തഹ്‌രീദു അഹ്‌ലുല്‍ ഈമാനി അലാ
ജിഹാദി അബ്ദതു സ്വുല്‍ബാന്‍
നിരന്തരമായ പറങ്കി ആക്രമണങ്ങളില്‍ ശക്തി ക്ഷയിച്ചുകൊണ്ടിരുന്ന സാമുതിരിയുടെ കീഴില്‍ സംഘടിച്ച് അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിനിറങ്ങാന്‍ ദാര്‍ശനികവും പ്രായോഗികവുമായ നേതൃത്വം നല്‍കിയത് ക്രി. 1467 ല്‍ കൊച്ചിയില്‍ ജനിച്ച് 1521 ല്‍ പൊന്നാനിയില്‍ അന്തരിച്ച ശൈഖുല്‍ ഇസ്‌ലാം അബൂ യഹ്‌യാ സൈനുദ്ദീന്‍ ബിന്‍ അലി എന്ന സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനായിരുന്നു. “'വിശ്വാസികളേ കുരിശു പൂജകരോടു”പോരാടൂ' എന്നര്‍ത്ഥം വരുന്ന ‘തഹ്‌രീളു അഹ്‌ലുല്‍ ഈമാനി അലാ ജിഹാദി അബ്ദു സുല്‍ബാന്‍’എന്ന തലക്കെട്ടിലുള്ള വിപ്ലവ കാവ്യം രചിച്ചുകൊണ്ട് പറങ്കികള്‍ക്കെതിരായ ശക്തമായ പോരാട്ടത്തിന് അദ്ദേഹം മുസ്‌ലിംകള്‍ക്ക് പ്രചോദനം നല്‍കി.
തലക്കെട്ടില്‍ കാണുന്ന ‘കുരിശു പൂജകര്‍’ എന്നത് അക്രമികളും മര്‍ദകരുമായ പോര്‍ചുഗീസുകാരെക്കുറിച്ചാണ്. 135 വരികളുള്ള അറബി ഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതിയില്‍ സമുദായത്തിന്റെ ദയനീയാവാസ്ഥകളെ കുറിച്ചുള്ള പ്രചോദനങ്ങളും പോര്‍ച്ചുഗീസുകാരെ സായുധമായി യുദ്ധം ചെയ്ത് പരാജിതരാക്കി അവര്‍ക്ക് മോചനം നല്‍കേണ്ടതിന്റെ മതപരമായ ബാധ്യതയെ കുറിച്ചുള്ള പ്രബോധനങ്ങളും അടങ്ങിയിരിക്കുന്നു. ഈ കൃതിയുടെ അനേകം പതിപ്പുകള്‍ എഴുതിയുണ്ടാക്കി നാടിന്റെ നാനാ ഭാഗങ്ങളിലുമുള്ള മുസ്‌ലിം മഹല്ലുകളിലേക്ക് അയച്ചിരുരുന്നു.
1524 ല്‍ പറങ്കികള്‍ക്കെതിരായി ശക്തമായ സായുധ പോരാട്ടത്തിന് സാമൂതിരിയെ സഹായിക്കാന്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോടെത്തിയ കുഞ്ഞാലി മരക്കാര്‍ക്കും അനുയായികള്‍ക്കും അവരുടെ പുറപ്പാടിന് ഈ കൃതി പ്രചോദനമായിത്തീര്‍ന്നിട്ടുണ്ടാകാം. (ഗ്രന്ഥകാരന്റെയും കുഞ്ഞാലി മരക്കാറുടെയും ജന്മ സ്ഥലം കൊച്ചിയായതുകൊണ്ട് പ്രത്യേകിച്ചും.)
അറബിയില്‍ രചിക്കപ്പെട്ട ഈ കൃതി ഒന്നാമത്തെ അധിനിവേശ വിരുദ്ധ കൃതിയായി പരിഗണിക്കപ്പെടുന്നു. അറബിക്കവിതയിലെ വൃത്തവും പ്രാസവുമൊക്കെയുണ്ടെങ്കിലും മറ്റു കവിതകളുമായി ഈ വിപ്ലവ കൃതിയെ താരതമ്യം ചെയ്യുന്നത് ശരിയല്ല. കാരണം മഖ്ദൂം ഒന്നാമന്‍; കവി എന്നതിനപ്പുറം ഹദീഥ് പണ്ഡിതന്‍, കര്‍മ ശാസ്ത്ര പണ്ഡിതന്‍, ചരിത്രകാരന്‍, വ്യാകരണ പണ്ഡിതന്‍, സമുദായ നേതാവ്, പരിഷ്‌കര്‍ത്താവ്, അധ്യാപകന്‍ എന്നീ തലങ്ങളിലാണ് അറിയപ്പെടുന്നത്.
