ആലപ്പുഴ പട്ടണത്തിലെ കച്ചി മേമന്‍ മുസ്‌ലിംകള്‍

മുഷ്താഖ് ഫസല്‍   (അസ്ഹറുല്‍ ഉലൂം, ആലുവ)

ത്തൊമ്പതാം നൂറ്റാണ്ടില്‍ ആലപ്പുഴ പട്ടണം തുറമുഖമായി വികസിച്ചതോടെ വിവിധ നാട്ടു പ്രദേശങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും നിരവധി കച്ചവടക്കാരും കച്ചവട കുടുംബങ്ങളും ആലപ്പുഴയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ആലപ്പുഴയുമായി പ്രധാനമായും വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത് അറബികളും യൂറോപ്യരുമായിരുന്നു. നിരവധി യൂറോപ്യന്‍ വ്യാപാരികള്‍ ആലപ്പുഴയില്‍ കയര്‍ ഫാക്ടറികളും സുഗന്ധ വ്യഞ്ജന കേന്ദ്രങ്ങളും നിര്‍മ്മിച്ചത് ആലപ്പുഴയുടെ അന്താരാഷ്ട്ര വ്യാപാര ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ്. ആലപ്പുഴയുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ പലരും അവിടെതന്നെ സ്ഥിര താമസമാക്കുകയും ചെയ്തു. ഇത്തരത്തില്‍ കുടിയേറിയവരില്‍ പലരുടെയും തലമുറകള്‍ ആലപ്പുഴ ജില്ലയില്‍ പലയിടത്തും പല മേഖലകളിലും ജിവിക്കുന്നുണ്ട്. ഇത്തരത്തില്‍ ആലപ്പുഴയിലേക്ക് കുടിയേറിയവരില്‍ പ്രമുഖ മുസ്ലിം വിഭാഗമാണ് കച്ചി മേമന്മാര്‍. ആലപ്പുഴ നഗരത്തെ തുറമുഖമായി വികസിപ്പിക്കണമെന്ന തിരുവിതാംകൂര്‍ ദിവാനായിരുന്ന ശ്രീ. രാജാ കേശവദാസിന്റെ അഭിലാഷ പൂര്‍ത്തീകരണത്തിനായി അദ്ദേഹം തന്നെ ബോംബെയില്‍ നിന്നും ഗുജറാത്തില്‍ നിന്നും കുറെ കച്ചവടക്കാരെയും കച്ചവട കടുംബങ്ങളെയും ക്ഷണിച്ചുവരുത്തുകയും അവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും സേവനങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇത്തരത്തില്‍ ക്ഷണിച്ചുവരുത്തപ്പെട്ടവരില്‍ പാഴ്‌സി, ബനിയ എന്നീ വിഭാഗങ്ങള്‍ക്കു പുറമെ ഗുജറാത്തി പാരമ്പര്യമുള്ള കച്ചി മേന്മന്‍ മുസ്ലിംകളുമുണ്ടായിരുന്നു. പരമ്പരാഗതമായി വ്യാപാരം നടത്തുന്ന കച്ചി മേമന്മാര്‍ നാവിക രംഗത്തും പ്രാവീണ്യം നേടിയവരാണ്. അങ്ങനെ കച്ചി മേന്മാര്‍ ആലപ്പുഴയിലേക്ക് തങ്ങളുടെ ജീവിതം പറിച്ചുനട്ടു. ആലപ്പുഴയുടെ വ്യാപാര രംഗത്തുമാത്രമല്ല, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലും കച്ചി മേമന്മാര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ സമുദായത്തില്‍പ്പെട്ട സിദ്ദീഖ് സേട്ട്, ഹാജി ഹസന്‍ യഅ്ഖൂബ് സേട്ട് തുടങ്ങിയവര്‍ കായംകുളം നഗര സഭയുടെ ചെയര്‍മാന്‍മാരായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല, ഇതേ സമുദായത്തില്‍പ്പെട്ട സുലൈമാന്‍ മുസ്ലിയാര്‍ സേട്ടിന്റെ നേതൃത്വത്തില്‍ മണിവിളക്ക് എന്നപേരില്‍ ഒരു അറബിമലയാളം ദൈ്വവാരിക അച്ചടിച്ചിരുന്നു. പരിഷ്‌കരണ ചിന്തകള്‍ കൊണ്ട് സമ്പന്നമായിരുന്നു 'മണിവിളക്കി'ലെ ലേഖനങ്ങള്‍. ആലപ്പുഴ നിവാസികളുടെ അറബി ഭാഷയിലും സാഹിത്യത്തിലുമുള്ള വളര്‍ച്ചക്ക് മണിവിളക്ക് സ്വാധീനം ചെലുത്തിയിട്ടുണ്ട്. തിരുവിതാംകൂറില്‍ ആദ്യമായി അറബി അധ്യാപകര്‍ നിയമിക്കപ്പെടുന്നത് ആലപ്പുഴനഗരത്തില്‍ സ്ഥിതിചെയ്യുന്ന ലജനത്തുല്‍ മുഹമ്മദീയ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ്.
