ബാഹ്യയുക്തിക്കപ്പുറമുള്ള അനുഭവങ്ങളെയും ആശയങ്ങളെയും കാണുകയും കാണിപ്പിക്കുകയും ചെയ്യുന്നത് എന്ന നിലക്കാണ് കലയും ആത്മീയതയും സാമ്യപ്പെടുന്നത്. കലയില്‍ തന്നെ, സംഗീതമാവട്ടെ, അനുഭൂതികള്‍ (ആശയവുമാവാം) നാദമായും താളമായും ആവിഷ്‌കരിക്കപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ, സമാധാനവും ശാന്തിയും ലഹരിയും ലഭിക്കാനുള്ള ഒരനിവാര്യ വസ്തുവായും, ആത്മപ്രകാശന മാധ്യമമായും സംഗീതത്തെ മനുഷ്യന്‍ അനുഭവിക്കുന്നു.
ഭാഷയുടെ ബാഹ്യരൂപത്തിനുള്ളില്‍ ഒളിച്ചുവെച്ചിട്ടുള്ള ആന്തരിക രഹസ്യങ്ങളെ, ഭാഷയുടെ 'ബാഹ്യം' അറിയുന്നയാള്‍, തന്റെ അനുഭൂതിപരവും ആന്തരികവുമായ അവസ്ഥകള്‍ക്കും ആഭിമുഖ്യങ്ങള്‍ക്കുമനുസരിച്ച്, ഭാഷക്കുള്ളില്‍ നിന്നും കണ്ടെടുക്കലാണ് സൂഫിഗദ്യങ്ങളുടെ ആസ്വാദന രീതി. എന്നാല്‍ സൂഫി സംഗീതം ഒരു വേള, ഭാഷക്കു തന്നെ പുറത്തുനില്‍ക്കുകയും ശബ്ദങ്ങളുടെ ആരോഹണാവരോഹണങ്ങള്‍ കൊണ്ട് മാത്രം ആത്മീയാനുഭൂതി ഉണ്ടാക്കുകയും ചെയ്യുന്നു. ('സമാ' സൂഫി സംഗീതസദസ്സുകളില്‍ പങ്കുകൊള്ളുന്നവര്‍ പറയുന്ന അനുഭവത്തെ പകര്‍ത്തിയതാണ് മേല്‍പറഞ്ഞത്) ആരോഹണാവരോഹണങ്ങള്‍ യുക്ത്യാതീതവും, ആത്മീവുമായ ആശയങ്ങളെ (വരികളെ / സാഹിത്യത്തെ) താളാത്മകമായി വഹിക്കുക കൂടി ചെയ്യുമ്പോള്‍ സൂഫി സംഗീതം അതിന്റെ പൂര്‍ണതയിലെത്തുന്നു. പാടുന്നയാളും, പാടപ്പെടുന്ന കാര്യവും ഒന്നാകുമ്പോള്‍ തന്നെ ഗായകനും ശ്രോതാവും ഒന്നാകുന്ന അനുഭവവും ഉണ്ടാകുന്നു.
ആത്മീയമായി വികസിച്ച ഇസ്‌ലാമിന്റെ ഒരു സ്പിരിച്വല്‍ ഓഫ് ഷൂട്ട് (ആത്മീയ ബഹിഷ്‌കരണം) എന്ന നിലക്കാണ് സൂഫിസത്തെയും, സൂഫിസംഗീതത്തെയും ഈ ലേഖനത്തില്‍ പരിഗണിക്കുന്നത്.
