കേരളീയരുടെ അറബി വൈജ്ഞാനിക രചനകള്‍

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി   (പ്രിന്‍സിപ്പല്‍, ഡബ്ല്യു.എം.ഒ. കോളെജ് വയനാട്‌)

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളവുമായി ഹൃദയബന്ധം പുലര്‍ത്തിയിരുന്ന ഭാഷയാണ് അറബി. സമുദ്രാന്തര വ്യാപാരത്തിലൂടെ വളര്‍ന്നുവന്ന അറബ് കേരള ബന്ധം ഭാഷയുടെ വ്യാപനത്തിന് ശക്തി പകര്‍ന്നു. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇസ്‌ലാമിന്റെ ആഗമനവും ഭാഷക്ക് പ്രചാരം നേടിക്കൊടുത്തു. മാലിക് ബ്‌നു ഹബീബ് കേരള കൊങ്കണ്‍ ഭാഗങ്ങളില്‍ സ്ഥാപിച്ച പത്തു മസ്ജിദുകളെ സൈനുദ്ദീന്‍ മഖ്ദൂം അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ മുജാഹീദിനില്‍ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പൗത്രന്‍ എഴുതിയതെന്ന് കരുതപ്പെടുന്ന 'താരീഖു ദുഹൂറില്‍ ഇസ്‌ലാം ഫില്‍ മലബാര്‍ എന്ന ഗ്രന്ഥത്തില്‍ ഇവ സ്ഥാപിതമായത് ഹിജ്‌റ 21-22 (AD. 641/642) കാലഘട്ടത്തിലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അന്നു മുതല്‍ തന്നെ അറബി ഭാഷാ പഠനവും വ്യവസ്ഥാപിതമായി നടന്നിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ നിലാമുറ്റം മഖ്ബറയിലെ ആദ്യകാല ഖബ്‌റുകളില്‍ മരിച്ചവരുടെ പേരുകള്‍ പുള്ളിയില്ലാത്ത അറബി ലിപികളിലായി എഴുതിയതായി കണ്ടെത്തി. അത് ശരിയാണെങ്കില്‍ ഹിജ്‌റ 60 ന് മുമ്പ് തന്നെ അറബി ഭാഷ കേരളത്തില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നുവെന്ന് ഉറപ്പിക്കാവുന്നതാണ്. പുള്ളിയുള്ള രൂപത്തില്‍ അറബി ലിപി നവീകരണം വന്നത് ഹിജ്‌റ 60 ശേഷമാണ്. ഹജ്ജാജുബ്‌നു യൂസുഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് നസ്വ്‌റുബ്‌നു ആസ്വിം ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. ഖുര്‍ആന്‍ പാരായണത്തിനും  ആരാധനകള്‍ നിര്‍വഹിക്കുന്നതിനും അറബിഭാഷ അനിവാര്യയതുകൊണ്ട് അതു പഠിക്കുവാന്‍ സ്വാഭാവികമായും മുസ്‌ലിംകള്‍ തല്‍പരരായിരിക്കും.
കേരളത്തില്‍ അറബി ഭാഷയുടെ പൊതുസാന്നിധ്യം ആദ്യമായി കാണുന്നത് ചേരരാജാവായ സ്ഥാണു രവി കുല ശേഖരന്‍ (AD 849) ന്റെ കാലത്താണ്. കൊല്ലത്ത് നിര്‍മിച്ച തെരേസ പള്ളിക്ക് രാജാവ് നല്‍കിയ ചെമ്പ് പട്ടയങ്ങളില്‍ തീരദേശ വാസികളായിരുന്ന അറബി വ്യാപാരികള്‍ കൂഫീ ലിപിയില്‍ പേരെഴുതി ഒപ്പിട്ടതായി കാണുന്നു. ധര്‍മ്മടം സ്വദേശിയായ ഫഖീഹ് ഹുസൈന്‍ രചിച്ച അല്‍ ഖുയ്ദുല്‍ ജാമിഅ് എന്ന ഫിഖ്ഹ് ഗ്രന്ഥമാണ് ആദ്യത്തെ അറബി ഗ്രന്ഥമെന്ന് പറയാം. ഇബ്‌നു ബത്വൂത്തയുടെ യാത്രാവിവരണത്തില്‍ അദ്ദേഹം ഫഖീഹ് ഹുസൈനിനെ കണ്ട് സംസാരിച്ചതായി രേഖപ്പെടുുത്തിയിട്ടുണ്ട് (രിഹ്‌ലത്തു ഇബ്‌നു ബത്തൂത്ത. പേജ്. 374)
മഖ്ദൂം കുടുംബത്തിന്റെ ആഗമനത്തോടെയാണ് കേരളത്തിലെ അറബി രചനകള്‍ ശക്തമാകുന്നത്.  മതപഠനം വ്യവസ്ഥാപിതമാക്കിയും മത വിജ്ഞാനങ്ങള്‍ ആഴത്തില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടും അധിനിവേശ വിരുദ്ധ ചിന്തകള്‍ക്ക് നേതൃത്വം നല്‍കിയും പൊതു സമൂഹത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച ആദ്യത്തെ പണ്ഡിത വ്യൂഹവും ഈ കുടുംബത്തില്‍ നിന്നാണ്. തമിഴ്‌നാട്ടിലെ തീരപ്രദേശമായ മഅ്ബര്‍ എന്നറിയപ്പെടുന്ന കായല്‍ പട്ടണത്തില്‍ നിന്നാണ് മഖ്ദൂം കുടുംബം കേരളത്തിലെത്തുന്നത്. ആദ്യമായി എത്തിയത് സൈനുദ്ദീന്‍ ഇബ്‌റാഹീം ഇബ്‌നു അഹ്മദ് മഅ്ബരിയായിരുന്നു. കൊച്ചിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. പിന്നീട് പൊന്നാനിയിലേക്ക് മാറി. അദ്ദേഹത്തിന്റെ സഹോദര പുത്രനാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍. (1467-1522) പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പഠനം മക്കയില്‍ തുടര്‍ന്നു. അവിടെയുണ്ടായിരുന്ന അല്ലാമാ ശിഹാബുദ്ദീന്‍ ബിന്‍ ഉസ്മാന്‍ എന്ന പ്രമുഖ പണ്ഡിതനില്‍ നിന്ന് ഹദീസിലും ഫിഖ്ഹിലും വ്യുല്‍പത്തി നേടി. തുടര്‍ന്ന് അദ്ദേഹം ഈജിപ്തിലെ അല്‍ അസ്ഹറില്‍ ചേര്‍ന്നു. മലബാറില്‍ നിന്ന് ആദ്യമായി അസ്ഹറില്‍ പഠിച്ചതും ഇദ്ദേഹം തന്നെയാണ്. പണ്ഡിത ലോകത്ത് അറിയപ്പെടുന്ന പ്രഗല്‍ഭരായിരുന്നു അവിടുത്തെ ഗുരുനാഥന്‍മാര്‍. സൈനുദ്ദീന്‍ മഖ്ദൂമിന്റെ വിദ്യാഭ്യാസ ചിന്തകള്‍ ശാക്തീകരിക്കപ്പെടുന്നത് ഈ ഘട്ടത്തിലാണെന്ന് പറയാം. നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ പൊന്നാനിയില്‍ മത പഠന കേന്ദ്രം തുടങ്ങുകയും ചെയ്തു. മത വൈജ്ഞാനിക സാഹിത്യങ്ങള്‍ വിശാല തലത്തില്‍ അധ്യാപനം നടത്തുകയും ചെയ്തു. അറബി രചനയിലും തല്‍സമയം അദ്ദേഹം സജീവമായിരുന്നു. കര്‍മ ശാസ്ത്രം, തസവ്വുഫ്, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ഉള്ളടക്കം. പോര്‍ചുഗീസ് അധിനിവേശത്തിനെതിരില്‍ ധര്‍മ സമരം നയിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാവ്യ രചന'തഹ്‌രീളു അഹ്‌ലുല്‍ ഈമാന്‍ അലാജിഹാദ് അബദത്തി സുല്‍ബാന്‍' വളരെ പ്രസിദ്ധമാണ്. 1498 മുതല്‍ ഒരു നൂൂറ്റാണ്ട് നിന്ന പോര്‍ച്ചുഗീസ് സംഹാര താണ്ഡവത്തിന്റെയും ഭീതിതമായ സംഭവ പരിസരങ്ങളുടെയും കാവ്യാവിഷ്‌കാരമാണ് 173 വരികളുള്ള ഈ കൃതി. ഹൃദയസ്പര്‍ശിയായ സാരോപദേശങ്ങളുടെ  കാവ്യ സമാഹാരമാണ് 188 വരികളുള്ള ഹിദായത്തുല്‍ അദ്ദുഖിയാഅ് ഇലാ ത്വരീഖില്‍ ഔലിയാ' സൈനുദ്ദീന്‍ മഖ്ദൂമിന്റെ മറ്റു രചനകള്‍ താഴെപ്പറയുന്നവയാണ്.