വ്യാപാരത്തിനു പുറമെ സാമൂഹിക സേവന മേഖലകളിലും കച്ചി മേമന്മാര്‍ മികച്ചുനിന്നു. ആലപ്പുഴയില്‍ പള്ളികള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പണിയുന്നതിലും കച്ചി മേമമന്‍മാര്‍ തങ്ങളുടെ സമ്പാദ്യങ്ങള്‍ വിനിയോഗിച്ചിരുന്നു. ആലപ്പുഴ പട്ടണം തുറമുഖമായി വികസിച്ചതിനു ശേഷമുള്ള ആദ്യ പള്ളിയായ കച്ചി മേമന്‍ നൂറാണി ജുമുഅത്ത് മസ്ജിദ്, അബ്ബാ നികുടാ മസ്ജിദ്, ജഅ്ഫര്‍ ജുമുഅത്ത് മസ്ജിദ് എന്നിവ കച്ചിമേമന്‍മാര്‍ നിര്‍മിച്ച പള്ളികളാണ്. കച്ചി മേമനുകളില്‍ മുഖ്യപങ്കും ഇതര മുസ്ലിം വിഭാഗങ്ങളില്‍ ലയിച്ചുചേര്‍ന്ന് മത-സാംസാകാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലം കേരളീയ സമൂഹവുമായി ഇഴുകിചേര്‍ന്നപ്പോഴും കച്ചി മേമന്‍മാര്‍ സ്വന്തമായൊരു ജീവിത ശൈലിയും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നുണ്ട്. നിസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനാ കര്‍മങ്ങളിലും പൂര്‍വിക/പാരമ്പര്യ രീതിയാണ് അവര്‍ ഇന്നും പിന്തുടരുന്നത്. കേരളത്തില്‍ ഇന്ന് കൊച്ചിയിലും കോഴിക്കോടുമാണ് കച്ചി മേമന്‍മാര്‍ പ്രബലമായി അവശേഷിക്കുന്നത്. ആലപ്പുഴ ക്ഷയിച്ചതോടെ കുടിയാറിപ്പാര്‍ത്തവരില്‍ ഭൂരിഭാഗം ആളുകളും ഗുജറാത്തിലേക്കും കോഴിക്കോട്ടേക്കും തിരികെപ്പോയി. ഇന്ന് ഇവരുടെ തലമുറയില്‍പ്പെട്ട ഏതാനും ചില കുടുംബങ്ങളാണ് ആലപ്പുഴയില്‍ അവശേഷിക്കുന്നത്.     