സ്വന്തത്തിന്റെ യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞവനാണ് സൂഫി എന്നതിനാല്‍, അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട, അല്ലെങ്കില്‍ ഏകമായ യാഥാര്‍ത്ഥ്യത്തെ അറിഞ്ഞതിനാലുള്ള അനുഭൂതിയെ ഒരു സൂഫി ആവിഷ്‌കരിക്കുന്ന രീതിയാണ് / രീതികളില്‍ ഒന്നാണ് സൂഫിസംഗീതം. സൂഫിസം നിലനിന്നേടത്തൊക്കെ ഏതെങ്കിലും രീതിയില്‍ സൂഫിസംഗീതവും നിലനിന്നിരുന്നു എന്നുകാണാം. ഗുരു / ഗുരുപരമ്പര ഉണ്ടായിരിക്കുക, ഗുരുവിന്റെ (ശൈഖിന്റെ) സാന്നിദ്ധ്യത്തില്‍ അവതരിപ്പിക്കപ്പെടുക - തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ സൂഫി ഗാന സദസ്സുകള്‍ക്ക് ലോകത്തിലെ ഇതര ഭാഗങ്ങളിലുള്ള സൂഫി സംഗീത സദസ്സുകളോട് സാമ്യമുണ്ട്. എന്നാല്‍, സൂഫി സംഗീതത്തിന്റേതെന്ന് പേരുകേട്ട സംഗീത ഉപകരണങ്ങള്‍, ഗാനാവതരണങ്ങളില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കേരളത്തിലെ സൂഫിസംഗീത സദസ്സുകള്‍ വ്യത്യാസം പുലര്‍ത്തുന്നു. റബാബ്, ഊദ്, സിത്താര്‍, ഷാഹിബാജ, ബുള്‍ബുള്‍ തുടങ്ങിയവ കേരളത്തിലെ സൂഫി സംഗീതസദസ്സുകളില്‍ ഉപയോഗിക്കുന്നതായി കാണുന്നില്ല. സൂഫികളുടേതെന്നുതന്നെ എന്നു പേരുകേട്ട ദഫ്, അറബന തുടങ്ങിയ വാദ്യങ്ങളാകട്ടെ, പ്രസ്തുത ഉപകരണങ്ങളുടെ വാദനം തന്നെ കേന്ദ്രസ്ഥാനത്തു വരുന്ന കലാരൂപങ്ങളിലാണ് കേരളത്തില്‍ ഉപയോഗിക്കുന്നത്. പ്രസ്തുത കലാരൂപങ്ങളില്‍ ചൊല്ലിവരുന്ന വരികള്‍ സൂഫിപാര്യമ്പര്യത്തില്‍ ഊന്നിനില്‍ക്കുന്നതുമാണ്.
ഇനി, സംഗീതോപകരണങ്ങളുടെ വിഷയത്തില്‍ തന്നെ, കേരളത്തിലെ സൂഫിഗാനാലാപനത്തിന്റെ തലം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. സംഗീതോപകരണങ്ങളോടുള്ള നിഷേധ സമീപനം, സൂഫിസംഗീതത്തെയും ആ സംഗീതം എന്തിനു വേണ്ടിയാണോ / എന്തില്‍ നിന്നാണോ ഉരുവം കൊള്ളുന്നത് ആ സ്രോതസ്സിനെ അഥവാ തസ്വവ്വുഫിനെ അതിന്റെ മൗലിക ശുദ്ധിയില്‍ നിലനിര്‍ത്താന്‍ സഹായകമായി.