ഈ കൃതി ആദ്യമായി പ്രിന്റ് ചെയ്തത് (1996) അല്‍ ഹുദാ പബ്ലിക്കേഷന്‍സ് ആണ്
തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ ബഅദ് അഹ്ബാരി അല്‍ ബുര്‍തുഗാലിയ്യീന്‍
പോര്‍ച്ചുഗീസ് തേര്‍വാഴ്ച 80 ല്‍ പരം വര്‍ഷം പിന്നിട്ടതിനു ശേഷമാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ പൗത്രന്‍ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഈ ഗ്രന്ഥം രചിക്കുന്നത്. പറങ്കികള്‍ക്കെതിരെ മുസ്‌ലിംകള്‍ സമര സജ്ജരാവുക എന്നതാണ് രചനയുടെ ലക്ഷ്യമെന്ന് ഗ്രന്ഥകര്‍ത്താവ് തന്നെ മുഖവുരയില്‍ വ്യക്തമാക്കുന്നു.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ മൂന്നാമത്തെ പുത്രനും പ്രമുഖ പണ്ഡിതനുമായിരുന്ന ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ സീമന്ത പുത്രനായി 1532 ല്‍ ചോമ്പാലിലാണ് സൈനുദ്ദീന്‍ രണ്ടാമന്റെ ജനനം. അന്നത്തെ കേരളത്തിലെ മത വിജ്ഞാന കേന്ദ്രമായിരുന്ന പൊന്നാനിയില്‍ നിന്നും പിന്നീട് മക്കയിലെ പ്രമുഖ പണ്ഡിതന്മാരില്‍ നിന്നും വിവിധ വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ അദ്ദേഹം കേരള മുസ്‌ലിംകളുടെ ഏല്ലാ മേഖലയിലുള്ള ഗുരുവും മാര്‍ഗദര്‍ശിയും നേതാവുമായിരുന്നു. വിവിധ വിഷയങ്ങളില്‍ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ കേരളത്തില്‍ നിന്ന് മാത്രമല്ല; ഈജിപ്ത്, സിങ്കപ്പൂര്‍, ജാവ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പല തവണകളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ തുഹ്ഫത്തുല്‍ മുജാഹിദീനാണ് അദ്ദേഹത്തിന്റെ കൃതികളില്‍ കൂടുതല്‍ പ്രചാരം നേടിയത്. അറബി ഭാഷയില്‍ ആദ്യമായി അച്ചടിച്ചത് പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നായിരുന്നു. അനന്തരം പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഫ്രഞ്ച്, ചെക്ക് ഇംഗ്ലീഷ് തുടങ്ങിയ വിദേശ ഭാഷകളിലും മലയാളം, ഉര്‍ദു, ഗുജറാത്തി, കന്നട, തമിഴ് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഇതിന് വിവര്‍ത്തനങ്ങളിറങ്ങി.
ഈ കൃതി കെ. മൂസാന്‍ കുട്ടി മൗലവി അറബി മലയാളത്തിലേക്കും പിന്നീട് മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു. ബ്രിട്ടീഷ് കാലഘട്ടമായതിനാല്‍ ജിഹാദിനെക്കുറിച്ചുള്ള 'അഹ്കാമുല്‍ ജിഹാദ്' എന്ന ഭാഗം ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല.
പയ്യോളി പരീക്കുട്ടി മുസ്‌ലിയാര്‍ മൂലഗ്രന്ഥത്തില്‍ നോക്കി പകര്‍ത്തി തുടര്‍ന്ന് അല്‍ഹുദാ പ്രസാധനാലയം 1996ല്‍ പുറത്തിറക്കിയ അറബി പകര്‍പ്പ് സമ്പൂര്‍ണ്ണ രൂപത്തിലുള്ള പതിപ്പാണ് എന്ന അവകാശ വാദമുണ്ടെങ്കിലും ശൈഖ് സൈനുദ്ദീന്‍ ബീജാപ്പൂര്‍ സുല്‍ത്താനു സമര്‍പ്പിച്ച തുഹ്ഫ 400 ഓളം പുറങ്ങളുള്ള ചരിത്ര ഗ്രന്ഥമാണെന്നും അതിന്റെ സംഗ്രഹം മാത്രമാണ് പ്രചാരത്തിലുള്ളതെന്നും ഡോ. ഹമീദുല്ല വാദിക്കുന്നു. (കെ.കെ. അബ്ദുല്‍ കരീം, സി.എന്‍. അഹമ്മദ് മൗലവി, മഹത്തായ മാപ്പിള സാഹിത്യ പരമ്പര. പേജ്: 146
ഫത്ഹുല്‍ മുബീന്‍
(വ്യക്തമായ വിജയം)
അഞ്ഞൂറോളം ഗദ്യ പദ്യ കൃതികള്‍ യുദ്ധ സാഹിത്യത്തിലേക്ക് സംഭാവന ചെയ്ത പോര്‍ച്ചുഗീസു കാലത്ത് കോഴിക്കോട് ജീവിച്ചിരുന്ന ഖാദി മുഹമ്മദ് ബ്‌നു അബ്ദുല്‍ അസീസിന്റെ അമൂല്യമെന്ന് വിശേഷിപ്പിക്കാവുന്നതും ചരിത്ര പ്രാധാന്യമുള്ളതുമായ കൃതിയാണ് ഫത്ഹുല്‍ മുബീന്‍. ഖാദി മുഹമ്മദിന്റെ അറബി മലയാളം രചനയായ മുഹ്‌യുദ്ദീന്‍ മാല കേരള സമൂഹത്തിന് ഏറെ പരിചിതമാണ്.
