ഇന്ത്യയിലെ വാണിജ്യമേഖല കയ്യടക്കാനും ഈ മേഖലയില്‍ അറബികള്‍ക്കുണ്ടായിരുന്ന കുത്തക അവസാനിപ്പിക്കാനും ഇന്ത്യയിലേക്ക് പതിനാറാം നൂറ്റാണ്ടില്‍ കടന്നുവന്ന പോര്‍ച്ചുഗീസുകാര്‍ മുസ്‌ലിംകളെ കൊന്നൊടുക്കുകയെന്ന ക്രൂരമായ അജണ്ട നടപ്പാക്കിക്കൊണ്ടാണ് കേരളത്തില്‍ അരങ്ങേറ്റം നടത്തിയത്. ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജാക്കന്മാരില്‍പെട്ട കോഴിക്കോട്ടെ സാമൂതിരി രാജാവിനെയാണ് അവര്‍ പ്രലോഭിപ്പിച്ച് വശത്താക്കന്‍ ശ്രമിച്ചത്. വ്യാപാരരംഗത്ത് അറബികള്‍ക്ക് സഹായം നല്‍കുകയും പ്രജകളെന്ന നിലയില്‍ മുസ്‌ലിംകളെ സംരക്ഷിക്കുകയും ചെയ്ത സാമൂതിരി രാജാവിനെ പാട്ടിലാക്കി, വ്യാപരകുത്തക അറബികളില്‍ നിന്ന് പിടിച്ചെടുക്കാനുമാണ് പോര്‍ച്ചുഗീസുകാര്‍ ആദ്യം ശ്രമിച്ചത്. ഇതിനുപിന്നാലെ മുസ്‌ലിംകളെ കൊന്നൊടുക്കാനും ഇന്ത്യന്‍ ഭൂപ്രദേശത്ത് ആധിപത്യം സ്ഥാപിക്കാനുമായിരുന്നു മതഭ്രാന്തന്മാരായ പോര്‍ച്ചുഗീസുകാര്‍ പദ്ധതി തയ്യാറാക്കിയത്.
എ.ഡി.1497 മാര്‍ച്ച് 25 ന് പോര്‍ച്ചുഗലില്‍ നിന്ന് യാത്രതിരിച്ച പോര്‍ച്ചുഗീസ് നാവികതലവന്‍ വാസ്‌കോഡഗാമയുടെ നേതൃത്വത്തിലുള്ള നാവികസംഘം 1498 ആഗസ്ത് 26 ന് കോഴിക്കോടിനടുത്ത കാപ്പാട് കപ്പലിറങ്ങി. വ്യാപാരമേഖലയില്‍ മേധാവിത്വം അനുവദിച്ചു കൊടുക്കാന്‍ തയ്യാറാവാതിരുന്ന സാമൂതിരിരാജാവിനോട് ഇടഞ്ഞ് കണ്ണൂരിലേക്ക് തിരിച്ച ഗാമ, ഇവിടത്തെ നാട്ടുരാജാവായ കോലത്തിരി രാജാവുമായി കച്ചവടബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ആഗ്രഹിച്ച ഉല്‍പന്നങ്ങള്‍ ശേഖരിച്ച് സന്തോഷഭരിതരായി അവര്‍ ലിസ്ബണിലേക്ക് തിരിച്ചുപോയതോടെ ഓന്നാമത്തെ യാത്ര അവസാനിച്ചു.