കച്ചിമേമന്‍:
ഉത്ഭവവും വികാസവും

ശൈഖ് മുഹിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (470561/10771166) യുടെ അഞ്ചാം തലമുറയില്‍പ്പെട്ട സയ്യിദ് പീര്‍ യൂസുഫുദ്ദീന്‍ അബൂ സകരിയ്യ യഹയ ഹി. 824ല്‍ ഇസ്ലാമിക പ്രബോധനാര്‍ത്ഥം ഇന്നത്തെ പാകിസ്ഥാനില്‍പ്പെട്ട സിന്ധിലെത്തി. അവരുടെ സ്വാധീനത്താല്‍ അവിടുത്തെ ഡപ്യൂട്ടി ഗവര്‍ണര്‍ മുറാഖബ് ഖാന്റെ ഉപദേഷ്ടാക്കളും ലഹന വൈശ്യ ബ്രാഹ്മണരുമായ മാനേക്ജീയുടെ മകന്‍ രാക്ജീയും ഇസ്‌ലാം ആശ്ലേശിച്ചു. ഇവരെ തുടര്‍ന്ന് 700 കുടുംബങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. അവരില്‍ 6718 പേര്‍ ലെഹാന സമുദായക്കാരായിരുന്നു. അവരുടെ വിശ്വാസ ദാര്‍ഢ്യത്തില്‍ സംതൃപ്തനായ പീര്‍ യൂസുഫുദ്ദീന്‍ അവരെ മുഅ്മിന്‍ എന്ന് വിളിച്ചു. അത് പരിണമിച്ചാണ് മേമന്‍ എന്നായി മാറിയത്. ആദം സേട്ടിന്റെ നേതൃത്വത്തില്‍ നൂറിനും നൂറ്റി അമ്പതിനും ഇടയില്‍ കുടുംബങ്ങള്‍ സിന്ധിലെ നഗര്‍തട്ടിയില്‍ നിന്ന് പലായനം ചെയ്തു. അവരില്‍ സിന്ധിലെ കറാച്ചിയിലെത്തിയവര്‍ സിന്ധി മേമന്‍ എന്നും ഗുജറാത്തിലെ സൂറത്തിലെത്തിയവര്‍ സൂറത്തി മേമന്‍ എന്നും കത്യാവാറിലെ ഹലായിലെത്തിയര്‍ ഹലായിമേമന്‍ എന്നും അറിയപ്പെടുന്നു.
ഹിജ്‌റ 947ല്‍ അവസാന സംഘം ആദം സേട്ടിന്റെ പുത്രനായ കനാസേട്ടിന്റെ നേതൃത്വത്തില്‍ ഗുജറാത്തിനും സിന്ധിനുമിടയിലുള്ള കച്ചില്‍ താമസമാക്കി. ഇവരാണ് കച്ചിമേമന്‍മാര്‍ എന്നറിയപ്പെടുന്നത്. 1806 ഡിസംബര്‍ 29ന് കച്ചില്‍ കടുത്ത ക്ഷാമം ബാധിച്ചപ്പോള്‍ അവിടെയുള്ള മേമനുകളില്‍ ഭൂരിഭാഗംപേരും ഇന്ത്യയുടെ പല മേഖലകളിലേക്കും പലായനം ചെയ്തു. അവരില്‍ ഒരുസംഘം കൊടുങ്ങല്ലൂരിലെ തത്തംപള്ളിയിലുമെത്തി. 1815ല്‍ കച്ചവടാവശ്യാര്‍ത്ഥം കേരളത്തിലേക്ക് പലായനം ചെയ്ത 2500 പേര്‍ അടങ്ങുന്ന 500 കച്ചിമേമന്‍ കുടുംബങ്ങള്‍ കൊച്ചിയില്‍ വന്ന് താമസമുറപ്പിച്ചു. കൊച്ചി മഹാരാജാവ് അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. അന്യനാട്ടിലേക്ക് പലയാനംചെയ്ത കുടുംബങ്ങളെ യാത്രയാക്കവെ നല്‍കിയ സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ബൂബൂള്‍ മത്സ്യം ഇന്നും കേരളത്തിലെ കച്ചിമേമന്‍മാര്‍ക്ക് ഇഷ്ടാഹാരമാണ്.