മുര്‍ശിദുത്തുല്ലാബ്, സിറാജുല്‍ ഖുലൂബ്, സിറാജുല്‍ മുനീര്‍, അല്‍ മസ്അദു ഫീ ദീക്‌റില്‍ മൗത്ത് ,ശംസുല്‍ ഹുദാ, തുഹ്ഫത്തുല്‍ അഹിബ്ബാഅ്, ഇര്‍ഷാദുല്‍ ഖാസിദീന്‍, ശുഅബുല്‍ ഈമാന്‍, ഖിഫായത്തുല്‍ ഫറാഇദ്, ഖിതാബുല്‍ സ്വഫാ, തസ്ഹീലുല്‍ ഖാഫിയ ശറഹു അല്‍ഫിയ, ഖസസു അല്‍ അമ്പിയാഅ്, ശറഹു തുഹ്ഫത്തുല്‍ വര്‍ദ്ദിയ്യ, സീറത്തുല്‍ നബി, അസ്വഫാഉ മിനശ്ശിഫാ അവസാനത്തേത് ഖാദി ഇയാളിന്റെ ശിഫ യുടെ സംക്ഷിപ്തമാണ്. പേര്‍ഷ്യന്‍ ഭാഷയിയില്‍ നിന്ന് അറബിയിലേക്ക് ഭാഷാന്തരം നടത്തിയതാണ്. ശുഅബുല്‍ ഈമാന്‍.
സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ മൂന്നാമത്തെ പുത്രനായ അബ്ദുല്‍ അസീസ് മഖ്ദൂം(1508-1586) ബഹുമുഖ പ്രതിഭയായിരുന്നു. പിതാവിന്റെ പല ഗ്രന്ഥങ്ങള്‍ക്കും വ്യാഖ്യാനമെഴുതിയിട്ടുണ്ട്  ഇദ്ദേഹം. മസ്‌ലിഖുല്‍ അന്‍ഫിയാഅ്, ഇര്‍ഷാദുല്‍ അലിയ്യാഅ്, ഖസീദത്തുല്‍ അഖ്‌സാം, ബാബു മഅ്‌രിഫത്തുല്‍ ഖുബ്‌റാ, ബാബു മഅ്‌രിഫത്തു സ്വുഖ്‌റാ, അല്‍ മുതഫരിദ്, അര്‍കാനുല്‍ ഈമാന്‍, മിര്‍ഖാത്തുല്‍ ഖുലൂബ്, ശര്‍ഹു അല്‍ഫിയത്തുബ്‌നു മാലിക് എന്നിവയാണ് മുഖ്യ രചനകള്‍. പോര്‍ച്ചുഗീസ് വിരുദ്ധ സമരത്തില്‍ സാമൂതിരി രാജാവിനൊപ്പം നിന്നിരുന്ന ഖാളി മുഹമ്മദിന്റെ കൂടെ ശൈഖ് അബ്ദുല്‍ അസീസും ഉണ്ടായിരുന്നു
സൈനുദ്ദീന്‍ മഖ്ദൂമിന്റെ പൗത്രനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് ലോക പ്രശസ്തനായ കേരളീയ അറബി ഗ്രന്ഥകാരന്‍. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മക്കയില്‍ പോയി. പത്തുവര്‍ഷം അവിടെ താമസിച്ച് ഉന്നത ശീര്‍ഷരായ പണ്ഡിതരില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. ശാഫിഇ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്‌നു ഹജറുല്‍ ഹയ്തമി മഖ്ദൂമിന്റെ ഗുരുനാഥനാണ്. നാട്ടില്‍ തിരിച്ചെത്തിയ മഖ്ദൂം മതവൈജ്ഞാനിക പഠനത്തിന് പാഠ്യക്രമം രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. കേരളത്തിന്റെ പ്രഥമ ചരിത്ര ഗ്രന്ഥമെന്ന് വിശേഷിപ്പിക്കാവുന്ന ഈ അധ്യായം 35 ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1498 മുതല്‍ 1583 വരെയുള്ള 85 വര്‍ഷത്തെ കേരളത്തെ സാമൂഹിക ചരിത്രമാണ് ഈ ഗ്രന്ഥം. മലബാറിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവം, അന്നത്തെ ഹൈന്ദവ ആചാരങ്ങള്‍, പോര്‍ച്ചുഗീസുകാരുടെ ക്രൂരമായ പ്രവര്‍ത്തനങ്ങള്‍, അവര്‍ക്കെതിരിലുള്ള ധര്‍മ സമരാഹ്വാനം എന്നിവ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം, പുരാതന കേരള ചരിത്രത്തിന്റെ ആധികാരിക പഠനമാണ്. കര്‍മ ശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ ലോകാംഗീകാരം നേടിയ രചനയാണ്. നേരത്തെ അദ്ദേഹം തന്നെ എഴുതിയ ഖുര്‍റത്തുല്‍ അയ്മന്‍ എന്ന കൃതിയുടെ വിവരണ ഗ്രന്ഥമാണ് ഫത്ഹുല്‍ മുഈന്‍. പിന്നീട് ഇതിനും ധാരാളം വ്യാഖ്യാന ഗ്രന്ഥങ്ങള്‍ അറബിയില്‍ വിരചിതമായി. അബൂബക്കര്‍ ബക്രിയുടെ ഈആനാത്തു ത്വാലിബീന്‍'  അലിയ്യുബ്ന്‍ സയ്യിദ് അഹമദുസഖാഖ് എന്ന യമനി പണ്ഡിതന്‍ രചിച്ച തര്‍ശീഹുല്‍ മുസ്തഫിദ്ദീന്‍ തുടങ്ങിയവ പ്രസിദ്ധമാണ്. കേരളീയ പണ്ഡിതനായ അബ്ദുറഹ്മാന്‍ ശൈഖ് തങ്ങളുടെ മകന്‍ അലി (കുഞ്ഞുട്ടി മുസ്‌ലിയാര്‍) രചിച്ച വ്യാഖ്യാനമാണ് തന്‍ശീതുല്‍ മുത്വാലിഈന്‍
സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ മറ്റുകൃതികള്‍ ഇവയാണ്.