ഏഴിമല
ഗാമയും സംഘവും എ.ഡി 1502ല്‍ വീണ്ടും കേരളത്തില്‍ തിരിച്ചെത്തി. 1498ലെ ആദ്യത്തെ വരവില്‍ ഇന്ത്യന്‍ പ്രദേശത്തുവെച്ച് കണ്ണൂര്‍ ജില്ലയിലെ ഏഴിമലയാണ് ആദ്യമായി ഗാമയുടെ ദൃഷ്ടിയില്‍പെട്ടത്. ഈ വിവരം 1509ല്‍ പോര്‍ച്ചുഗല്‍ വൈസ്രോയിയായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ച അഫോണ്‍സോ ഡ അല്‍ബുക്കര്‍ക്കിന്റെ മകന്‍ ബ്രാസ് ഡ അല്‍ബുക്കര്‍ക്ക് എഴുതിയ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. തന്റെ പിതാവിന്റെ ഇന്ത്യയിലേയും മറ്റും ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നതാണീ പുസ്തകം. പോര്‍ച്ചുഗല്‍ ഭാഷയിലെഴുതിയ ഈ പുസ്തകം ലണ്ടന്‍ മ്യൂസിയത്തില്‍ നാലുനൂറ്റാണ്ടോളം കാലം കിടക്കുകയായിരുന്നു. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലമാണ് പുറത്തിറങ്ങിയത്. യു.എ.ഇ ഗവണ്‍മെന്റിനു കീഴിലുള്ള അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ പബ്ലിക്കേഷന്‍ ഇതിന്റെ അറബിയിലുള്ള പരിഭാഷ 2000-ലാണ് പ്രസിദ്ധീകരിച്ചത്. രണ്ടുവാല്യങ്ങളിലായി മൊത്തം 1600 പേജുകളുള്ള ഈ പുസ്തകത്തിന് അസ്സിജ്‌ലുല്‍ കാമില്‍ എന്നാണ് അറബിയിലെ പേര്. ഈ ഗ്രന്ഥത്തിന്റെ വലിയൊരു ഭാഗം കേരളം. മലബാര്‍ കോഴിക്കോട്, ഏഴിമല എന്നീ പ്രദേശങ്ങളെപറ്റിയും മലബാര്‍ മുസ്‌ലിംകള്‍, സാമൂതിരി, മമ്മാലി, നമ്പൂതിരി, ശൂദ്രന്‍, നായര്‍ തുടങ്ങിയ ജനവിഭാഗങ്ങളെപ്പറ്റിയും വിവരിക്കുന്നുണ്ട്. പോര്‍ച്ചുഗീസുകാര്‍ നടത്തിയ അക്രമങ്ങളും വളരെ കുറഞ്ഞ നിലയില്‍ ഇതില്‍ വിവരിക്കുന്നുണ്ട്.
1502ല്‍ വീണ്ടും കേരളത്തിലെത്തിയ ഗാമ പ്രധാനമായും ഏഴിമല കേന്ദ്രമായാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പരിശുദ്ധ ഹജ്ജ്കര്‍മ്മം കഴിഞ്ഞ് കോഴിക്കോട്ടേക്ക് 400 ഓളം പേരുമായി വന്ന ഹജ്ജ് കപ്പല്‍ ഏഴിമലക്ക് സമീപത്തുവെച്ച് ആക്രമിച്ചു എല്ലാവരെയും വധിച്ചു. ഇരുപത് കപ്പലുകളുമായാണ് ഗാമ ഹജ്ജ് കപ്പല്‍ വളഞ്ഞത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള എല്ലാവരെയും വധിക്കുകയും മുതലുകള്‍ കൊള്ള ചെയ്തശേഷം കപ്പല്‍ കത്തിക്കുകയുമായിരുന്നു. വെന്തെരിയുന്ന മനുഷ്യരുടെ മരണവെപ്രാളങ്ങള്‍ ഗാമ തന്റെ കപ്പലിലെ നീരീക്ഷണ കവാടത്തിലൂടെ നോക്കി ആനന്ദിക്കുകയായിരുന്നു. ഈ സംഭവം നേരത്തെ പറഞ്ഞ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു. പോര്‍ച്ചുഗീസുകാരെ കിടുകിടാ വിറപ്പിച്ചവരായിരുന്നു നാവികവിദ്യയില്‍ ഉഗ്രപ്രതാപികളായ കണ്ണൂരിലെ മമ്മാലിമാര്‍. ഇവരുടെ പ്രവര്‍ത്തനരംഗവും ഏഴിമലക്ക് സമീപത്തായിരുന്നു.