17ാം നൂറ്റാണ്ടില്‍ കച്ചിലെ ജനങ്ങളെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചിരുന്നു. കേരളത്തിലെ പ്രമുഖ കച്ചികുടുംബപേരുകളും മുന്‍ഗാമികളുടെ തൊഴിലിനെ സൂചിപ്പിക്കുന്നതാണ്. തയ്യല്‍ക്കാര്‍ക്ക് സൂയി എന്നും കല്‍പ്പണിക്കാര്‍ക്ക് സീലാട്ട് എന്നു നെയ്ത്തുകാര്‍ക്ക് കോറായി എന്നും കുലപ്പേര് നല്‍കി. കച്ച് ഗ്രാമങ്ങളുടെ പേരുകളായ സിങ്കേരി, നൂറാണി, കടുവാണി എന്നിവയും കുടുംബ നാമമാക്കാറുണ്ട്. കച്ചവടക്കാരായ മേമനുകള്‍ ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ, കൊച്ചി എന്നിടങ്ങളില്‍ മാത്രമല്ല, ചൈനയിലും ജപ്പാനിലും ആഫ്രിക്കയിലെ ബ്രിട്ടീഷ് കോളനികളിലും എത്തിപ്പെട്ടു. അവരുടെ പിന്‍മുറക്കാര്‍ ഇന്നുമവിടെയുണ്ട്.

കച്ചിമേമന്‍:
കുടിയേറ്റവും വ്യാപാരവും

19ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദിവാനായിരുന്ന ശ്രീ. രാജാ കേശവദാസ് ബോംബെയില്‍നിന്ന് കുറെ ഗുജറാത്തി കുടുംബങ്ങളെ ആലപ്പുഴയിലേക്ക് ക്ഷണിച്ചുവരുത്തി. അവരില്‍ പാഴ്‌സി, ബനിയ, കച്ചിമേമന്‍ എന്നീ വിഭാഗക്കാരുമുണ്ടായിരുന്നു. പരമ്പരാഗതമായി വ്യാപാരം നടത്തുന്ന കച്ചിമേമന്‍ മുസ്‌ലിംകള്‍ ആലപ്പുഴയെ മികച്ച കച്ചവട കേന്ദ്രമായി കണ്ടെത്തുകയും ധാരാളമാളുകള്‍ അവിടേക്ക് കുടിയേറുകയും ചെയ്തു. കച്ചി മേമന്‍മാരുടെ വ്യാപാരരംഗത്തെ മികവ് ശ്രദ്ധിച്ച ദിവാന്‍ ഗുജറാത്തില്‍ നിന്ന് കൂടുതല്‍ കച്ചവടക്കാരെ ക്ഷണിച്ചുവരുത്തി.  തിരുവിതാംകൂറിലെ ഏറ്റവും വലിയ കച്ചവട കേന്ദ്രമായിരുന്ന ആലപ്പുഴയിലെ സുഗന്ധ വ്യഞ്ജനങ്ങളില്‍ കച്ചി മേമന്‍മാരുടെ മാത്രമല്ല, മറ്റു കുടിയേറ്റ വ്യാപാരികളുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. വ്യാപാരം അഭിവൃദ്ധിപ്പെടുത്തിക്കൊണ്ട് കച്ചിമേമന്‍മാര്‍ പൊതു ജനങ്ങളെ സഹായിക്കുകയും സ്റ്റേറ്റിന് നല്ല വരുമാനം നേടിക്കൊടുക്കുകയും ചെയ്തു. വ്യാപാര ഇടപാടുകളിലെ സത്യസന്ധത കാരണം വൈകാതെതന്നെ അവര്‍ ആദരിക്കപ്പെടുന്നവരായിത്തീര്‍ന്നു. ഇവരുടെ താമസത്തിനായി കരാര്‍ ഒഴിവാക്കി സ്ഥലങ്ങള്‍ പതിച്ചുനല്‍കുകയും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു. കച്ചി മേമന്‍മാരുടെ വ്യാപാര രംഗത്തെ മേന്മയും മഹത്വവും കൊണ്ട് അവര്‍ സേട്ടുമാര്‍ എന്നറിയപ്പെട്ടു. ശ്രേഷ്ഠി എന്ന സംസ്‌കൃ പദം പരിണമിച്ചാണത്രെ സേട്ട് എന്നായി മാറിയത്. കച്ചി മേമന്‍മാരുടെ വ്യവസായിക രംഗത്തെ സൂക്ഷമതയും സത്യന്ധതതയും മനസ്സിലാക്കിയ ദിവാന്‍ പ്രധാനപ്പെട്ട കച്ചി മേമന്‍മാര്‍ ആലപ്പുഴ സന്ദര്‍ശിക്കുമ്പോഴെല്ലാം അവരുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയിരുന്നു.