1. മുഖ്തസ്വറു ശര്‍ഹി സ്സുദൂര്‍
2. ഇര്‍ഷാദുല്‍ ഇബാദ്
3. അല്‍ അജ്‌വിബ അല്‍ അജീബ അന്‍ മസ്അലത്തി അല്‍ ഗരീബ
4.അഹ്കാമുന്നിക്കാഹ്
5. മന്‍ഹജുല്‍ വാളിഹ്
6. അല്‍ ഫതാവാ അല്‍ ഹിന്ദിയ്യ
7. അല്‍ ജവാഹിര്‍ ഫില്‍ ഹുകൂബത്തി അഹ് ലില്‍ കബാഇര്‍
തന്റെ ഗുരുനാഥനായ ഇബ്‌നു ഹജര്‍ ഹൈതമിയുടെ അസ്സവാജിര്‍, മഖ്ദൂം ഒന്നാമന്റെ മുര്‍ശിദുത്തുല്ലാബ് എന്നിവയുടെ വ്യാഖ്യാന സംഗ്രഹമായിട്ടാണ് ഇര്‍ഷാദുല്‍ ഇബാദ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. ഫത്‌വ സമാഹാരം എന്ന നിലയില്‍ കേരളത്തിലെ ആദ്യത്തെ ഗ്രന്ഥമാണ് അജ്‌വിബത്തുല്‍ അജീബ. വിശ്വ പ്രസിദ്ധരായ പല പണ്ഡിതന്‍മാരോടും ചോദിച്ചറിഞ്ഞ മത പ്രശ്‌നങ്ങളും മത വിധികളുമാണിതില്‍. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ ശിഷ്യനും ജാമാതാവുമായ ഉസ്മാന്‍ ബിന്‍ ജമാലുദ്ദീന്‍ മഅ്ബരിയും(1504-1583) പ്രസിദ്ധി നേടിയ പണ്ഡിതനാണ്. ഖതറുന്നിദാക്ക് ഇദ്ദേഹം വ്യാഖ്യാന ഗ്രന്ഥം(ശറഹു ഖതറുന്നിദാ) എഴുതിയിട്ടുണ്ട്.
പോര്‍ച്ചുഗീസ് അധിനിവേശ കാലത്തു ജീവിച്ച മറ്റൊരു പണ്ഡിതനാണ് കോഴിക്കോട്ടെ ഖാദി മുഹമ്മദ്. (1572-1616) വിലപ്പെട്ട നിരവധി അറബി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇദ്ദേഹം. അദ്ദുര്‍റത്തുല്‍ ഫസീഹ, നളമു ഖതറുന്നദ, മദ്ഹലുല്‍ ജനാന്‍, ഖസീദ ഫീ നസീഹത്തില്‍ ഇഖ്‌വാന്‍, മന്‍ളൂമത്തു ഫീ ഇല്‍മില്‍  ഹീസ്വാബ്, മന്‍ളൂമത്തു ഫിര്‍റസാഇലി വല്‍ ഹുതൂത്വ്, മന്‍ളൂമത്തു ഫീ തജ്‌വീദില്‍ ഖുര്‍ആന്‍, മഖാസിദുന്നികാഹ്, മുല്‍ത്തകത്തുല്‍ ഫറാഇള്, മന്‍ളൂമത്തു ഫീ ഇല്‍മില്‍ അഫ്‌ലാഖി വന്നുജൂം എന്നിവയാണ് ഖാളി മുഹമ്മദിന്റെ രചനകള്‍. ഇവയെക്കാളെല്ലാം ശ്രദ്ധേയമായത് ഫത്ഹുല്‍ മുബീന്‍ എന്ന കവിതയാണ്. 573 വരികളുള്ള ഈ കൃതിയുടെ ഉള്ളടക്കം ചാലിയം യുദ്ധത്തില്‍ സാമൂതിരിയുടെ നേതൃത്ത്വത്തില്‍ മുസ്‌ലിം ഹൈന്ദവ സഖ്യം പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ നേടിയ വിജയമാണ്. 1571 ലായിരുന്നു ഈ സംഭവം. ഇതേ വിഷയം പ്രതിപാദിക്കുന്ന അല്‍ ഖുത്ബത്തുല്‍ ജിഹാദിയ്യ എന്ന രചന ആശയ വീര്യവും ശില്‍പ ഭദ്രതയുമുള്ള സമരാഹ്വാനമാണ്.