സൈനുദ്ദീന്‍ മഖ്ദൂമുമാരെപ്പോലെ തന്നെ ഖാദി മുഹമ്മദും പോര്‍ച്ചുഗീസ് ക്രൗര്യങ്ങളെ നേരിട്ടനുഭവിച്ച വ്യക്തിയാണ്. പോരാട്ടങ്ങളില്‍ വാളെടുത്ത് പൊരുതിയിട്ടുമുണ്ട്. സാമൂതിരിയും സംഘവും ചാലിയം കോട്ട ജയിച്ചടക്കിയവരുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട തന്റെ പ്രസിദ്ധമായ കൃതിക്ക് അല്‍ ഫത്ഹുല്‍ മുബീന്‍ (വ്യക്തമായ വിജയം) എന്ന പേരുകൊടുക്കാനുള്ള കാരണങ്ങള്‍ താഴെ.
ചാലിയം കോട്ട ജയിച്ചടക്കിയതുമായി ബന്ധപ്പെട്ട് തുഹ്ഫത്തുല്‍ മുജാഹിദീന്‍ 4ാം ഭാഗം 13ാം അധ്യായത്തിലുമുണ്ട്. ചാലിയത്തെ സൈനിക വ്യാപാര മണ്ഡലങ്ങളിലുള്ള പ്രാധാന്യം കണ്ടെത്തിയ പോര്‍ച്ചുഗീസ് നേതാവ് ഡയോഗോദസീല്‍ വീരയാണ് താനൂര്‍ രാജാവ് മുഖേന സാമൂതിരിയെ സമ്മതിപ്പിച്ച് അവിടെ പോര്‍ച്ചുഗീസ് കോട്ട കെട്ടാന്‍ മുന്‍കൈയെടുത്തത്. കോഴിക്കോടും അറേബ്യയും തമ്മിലുള്ള വ്യാപാരത്തിന്റെ ഗതിവിഗതികള്‍ അറിയാനും അക്രമണം നടത്താനും ഏറ്റവും അനുയോജ്യമായിരുന്നു ചാലിയം. അതിനാല്‍ ചാലിയം കോട്ടയുടെ പതനം പറങ്കികളെ സംബന്ധിച്ച് വലിയ പ്രഹരവും സാമൂതിരിക്കും മുസ്‌ലിംകള്‍ക്കും വലിയ ആശ്വാസവുമായിരുന്നു. അത് കൊണ്ടാണ് കവി ഇതിനെ വ്യക്തമായ വിജയം എന്ന് വിശേഷിപ്പിക്കുന്നത്.
കൂടാതെ കുരിശു യുദ്ധത്തിന്റെ വൈര്യം തീര്‍ക്കാന്‍ ലോകത്തുള്ള മുസ്‌ലിം വ്യാപാര ബന്ധങ്ങളെ തകര്‍ക്കാന്‍ വേണ്ടി കടന്നുവന്ന പറങ്കികള്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകളുടെ ആഗോള പ്രശ്‌നം കൂടിയായിരുന്നു. അത്‌കൊണ്ട് തന്നെ ആഗോള മുസ്‌ലിം പിന്തുണ സാമൂതിരിയും മുസ്‌ലിംകളും പ്രതീക്ഷിച്ചിരുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ നേതൃത്വത്തില്‍ വിവിധ രാജാക്കന്മാരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. പക്ഷെ അതിന് കാര്യമായ ഫലമുണ്ടായിരുന്നില്ല എന്ന് മഖ്ദൂം തുഹ്ഫയില്‍ രേഖപ്പെടുത്തുന്നു.
സൈനികവും സാമ്പത്തികവുമായ ശക്തിയോടും പ്രതാപത്തോടും കൂടി ലോകത്തിന്റെ പല ഭാഗങ്ങളില്‍ വാണരുളുന്ന മുസ്‌ലിം സുല്‍ത്താന്‍മാരോ പ്രഭുക്കന്‍മാരോ മലബാര്‍ മുസ്‌ലിംകളെ ബാധിച്ച ആപത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ മുന്നോട്ടുവന്നില്ല. മതകാര്യങ്ങളില്‍ താല്‍പര്യം കുറഞ്ഞവരും ഇഹലോകത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ആ സുല്‍ത്താന്‍മാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും ജിഹാദ് ചെയ്യുവാനോ ധനം ചിലവഴിക്കുവാനോ കഴിയാത്തതാണ് കാരണം.(തുഹ്ഫ, മലയാളം പരിഭാഷ, പേജ്: 35)
ഇന്ത്യയിലെ മുസ്‌ലിം സുല്‍ത്താന്‍മാരില്‍ ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ ഷാ അടക്കമുള്ളവര്‍ ആദ്യമൊന്ന് പോരാട്ടത്തിനിറങ്ങി എങ്കിലും പിന്നീട് പറങ്കികളുമായി സന്ധി ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഫലത്തില്‍ സാമൂതിരിയും മുസ്‌ലിംകളും മറ്റാരുടെയും സഹായമില്ലാതെ കോട്ട കീഴടക്കിയത് വിസ്മയകരമായ സംഗതിയാണ്. വ്യക്തമായ വിജയം എന്ന് വിശേഷിപ്പിച്ചതിന്റെ മറ്റൊരു കാരണം ഇതാണ്.