സേവന-സാംസ്‌കാരിക മേഖലകള്‍
കച്ചി മേമന്‍മാര്‍ കാരുണ്യ പ്രവര്‍ത്തങ്ങളിലും പരോപകാര പ്രവര്‍ത്തനങ്ങളിലും വളരെ മികച്ചുനിന്നിരുന്നു. ആലപ്പുഴയില്‍ പള്ളികള്‍, ചാരിറ്റബിള്‍ ട്രസ്റ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പണിയന്നതിന് അവര്‍ പണം വിനിയോഗിച്ചു. നൂറാണി ജുമുഅത്ത് മസ്ജിദ്. ഹാഷിം ജുമഅത്ത് മസ്ജിദ്, അബ്ബാ നികുട മസ്ജിദ്, ജഅ്ഫര്‍ ജുമുഅത്ത് മസ്ജിദ് തുടങ്ങിയവ കച്ചി മേമന്‍മാര്‍ ആലപ്പുഴയില്‍ പണികഴിപ്പിച്ച പള്ളികളാണ്. ജ. അബ്ദുള്ള അറബ് രൂപീകരിച്ച ഒരു ട്രസ്റ്റും ഹാജി ഹിഷാം ഹാജി ഇസാ സേട്ട് തന്റെ സ്വന്തം സ്വത്തു വകകള്‍ സമര്‍പ്പിച്ച് വികസിപ്പിച്ചെടുത്ത മദ്രസയും ആലപ്പുഴയിലെ മുസ്ലിം കുടിയേറ്റ ചരിത്രത്തെ സംബന്ധിച്ചിടത്തോളം എടുത്തുപറയേണ്ടതാണ്. ആലപ്പുഴപട്ടണത്തില്‍ സക്കരിയാ ബസാറിനു സമീപം വൈ.എം.എം.എ എന്ന പേരില്‍ ഒരു യു.പി സ്‌കൂളും പ്രവര്‍ത്തിച്ചുവരുന്നു. പൗരാണനിക ഇസ്ലാമിക വാസ്തു ശൈലിയില്‍ കച്ചി മേമന്‍ മുസ്‌ലിംകളില്‍പെട്ട നൂറാണി കുടുംബം നിര്‍മിച്ച കച്ചി മേമന്‍ നൂറാണി ജുമുഅത്ത് മസ്ജിദ് ആലപ്പുഴപട്ടണം തുറമുഖമായി വികസസിച്ചതിനു ശേഷമുള്ള ആദ്യ മുസ്‌ലിംപള്ളിയാണ്. പള്ളിയിലെ ഹാളിലുള്ള തൂണുകളില്‍ പേര്‍ഷ്യയിലേയും ഈജിപ്തിലെയും കരകൗശല കരവേലകള്‍ പ്രകടമാണ്. 200 വര്‍ഷത്തിനടുത്ത പഴക്കമുണ്ട് പള്ളിക്ക്. സുന്ദരമായ കൊത്തുപണികളുള്ള തൂണുകള്‍ ബോംബെയില്‍നിന്ന് പത്തേമാരിയിലാണ് ആലപ്പുഴയിലെത്തിച്ചതെന്ന് പറയപ്പെടുന്നു.
ഏകദേശം 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഹാജി ഹിഷാം ഹാജി ഇസാ സേട്ടായിരുന്നു ആലപ്പുഴയിലെ കച്ചി മേമന്‍ ജമാഅത്തിന്റെയും നൂറാണി പള്ളിയുടെയും രക്ഷാധികാരി. ഹാജി ഹിഷാം ഹാജി ഇസാ സേട്ടന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകന്‍ ഹാജി ഇസ്മാഈല്‍ ഹിശാം സേട്ട് കച്ചി മേമന്‍ ജമാഅത്തിന്റെയും നൂറാണി പള്ളിയുടെയും പ്രസിഡന്റായി. 1940-ല്‍  അദ്ദഹത്തിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ മൂത്ത പുത്രന്‍ ഹാജി ഇബ്രാഹിം ഹാജി ഇസ്മാഈല്‍ സേട്ട് ജമാഅത്തിന്റെ പ്രസിഡന്റായി. നൂറാണി മസ്ജിദിന്റെ ചുമതല തന്റെ ഇളയ സഹോദരന്‍ എച്ച്.ബി അബ്ദുല്‍ ഖാദറിനെയാണ് ഏല്‍പ്പിച്ചത്. പ്രസിഡന്റ് പദവിക്ക് മേമന്‍മാരുടെ ഇടയില്‍ വിലയും ശ്രേഷ്ഠതയും കല്‍പിക്കപ്പെടുന്നു.
പണ്ഡിതനും പത്രപ്രവര്‍ത്തകനും വക്കം മൗലവിയുടെ ഗുരുനാഥന്മാരില്‍ ഒരാളുമായ സുലൈമാന്‍ മുസ്‌ലിയാര്‍ സേട്ട് ഗുജറാത്തില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത സേട്ടു കുടുംബത്തിലെ അംഗമാണ്. 886-ല്‍ ആലപ്പുഴയുടെ ഹൃദയഭാഗത്ത് ആമിറുല്‍ ഇസ്ലാം ലിത്തോ പ്രസ്സ് എന്ന പേരില്‍ ഒരു അച്ചുകൂടം സ്ഥാപിക്കുകയും 1891 മുതല്‍ മണിവിളക്ക് എന്നപേരില്‍ പേരില്‍ ഒരു അറബി-മലയാളം ദൈ്വവാരിക അച്ചടിച്ച് തുടങ്ങുകയും ചെയ്തു. ഈ അച്ചുകൂടം കേരളത്തിലെ പഴക്കം ചെന്നവയില്‍ ഒന്നുകൂടിയാണ്. പരിഷ്‌കരണ ചിന്തകള്‍കൊണ്ട് ഏറെ സമ്പന്നമായുരുന്നു മണിവിളക്കിലെ ലേഖനങ്ങള്‍. മക്തി തങ്ങള്‍, ഹമദാനി തങ്ങള്‍ തുടങ്ങിയ പരിഷ്‌ക്കര്‍ത്താക്കളുടെ ലേഖനങ്ങള്‍ മണിവിളക്കിലെ പരിഷ്‌കരണ ചിന്തകള്‍ക്ക് ശക്തി പകര്‍ന്നു. ആലപ്പുഴയില്‍ മഅ്ദിനുല്‍ ഉലൂം മദ്രസ സ്ഥാപിച്ചതും സുലൈമാന്‍ മുസ്ലിയാര്‍ സേട്ടാണ്.
കച്ചിമേമന്‍ സമുദായത്തില്‍ ഏറ്റവും പ്രശസ്തന്‍ ഹാജി ഹസ്സന്‍ യഅ്ഖൂബ് സേട്ടാണ്. വ്യവസായ രംഗത്തെന്നപോലെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി. പതിനാറ് വര്‍ഷക്കാലം കായംകുളം നഗരസഭയുടെ ചയര്‍മാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉറച്ച മതവിശ്വാസിയായിരുന്ന അദ്ദേഹം മക്കയില്‍ പോയി പ്രാര്‍ത്ഥിക്കുകയും തനിക്ക് ഒരു സന്താനമുണ്ടാവുകയാണെങ്കില്‍ തന്റെ സ്വത്തിന്റെ പകുതി സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി ചിലവാക്കുമെന്ന് ശപഥം ചെയ്യുകയും അത് നിറവേറ്റനായി കൈവശമുള്ള സ്വത്തിന്റെയും ഭാവിയിലുണ്ടാകുന്ന സ്വത്തിന്റെയും പകുതി മതപരമായ കാര്യങ്ങള്‍ക്ക് നീക്കിവെച്ചുകൊണ്ട് ഒരു ഒസ്യത്തും എഴുതിയുണ്ടാക്കി. അതനുസരിച്ചാണ് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്.