കേരളത്തിലെ ആദ്യകാല പണ്ഡിതന്‍മാരുടെ അറബി ഭാഷാ വൈഭവത്തിന്റെ നല്ല രംഗ വേദിയാണ് ഹോര്‍ത്തൂസ് മലബാറികസ് എന്ന ഔഷധ സസ്യ വിജ്ഞാന കോശം. ഡച്ചു ഗവര്‍ണറായ വാന്റീഡിന്റെ  നേതൃത്ത്വത്തിലാണ് 12 വാള്യങ്ങളുള്ള  ഈ ഗ്രന്ഥ രചന നടന്നത്. 1678 ല്‍ ആംസ്റ്റര്‍ ഡാം പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തില്‍ കേരളത്തില്‍ ലഭ്യമായിരുന്ന ഓരോ ചെടിയുടെയും പേര് ലാറ്റിന്‍, മലയാളം, അറബി , ദേവനാഗിരി ലിപികളിലായാണ് ചേര്‍ത്തിരിക്കുന്നത്. അല്‍ ഇല്‍മു വല്‍ ഹയാത്തുല്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം വിശദീകരിക്കുന്നു. 'നമുക്ക് അറിയപ്പെടുന്ന സൈനുദ്ദീന്‍ മഖ്ദൂം, മഅ്ബരി മുതലായ അനേകം ദീനിന്റെ ഹുജ്ജത്തുക്കളായിരുന്ന ആലിമുകളില്‍ എല്ലാതരം ഇല്‍മുമുള്ളവരായിരുന്നു. കൊച്ചിയിലെ ഖാളി ഖുളാത്ത് അബ്ദുല്ലാഹിബ്‌നു അഹമ്മദ് അല്‍ മഅ്ബരി തങ്ങളും അവരുടെ മുതഅല്ലിമീങ്ങളും മുരീദന്‍മാരുമായിരുന്ന ഒരു കൂട്ടം ഉലമാക്കന്‍മാര്‍ മലബാറിലെ മരങ്ങള്‍ക്കും മരുന്നുചെടികള്‍ക്കും പേര് കണ്ടുപിടിച്ചു. അവ ലന്തക്കാരായ ഈസായിക്കളുടെ ബുക്കില്‍ ചേര്‍ത്തിരിക്കുന്നുവെന്ന് പറഞ്ഞ് കേട്ടു.(മഖ്ദൂമും പൊന്നാനിയും: ഹുസൈന്‍ രണ്ടത്താണി. പേ. 435)
അറബി ഗ്രന്ഥ രചനയുടെ ഒന്നാം ഘട്ടമാണ് മേല്‍പറഞ്ഞ ഗ്രന്ഥങ്ങള്‍. പത്തൊമ്പതാം നൂറ്റാണ്ടിലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഹി. 1222 ല്‍ നിര്യാതനായ സയ്യിദ് ജിഫ്‌രിയുടെ രചനകളായ ഖന്‍സുല്‍ ബറാഈല്‍, അല്‍ ഖവാഖിബുദ്ദുര്‍രിയ്യ, അല്‍ ഇര്‍ഷാദാത്തുല്‍ ജിഫ്‌രിയ്യ എന്നിവ ഈ ഘട്ടത്തിലെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്. 19ാം നൂറ്റാണ്ടിലെ പ്രസിദ്ധ അറബി സാഹിത്യകാരനാണ് ഉമര്‍ ഖാദി. (ഹി: 1177-1273) സ്വാതന്ത്ര്യ സമര നായകനും അധിനിവേശ വിരുദ്ധ പ്രവര്‍ത്തകനുമായ ഇദ്ദേഹത്തിന് നിരവധി രചനകളുണ്ടെങ്കിലും മിക്കതും പദ്യരൂപത്തിലുള്ളവയാണ്. ആത്മീയ ഉപദേശങ്ങളുടെ സമാഹാരമായ തഫാഇസുദുറര്‍,  കീര്‍ത്തന കാവ്യങ്ങളായ സ്വല്ലല്‍ ഇലാഹ് അല്‍ ഖസീദത്തദുല്‍ ഹംസിയ്യ, ലാഹല്‍ ഇലാഹ് എന്നിവയും ഇദ്ദേഹത്തിന്റെ കൃതികളാകുന്നു. മഖാസിദുനിക്കാഹ്, കിതാബു ദബ്ഹിബല്‍ ഇസ്തിയാദ് തുടങ്ങിയവയും അദ്ദേഹത്തിന്റെ പണ്ഡിതോചിത രചനകളാണ്.
മമ്പുറം സയ്യിദ് അലവി തങ്ങളുടെ വിഖ്യാതമായ കൃതിയാണ് അസ്സയ്ഫുല്‍ ബത്താര്‍ അലാ മന്‍ യുവാലില്‍ കുഫാര്‍. ബ്രിട്ടീഷ് അധിനിവേശവിരുദ്ധ ചിന്തകളും ഫത്‌വകളുമാണ് ഈ ഗ്രന്ഥത്തില്‍. അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഫദല്‍ തങ്ങളും(1901) പേരെടുത്ത അറബി രചയിതാവായിരുന്നു. ബ്രിട്ടീഷുകാര്‍ കേരളത്തില്‍ നിന്നും അദ്ദേഹത്തെ നാടുകടത്തി. പിന്നീട് തുര്‍ക്കി ഖലീഫ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ ഉപദേഷ്ടാവും മന്ത്രിയുമായി സേവനം ചെയ്തു. ഹുലലുല്‍ ഇഹ്‌സാന്‍ ഫീ തസ്‌യീനില്‍ ഇന്‍സാന്‍, അസാസുല്‍ ഇസ്‌ലാം ബി ബയാനില്‍ അഹ്കാം, രിസാലത്തുല്‍ മുസ്‌ലിമീല്‍ ആലി ലി ഇദ്‌റാകില്‍ മആലി എന്നിവ ഫദല്‍ തങ്ങളുടെ അറബി രചനകളാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന ഹുദ്ദത്തുല്‍ ഉമറാഅ് വല്‍ ഹുക്കാം ലി ഇഹാനത്തുല്‍ കഫറ വ അബദത്തില്‍ അസ്‌നാം, പോരാട്ട അറബി സാഹിത്യത്തിലെ ശ്രദ്ധേയമായ രചനയാണ്. 20ാം നൂറ്റാണ്ടില്‍ അറബി ഭാഷയുടെ ശാക്തീകരണം നടന്നത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ (ജനനം: 1866) ശ്രമഫലമായാണ്. അദ്ദേഹം വാഴക്കാടില്‍ ആരംഭിച്ച തന്‍മിയത്തുല്‍ ഉലൂം മദ്രസ മതവിദ്യാഭ്യാസ രംഗത്തെ നവോത്ഥാനവേദിയായിരുന്നു. അതിന്റെ പ്രതിഫലനം സ്വാഭാവികമായി അറബി ഭാഷയുടെ പ്രയാണത്തിലും ദൃശ്യമായി. പള്ളി ദര്‍സ് സിലബസ് പരിഷ്‌കരണം, അറബി മലയാള ലിപി പരിഷ്‌കരണം, അറബിയില്‍ ഉപരിപഠനാര്‍ത്ഥം അറബിക്കോളേജുകളുടെ സ്ഥാപനം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ സംഭാവനയാണ്. അറബി രചനയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. ഹാഷിയത്തുല്‍ അലാ രിസാലത്തില്‍ മാര്‍ദ്ദീനി, രിസാലത്തുല്‍ ഹിസാബ്, രിസാലത്തു ദഅ്‌വത്തില്‍ ഖിബ്‌ല തുടങ്ങിയവ അദ്ദേഹത്തിന്റെ അറബി ഗ്രന്ഥങ്ങളാണ്. പുറമെ ഭാഷാ പഠന കൃതിയും എഴുതിയിട്ടുണ്ട്.
ഈ കാലയളവില്‍ ജീവിച്ച അബുസ്വബാഹ് അഹ്മദ് അലി മൗലവി അറബിത്തനിമയില്‍ ഭാഷ  കൈകാര്യം ചെയ്തിരുന്ന വ്യക്തിയായിരുന്നു. ഈജിപ്തിലെ അല്‍ അസ്ഹറില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ ചിന്തയും കര്‍മവുമാണ് ഫറൂഖിലെ റൗളത്തുല്‍ ഉലൂമും അനുബന്ധ സ്ഥാപനങ്ങളും വടിവൊത്ത ശൈലിയിലുള്ള ആധുനിക അറബി ഭാഷ കേരളത്തില്‍ പരിചയപ്പെടുത്തിയത് അദ്ദേഹമാണെന്ന് പറയാം. സാഹിത്യ സമ്പന്നമായ അദ്ദേഹത്തിന്റെ അറബി ലേഖനങ്ങള്‍ അക്കാലത്ത് അല്‍ മുര്‍ഷിദ്, അല്‍ ഇത്തിഹാദ് തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കെ.എന്‍. മൗലവി, ഇസ്സുദ്ദീന്‍ മൗലവി എന്നിവരും അറബിയില്‍ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. കേരളത്തിലെ അറബി ഭാഷാ പ്രചരണത്തിന് സാരഥ്യം നല്‍കിയിരുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ അറബി ലേഖനങ്ങള്‍, ഈജിപ്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ മനാറില്‍ വന്നിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ നാടുകടത്തിയിരുന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന താനൂര്‍ പരീക്കുട്ടി മുസ്‌ലിയാര്‍ മക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഉമ്മുല്‍ ഖുറാ പത്രത്തില്‍ അറബി ലേഖനങ്ങള്‍ എഴുതിയിരുന്നു.
