക്കിടയില്‍ കെട്ടുറപ്പുള്ള ഒരു കൂട്ടായ്മ രൂപപ്പെട്ടു. എം.എസ്.എം.വനിത വിംഗിന്റെ ലക്ഷ്യം കലാലയ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ മതബോധമുണ്ടാക്കി ഇസ്‌ലാമിക സംസ്‌കാരം ഊട്ടിയുറപ്പിക്കുക എന്നതാണ്. 1987-ലെ കുറ്റിപ്പുറം സമ്മേളന ശേഷം പ്രത്യേക വനിതാ വിംഗിന്റെ ആവശ്യകത ബോധ്യപ്പെടുകയും തുടര്‍ന്നു എം.ജി.എം രൂപീകരിക്കുകയും ചെയ്തു. പിന്നീട് കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ എം.ജി.എം വളരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തനമാരംഭിച്ചു. ശാഖകള്‍തോറും വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ക്കിടയിലെ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു.'സുഭദ്ര കുടുംബം ധാര്‍മ്മിക കുടുംബം'(36) എന്ന പ്രമേയവുമായി കേരളത്തിലുടനീളം ഫലവത്തായ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും വിശകലനം ചെയ്യുന്നതിനായി. ഇക്കാലത്ത് 'പുടവ' എന്ന മാസിക ആരംഭിച്ചു. ഈ സംഘടനയുടെ ലക്ഷ്യം, ''ഇസ്ലാം സ്ത്രീകള്‍ക്കുനല്‍കിയ സ്വാതന്ത്ര്യം സമൂഹത്തെ പഠിപ്പിക്കാനും അതിലൂടെ ഇസ്‌ലാമിന്റെ അന്തസ്സ് ഉയര്‍ത്തിക്കാട്ടാനുമായി പ്രവര്‍ത്തിക്കുക, ഇസ്‌ലാമിക ചട്ടകൂടില്‍ നിന്നുകൊണ്ട് സമൂഹത്തെ നയിക്കാന്‍ മുസ്‌ലീം വനിതകളെ സജ്ജമാക്കുക'' എന്നതാണ്.
എം.ജി.എം.എന്ന സംഘടനയുടെ കീഴില്‍ വളര്‍ന്നു വന്ന സ്ത്രീകളുടെ എഴുത്തും പ്രസംഗങ്ങളും വിലയിരുത്തുകയാണിവിടെ. ഡോ.എം.സുഹറ മോങ്ങം എഴുതിയ 'സ്ത്രീ കുടുംബിനി, ഭാര്യ, മാതാവ്'(38) എന്ന ലേഖനത്തില്‍ ഉടനീളം ഇസ്‌ലാംമതം സ്ത്രീകള്‍ക്കു തന്ന അവകാശം വിശദീകരിക്കുകയും സ്ത്രീയുടെ സംരക്ഷണവും പാര്‍പ്പിടവും പുരുഷബാധ്യതയാണ് എന്ന ആശയത്തെ സമര്‍ഥിക്കുകയുമാണ്. സ്ത്രീയുടെ കുടുംബത്തോടുള്ള ഉത്തരവാദിത്വം വിശദീകരിച്ച് ഇവര്‍ പറയുന്നു ''സല്‍സ്വഭാവവും കുലീനതയുമുള്ള സ്ത്രീകള്‍ കുടുംബത്തിന്റെ ഐശ്വര്യമാണ്.... കുടുംബത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റു മരിക്കുന്ന സ്ത്രീകള്‍ക്കുള്ള പ്രതിഫലം സ്വര്‍ഗ്ഗമാണ്...''(39) ഖുര്‍ആന്‍, ഹദീസ്. എന്നിവയില്‍ നിന്നുള്ള തെളിവുകള്‍ നിരത്തി 'കുലീനത'യും 'ഉത്തരവാദിത്വവും' സ്ത്രീകള്‍ മാത്രം നിറവേറ്റേണ്ട ഒന്നാണെന്ന് ഇവര്‍ സ്ഥാപിക്കുന്നു. ഫാത്തിമ.കെ.അരീക്കോടിന്റെ 'ധന്യമായ സ്ത്രീത്വം' എന്ന ലേഖനത്തില്‍ സ്ത്രീ - പുരുഷ സമത്വത്തെ നിരാകരിച്ചുകൊണ്ട് കുടുംബ ഭദ്രതക്കും സമാധാന പൂര്‍ണ്ണമായ ദാമ്പത്യ ജീവിതത്തിനും അനുവര്‍ത്തിക്കേണ്ട അതിപ്രധാനമായ ഒന്നാണ് മേലധികാരം പുരുഷന് എന്നത്  സ്ഥാപിക്കുന്നു.