വിശ്വപ്രസിദ്ധമാണ് ഏഴിമല. പ്രാചീനകാലം മുതല്‍ നാവികര്‍ക്ക് ഈ മല സുപരിചിതമാണ്. കടലിലേക്ക് തള്ളിനില്‍ക്കുന്ന മലനിരകളാണ് 855 അടി ഉയരമുള്ള ഏഴിമല., ഈ മലക്ക് ചരിത്രത്തില്‍ വേറെയും പേരുകളുണ്ട്. ദേലിമല, മൗണ്ട് ഏലി, ഏല്‍മല, ഏഴമല, ഏലിഗിരി, ഡിലേലി, ഹൈലവി, ഹീലി, ജബരുഫ അ്ര്‍ എന്നിവ അവയില്‍പെടുന്നു. കണ്ണൂരില്‍ നിന്ന് 25 കി.മീ വടക്കു ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂഷക രാജവംശത്തിന്റെയും കോലത്തിരി രാജവംശത്തിന്റെയും തലസ്ഥാനമായിരുന്നു. കേരളത്തിന്റെ പ്രഥമ ആധികാരിക ചരിത്രഗ്രന്ഥമായ, ശൈഖ് സൈനുദ്ദീന്‍മഖ്ദൂം രണ്ടാമന്റെ തുഹ്ഫതുല്‍ മുജാഹിദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ ഏഴിമലയും, പോര്‍ച്ചുഗീസുകാരുമായുള്ള പോരാട്ടവും വിവരിക്കുന്നുണ്ട്. മാലിക് ദീനാര്‍ നിര്‍മ്മിച്ച പത്ത് പള്ളികളിലൊന്ന് മാടായിയിലെ ഏഴിമല പള്ളിയാണ്. ഏഴിമലയുടെ തെക്കെ താഴ്‌വരയില്‍ ഒമ്പതു സഹാബികള്‍ ഹിജ്‌റ 119 മുഹ്‌റം 10 ന് എത്തിയിരുന്നു. ഖുര്‍ആന്‍ മന:പാഠമുള്ള അവര്‍ ഖുര്‍ആന്‍ മുസ്ഹഫുകളിലെഴുതി കേരളത്തിലെ പ്രധാന സ്ഥലങ്ങളില്‍ എത്തിച്ചിരുന്നു. ഇവരുടെ ചെലവുകള്‍ വഹിച്ചിരുന്നത് അറക്കല്‍ മുഹമ്മദലി രാജാവായിരുന്നു. ഇവര്‍ ഒമ്പതുപേരും ഇവിടെത്തന്നെ മരണപ്പെട്ടു. രണ്ടു സഹാബികളുടെ ഖബറുകള്‍ ഇവിടെ ഒരിടത്ത് കാണപ്പെടുന്നുണ്ട്. പ്രകൃതി സുന്ദരമായ മലയും സുഖവാസ കേന്ദ്രവുമുള്ളതാണ് ഏഴിമലയും താഴ്‌വരയായ രാമന്തളിയും. ഈ പ്രദേശങ്ങള്‍ക്കെല്ലാം ഏഴിമല എന്ന പൊതുവായ പേര് മാത്രമെ ചരിത്രത്തില്‍ ഉണ്ടായിരുന്നുള്ളു. ഏഴിമലയില്‍ 1984ല്‍ സ്ഥാപിച്ച ഏഴിമല നേവല്‍ അക്കാദമി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവികകേന്ദ്രമാണ്. ഇവിടെ സാമൂതിരിയുടെയും കുഞ്ഞാലിമരയ്ക്കാരുടെയും സ്മാരകങ്ങളുണ്ട്. സൂഫികളുടെ ഖബറുകള്‍, മലയുടെ ഉച്ചിയില്‍ മൂന്നും, കുറച്ചു താഴെ ഒന്നുമായി നാലു ഖബറുകളുമുണ്ട്. പള്ളിയെന്നു വിളിക്കുന്ന വളരെ ചെറിയ ഒരു കെട്ടിടവുമുണ്ട്. ജലസാന്നിധ്യം മലമുകളില്‍ എവിടെയുമില്ല. മുകളില്‍ പറഞ്ഞ രാജവംശ തലസ്ഥാനങ്ങളെല്ലാം ഏഴിമലയുടെ വടക്കെ അടിവാരത്തുള്ള രാമന്തളിയിലാണ് സ്ഥിതി ചെയ്തിരുന്നത്.