20 ാം നൂറ്റാണ്ടില്‍ കേരളം സംഭാവന ചെയ്ത പ്രമുഖ പ്രതിഭയാണ് ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ്. നാട്ടിലെ പഠനത്തിന് ശേഷം ഈജിപ്തിലെ അല്‍ അസ്ഹറില്‍ പഠിച്ച് ഉന്നത നിലവാരത്തില്‍ ഗവേഷണ പഠനം പൂര്‍ത്തിയാക്കി അറബ് ലോകത്ത് അധ്യാപന വൈജ്ഞാനിക സ്ഥാനങ്ങള്‍ അലങ്കരിച്ച പണ്ഡിതനാണ് ഇദ്ദേഹം. അസ്ഹര്‍ മാഗസിന്‍ എഡിറ്റര്‍, അസ്ഹര്‍ വനിതാ കോളേജ് അധ്യാപകന്‍, ഈജിപ്തിലെ ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചിരുന്ന സൗത്തുശര്‍ഖ് പത്രാധിപര്‍, മദീനാ യൂണിവേഴ്‌സിറ്റി അധ്യാപകന്‍, ഖത്തറില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അശ്ശര്‍ഖ് പത്രത്തിലെ മതകാര്യ വിഭാഗം എഡിറ്റര്‍ തുടങ്ങി വിവിധ തലങ്ങളില്‍ അദ്ദേഹത്തിന്റെ ഭാഷാ പ്രാവീണ്യം അടയാളപ്പെടുത്തിയിട്ടുണ്ട്.
മലയാളത്തില്‍ നിന്ന് ആദ്യമായി അറബിയിലേക്ക് സാഹിത്യ വിവര്‍ത്തനം നടത്തിയതും മുഹ്‌യൂദ്ദീന്‍ ആലുവായ് ആകുന്നു. തകഴിയുടെ ചെമ്മീന്‍ മൂല കൃതിയുടെ സൗന്ദര്യം നഷ്ടപ്പെടാതെ ചടുലമായ അറബിഭാഷയില്‍ അദ്ദേഹം വിവര്‍ത്തനം പൂര്‍ത്തിയാക്കി. തന്റെ ഗവേഷണ പഠനമായ അദ്ദഅ്‌വത്തുല്‍ ഇസ്‌ലാമിയ വ തത്വവ്വുറാതുഹാ ഫീ ശിബ്ഹില്‍ ഖാറത്തില്‍ ഹിന്ദിയ്യ എന്ന ഗ്രന്ഥം പിന്നീട് പരിഷ്‌കരിച്ച് ദമസ്‌കസില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മറ്റു ഗ്രന്ഥങ്ങള്‍ ഇവയാണ്. അല്‍ അദബുല്‍ ഹിന്ദില്‍ മുആസര്‍, മിന്‍ഹാജുദ്ദഅ്‌വ, അല്‍ ഇസ്‌ലാം വതത്വവ്വുറാതുല്‍ആലം, അഅ്‌ലാമു ദഅ്‌വത്തുല്‍ ഇസ്‌ലാമിയ ഫീ ശിബഹില്‍ ഖാറത്തില്‍ ഹിന്ദിയ്യ. അല്‍ ഇസ്‌ലാം വല്‍ ഖളായാ അല്‍ ഇന്‍സാനിയ അന്നുബൂവത്തുല്‍ മുഹമ്മദിയ്യ വ നഖ്ദിയാത്തുല്‍ മുശ്തശ്‌രിക്കീന്‍, ഹാളിറുല്‍ ഇസ്‌ലാമി വല്‍ മുസ്‌ലിമീന്‍, മിന്‍ ഹസാഹിസിദ്ദഅ്‌വത്തില്‍ അല്‍ ഇസ്‌ലാമിയ, ഹനാസിറുല്‍ ഖുലൂദ് ഫീ ദഅ്‌വത്തില്‍ ഇസ്‌ലാമിയ, മിന്‍ഹാജുല്‍ മുസ് ലിമീന്‍ ലി തഅ്‌ലീമില്‍ അറബിയ്യ.
ഇസ്‌ലാമിക സംസ്‌കാരം, ലോക മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ , ഓറിയന്റലിസം, അറബി ഭാഷാ പഠനം, തുടങ്ങിയ മേഖലകളിലുള്ള ഈ രചനകള്‍ അറബുലോകത്തിന്റെ അംഗീകാരം നേടിയ ഗ്രന്ഥങ്ങളാണ്. 1996 ല്‍ ഇദ്ദേഹം നിര്യാതനായി.
സയ്യിദ് അബ്ദുറഹ്മാന്‍ അസ്ഹരി തങ്ങളാണ് ഭാഷാ മികവ് നേടിയ മറ്റൊരു പണ്ഡിതന്‍. വെല്ലൂരിലും ദയൂബന്തിലും പഠനം നടത്തിയ തങ്ങള്‍ അസ്ഹര്‍ സര്‍വ്വകലാശാലയിലെ ഉസൂലുദ്ദീന്‍ കോളേജുകളില്‍ നിന്ന് ബിരുദം നേടി. ലിബിയയിലും സൗദി അറേബ്യയിലും അധ്യാപനം നടത്തി. ഇദ്ദേഹത്തിന്റെ അല്‍ അറബു വല്‍ അറബിയ്യ ബൃഹത്തായ ഭാഷാ ശാസ്ത്ര ഗ്രന്ഥമാണ്. ഇതിനു പുറമെ അബൂനുആസ് വഹയാത്തുഹു, അല്‍ തസ്വവ്വുഫുല്‍ ഇസ്‌ലാമിയ്യ, താരീഹുന്നഹ് വ തത്വവ്വുറുഹു മിന്‍ നവാബിഇ ഉലമാഇല്‍ മലയ്ബാര്‍ എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കെ.എം. മൗലവിയുടെ ശിഷ്യനായ കൈപ്പറ്റ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ അറിയപ്പെട്ട അറബി ഭാഷാ പണ്ഡിതനായിരുന്നു. അല്‍ വറഖാത്ത്, മാതാ വളീഫത്തുല്‍ ഫുഖഹാഅ്, രിസാലത്തുതന്‍ബീഹ്, അല്‍ ബറാഹീന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം അറബിയില്‍ രചിച്ചിട്ടുണ്ട്.