ആദ്യകാല മുജാഹിദ് സംഘടനയുടെ ആശയങ്ങളായ സ്ത്രീകളുടെ പള്ളിപ്രവേശനം, അനാചാരം, സ്ത്രീധനം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ഇന്നും ഈ സ്ത്രീ സംഘടനകള്‍ മാറുന്നില്ല. ശരീഅത്തുമായി ബന്ധപ്പെട്ട് കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളെ ക്കുറിച്ചോ മതത്തിനുള്ളിലെ ലിംഗ അസമത്വത്തെപ്പറ്റിയോ ഈ സംഘടനകള്‍ ഗൗരവമായ സമീപനം കൈകൊള്ളുന്നില്ല.
1984-ല്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥിനി സംഘടന (ജി.ഐ.ഒ - ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍) നിലവില്‍വന്നു. ഈ സംഘടനയുടേയും ലക്ഷ്യം സ്ത്രീ ശാക്തീകരണവും വിമോചനവും തന്നെ. എന്നാല്‍ എം.ജി.എം-ല്‍ നിന്ന് വിഭിന്നമായി രാഷ്ട്രീയ രംഗത്തെ സ്ത്രീകളുടെ ഇടപെടല്‍ ഇവര്‍ ലക്ഷ്യമാക്കുന്നു. ജനസേവന മേഖലകളിലേക്കും തൊഴിലിടങ്ങളിലേക്കുമുള്ള സ്ത്രീയുടെ അവസരങ്ങളെ ഉപയോഗപ്പെടുത്തി അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യവും സംഘടനക്കുള്ളതായികാണാം. ഇവരുടേതായ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളില്‍, ഇവരുടെ സ്ത്രീ സമീപനം നമുക്ക് കാണാനാകും. 'പ്രണയം, ലൈംഗികത:സദാചാരം ഇന്നിന്റെ പെണ്‍ചിന്ത'(42) എന്ന ലേഖനത്തില്‍  കുത്തഴിഞ്ഞ ലൈംഗികത എങ്ങനെ സമൂഹത്തിന്റെ ധാര്‍മികമായ അടിത്തറ തകര്‍ക്കുന്നു എന്നതിലേക്കാണ് ലേഖിക എത്തിച്ചേരുന്നത്. സമൂഹത്തിന്റെ മൂല്യം സൂക്ഷിക്കേണ്ടത് സ്ത്രീയുടെ ബാധ്യതയാണ് എന്നും ലേഖിക സമര്‍ത്ഥിക്കുന്നു. സഫിയ ഇഖ്ബാലിന്റെ 'വുമണ്‍ ആന്‍ഡ് ഇസ്‌ലാമിക് ലോ' എന്ന ലേഖനത്തിന്റെ പരിഭാഷയില്‍ മതം സ്ത്രീക്ക് അനുവദിക്കുന്ന സ്വാതന്ത്ര്യവും പരിരക്ഷയും എടുത്തുകാണിക്കുകയും സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മതവിരുദ്ധമായ ആശയവും പാശ്ചാത്യ ചിന്തകളുടെ സ്വാധീനമാണെന്ന് ഇവര്‍ വാദിക്കുന്നു.