സാമൂതിരിയുടെ നേതൃത്വത്തില്‍ നായര്‍ പടയും മുസ്‌ലിം പടയും ചേര്‍ന്ന് അസാമാന്യമായ സമര വീര്യവും ധീരതയും പ്രദര്‍ശിപ്പിച്ച് പൊരുതി ജയിച്ചടക്കിയ ആ സംഭവത്തെ അടിസ്ഥാനമാക്കി അറബിയില്‍ രചിച്ച ഈ ചരിത്ര കാവ്യത്തില്‍ സാമൂതിരിയെ അളവറ്റ് സ്തുതിക്കുകയും അദ്ദേഹത്തിന്റെ അപദാനങ്ങള്‍ എണ്ണിപ്പറയുകയും ചെയ്യുന്നുണ്ട്.
ചാലിയം സംഭവത്തിനു പുറമെ കേരളീയ ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങളിലേക്കും ഇത് വെളിച്ചം വീശുന്നു. സൈനുദ്ദീന്‍ മഖ്ദൂം ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ ഷായെ വാഴ്ത്താന്‍ ഒരുപാട് പേജുകള്‍ എടുത്തിരുന്നുവെങ്കില്‍ ഖാദി മുഹമ്മദ് സുല്‍ത്താനെ അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ നിലപാടിനെ വഞ്ചനയായി വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഹൈദരാബാദിലെ എം.എ മുഈനുദ്ദീന്‍ ഖാനാണ് ഇതിനെ ആദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. മലയാളത്തില്‍ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെയും പ്രൊഫ. മങ്കട അബ്ദുല്‍ അസീസിന്റെയും രണ്ട് വിവര്‍ത്തനങ്ങളുണ്ട്.
മൂല കൃതിയുടെ ഭാഷാ സൗന്ദര്യത്തെക്കുറിച്ച് അബ്ദുല്‍ അസീസ് തന്റെ വിവര്‍ത്തനത്തിന്റെ അഭിമുഖത്തില്‍ ചേര്‍ക്കുന്നു. ഫത്ഹുല്‍ മുബീന്റെ ഭാഷ അമൂല്യമാണ്. അതിന്റെ ശൈലിയും സുന്ദരമാണ്. അറബിഭാഷയില്‍ ഇത്രത്തോളം കഴിവുതെളിയിച്ച ആരെയും അന്നത്തെ ഇന്ത്യ സൃഷ്ടിച്ചിട്ടില്ലെന്ന് തോന്നുന്നു. പ്രൗഢമായ ശൈലി, ശുദ്ധമായ പദങ്ങള്‍, മര്‍മത്തില്‍ കൊള്ളുന്ന പ്രയോഗങ്ങള്‍, നര്‍മത്തില്‍ പൊതിഞ്ഞ പരിഹാസം, ആകര്‍ഷകമായ പ്രതീക സൃഷ്ടികള്‍ എന്നിവയെല്ലാം ഈ കൃതിയെ ആസ്വാദ്യകരമാക്കുന്നു.(പേ: 32)
കോഴിക്കോട് ഖാദി സ്ഥാനം വഹിച്ചിരുന്ന ഖാദി മുഹമ്മദ് ക്രി: 1616 ല്‍ മരണപ്പെട്ടു.
അസ്സയ്ഫുല്‍ ബത്വാര്‍
അക്രമികളും മര്‍ദ്ദകരുമായ ബ്രിട്ടീഷ് ഭരണാധികാരികളോട് പൂര്‍ണ്ണമായ നിസ്സഹകരണം പ്രഖ്യാപിച്ചും അവരോട് സന്ധിയില്ലാ സമരത്തിനാഹ്വാനം ചെയ്തുകൊണ്ടും മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഫത്‌വകള്‍ ക്രോഡീകരിച്ച ചെറു കൃതിയാണ് അസ്സയ്ഫുല്‍ ബത്വാര്‍ അഥവാ അല്ലാഹുവിനേയും റസൂലിനെയും സത്യവിശ്വാസികളെയും ഒഴിവാക്കി സത്യനിഷേധികളെ ആശ്രയിക്കുകയും പിന്തുടരുകയും ചെയ്യുന്നവര്‍ക്കെതിരെ മൂര്‍ച്ചയുള്ള വാള്‍
1841 ലെ മുട്ടിച്ചിറ കലാപത്തെ തുടര്‍ന്നാണ് മമ്പുറം തങ്ങള്‍ ഈ ഗ്രന്ഥം രചിക്കുന്നത്. ഇംഗ്ലീഷുകാര്‍ ഈ കൃതിയുടെ കോപ്പികള്‍ കണ്ടെടുത്ത് നശിപ്പിച്ചു. ഈ കൃതി കൈവശം വെക്കുന്നതും വായിക്കുന്നതും വിതരണം ചെയ്യുന്നതും ബ്രിട്ടീഷുകാര്‍ കര്‍ശനമായി നിരോധിച്ചു. റെയ്ഡ് നടത്തി നശിപ്പിച്ചു. പില്‍കാലത്ത് ബ്രിട്ടീഷുകാര്‍ നാടുകടത്തിയ അദ്ദേഹത്തിന്റെ മകന്‍ ഫസല്‍ പൂക്കോയ തങ്ങള്‍ ഈ കൃതി ഈജിപ്തില്‍ പുനഃപ്രസിദ്ധീകരിച്ചു. ഇസ്താംബൂളിലാണെന്നും അഭിപ്രായമുണ്ട്.