1945 ല്‍ നിര്യാതനായ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ അറബി രചനയിലൂടെ മത വിജ്ഞാനങ്ങളെ സമ്പുഷ്ടമാക്കിയ വ്യക്തിയാണ്. ബഹുഭാഷാ പണ്ഡിതനായിരുന്ന ഇദ്ദേഹം അറബിയില്‍ 20 ലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവ താഴെചേര്‍ക്കുന്നു:
1. അല്‍ ബയാനുശ്ശാഫി ഫീ ഇല്‍മില്‍ അറൂളി വല്‍ ഖവാഫി
2. തന്‍ഖീഹുല്‍ മന്‍തിഖ്
3. ഇബ്‌റാസുല്‍ മുഹ്മല്‍
4. താജുല്‍ വസാഹില്‍
5. നഫഖാത്തുല്‍ ജലീല
6. തന്‍ബീഹുല്‍ ഗഫൂല്‍
7. ഹാഷിയത്തുന്‍ അലാ മുഖദ്ദിമത്തി തുഹ്ഫത്തുല്‍ മുഹ്താജ്
8. തുഹ്ഫത്തുല്‍ അഹ്ബാബ്
9. നള്മു അലാകാത്തില്‍ മജാസില്‍ മുര്‍സല്‍
10. തന്‍ബീഹുല്‍ അനാം
11. അല്‍ കൗലുസ്സദീദ്
12. മഹാഹിബുല്‍ ജലീല്‍
1954 ല്‍ നിര്യാതനായ ശൈഖ് അഹമ്മദ് കോയ ശാലിയാത്തി 20ാം നൂറ്റാണ്ടിലെ പ്രഗല്‍ഭ അറബി ഗ്രന്ഥകാരനായിരുന്നു. വിഷയ വൈവിധ്യവും സമഗ്രതയും അദ്ദേഹത്തിന്റെ രചനകളുടെ വ്യതിരിക്തതയാണ്. 40 ലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
1 ഖൈറുല്‍ അദാല ഫി ഹദ്‌യില്‍ ഇസ്തിഖ്ബാലില്‍ ഖിബ്്‌ല
2. തഹ്ഖീഖു അല്‍ മഖാല്‍ ഫീ മബ്ഹസില്‍ ഇസ്തിഖ്ബാല്‍
3. ഇത്തിഹാഫുദ്ദലീല്‍ ഫീ റദ്ദീത്തജ്ഹീല്‍
4. അസ്സീയറുല്‍ ഹസീസ് ലി തഖ്‌രീജുല്‍ അര്‍ബഈനല്‍ ഹദീസ്
5. അല്‍ ഫതാവാ അല്‍ അസ്ഹരിയ്യ
6. അല് ബയാനുല്‍ മൗസൂഖ്
7. ശറഹുല്‍് ലതീഫ് വബയാനുല്‍ മുനീഫ്
8. അല്‍ മഖാലുല്‍ ഹാവി ഫീ റദ്ദില്‍ ഫതാവാ വദ്ദആവീ
9. ദഫ്ഹുല്‍ ഔഹാം ഫീ തന്‍സീലി ദവില്‍ അര്‍ഹാം
10. കശ്ഫുസ്വാദിരി നള്മി അവാമിലി ശൈഖി അബ്ദുല്‍ ഖാഹിര്‍ ജുര്‍ജാനി
11. അല്‍ അവാഇദുദ്ദീനിയ്യ ഫീ തല്ഹീസില്‍ ഫുആദില്‍ മദനിയ്യ
12. അല്‍ അറഫുശ്ശദീയ്യ്
13. ഇഫാദത്തുല്‍ മുസ്തഈദ് ബി ഇആദത്തില്‍ മുസ്തഫീദ്
14. അസ്മാഉല്‍ മുഅല്ലിഫീന്‍ ഫി ദിയാറില്‍ മലയ്ബാര്‍
മത വിജ്ഞാനങ്ങളിലെ ഇദ്ദേഹത്തിന്റെ പാണ്ഡിത്യം ബോധ്യപ്പെട്ട ഹൈദരാബാദ് നൈസാം അവിടത്തെ ഔദ്യോഗിക മുഫ്തിയായി ശാലിയാത്തിയെ നിയമിച്ചു. ഹൈദരാബിലെ നിസാമിയ്യ കോളേജിലും അദ്ദേഹം അധ്യാപകനായി ജോലി ചെയ്തു. രസതന്ത്രം ഗോള ശാസ്ത്രം എന്നിവയിലും ഇദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. ഗ്രന്ഥ രചനയോടൊപ്പം അപൂര്‍വ ഗ്രന്ഥ ശേഖരണവും ശാലിയാത്തി നടത്തിയിട്ടുണ്ട്. ചാലിയത്ത് സ്ഥാപിച്ച അസ്ഹരിയ്യ കുതുബ് ഖാന വിലപ്പെട്ട അറബി ഗ്രന്ഥങ്ങളുടെ കലവറയാണ്. ഇദ്ദേഹത്തിന്റെ ഗുരുനാഥനും മലബാര്‍ ലഹളയുടെ മുന്നണി പ്പോരാളിയുമായിരുന്ന ആലി മുസ്‌ലിയാരും (1853-1922) അറബിയില്‍ ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്.
1. ഹാഷിയത്തുല്‍ തുഹ്ഫത്തുല്‍ ഇഖ്‌വാന്‍ ഫീ ഇല്‍മില്‍ ബലാഖ
2. ശറഹു തുഹ്ഫത്തുല്‍ വര്‍ദ്ദിയ്യ ഫിന്നഹ്‌വ് എന്നിവ ആലിമുസ്‌ലിയാരുടെ ഗ്രന്ഥങ്ങളാണ്
1965 ല്‍ നിര്യാതനായ വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ രചിച്ചവയാണ് സ്വഹീഹുശ്ശീഖീന്‍, ജംഉല്‍ ബാരി, മുതഫരിദുല്‍ ഫില്‍ ഫിഖ്ഹ്, സിറാത്തുല്‍ ഇസ്‌ലാം, അല്‍ വസീലത്തുല്‍ അള്മി എന്നീ ഗ്രന്ഥങ്ങള്‍.
കേരള മുസ്‌ലിംകളുടെ ആത്മീയ സാമൂഹ്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖ് (1904) അറബി ഭാഷയില്‍ രചനാ വൈഭവം നേടിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ രചനകള്‍ ഇവയാണ്.