സൂഫിസത്തിന്റെ സ്രോതധാരകളെയും പ്രമാണങ്ങളെയും പരിഗണിച്ച് ഒരിക്കലും പ്രതിനിധീകരിക്കുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യാത്ത ആശയങ്ങളെയും ആവിഷ്‌ക്കാരങ്ങളെയും പോലും സൂഫിസംഗീതം എന്ന പേരില്‍ വിറ്റഴിക്കപ്പെടുന്ന അവസ്ഥയാണിന്ന്. അതിനാല്‍ കേരളീയ പണ്ഡിതന്മാരുടെ 'സംഗീതോപകരണങ്ങളെ കുറിച്ച' സമീപനങ്ങള്‍ വേറൊരു നിലക്കു തന്നെ വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. ഉപകരണങ്ങള്‍ എന്നതു തന്നെ സ്വയം ഒരാശയമായും ആ ആശയത്തെ ഉപജീവിച്ച് സൂഫിസത്തിന്റേതല്ലാത്ത സാംസ്‌കാരിക പരിസരങ്ങളായും രൂപപ്പെടുകയും, ചിലപ്പോഴൊക്കെ അതുതന്നെ സൂഫിസം എന്നു ധരിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലമാണ് ഇന്നുള്ളത്. അതിനാല്‍ തന്നെ, പണ്ഡിതന്മാരുടെ പ്രസ്തുത സമീപനങ്ങളെ പൂര്‍ണമായും തള്ളിക്കളയുക വയ്യ. അവര്‍ 'ബാഹ്യ മാത്ര വാദികള്‍' എന്നു വിളിക്കപ്പെട്ടാലും ശരി. എന്നാല്‍, പണ്ഡിതന്മാരായിരിക്കെ തന്നെ മതത്തിന്റെ പൊരുളറിഞ്ഞ സൂഫികള്‍, സൂഫിസംഗീതത്തില്‍ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിച്ചിട്ടുണ്ടെന്നു കാണാം. ഇതിന്റെ തുടര്‍ച്ച കേരളത്തിലും ഉണ്ടായിട്ടുണ്ട്. അഹ്മദ് കോയ ശാലിയാത്തിയുടെ ഫത്‌വ ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഹിന്ദുസ്ഥാനി സംഗീത രൂപങ്ങളോടും മറ്റിടങ്ങളില്‍ അവിടത്തെ ശാസ്ത്രീയ സംഗീത പാര്യമ്പര്യങ്ങളോടുമാണ് സൂഫി ഗാനാലാപന ശൈലി ചേര്‍ന്നു നില്‍ക്കുന്നത്. നാടോടി രീതിയും ഇല്ലാതില്ല. നുസ്‌റത്ത് അലി ഫത്തേഹ് അലി ഖാനെപ്പോലുള്ള ഖവ്വാലി ഗായകരുടെ രീതികള്‍ ഹിന്ദുസ്ഥാനി രീതിയിലും സൈഫുല്‍ മലൂഖ് പോലുള്ള പഞ്ചാബി സൂഫിഗാനങ്ങള്‍ ഫോക്‌ശൈലിയിലുമാണ്.
ഇന്ത്യയില്‍ ഹിന്ദുസ്ഥാനി സംഗീത പാര്യമ്പര്യം വളരെ ബൃഹത്തായ ഒന്നായിട്ടും, കേരളത്തില്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തിന് വളരെ പ്രചാരമുണ്ടായിട്ടും കേരളത്തിലെ സൂഫിഗാനങ്ങളുടെ ആലാപന രീതി പൊതുവെ ദ്രവീഡിയന്‍ രീതിയിലായിരുന്നു. പാര്യമ്പര്യ മാപ്പിള ഇശലിലോ അറബി ബൈത്തുകളുടെ കേരളീയ ആലാപന രീതിയിലോ ആണ് ഇത്. അറബി കാവ്യങ്ങളുടെയും ബൈത്തുകളുടെയും ഇശലുകള്‍ക്ക് തനതു രൂപം ഉണ്ടായിട്ടും, അറബി വൃത്തശാസ്ത്രത്തിന്റെ പരിധിക്കുള്ളിലായിട്ടും അവയുടെ കേരളീയാലാപനം ദ്രാവിഡമട്ടില്‍ ആണ്.
സൂഫിഗാനങ്ങളും ഇനങ്ങളും:
വ്യക്തിപരമായ ഭക്തിപാരായണങ്ങള്‍ക്കു വേണ്ടിയുള്ളതും, ധ്യാനവേളകളിലും(ദിക്ര്‍, ഹള്‌റഃ) മറ്റും സംഗീതത്തിന്റെ അകമ്പടിയോടെയും അല്ലാതെയും പാടുന്നതിന്നു വേണ്ടിയും എഴുതപ്പെടുന്നതാണ് സൂഫിഗാനങ്ങള്‍. അറബിയിലെ ഖസീദഃയോട് കിടപിടിക്കുന്ന കാവ്യങ്ങളും കേരളത്തിലുണ്ട്. പൂര്‍ണമായും അറബി ഭാഷയില്‍ എഴുതപ്പെട്ട കേരളീയ സൂഫിസൃഷ്ടികളെ ഒഴിവാക്കിക്കൊണ്ടും, പല്ലവി, അനുപല്ലവി, ചരണം എന്ന രൂപത്തില്‍ ആലപിക്കാന്‍ പറ്റിയവയെ ഗാനമായി പരിഗണിച്ചും സൂഫിഗാനങ്ങളുടെ തരംതിരിവുകളെക്കുറിച്ച് ചുരുക്കിപ്പറയാം.