രാമന്തളിയിലെ പോരാട്ടം
ഏഴിമലയുടെ വടക്കേ താഴ്‌വരയില്‍ രാമന്താളിയുടെ വടക്കേ അറ്റത്തുള്ള ഇന്നത്തെ വടക്കുമ്പാട് പ്രദേശത്ത് കടല്‍ക്കരയില്‍ കോട്ടകെട്ടി താവളമടിച്ച പോര്‍ച്ചുഗീസുകാര്‍ ആ ഭാഗത്തെ മുസ്‌ലിം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ ഒരു പള്ളിയും ഉണ്ടായിരുന്നു. കോട്ടയില്‍ നിന്നിറങ്ങി വന്ന് പട്ടാളക്കാര്‍ മുസ്‌ലിം യുവാക്കളെ മാത്രമല്ല സ്ത്രീകളെയും ഉപദ്രവിക്കുക പതിവായിരുന്നു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമായ അവസ്ഥയുണ്ടാക്കിയിരുന്നു. കടല്‍ക്കരയില്‍ പോകാന്‍ പോലും മുസ്‌ലിംയുവാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഈ ദുരവസ്ഥ മുസ്‌ലിംകളില്‍ അരക്ഷിതാബോധം ഉണ്ടാക്കുകയും ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുകയും ചെയ്തിരുന്നു. പോര്‍ച്ചുഗീസുകാരുടെ ഭാഗത്ത് അവരുടെ പട്ടാളത്തിന്റെ അംഗസംഖ്യ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഏഴിമലയുടെ മനോഹാരിതയും പ്രകൃതിസൗന്ദര്യവും വിശാലമായ കടല്‍തീരവും വടക്ക് പുഴയുടെ സാമീപ്യവും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ മറ്റുപ്രദേശങ്ങളിലെ അധിവാസ സുഖങ്ങളെ വെല്ലുന്നതായിരുന്നു ഏഴിമല താഴ്‌വരയിലെ സൗകര്യം. മദോന്മത്തരാകാന്‍ ഇവരെ പ്രേരിപ്പിച്ച ഘടകവും ഇതൊക്കെയായിരുന്നു.
നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്ന അക്രമങ്ങള്‍ മുസ്‌ലിംകളെ പൊറുതിമുട്ടിച്ചു. നാട്ടില്‍ നിന്ന് ഒഴിഞ്ഞുപോകുകയോ, രണ്ടും കല്‍പിച്ച് പോര്‍ച്ചുഗീസുകാരോട് ഏറ്റുമുട്ടുകയോ ചെയ്യുന്നതില്‍ നിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരം വൈകിച്ചുകൂടെന്ന് മുസ്‌ലിംകള്‍ നിശ്ചയിച്ചു. അതിനുള്ള ഒരുക്കങ്ങള്‍ രഹസ്യമായി ചെയ്തുതുടങ്ങി. ആദ്യപടിയായി വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും അയല്‍പ്രദേശങ്ങളായ പടന്ന, കുഞ്ഞിമംഗലം, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആ നാടുകളിലുള്ള കുടുംബങ്ങള്‍ ഇവരെ ഒപ്പം താമസിപ്പിച്ചു സംരക്ഷണം നല്‍കി. അതിനുശേഷം ദൃഢഗാത്രരും മന:ശക്തരും ധൈര്യവാന്മാരുമായ പതിനേഴ് മുസ്‌ലിം യുവാക്കള്‍ തെരഞ്ഞെടുക്കപ്പെട്ടു. വിവിധ കുടുംബങ്ങളെ പ്രതിനിധീകരിച്ചായിരുന്നു ഇവര്‍ തയ്യാറെടുപ്പ് നടത്തിയത്. ഇന്നും ഒന്നാം തറവാടെന്ന് അറിയപ്പെടുന്ന കുട്ടുവന്‍പീടിക തറവാട്ടിലെ പോക്കര്‍ മൂപ്പരായിരുന്നു ഇവരുടെ നേതാവും പടനായകനും പരി, കലന്തര്‍, പരി, കുഞ്ഞിപ്പരി, കമ്പര്‍, അബൂബക്കര്‍, അഹ്മദ്, ബാക്കിരിഹസന്‍, ചെറിക്കാക്ക ഉള്‍പ്പെടെ പതിനേഴ് യോദ്ധാക്കളാണ് പോരാട്ടത്തിനിറങ്ങിയത്. ഏഴ് യോദ്ധാക്കളുടെ പേരുകള്‍ പിന്നീട് വിസ്മൃതിയിലായി. പീരങ്കികള്‍ ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങള്‍ ഉപോയിഗിച്ചുള്ള പോര്‍ച്ചുഗീസു പട്ടാളക്കോരോട് വാളും, മറ്റു സാധാരണ ആയുധങ്ങളുമുപയോഗിച്ചുള്ള മുസ്‌ലിം യുവാക്കളുടെ പോരാട്ടം കിടപിടിക്കുന്നതല്ലെങ്കിലും ധാരാളം പറങ്കി ഭടന്മാരെ കൊലപ്പെടുത്തിയതിനുശേഷം പതിനേഴ് യോദ്ധാക്കളും രക്തസാക്ഷികളായിത്തീരുകയായിരുന്നു. ഇവരുടെ വെട്ടിനിറുക്കപ്പെട്ട ശരീരങ്ങള്‍ പള്ളിയുടെ കിണറില്‍ പറങ്കികള്‍ നിക്ഷേപിക്കുകയായിരുന്നു. എ.ഡി.1524ലിലാണ് ഈ പോരാട്ടം നടന്നതെന്ന് തുഫ്ഹതുല്‍ മുജാഹിദീന്‍ ഗ്രന്ഥത്തില്‍ നിന്നും മനസ്സിലാക്കുന്നു. ഏഴിമല എന്ന പേരാണ് അതില്‍ പറഞ്ഞിട്ടുള്ളത്. രാമന്തളി എന്ന പേര് ആ കാലത്ത് ഉണ്ടായിരുന്നില്ല.
ധീരോജ്ജ്വലമായ പോരാട്ടത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ 17 ശുഹദാക്കളുടെ കുടുംബപേരുകള്‍ നേരത്തെ പറഞ്ഞ കുട്ടുവന്‍പീടിക തറവാടിനു പുറമെ കൊവ്വപ്പുറം, മോണങ്ങാട്ട്, കരിക്കളപീടിക, പൊന്നിച്ചി, ഉള്ളിവലിയകത്ത്, തളിക്കാരന്‍, മൗവ്വളപ്പില്‍, കളത്തിലെപുര, തായത്ത്, കരപ്പാത്ത്, പറമ്പന്‍ എന്നിവ ഇപ്പോള്‍ നിലവിലുള്ള തറവാടുകളില്‍ ഉള്‍പ്പെടുന്നവയാണ്. പടനായകന്‍ പോക്കര്‍ മൂപ്പരുടെ തറവാട് ഒഴികെ ബാക്കിയുള്ളവരുടെ വേര്‍തിരിച്ച തറവാടുപേരുകള്‍ അറിയില്ല.