സൈഫുല്‍ ബത്താര്‍ രചിക്കപ്പെട്ടത് ഉഥ്മാനിയ്യാ ഖിലാഫത്തിനെ ലോക മുസ്‌ലിംകളുടെ കേന്ദ്രമായി കണക്കാക്കിയിരുന്ന കാലഘട്ടത്തിലാണ്. മലബാറിലുള്ളവര്‍ക്ക് മാത്രമല്ല, ആ കാലഘട്ടത്തിലെ ബ്രിട്ടീഷുകാരുടെ അധിനിവേശങ്ങള്‍ക്ക് ഇരയായോ അവരുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചോ സ്വന്തം മണ്ണിനെ സാമ്രാജ്യത്വ ശക്തികള്‍ക്ക് വിട്ടുകൊടുത്ത മുഴുവന്‍ സമൂഹത്തിനും ശത്രുക്കളെ നാട്ടില്‍ നിന്ന് തുരത്തുവാനുള്ള ആവേശവും പ്രചോദനവും നല്‍കുന്ന ചെറു കൃതിയാണിത്.
മലബാറിലെ മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ച ഈ കൃതി സുല്‍ത്താന്‍ അബ്ദുല്‍ മജീദിനെ റഷ്യന്‍ സേനക്കെതിരെ സഹായിക്കാനായി സയ്യിദ് അബ്ദുല്ലാഹിബ്‌നു അബ്ദുല്‍ ബാരി രചിച്ചതാണെന്ന വാദവുമുണ്ട്. എന്നാല്‍ ഇതിലെ ചോദ്യകര്‍ത്താവ് അബ്ദുല്ലാഹിബ്‌നു അബ്ദുല്‍ ബാരിയാണെന്നും അദ്ദേഹമാണ് ഇത് ക്രോഡീകരിച്ചതെന്നും പല ചരിത്രകാരന്‍മാരും സാക്ഷ്യപ്പെടുത്തുന്നു.
കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം, സ്വാലിഹ് പുതുപൊന്നാനി എന്നിവര്‍ സൈഫുല്‍ ബത്താര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അസാസ് ബുക്‌സില്‍ പ്രസിദ്ധീകരിച്ച് മോയിന്‍ ഹുദവി മലയമ്മയും മഹ്മൂദ് പനങ്ങാങ്ങരയും തയ്യാറാക്കിയ മമ്പുറം തങ്ങള്‍ ജീവിതം, ആത്മീയത, പോരാട്ടം എന്ന കൃതിയുടെ അനുബന്ധത്തില്‍ മലയാള പരിഭാഷയും അറബി കോപ്പിയും ലഭ്യമാണ്. മകന്‍ ഫസല്‍ തങ്ങള്‍ തന്റെ വിഖ്യാതമായ ഉദ്ദത്തുല്‍ ഉമറാഇല്‍ രണ്ടാം അധ്യായമായും ഈ കൃതി ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഉദ്ദത്തുല്‍ ഉമറാഅ്
സത്യനിഷേധികളെയും ബിംബാരാധകരെയും ഇകഴ്ത്താന്‍ നേതാക്കള്‍ക്കും വിധികര്‍ത്താക്കള്‍ക്കുമുള്ള പടക്കോപ്പ് :
മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രനും പണ്ഡിതനും ധീഷണാശാലിയും ബ്രിട്ടീഷുകാരാല്‍ അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട പോരാളിയുമായ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ വിഖ്യാത കൃതിയാണിത്. സാമ്രാജ്യത്വത്തിനും കോളനി വത്കരണത്തിനുമെതിരെ ജീവിതം പോരാട്ടമാക്കിയ പിതാവിന്റെ പാതയില്‍ പിതാവിന്റെ വിടവ് നികത്തി മലബാറിലെ ജനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കി നേതൃത്വം നല്‍കിയ വ്യക്തിത്വമാണ് സയ്യിദ് ഫസല്‍. പുസ്തക തലവാചകത്തിലെ സത്യനിഷേധികള്‍ എന്നത് അക്രമികളായി കടന്നുവന്ന ബ്രിട്ടീഷുകാരും വിഗ്രഹാരാധകര്‍ എന്നത് അവര്‍ക്ക് സര്‍വ പിന്തുണയും പ്രഖ്യാപിച്ച ജന്മിമാരും തമ്പുരാക്കന്മാരുമാണ്.