എല്ലായിടത്തുമുള്ള പോലെ ഹംദ്, നാത്, മനാഖിബ് എന്നീ പ്രധാന വിഭാഗങ്ങളും, സൂഫിയാനഃകലാം/ തസ്സവ്വുഫാന കലാം എന്ന വിഭാഗവും മലയാളത്തിലും കാണാവുന്നതാണ്.
സൂഫിയെ സംബന്ധിച്ചിടത്തോളം 'ഹംദി'ല്‍, തന്റെ പവിത്രമായ സൂഫിപാതയെ ദര്‍ശിപ്പിക്കുന്ന 'അനിവാര്യ അസ്തിത്വമായ അല്ലാഹു'വിന്നുള്ള സ്തുതിയാണ് ഉണ്ടാകുക.
'മറ്റൊന്നിന്‍ കാരണത്താലല്ലാതെ നിലനില്‍ക്കുന്ന, അഥവാ സ്വയം നിലനില്‍ക്കുന്ന ഒന്നായി ദൈവമേ ഉള്ളൂ' എന്ന നിലക്ക് ദൈവത്തെ സ്തുതിക്കുന്ന ധാരാളം പാട്ടുകളുണ്ട്.
ലാഇലാഹഇല്ലല്ലാഹു എന്ന ഒളിവേ ലഹു ലഹുവതെങ്കിലും ശുദ്ധതെളിവേലോക ലോക മിന്റടിക്കക്കാണ ചുളിവേലാ മൗജൂദ ഇല്ലല്ലാഹു എന്ന ഒടുവേ... (ഹാജി അബ്ദുറസാഖ് മസ്താന്‍) ഹൂ എണ്ട ഉള്‍പ്പൊരുളേ ഇശവെന്ന മോശയതില്‍ ഊര്‍ന്നിപ്പടര്‍ന്ന കതിരം. ഹൂ ഹൂ എണ്ടെപ്പോഴുതും ഉപദേശ മന്ദിരവും നഫ്‌സെക്കുടിക്ക് മധുരം (ഇച്ച മസ്താന്‍)സൂഫി സംഗീതസദസ്സുകളിലും അല്ലാതെയും, ദൈവവുമായുള്ള ലയനാവസ്ഥയില്‍ പറയപ്പെടുന്ന വചനങ്ങളാണിവ. ഹല്ലാജ് ഇത്തരം വാക്കുകള്‍ കൊണ്ടാണ് വിവാദ നായകനായത്.
അല്‍ ഹഖുവല്‍ ഹഖു ലില്‍ ഹഖ്ഖി ഹഖ്ഖുന്‍ സാബിത്തുന്‍ ദാത്തുഹു വമാസമ്മ ഫര്‍ഖു (ഹല്ലാജ്)അഥവാ, അസ്തിത്വം കൊണ്ട് മറഞ്ഞിരിക്കുന്നവന്‍ അവനാണ്. അവന്റെ ഗണത്തിന്റെ വെളിപ്പെടലാണ് ഞാന്‍. അവന്റെ ഗുണം അവന്റെ അസ്തിത്വത്തില്‍ നിന്നും ഭിന്നമായതല്ലെന്നു വരുമ്പോള്‍, 'അവന്‍' വെളിപ്പെടുകയും 'ഞാന്‍' മറയുകയും ചെയ്യുന്നു. അത് മനസ്സിലാകാത്തവര്‍ യാഥാര്‍ഥ്യത്തിന്ന് എതിരു ചെയ്യുന്നു.