    പര്‍ദ്ദയുടെ വ്യാപനത്തിന് ഈ സംഘടനകളുടെ സ്വാധീനം വളരെ വലുതാണ്. പ്രത്യക്ഷത്തില്‍ ഇവര്‍ പര്‍ദ്ദയെ അനുകൂലിക്കുന്നില്ലെങ്കിലും ഇവരുടെ പര്‍ദ്ദാനുഭാവം ഇവരുടെ ലേഖനങ്ങളില്‍ വ്യക്തമാണ്. പര്‍ദ്ദയെപ്പോലെത്തന്നെ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് ഇസ്‌ലാമിക ശരീഅത്തും. ഇന്ത്യന്‍ മുസ്‌ലീം വ്യക്തി നിയമങ്ങളെ പൂര്‍ണ്ണമായും ക്രോഡീകരിക്കാത്തതിനാല്‍ ലിംഗ വിവേചനപരമായ വ്യാഖ്യാനങ്ങള്‍ക്ക് ധാരാളം സാധ്യതകള്‍ നല്‍കുന്നു. ഈ അവസ്ഥയെ മുസ്‌ലിം പുരോഗമന പ്രസ്ഥാനങ്ങള്‍ ഇതിനെ എങ്ങിനെ വിലയിരുത്തുന്നു എന്ന് നോക്കാം. സ്ത്രീയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന മതമാണ് ഇസ്‌ലാം എന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. അതിനാല്‍ ഇന്ത്യയിലെ മുസ്‌ലിം പേഴ്‌സണല്‍ ലോ മാറ്റം വരുത്തണമെന്നതില്‍ ഇവര്‍ക്ക് അഭിപ്രായമില്ല . 'സ്ത്രീയും വ്യക്തിനിയമങ്ങളും' എന്ന ലേഖനത്തില്‍ പറയുന്നു: ''വിവാഹമുക്തയെ കൂടെ പാര്‍പ്പിക്കുകയും നേരായാല്‍ തിരിച്ചെടുക്കുകയും അല്ലെങ്കില്‍ മാന്യമായി പിരിച്ചയക്കുകയും ചെയ്യുക എന്ന അത്യന്തം നീതിയുക്തവും ധര്‍മ്മനിഷ്ഠവുമായ സമ്പ്രദായം ദുനിയാവില്‍ ഏതെങ്കിലും 'നിയമത്തില്‍' കാണിച്ചുതരാന്‍ കഴിയുമോ..?''(48) ഇങ്ങിനെ ഇസ്ലാമിന്റെ നന്മ വിവരിക്കുന്ന ലേഖനത്തില്‍, വിവാഹമോചന ദ്രവ്യം (Maintenance after divorce) എന്നതിനെപ്പറ്റി പരമാര്‍ശമില്ല. വ്യക്തിനിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ ചര്‍ച്ചക്കെടുക്കുകയോ അതില്‍ പുതിയ ആശയങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. കൃസ്ത്യന്‍-ഹിന്ദു സ്ത്രീകള്‍ അതതു സിവില്‍ നിയമങ്ങള്‍ പരിഷ്‌കരണത്തിനായി സംഘടിക്കുകയും നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ ഇത്തരം പരിഷ്‌ക്കാരങ്ങള്‍ സാധ്യമല്ല എന്നുമാത്രമല്ല അതിനായുള്ള ആവശ്യങ്ങളും കേള്‍ക്കുന്നില്ല.
 അമേരിക്കയിലെ ആമിനാ വദൂദും മൊറോക്കയിലെ ഫാത്തിമ മെര്‍നിസിയും ഈജിപ്തിലെ ലൈലാ അഹമ്മദും ഇന്ത്യയിലെ അസ്‌റൊമാനിയും സ്ത്രീ എന്ന സംവര്‍ഗ്ഗത്തിലടങ്ങിയിട്ടുള്ള പ്രതിനിധാനങ്ങളേയും ഇസ്ലാമിനകത്തു തന്നെയുള്ള പുരുഷാധിപത്യ പ്രവണതകളേയും ചോദ്യം ചെയ്യുന്നുണ്ട്. ആധുനികതയുടെ കാലത്ത് രൂപമെടുത്ത പുരുഷാധിപത്യ പ്രവണതകള്‍ മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും വിരുദ്ധമാണെന്ന് ഇവര്‍ വാദിക്കുന്നു.  ഈ വാദത്തിന് മതത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും അഭിപ്രായാന്തരങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്.