അയല്‍പ്രദേശങ്ങളിലേക്ക് ഒഴിഞ്ഞുപോയവരില്‍പ്പെട്ടവര്‍ പോരാട്ടം നടന്നതിനുശേഷം തങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്ഥിതി അറിയാന്‍ തിരിച്ചെത്തിയപ്പോഴാണ് യോദ്ധാക്കളുടെ ശരീരങ്ങള്‍ കിണറില്‍ കണ്ടത്. കുടുംബത്തില്‍പ്പെട്ടവര്‍ തിരിച്ചെത്തി അന്വേഷണം നടത്തിയത് പോരാട്ടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ്. (ആഴ്ചകള്‍ക്ക് ശേഷമാണെന്നും പറയപ്പെടുന്നു) ബന്ധുക്കള്‍ ചെന്നുനോക്കിയപ്പോള്‍ കണ്ട കാഴ്ച വേദനാജനകവും അല്‍ഭുതകരവുമായിരുന്നു. പതിനേഴ് ധീരയോദ്ധാക്കളുടെ മയ്യിത്തുകള്‍ വെട്ടിനുറുക്കപ്പെട്ട നിലയില്‍ കിണറിലുണ്ടായിരുന്നു. ശരീരങ്ങള്‍ക്ക് കേട് സംഭവിച്ചിരുന്നില്ലത്രെ!. ബന്ധുക്കള്‍ ഒത്തുകൂടി കിണറ്റില്‍ നിന്നും തിരുശരീരങ്ങള്‍ എടുത്തു യഥാവിധി ഖബറടക്കം നടത്തി. അതേ കിണറിന്റെ സ്ഥാനത്ത് തന്നെയാണ് ഖബറൊരുക്കിയത്. സേനാനായകന്‍ പോക്കര്‍ മൂപ്പര്‍ നടുവിലും മറ്റുള്ളവര്‍ ഇരുപാര്‍ശ്വങ്ങളിലുമായാണ് ഖബറടക്കം നടന്നത്. 17 ശുഹദാക്കള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
പോര്‍ച്ചുഗീസുകാര്‍ പിന്നീട് കോട്ടയും താവളവും ഉപേക്ഷിച്ചുപോയി. കോട്ടപ്പറമ്പ് എന്നാണ് ഈ സ്ഥലത്തിന് റവന്യൂ റിക്കാഡുകളിലുള്ളത്. പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ച പീരങ്കി ഉണ്ടകള്‍ കോട്ടപ്പറമ്പില്‍ നിന്നും തൊട്ടടുത്ത സ്ഥലങ്ങളില്‍ നിന്നും പല കാലങ്ങളിലായി ലഭിച്ചുകൊണ്ടിരുന്നു.മൂന്നുമാസം മുമ്പുവരെയും ചെറിയ പീരങ്കി ഉണ്ടകള്‍ ലഭിച്ചിട്ടുണ്ട്. പീരങ്കി ഉണ്ടകളും അന്നത്തെ വാളുകളും മറ്റുചില യുദ്ധോപകരണങ്ങളും 17 ശുഹദാക്കളുടെ മഖ്ബറയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യക്കാരും വിദേശികളുമായ ധാരാളം ചരിത്രകാരന്മാരും ചരിത്രാന്വേഷികളും അടക്കം ധാരാളം സന്ദര്‍ശകരും തീര്‍ത്ഥാടകരും ഇവിടം സന്ദര്‍ശിക്കുന്നുണ്ട്. ചരിത്രം തമസ്‌കരിച്ച പോരാട്ടം എന്ന പുസ്തകം ഈ വിഷയത്തില്‍ നേരത്തെ വിരചിതമായിട്ടുണ്ട്. പല ചരിത്രപുസ്തകങ്ങളിലും പരമാര്‍ശമുണ്ട്.
കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ മഹല്ല് ജമാഅത്തുകളില്‍ ഒന്നായ രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയാണ് 17 ശുഹദാമഖാമിന്റെ ഭരണം നടത്തുന്നത്. എ.ഡി.1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് വളരെ മുമ്പെ വിദേശികളോട് പോരാട്ടം നടത്തിയ 17 രക്തസാക്ഷികളുടെ ചരിത്രം വേണ്ടവിധത്തില്‍ ഇനിയും രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. പോരാട്ടങ്ങള്‍ നടന്ന ഏഴിമല-രാമന്തളി പ്രദേശത്താണ് ഇപ്പോള്‍ ഏഴിമല നേവല്‍ അക്കാദമിയുള്ളത്.