ദാത്താല്‍ മറഞ്ഞവനാരെന്നും - ഞാനാ സ്വിഫത്താല്‍ വെളിവായാനോണാന്നും ഓര്‍ത്താല്‍ അറിയാത്ത നീയെന്നുംഉള്ളതിന്നു വിപരീതം ചെയ്യുന്നു.ഇനിയുള്ളത് 'നാത്ത് (നഅ്ത്ത്)' എന്ന ഇനമാണ്. പ്രവാചക പ്രകീര്‍ത്തനങ്ങളാണ് ഇതില്‍ വരുന്നത്. അനിവാര്യ അസ്തിത്വ(ദൈവം)ത്തെപ്പറ്റി നിരന്തരം അറിയിച്ചു കൊണ്ടിരിക്കുന്നവനും(റസൂല്‍) 'സൃഷ്ടി' എന്ന നിലക്കുള്ള തന്റെ തന്നെ കാരണക്കാരനുമായ ഒന്നിനോടുള്ള പ്രണയത്തെ അടയാളപ്പെടുത്തുന്ന വരികളാണിവ. പ്രവാചകനെക്കുറിച്ചുള്ള എല്ലാ പാട്ടുകളെയും പൊതുവെ ഈ ഗണത്തില്‍ പെടുത്താമെങ്കിലും, പ്രവാചകന്റെ മാനുഷികത (ബശരിയ്യത്ത്)ക്കപ്പുറത്തുള്ള ആത്മീയയാഥാര്‍ഥ്യങ്ങളെ (ഖുസൂസിയ്യത്ത്/ ഹഖീഖത്തുറസൂല്‍) കുറിക്കുന്ന ഗാനങ്ങളാണ് സൂഫിഗാനസദസ്സുകളില്‍ ഉണ്ടാകുക.
വേദക്കിനാക്കളില്‍ മയിലായിരിന്ത നബി വേദാന്ത് ശാഹ് ശാഹാ വള്ളല്‍ മുഹമ്മദിരു മലര്‍കാലക്കിടയില്‍ വീണാശനാന്‍ പുകളേന്‍ (ഇച്ച മസ്താന്‍)'ദാറൂദ്' എന്ന് പറയപ്പെടുന്ന, പല രീതിയില്‍ ചൊല്ലപ്പെട്ട, സ്വലാത്തുകള്‍, പ്രവാചകശീര്‍ഷവാദങ്ങള്‍ എന്നിവയും സൂഫിഗാനങ്ങളുടെ പരിധിയില്‍ വരുന്നുണ്ട്.
താജുസ്വലാത്ത്, നാരിയതുസ്വലാത്ത് തുടങ്ങിയവ പ്രസിദ്ധ സ്വലാത്തുകള്‍ ആണല്ലോ. ഗാനങ്ങളെപ്പോലെ കോര്‍വകളാക്കുന്ന രീതി, മറ്റു ഭാഷകളിലെന്ന പോലെ കേരളീയ സൂഫിഗാനങ്ങളിലും ഉണ്ട്.
പിന്നെയുള്ളത് 'മനാഖിബ്' എന്ന വിഭാഗത്തില്‍ പെടുന്ന സൂഫിഗാനങ്ങളാണ്. ഇത്, സൂഫികവി, തന്റെ ഗുരുപരമ്പകളില്‍ പെട്ടതോ അല്ലാത്തതോ ആയ ഏതെങ്കിലും അധ്യാത്മജ്ഞാനികളെ പ്രശംസിക്കുന്ന, അപദാനങ്ങള്‍ വാഴ്ത്തുന്ന ഗാനങ്ങളാണ്.
ഇത്തരത്തില്‍ പൊതുവായ മനാഖിബുകള്‍ക്ക് പുറമെ, ഏതെങ്കിലും പുണ്യാളരെ സവിശേഷമായി വാഴ്ത്തുന്നവയും ഉണ്ട്.