1852ല്‍ നാടുകടത്തപ്പെടുന്നതിന് മുമ്പുതന്നെ കൃതിയുടെ മിക്കഭാഗങ്ങളും ഫസല്‍ തങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. 1851 ല്‍ അന്നത്തെ മലബാര്‍ ജില്ലാ കലക്ടര്‍ എച്ച്.വി കൊണോലി; ഉദ്ദത്തുല്‍ ഉമറാഅ് നിരോധിച്ചുകൊണ്ട് വിജ്ഞാപനമിറക്കിയിരുന്നു. അതിനാല്‍ തന്നെ 1849 ലെ മഞ്ചേരി കലാപത്തിനും 1851 ലെ കൊളത്തൂര്‍ കലാപത്തിനുമിടയിലാവും ഇത് രചിച്ചിട്ടുണ്ടാവുക.
കൊളത്തൂര്‍, മട്ടന്നൂര്‍ കലാപങ്ങള്‍ക്ക് ശക്തി പകരാന്‍ ഉദ്ദത്ത് ഉയര്‍ത്തിപ്പിടിച്ച ആശയ സംഹിതകള്‍ക്കായിട്ടുണ്ട്. കൃതി പകര്‍ത്തി എഴുതി വിവിധ മഹല്ലുകളിലേക്കും പള്ളികളിലേക്കും അയച്ചുകൊടുക്കല്‍ അന്നത്തെ പതിവായിരുന്നു. മഹല്ലുകളില്‍ പരസ്യമായി വായിക്കപ്പെട്ടിരുന്ന കൃതി പകര്‍ന്നു നല്‍കുന്ന സമരാവേശം മാപ്പിളമാരെ പോരാട്ട രംഗങ്ങളിലിറങ്ങാന്‍ പ്രേരിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെയാണ് ദൂരവ്യാപകമായ സമര പരമ്പരകള്‍ ഭയന്ന് ബ്രിട്ടീഷ് ഭരണകൂടം കൃതി നിരോധിച്ച് ഉത്തരവിറക്കിയത്.
അറേബ്യന്‍ നാടുകളില്‍ നിന്നാണ് ഇതിന്റെ രചന എന്ന വാദവുമുണ്ട്. കാരണം, 1856 ല്‍ അറേബ്യന്‍ നാടുകളില്‍ നിന്നാണ് മുദ്രണം ചെയ്തത്. എങ്കില്‍ 1851 ല്‍ മലബാറില്‍ നിരോധിച്ച കൃതിയുടെ പുനഃപ്രസിദ്ധീകരണമാകാം 1856 ല്‍ അറേബ്യന്‍ നാടുകളില്‍ പുറത്തിറങ്ങിയത്. കാരണം, ഫസല്‍ തങ്ങള്‍ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയ സൈഫുല്‍ ബത്താര്‍ 168 പേജുള്ള കൃതിയുടെ 78 പേജും ഉള്‍ക്കൊള്ളുന്ന അവസാന അദ്ധ്യായവും രചിക്കപ്പെട്ടത് മലബാറില്‍ നിന്നാണ് എന്നതും മലബാറില്‍ നിന്നായിരുന്നു രചന എന്നതിന് വ്യക്തമായ തെളിവാണ്. ഈജിപ്തില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട കോപ്പിയുടെ പ്രസാധകര്‍ അബ്ദുറഹ്മാന്‍ ഇബ്‌നു അബ്ദുറഹ്മാന്‍ ആണ്.
സത്യവിശ്വാസികള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയും സന്ധിയില്ലാ സമരം ചെയ്യാനാഹ്വാനം ചെയ്യുന്നതിന് വേണ്ടി ഖാതിലൂ അഅ്ദാഅല്ലാഹി, ‘ഇന്നല്‍ ജന്നത്ത തഹ്ത ളിലാലസ്സയ്ഫി’ (അല്ലാഹുവിന്റെ ശത്രുക്കളോട് പോരടിക്കുക. തീര്‍ച്ചയായും വാളിന്റെ തണലിലാണ് സ്വര്‍ഗം) എന്ന് എല്ലാ പേജുകളുടെയും മുകളില്‍ എഴുതിവച്ചിരിക്കുന്നു. ശക്തമായ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ എല്ലാവരും ആയുധമെടുക്കല്‍ അനിവാര്യമാണ് എന്നത് കൊണ്ടാണ് ഈ അര്‍ത്ഥത്തില്‍ മുസ്‌ലിം സമൂഹത്തിന് ആവേശം ജനിപ്പിക്കുന്നത്.
മുസ്‌ലിം സമൂഹത്തിന്റെ ആശയവും പ്രതീക്ഷയുമായിരുന്ന ഉഥ്മാനിയ ഖിലാഫത്ത് നിരവധി പ്രശ്‌നങ്ങള്‍ അകത്ത് നിന്നും പുറത്തുനിന്നും അഭിമുഖീകരിച്ചിരുന്നു. ഫ്രാന്‍സ്, റഷ്യ, ഓസ്ട്രിയ, ബ്രിട്ടണ്‍, ജര്‍മനി തുടങ്ങിയ ക്രിസ്തീയ രാഷ്ട്രങ്ങളും ഛിദ്രശക്തികളും ഈ ഖിലാഫത്തിനെ തകര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോള്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹം തുര്‍ക്കിക്കു വേണ്ടിയും ഉഥ്മാനിയാ കുടുംബത്തിനുവേണ്ടിയും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിരുന്നു. അതിന്റെ പ്രതിഫലനമാകാം ഓരോ പേജിന്റെ താഴെയും‘'ഉഥ്മാനിയാ കുടുംബത്തെ അല്ലാഹുവേ നീ സഹായിക്കേണേ. നേര്‍മാര്‍ഗമവര്‍ക്ക് പ്രദാനം ചെയ്യെണേ'’എന്നെഴുതിവച്ചിരിക്കുന്നത്.