കേരളത്തിലെ മുസലിം പരിഷ്‌കര്‍ത്താക്കളായ മക്തിതങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദാജി, വക്കം അബ്ദുള്‍ഖാദര്‍ മൗലവി എന്നിവരുടെ ശ്രമഫലമായി മുസ്‌ലിങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക തലങ്ങളില്‍ വിപ്ലവകരമായ മുന്നേറ്റമുണ്ടായി. കേരള മുസ്ലീങ്ങള്‍ക്കിടയില്‍ മക്തിതങ്ങള്‍ പുതിയ ചിന്താധാരക്ക് തുടക്കം കുറിച്ചു. മൗലാന ചാലിലകത്തിന്റെ മദ്രസാ പരിഷ്‌ക്കരണത്തിലൂടെ മത വിദ്യാഭ്യാസ രംഗം പുതിയൊരു മാനം കൈവരിച്ചു. വക്കം മൗലവി ഉയര്‍ത്തിയ മതേതര കാഴ്ചപ്പാടിലുള്ള വിദ്യാഭ്യാസം മുസ്‌ലീങ്ങള്‍ക്ക് മത പഠനത്തിലുപരി ആധുനിക വിദ്യാഭ്യാസം പ്രാപ്യമാക്കി. മുസ്ലീം സ്ത്രീകളുടെ ഉന്നമനം തന്നെയായിരുന്നു ഈ പരിഷ്‌ക്കര്‍ത്താക്കളുടെ പരമമായ ലക്ഷ്യം. 1920-60 വരെയുള്ള നവോത്ഥാനത്തിന്റെ ഒന്നാം ഘട്ടത്തില്‍, പരിഷ്‌കര്‍ത്താക്കളുടെ ശ്രമഫലമായി മുസ്‌ലിം സ്ത്രീകള്‍ മാസികകളിലൂടേയും പ്രസംഗങ്ങളിലൂടേയും പൊതുമണ്ഡലത്തിലേക്ക് കടന്നുചെന്നു. മതത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ പൗരോഹിത്യത്തിനും പുരുഷാധിപത്യത്തിനുമെതിരെ ഇവര്‍ ശക്തമായി പ്രതികരിക്കുന്നതായികാണാം.
1960 കള്‍ക്കുശേഷം രണ്ടാംഘട്ടത്തില്‍ സംഘടനാപരമായി ഈ പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയും സ്ത്രീ സംഘടനകള്‍ ഉദയം കൊള്ളുകയും ചെയ്തു. പുതിയ സ്ത്രീപ്രസിദ്ധീകരണങ്ങളുടെ വരവും ഇക്കാലത്തുണ്ടായി. നവോത്ഥാനഘട്ടത്തില്‍ സാഹിത്യ-ചിന്താരംഗങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായ മുന്നേറ്റം പിന്നീട് ഏറെ മുന്നോട്ടുപോയില്ല എന്നത് 1970-കള്‍ക്കുശേഷമുണ്ടായ സ്ത്രീകളുടെ പത്ര-മാസികാ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. സംഘടനയുടെ കീഴിലുള്ള സ്ത്രീ, ശക്തിപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വിധേയത്വമുള്ളവളായി മാറുന്നതാണ് കാണാന്‍ കഴിയുന്നത്. സമ്മേളനങ്ങളില്‍ അംഗബലം കൂട്ടാനുള്ള ഒരു വിഭാഗമായി മാത്രം ഈ സ്ത്രീകള്‍മാറി. മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒട്ടേറെ ഉണ്ടായെങ്കിലും, പണ്ഡിത തലത്തിലേക്ക് ഒരു കേരള മുസ്‌ലിം സ്ത്രീപോലും ഉയര്‍ന്നില്ല എന്നത് വിമര്‍ശനപരമായി വിലയിരുത്തേണ്ടതാണ്. മുസ്‌ലിം വിവാഹ നിയമമുള്‍പ്പെടെ, കലോചിത പരിഷ്‌ക്കാരത്തിലൂടെ മുസ്ലിം വ്യക്തിനിയമം സ്ത്രീ മിത്രമാക്കാന്‍ ഈ സംഘടനകള്‍ക്ക് സാധ്യമായിട്ടില്ല. ഇസ്ലാം അനുവദിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനോ മാറുന്ന ലോകക്രമത്തിനൊപ്പം സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട നിയമ തുല്യതക്കോ ഇവര്‍ വേണ്ടത്ര ശ്രമിക്കുന്നില്ല.

author image
AUTHOR: ടി എ സജ്‌ന
   (റിസര്‍ച്ച് സ്‌കോളര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)