ആലം മൂവാറലിഫിന്റാധാരത്തില്‍ നിന്ന് കോലം പഞ്ചവര്‍ണക്കിളിയായ് പാടുന്ന്നാലാറില് നൂലായ കലിമയില്‍ പുലര്ന്ന്നലവുറ്റ നാമം ഖാജാ മുഈനതെന്ന് (ഇബ്രാഹീം ബാദ്ഷാ ഖാദിരി ചിശ്തി)കേരളത്തില്‍ ജീവിച്ച സൂഫിജ്ഞാനികളെക്കുറിച്ചുള്ള മനാഖിബുകളും ഉണ്ട്. ലഖദ് കുന്‍ത ഫീ ഗഫ്‌ലത്തന്‍ എന്ന വ്യവസ്ഥഫബസ്വറുകല് യൗമ ഹദീദിന്‍ വ്യവസ്ഥഫള്ലാല് ചൊരിക്കുന്ന പൈഗംബറസ്തപാദം തന്നില്‍ തന്നരുളുന്ന നൂരി (ഇബ്രാഹീം ബാദ്ഷാ ഖാദിരി ചിശ്തി - ഷാ അബ്ദല്‍ ഖാദിര്‍ കണ്ണൂരിയെക്കുറിച്ച് പാടിയത്.)'സൂഫിയാന കലാം' എന്ന് പൊതുവെ പറയപ്പെടുന്ന ഗാനങ്ങള്‍, സൂഫികളുടേതായ ഗൂഢാര്‍ഥങ്ങളും രൂപകങ്ങളും മനസ്സിലാക്കാനുള്ള ശേഷിയുള്ളവരുടെ സദസ്സില്‍ വിനിമയം ചെയ്യപ്പെടുന്ന സൂഫി തത്വജ്ഞാനം ഉള്ളടങ്ങിയ പാട്ടുകളാണ്. നേരത്തെ പറഞ്ഞ ഹംദും, നാത്തും ഒക്കെ ഈയര്‍ഥത്തില്‍ 'സൂഫിയാനാ കലാം' ആണെന്നു പറയാം.
അഹദെന്ന സിര്‍റലിഫില്‍ മീമാല്‍ വിതച്ച വിള ഇന്‍സാലെന്നാലം വെളിവായ് അസ്‌റാറിയത്തുറുദി ഫസ്‌ലാലും ഹംദുടമ വസ്‌ലാല്‍ ചമഞ്ഞ അലമാ (ഇച്ച മസ്താന്‍)പ്രവാചകന്‍ മുഹമ്മദിനെ, സൂഫിജ്ഞാനികള്‍ മനസ്സിലാക്കുന്ന രീതിയാണ് ഈ വരികളില്‍ ഉള്ളത്. മനുഷ്യന്‍ എന്ന സൃഷ്ടിയുടെ സവിശേഷഭാവങ്ങളെയും ആന്തരികമായി ഈ വരികള്‍ അടയാളപ്പെടുത്തുന്നു.
ഹഖായ ശൗഖിലാട് ഹവ വിട്ടിടും മുന്‍നേട് ഹഖറിഞ്ഞോരില്‍ കൂട് ഹമ്മ് ഭമ്മില്‍ ഹൂ ഹൂ ഹൂ ഉള്ളത്തില്‍ നിപ്പാട്തുടങ്ങി, സാധകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും,
ലൈലത്തുല്‍ ഖദ്‌റോ ബദ്‌റുത്തമാമീ ലങ്കുന്ന ശംസോ ഖമറോ വ ഹാമീം ലയ്‌ലാന്റെ പ്രേമസിര്‍റായ മീമീലയ്ലുന്ന ഹാറില്‍ ആനന്ദം മതിയേ (ഇബ്രാഹീം ബാദ്മാ ഖാദിരി ചിശ്തി)തുടങ്ങിയ, ലയലാനന്ദത്തെക്കുറിക്കുന്ന വരികളും സൂഫിയാനാകലാമില്‍ ഉണ്ട്. ഗൂഢാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം ഗാനങ്ങളില്‍ തന്നെ ഹാസ്യരസപ്രധാനമായ കലകളും ഉണ്ട്.