168 പേജുള്ള കൃതിയുടെ ആദ്യ പേജില്‍ തന്നെ ഗ്രന്ഥത്തിന്റെ പൂര്‍ണ്ണനാമവും ഫസല്‍ തങ്ങള്‍ രചിച്ചതാണെന്ന വിവരവും രേഖപ്പെടുത്തിയിരിക്കുന്നു. ആമുഖം, ഒന്‍പത് അധ്യായങ്ങള്‍, ഒരു റാതീബ് എന്നിങ്ങനെയാണ് പുസ്തകത്തിന്റെ ഘടന. ഫസല്‍ തങ്ങള്‍ പലപ്പോഴായി എഴുതി പ്രചരിപ്പിച്ച ലഘുലേഖകളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് ഈ ഗ്രന്ഥം.
ലോകത്തെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് അവരുടെ ശത്രുക്കളുടെ സവിശേഷതകള്‍ എന്താണ് എന്നും അവരുടെ കുതന്ത്രങ്ങള്‍ എന്തൊക്കെയാണ് എന്നും അവരുമായി സ്വീകരിക്കുന്ന ബന്ധങ്ങള്‍ എങ്ങനെയാകണമെന്നും വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ താത്വികമായ വിശദീകരണം ലോക മുസ്‌ലിം സമൂഹത്തിന് ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നു.
ഗ്രന്ഥത്തിന്റെ ആമുഖവും എട്ടാം അധ്യായവും വിഖ്യാത പണ്ഡിതനും സൂഫീ വര്യനുമായ സയ്യിദ് അബ്ദുല്ലാഹിബ്‌നു അലവിബ്‌നു മുഹമ്മദുല്‍ ഹദ്ദാദിന്റെ ‘അദ്ദഅ്‌വത്തുത്താമ്മ വത്തദ്കിറത്തുല്‍ ആമ്മ’ (പൂര്‍ണ്ണ പ്രബോധനവും പൊതു ഉപദേശവും) എന്ന കൃതിയുടെ ഏതാനും ഭാഗമാണ്). ഇതില്‍ സമൂഹത്തിനോട് പൊതുവായും പണ്ഡിതന്‍മാരോട് പ്രത്യേകമായും ചില കാര്യങ്ങള്‍ ഉണര്‍ത്തുന്നു.
മുഹിമ്മാത്തുല്‍ മുഅ്മിനീന്‍
ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ കേരളത്തിലെ മുസ്‌ലിം മത പണ്ഡിതന്‍മാര്‍ക്കുള്ള സജീവ പങ്കാളിത്തം കാണിക്കുന്ന ഒരു രേഖയാണ് അറബി മലയാളത്തില്‍ 40 പേജുകളിലായി എഴുതപ്പെട്ട മുഹിമ്മാത്തുല്‍ മുഅ്മിനീന്‍. 'സത്യവിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍' എന്നര്‍ത്ഥം. ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ അനേകം കൃതികളിലൊന്നാണിത്. ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള നിസ്സഹകരണം, ഖിലാഫത്തിന്റെ നിലനില്‍പ്പിനെ സഹായിക്കല്‍, ജസീറത്തുല്‍ അറബിന്റെ വിശുദ്ധി സംരക്ഷിക്കല്‍ എന്നീ വിഷയങ്ങളാണ് ഇതിന്റെ ഉള്ളടക്കമെന്ന് ഇതിന്റെ ഏഴാം പേജില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. താനൂര്‍ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ പ്രസിദ്ധപ്പെടുത്തിയ ഈ കൃതിയില്‍ ഖുര്‍ആന്‍ വാക്യങ്ങളും നബി വചനങ്ങളും പൂര്‍വിക പണ്ഡിത ശ്രേഷ്ഠരുടെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികളും അടിസ്ഥാനപ്പെടുത്തിയാണ് വിഷയങ്ങള്‍ സമര്‍ഥിച്ചിരിരിക്കുന്നത്. ഒടുവില്‍ ഗ്രന്ഥ കര്‍ത്താവിന്റെ കയ്യൊപ്പിനു പുറമെ ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പാനായിക്കുളത്ത് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കൂട്ടായി മുദരിസ് ബാവ മുസ്‌ലിയാര്‍ തുടങ്ങി അക്കാലത്തെ പണ്ഡിതന്‍മാര്‍ ഉള്ളടക്കത്തെ ശരിവെച്ചുകൊണ്ടെഴുതിയ പ്രസ്താവനകളും അവരുടെ കയ്യൊപ്പുകളും സഹിതം കൊടുത്തിരിക്കുന്നു.