1. ഇസ്ആദുല്‍ ഇബാദ് ഫീ ദിക്‌രില്‍ മൗത്തി വല്‍ മുആദ്
2. അവാരിഫില്‍ മആരിഫ്
3. അസ്‌റാറുല്‍ മുഹഖിഖീന്‍ ഫീ മഅ്‌രിഫതി റബ്ബില്‍ ആലമീന്‍
4. അല്‍ ഇഫാളത്തുല്‍ ഖുദ്‌സിയ്യ
5. ശര്‍ഹുല്‍ ബസീത്ത് അലാ കിതാബില്‍ ഖഫിയ്യത്തില്‍ മുര്‍സലത്തി ഫീ ഇല്‍മില്‍ ഹഖാഇഖ്
അറബി ഭാഷാ അലങ്കാര വിജ്ഞാനങ്ങളില്‍ പ്രാവീണ്യം നേടിയ അഹമ്മദ് ശീറാസി (1908) കര്‍മ ശാസ്ത്ര വ്യാകരണ ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനം എഴുതിയിട്ടുണ്ട്. അല്‍ഫിയ, ഫത്ഹുല്‍ മുഈന്‍, സന്‍ജാന്‍ എന്നിവക്ക് ഇദ്ദേഹം രചിച്ച വ്യാഖ്യാന ഗ്രന്ഥങ്ങള്‍ കേരളത്തിലെ ദര്‍സ് പാഠ്യ വിഷയങ്ങളില്‍പെട്ടതാണ്.
അറബി ഭാഷയിലും മത വിജഞാനങ്ങളിലും ശ്രദ്ധേയമായ വ്യക്തിത്വമാണ് സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ (പാനൂര്‍ തങ്ങള്‍ - 1936-2012).
ഖുര്‍ആന്‍ വ്യാഖ്യാന ശൃംഖലയില്‍ പ്രഥമ അറബി രചന ഇദ്ദേഹത്തിന്റെ അലാ ഹാശിമി തഫാസീര്‍ എന്ന ഗ്രന്ഥമാണ്. വിഷയാധിഷ്ഠിത രചനാ വൈഭവം എടുത്തുകാണിക്കുന്ന ഈ ഗ്രന്ഥം ഏഴു വാള്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തഫ്‌സീര്‍ ജലാലൈനിയുടെ വീക്ഷണങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് ഇതില്‍. പുറമെ പൗരാണികരും ആധുനികരുമായ മുഫസിറുകളുടെ വീക്ഷണ വ്യത്യാസങ്ങള്‍ താരതമ്യം നടത്തുന്നുമുണ്ട് അദ്ദേഹം. 9 വര്‍ഷമെടുത്താണ് ഇതിന്റെ രചന അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഖത്തര്‍ ഔകാഫ് മന്ത്രാലയം ഈ ഗ്രന്ഥത്തിന്റെ പുനപ്രസിദ്ധീകരണം ഏറ്റെടുത്തിട്ടുണ്ട്. ഇതിനുപുറമെ അല്‍ മിര്‍ഖാത്ത് ഫീ അകീദത്തുല്‍ മുസ്‌ലിമീന്‍, അദബുല്‍ മുസ്‌ലിം ഫീ മന്‍ഹജുല്‍ ഇസ്‌ലാം, സ്വഫ്‌വത്തുല്‍ ഖലാം ഫീ അഖീദത്തുല്‍ ഇസ്‌ലാം, നിബ്‌റാസ്, അല്‍ മദാരിജ് എന്നിവയും പാനൂര്‍ തങ്ങളുടെ അറബി ഗ്രന്ഥങ്ങളാണ്.
ചെറുതും വലുതുമായി 71 ഗ്രന്ഥങ്ങള്‍ രചിച്ച മുഹമ്മദ് ബാഖഫി പൂക്കോട്ടൂര്‍ കേരളത്തിലെ അറബി രചനയെ സമ്പന്നമാക്കിയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങള്‍
1. സമീലില്‍ ഖുറാ ഫീ ഹല്ലി അല്‍ഫാളില്‍ ബുഖാരി
2. അന്നസബു വല്‍ മുസാഹറ
3. അല്‍ ഉള്ഹിയ്യ വല്‍ ഹഖീഖ
4. ഇഅ്‌റാബുല്‍ ഇഅ്‌റാബ്
5. മദ്ദാഹുന്നബി
6. ബല്ലാഉസ്സലാം
7. നുജൂമുല്‍ ഖുര്‍ആന്‍
8. ഖവാഹിദുല്‍ ഖത്ത്
9. ദുററുല്‍ സ്വറഫ്
10. ദിറാസാത്തു അല്‍ഫാളു ലുഗവിയ്യ
കാടാമ്പുഴ ബാവ മുസ്‌ലിയാര്‍ കേരളത്തിലെ ആധുനിക അറബി രചയിതാക്കളില്‍ അറിയപ്പെടുന്ന പണ്ഡിതനാണ്. വിവിധ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവ
1. അഖീദത്തുല്‍ മുഹാം ശര്‍ഹു അഖീദത്തുല്‍ അവാം
2. അബുല്‍ ബഷര്‍
3. അജ്‌സാദുല്‍ അജീബ വല്‍ ബുല്‍ദാനുല്‍ ഗരീബ
4. ബുസ്താനുസ്സബ്അ
5. ജിനാനുല്‍ അദബ്
6, ഇബ്‌റാഹീമുബ്‌നു അദ്ഹം- ഹയാത്തുഹു വസീറത്തുഹു
7. സുര്‍ഖുല്‍ അസ്ഫിയാഅ്
8. യനാബീഉല്‍ ഗനിയ്യ്
9. സഫീനത്തുല്‍ സ്വഹ്‌റാഅ്
പരേതനായ നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍ ഭാഷാ പണ്ഡിതന്‍മാര്‍ക്കിടയില്‍ അറിയപ്പെട്ട ഗവേഷകനാണ്. സാഹിത്യ സാംസ്‌കാരിക പൈതൃകങ്ങളുടെ വീണ്ടെടുപ്പില്‍ അദ്ദേഹം ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലുണ്ടായിരുന്ന 1800 ലധികം പണ്ഡിതരുടെ ജീവചരിത്രം വിവരിക്കുന്ന തുഹ്ഫത്തുല്‍ അഖ്‌യാര്‍ ഫീ താരീഖില്‍ ഉലമാഉല്‍ മലയ്ബാര്‍ കേരള അറബി ഗ്രന്ഥങ്ങളില്‍ എടുത്തുപറയേണ്ട  രചനയാണ്. ഇത് ഇന്നും ഈടുറ്റ കയ്യെഴുത്ത് പ്രതിയായി നിലനില്‍ക്കുന്നു.