ചിപ്പീല്‍ കിടക്കുന്ന മുത്തറിയാത്തവന്‍ ചിന്തയില്ലാത്ത ഫഖീറാംചീതേവിയല്ലവന്, മൂതേവിയാകുന്നുചീത്തം കഠിനഹറാറാം.... ആലിമും ജാഹിലും ഒന്നെല്ലെടോ - അത്കാക്കയും മൂങ്ങയും പോലെആലമുണ്ടാകുന്ന കാലം വരെ ഗുലുമാല് കിടയാണു ബാലേ..... (കെ. വി അബ്ദുറഹ്മാന്‍ മാസ്റ്റര്‍)അക്ഷരങ്ങളുടെ രൂപങ്ങളെയും, അക്ഷരങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തെയും കുറിച്ചുള്ള പാട്ടുകളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ലോകപ്രശസ്ത സൂഫിഗ്രന്ഥങ്ങളായ അബ്ദുല്‍ കരീം ജിയലിയുടെ അല്‍ ഇന്‍സാനുല്‍ കാമില്‍, ഹല്ലാജ് മന്‍സൂറിന്റെ കിതാബുല്‍ ഖാവാസീന്‍ തുടങ്ങിയവ കൈകാര്യം ചെയ്ത ആശയങ്ങള്‍ വരുന്ന പാട്ടുകളാണിത്.
മീമ് മീമായ മീമില്‍ മിഅ്റാജെടീമീമ് ലാമലിഫില്‍ മിഫ്താഹ് നൂനാണെടീജീമ് സ്വാദോടു ദാലും ഹയാതാണെടീ (ഇച്ച മസ്താന്‍)കലിമയിലാണ്ട് കൗതുകം പൂണ്ട്കാഫ് ഹാ യാ ഐന്‍ സ്വാദില്‍ കണ്ട്കലിമൊഴിപടുത്ത് അബ്ദുറസാഖ്കരഞ്ഞുള്ള വാക്ക് കയ്യേറ്റെടുക്ക് (അബ്ദുറസാഖ് മസ്താന്‍)ആലാപന ശൈലി കൊണ്ടും രചനാരീതി കൊണ്ടും പൊതുവെ മുസ്‌ലിം ഭക്തിഗാന, ഗാന ശാഖയിലോ മാപ്പിളപ്പാട്ട് ശാഖയിലോ ചേര്‍ക്കാന്‍ പറ്റാത്ത, ആഴമേറിയതും, ആലാപനശൈലികൊണ്ട് വേറിട്ടു നില്‍ക്കുന്നതുമായ സൂഫിഗാനങ്ങളെയും അവയെഴുതിയ കവികളെയും പഠിക്കാനും അന്വേഷിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. മലയാളത്തിലെ സൂഫികവികള്‍, അവരുടെ ജീവിതം, വൈദ്യരെപോലുള്ള കവികളുടെ സൃഷ്ടികളിലുള്ള സൂഫിസ്പര്‍ശം തുടങ്ങിയ കാര്യങ്ങള്‍ വേറെ തന്നെ ശീര്‍ഷകങ്ങളിലായി വരേണ്ട വിഷയങ്ങളാണ്.
(കടപ്പാട് - എഴുത്തുകാരനായ സ്വലാഹുദ്ദീന്‍ അയ്യൂബി, ഗായകരായ മുസ്തഫ കടലുണ്ടി, ആശിഖ് താനൂര്‍, സൂഫി ഗുരുവായ ഇബ്രാഹീം ബാദുഷ ഖാദിരി ചിഷ്തി, അവധൂതരായ ഹംസക്കോയ താനൂര്‍, മെരുവമ്പൊയില്‍ ബീവി, കണ്ണൂര്‍ ശാഹിബാജ, ഹാര്‍മോണിയം വാദകന്‍ ഹംസ ഹര്‍ഷ്.)
1. ഇച്ചമസ്താന്റെ വിരുത്തങ്ങള്‍ - ഒ. ആബു. ആമിനാ ബുക്സ്റ്റാള്‍, തൃശ്ശൂര്‍ - 1997
2. അല്‍ ഇന്‍സാനുല്‍ കാമില്‍ - അബ്ദുല്‍ കരീം അല്‍ ജീലി
3. Cocept of Reality and Existence - Toshiko Izutsu - I. B. T Kualalampur - 2007