തുര്‍ക്കി ആസ്ഥാനമായുള്ള ഉഥ്മാനിയാ സുല്‍ത്താനെ ഖലീഫയായി അംഗീകരിച്ച് ശത്രുവിനെതിരില്‍ പൊരുതാനുള്ള ആഹ്വാനമാണ് കേരളീയ മുസ്‌ലിംകള്‍ക്ക് ഈ കൃതിയിലൂടെ നല്‍കപ്പെട്ടത്. ''ഞമ്മളെ ഈ സമാനില്‍(കാലഘട്ടത്തില്‍) ഉഥ്മാനിയായ സുല്‍ത്താന്‍ തന്നെയാണ് ഖലീഫ. ആ ഖലീഫാനോട് എതിര്‍ക്കുന്ന ശത്രുക്കളായ കാഫിരീങ്ങളോടും ഇസ്‌ലാമീങ്ങളോടും ഞമ്മള്‍ എതിര്‍ക്കേണ്ടതും കഴിയുംപോലെ അവരെ അമര്‍ത്തുവാന്‍ ഒരുങ്ങേണ്ടതും ആവശ്യമാകുന്നു. മേല്‍ എതിരാളികളോട് അനുകൂലിക്കുവാനും പാടുള്ളതല്ല'' (പേ: 23) എന്ന ഭാഗത്ത് 'ഖലീഫയെ എതിര്‍ക്കുന്ന മുസ്‌ലിം മതാനുയായികള്‍ ഉണ്ടെങ്കില്‍ അവരേയും എതിര്‍ക്കണം' എന്ന് പറഞ്ഞത് ശ്രദ്ധേയമത്രെ. മുസ്‌ലിംകളെ ആഗോള തലത്തില്‍ ഏകീകരിപ്പിക്കുന്നതും ഖിലാഫത്തിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതുമായ ഒരു ഘടന അക്കാലത്ത് നിലനിന്നിരുന്നതാണിതിന്റെ പശ്ചാത്തലം. 1921 ലെ മദ്രാസ് ഗസറ്റില്‍ ഈ കൃതി കൈവശം വെക്കുന്നവരെ വിചാരണ കൂടാതെ അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിക്കുന്നതാണെന്ന് വിളംബരപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രചയിതാവ് ഒളിവില്‍ കഴിയുകയും പിന്നീട് വേഷം മാറി മക്കത്തേക്ക് പോകുകയുമാണ് ഉണ്ടായത്. അവിടെ എത്തിയതിന് ശേഷം ഉമ്മുല്‍ ഖുറാ എന്ന അറബി പത്രത്തില്‍ അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു.
സമാപനം
മേല്‍ പറഞ്ഞ ആറു കൃതികളെക്കുറിച്ചുള്ള അവലോകനത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാകുന്നത് ഇസ്‌ലാം അടിസ്ഥാനപരമായി സമാധാനത്തിന്റെ ദര്‍ശനമാണ്. ലോകത്ത് മുഴുവന്‍ സമാധാനം സ്ഥാപിക്കുക എന്നത് ഒരു വിശ്വാസിയുടെ ബാധ്യതയില്‍പെട്ടതാണ്. നാട്ടില്‍ അശാന്തിയും അക്രമവും അനീതിയും പ്രചരിക്കുമ്പോള്‍ അവയെ നീക്കം ചെയ്യാന്‍ പോരാട്ടത്തിന്റെ മാര്‍ഗം സ്വീകരിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയാണ്. അത് കൊണ്ടാണ് മേല്‍പറഞ്ഞ ഗ്രന്ഥകര്‍ത്താക്കളെല്ലാം പണ്ഡിതന്‍മാര്‍ എന്നതിനൊപ്പം മഹാവിപ്ലവകാരികളും സമരനായകന്മാരുമായതും. വൈദേശികാധിപത്യത്തിനും അക്രമത്തിനുമെതിരില്‍ പൊരുതാന്‍ സ്വസമുദായങ്ങള്‍ക്ക് മതപരമായ പ്രമാണങ്ങളുപയോഗിച്ച് കല്‍പനയും പ്രചോദനവും ഈ കൃതികള്‍ നല്‍കി. എന്നാല്‍ നിസ്സഹകരണാത്മകവും പ്രതിരോധപരവുമായ സമരങ്ങള്‍ക്കുള്ള പാഠങ്ങളേ ഇപ്പറഞ്ഞ കൃതിയിലും കാണാനൊക്കൂ. എക്കാലത്തും ഇതു രണ്ടും തന്നെയാണ് ഇസ്‌ലാമിന്റെ സമര മാര്‍ഗങ്ങള്‍.
1. മമ്പുറം തങ്ങള്‍. ജീവിതം ആത്മീയ പോരാട്ടം. മോയിന്‍ ഹുദവി മലയമ്മ, മഹ്മൂദ് പനങ്ങാങ്ങര
2. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം. പ്രബോധനം 1998 സ്‌പെഷ്യല്‍ പതിപ്പ്
ലേഖനം : അധിനിവേശ വിരുദ്ധ സാഹിത്യങ്ങള്‍ C. Hamza
3. സൈഫുല്‍ ബത്താര്‍
4. ഉദ്ദത്തുല്‍ ഉമറാഅ്
5. സര്‍വ വിജ്ഞാന കോശം