മറ്റു വിഭാഗങ്ങള്‍
ദാവൂദി ബൊഹ്‌റ (ശിയാ മുസ്ലിം) - ആലപ്പുഴയുടെ വ്യാപാര ചരിത്രത്തില്‍ ഒരിക്കലും തിരസ്‌ക്കരിക്കാനോ മറക്കാനോ കഴിയാത്താണ് ശിയാ മുസ്‌ലിംകളില്‍ നിന്നുള്ള ദാവൂദി ബൊഹ്‌റ വിഭാഗം. 300-ല്‍പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് യമനില്‍നിന്ന് കച്ചവടാവശ്യാര്‍ത്ഥം ആലപ്പുഴയിലേക്ക് കുടിയേറിയ ഇവര്‍ പാരമ്പര്യമായി വാസ്തുകലാ വിദഗ്ധരാണ്. ആലപ്പുഴയില്‍ നിരവധി പാലങ്ങളും പണിയുന്നതിലും ലൈറ്റ്ഹൗസ് നിര്‍മിക്കുന്നതിലും ഇവരുടെ സേവലം പ്രയോജനപ്പെട്ടിട്ടുണ്ട്. പൊതു സമൂഹത്തില്‍ നിന്ന് അകന്നു കഴിയുന്നതുകൊണ്ട് ഇക്കൂട്ടര്‍ തിരിച്ചറിയപ്പെടാതെ പോകുന്നു. ആലപ്പുഴ നഗരത്തില്‍ സക്കരിയാ ബസാറിനു സമീപം അര്‍ക്ക് ആരാധനാകര്‍മ്മങ്ങള്‍ നിര്‍വഹിക്കുവാന്‍ ഒരു പള്ളി നിലന്നിരുന്നു. 300-ല്‍ പരം വര്‍ഷങ്ങള്‍ പഴക്കമുണ്ടായിരുന്ന പള്ളിയുടെ ഖിബ്‌ല ശരിയല്ലെന്ന് കണ്ട് 2012 ഒക്ടോബര്‍ 5ന് അത് പൊളിച്ചുമാറ്റി. ഏറെ വാസ്തു കലകള്‍ നിറഞ്ഞതായിരുന്നു ആ പള്ളി. ഇന്ന് ഇവരുടെ തലമുറയില്‍പ്പെട്ട മൂന്നോ നാലോ കുടുംബങ്ങളാണ് അവശേഷിക്കുന്നത്.
ഹലായി മേമന്‍ - കച്ചി മേമന്‍മാരോടൊപ്പം ഗുജറാത്തിലെ കത്യാവാറയിലെ ഹലായി പ്രദേശത്തു നിന്നുള്ള മുസ്‌ലിംകളാണ് ഹലായി മേമന്‍മാര്‍. പ്രധാനമായും അരിക്കച്ചവടത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കച്ചിമേമന്‍മാരെപ്പോലെ സേവന പ്രവര്‍ത്തനത്തനങ്ങളിലും അവര്‍ വ്യാപൃതരായിരുന്നു.
റാവുത്തര്‍മാര്‍  - തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍നിന്ന് കുടിയേറിയവരാണ് റാവുത്തര്‍മാര്‍. വസ്ത്ര വ്യാപാരികളായിരുന്ന ഇവര്‍ ആലപ്പുഴ നഗരത്തില്‍ നിരവധി വസ്ത്ര വ്യാപാര ശാലകള്‍ നടത്തിപോന്നിരുന്നു.

Reference

- ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്.) വാള്യം-3, വാള്യം-7
- കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങള്‍ (മാതൃഭൂമി ബുക്‌സ്)
- ആലപ്പുഴ: കിഴക്കിന്റെ വെനീസ് (മാതൃഭൂമി ബുക്‌സ്)

author image
AUTHOR: മുഷ്താഖ് ഫസല്‍
   (അസ്ഹറുല്‍ ഉലൂം, ആലുവ)