കേരള അറബി പണ്ഡിതര്‍ക്കിടയില്‍ ലോക പ്രശസ്തി നേടിയ വ്യക്തിത്വമാണ് ഡോ. ഹംസ അബ്ദുല്ല മലബാരി. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ ദുബൈയിലെ കോളേജ് ഓഫ് അറബിക് ഇസ്‌ലാമിക് സ്‌ററഡീസിലെ ഹദീസ് വിഭാഗത്തിന്റെ തലവനാണ്. വെല്ലൂര്‍ ബാഖിയാത്തില്‍ പഠനം പൂര്‍ത്തിയാക്കിയ മലബാരി അല്‍ അസ്ഹരില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും മക്കയിലെ ഉമ്മുല്‍ ഖുറ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി. സൗദിഅറേബ്യ, അള്‍ജീരിയ, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളിലെ വിവിധ സര്‍വകാലശാലയില്‍ അധ്യാപകനായിരുന്നു ഇദ്ദേഹം. ഹദീസ് വിജ്ഞാന ഗവേഷണ നിരൂപണ പഠനങ്ങളാണ് അദ്ദേഹത്തിന്റെ  ഗ്രന്ഥങ്ങള്‍.  ജോര്‍ദാന്‍, ബാഗ്ദാദ്, അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനാവലംബങ്ങളാണ് മിക്ക ഗ്രന്ഥങ്ങളും ഹദീസ് വിജ്ഞാനത്തില്‍ അറബ് ലോകത്തെ പണ്ഡിതരുടെ ആദരവും അംഗീകാരവും ഇദ്ദേഹം നേടിക്കഴിഞ്ഞു. പ്രധാന ഗ്രന്ഥങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1. മാ ഹാക്കദാ ഖവാരിദുല്‍ ഇബ്‌ലി യാ സഅദ്
2. മുവാസനത്തു ബയ്‌നല്‍ മുതഖദ്ദിമീന വല്‍ മുതഅഹിരീന ഫീ തസ്ഹീഹില്‍ അഹാദീസ വ ളഈഫുഹാ
3. അല്‍ ഹദീസുല്‍ മഅ്‌ലൂല്‍- ഖവാഇദ് വളവാബിത്ത്
4. നളറാത്തുല്‍ ജദീദ ഫീ ഉലൂമില്‍ ഹദീസ്
5. കയ്ഫ യദ്‌റുസു ഇല്‍മു തഹ്‌രീജുല്‍ അഹാദീസ്
6. അബ്കരിയ്യത്തുല്‍ ഇമാം മുസ്‌ലിം ഫീ തര്‍ത്തീബില്‍ അഹാദീസി സ്വഹീഹ്
ശൈഖ് മുഹമ്മദ് ഫൈസി രചിച്ച താരീഖുല്‍ അബ്‌റാര്‍, ഡോ. വീരാന്‍ മൊയ്തീന്‍ എഴുതിയ അശ്ശുഅറാഉല്‍ അറബി ഫീ കയ്‌രള, അബ്ദുല്‍ ഗഫൂര്‍ ഖാസിമി രചിച്ച അല്‍ മുസ്‌ലിമൂന്‍ ഫീ കയ്‌രള, ഡോ. അബൂബക്കര്‍ വടക്കാങ്ങരയുടെ മുഖാവമത്തുല്‍ ഇസ്തിഅ്മാറുല്‍ ബുര്‍തുഗാലി ഫീ മലയ്ബാര്‍, അബ്ദുന്നസീര്‍ സഖാഫിയുടെ ഉലമാഉശ്ശാഫിഇയ്യ ഫീ ദിയാറില്‍ ഹിന്ദ്, ഡോ. താജുദ്ദീന്‍ മന്നാനിയുടെ ഇറാഖില്‍ നിന്ന് പ്രസിദ്ധീകരിച്ച അല്‍ ലുഗത്തില്‍ അറബിയ്യ ഫീ തഅ്മുലി നാദിര്‍ എന്നിവയും കേരള പണ്ഡിതരുടെ സംഭാവനകളാണ്. ദുബൈയിലെ ജുമുഉല്‍ മാജിദ് സാംസ്‌കാരിക പൈതൃക കേന്ദ്രം ഈയിടെ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് അഅ്‌ലാമുല്‍ മുഅല്ലിഫീന്‍ ബില്‍ അറബിയ്യ ഫീ ബിലാദില്‍ ഹിന്ദ്. പൗരാണികരും ആധുനികരുമായ ഇന്ത്യന്‍ പണ്ഡിതരുടെ അറബിയിലുള്ള പഠന ഗവേഷണ രചനകളാണ് ഇതിന്റെ ഉള്ളടക്കം. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുറഹ്മാന്‍ ആദൃശേരി, അബ്ദുറഹ്മാന്‍ മങ്ങാട് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണീ ഗ്രന്ഥം. ശാഹ് വലിയ്യുള്ളാ ദഹ്‌ലവിയുടെ ഇസാലത്തുല്‍ ഗിഫാഇന്റെ അറബി വിവര്‍ത്തനം ഈയിടെ മുസ്തഫ ഹുദവി പ്രസിദ്ധീകരിക്കുകയുണ്ടായി
 മുഹമ്മദ് സാലിം ബര്‍ഹാനിയുടെ അറബി രചനയാണ് ഹാഹിയല്‍ വഹാബിയ്യ. ഇതിനുപുറമെ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും പ്രസിദ്ധീകരിക്കുന്ന അറബി ജേര്‍ണലുകളില്‍ ലേഖനങ്ങളെഴുതുന്ന പണ്ഡിതന്‍മാരും കേരളത്തിലുണ്ട്.
നൂറ്റാണ്ടുകളുടെ പാരമ്പര്യവും പൈതൃകവുമുള്ള അറബി ഭാഷയോടും സാഹിത്യത്തോടും കേരളീയര്‍ സൂക്ഷിച്ചുപോരുന്ന ഹൃദയ ബന്ധത്തിന്റെ നിത്യ സ്മാരകങ്ങളാണ് മേല്‍പറഞ്ഞ ഗ്രന്ഥങ്ങള്‍. ഭാഷാ പഠന ഗവേഷണ തലങ്ങളില്‍ മുമ്പില്ലാത്ത മുന്നേറ്റമാണ് ഇന്ന് കേരളത്തിലുള്ളത്. ഇവരിലൂടെ അറബി വൈജ്ഞാനിക രചനകള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Reference

1. മലയാളത്തിലെ മഹാരഥന്‍മാര്‍- നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍, ഇര്‍ഷാദ് ബുക്ക് സ്റ്റാള്‍, കോഴിക്കോട്
2. ഫത്ഹുല്‍ മുബീന്‍- ഖാളി മുഹമ്മദ് പരിഭാഷ . പ്രഫ. മങ്കട അബ്ദുല്‍ അസീസ് മൗലവി, അല്‍ ഹുദാ ബുക്ക്‌സ്റ്റാള്‍ കോഴിക്കോട്
3. മഖ്ദൂമും പൊന്നാനിയും-ഡോ ഹുസൈന്‍ രണ്ടത്താണി, പൊന്നാനി ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി പ്രസിദ്ധീകരിച്ചത്
4. തുഹ്ഫത്തുല്‍ മുജാഹിദീന്‍- സൈനുദ്ദീന്‍ മഖ്ദൂം, സി. ഹംസ എഡിറ്റിംഗ്, അല്‍ ഹുദാ കോഴിക്കോട്
5. അല്‍ അവാഇദു ദ്ദീനിയ്യ- ശൈഖ് അഹമ്മദ് കോയ ശാലിയാത്തി
6. അലാ ഹാമിശിത്തഫാസീര്‍- സൈദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍, നിബ്‌റാസുത്ത്വലബ, താനൂര്‍
7. അല്‍ മുസ്‌ലിമൂന്‍ ഫീ കേരള, അബ്ദുല്‍ ഗഫൂര്‍ ഖാസിമി

author image
AUTHOR: ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
   (പ്രിന്‍സിപ്പല്‍, ഡബ്ല്യു.എം.ഒ. കോളെജ് വയനാട്‌)