കേരള മുസ്‌ലിംകളും വികസനവും

പി ഐ നൗഷാദ്   (എക്‌സി. എഡിറ്റര്‍, മാധ്യമം)

ദര്‍ശവും പ്രായോഗിക മാര്‍ഗവും എന്ന നിലക്ക് തൗഹീദിലധിഷ്ഠിതമായ വികസന നയം ഖുര്‍ആന്‍, പ്രവാചക ചര്യ, ഇസ്‌ലാമിക ചരിത്രം, പണ്ഡിതരുടെ പഠനങ്ങള്‍ എന്നിവയിലൂടെ കണ്ടെത്താവുന്നതാണ്. കേരള മുസ്‌ലിം സമൂഹം തുടക്കം മുതലേ ജൈവ സമൂഹമായിരുന്നു. ജനങ്ങളുമായി ഇടപഴകിയും സഹവസിച്ചു കൊണ്ടും ആശയ/സാംസ്‌കാരിക വിനിമയങ്ങള്‍ നിര്‍വ്വഹിച്ചും അവരിവിടെ ജീവിച്ചു. സ്‌പെയിനില്‍ ഇസ്‌ലാം എത്തുന്നതിന് മുന്‍പ് ഇസ്‌ലാം വളര്‍ന്ന പ്രദേശമാണ് കേരളം. ആ അര്‍ഥത്തില്‍ അറേബ്യക്ക് പുറത്ത് ഭിന്ന സമൂഹങ്ങളോട് സഹവസിച്ച ആദ്യ മുസ്‌ലിം സമൂഹങ്ങളിലൊന്നാണ് കേരളം. അവരുടെ സാമൂഹിക വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നതില്‍ ഇസ്‌ലാമിനും ഇസ്‌ലാമിക പണ്ഡിതരും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇസ്‌ലാമിക പണ്ഡിതരുടെ ഇത്തരം ഇടപെടലുകള്‍ സാമൂഹിക/വികസന വിഷയങ്ങളില്‍ വ്യക്തി/സാമൂഹികജീവി എന്ന അര്‍ഥത്തില്‍  മാത്രമായിരുന്നില്ല. അതത് കാലത്തെ സാമൂഹിക ജീവിതത്തെ ഇസ്‌ലാമികമായി നോക്കിക്കാണുകയും പ്രതികരിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍കൂടിയായിരുന്നു. ആ നിലപാടുകള്‍ തെറ്റോ ശരിയോ എന്ന് ഇന്ന് അതിനെ വിലയിരുത്താമെങ്കിലും.

ഇസ്‌ലാമിന്റെ സാങ്കേതിക ശബ്ദങ്ങളോടും പ്രവാചക ചരിത്ര സംഭവങ്ങളോടും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഇജ്തിഹാദുകളിലൂടെയാണ് അതത് കാലത്തെ വിഷയങ്ങളെ അവര്‍ വ്യാഖ്യാനിച്ചിട്ടുള്ളത് .  സൈനുദ്ദീന്‍ മഖ്ദൂം മുതല്‍ മലബാര്‍ വിപ്ലവം വരെയുള്ള കാലത്ത് പൊതുസമൂഹത്തിന്റെ വികസന/സാമൂഹിക വളര്‍ച്ചകളില്‍ ഇസ്‌ലാം കര്‍തൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്‌ലാമിക ആശയാവലികള്‍ വ്യക്തതയോടെ സംവാദങ്ങള്‍ക്ക് വിധേയവുമായിട്ടുണ്ട്. കൊളോണിയലിസമാണ് ഇതിനെ സൈദ്ധാന്തികമായും പ്രായോഗികമായും തകര്‍ത്തത്. അതിനോടുള്ള ചെറുത്തുനില്‍പ്പുകളോടെയാണ് മുസ്‌ലിംകള്‍ വീണ്ടും പൊതുമണ്ഡലത്തെ തിരിച്ചുപിടിക്കാനും നിര്‍ണയിക്കാനും ശ്രമിച്ചത്. പക്ഷേ ഇത്തരം പ്രക്ഷോഭങ്ങളുടെ ഒടുവില്‍ വിശേഷിച്ച് യൂറോപ്യന്‍ കോളനിവത്കരണം സമസ്ത മേഖലകളിലും പിടിമുറുക്കിയതോടെ ലോകവ്യാപകമായി മുസ്‌ലികള്‍ സാമൂഹിക പരിവര്‍ത്തനത്തില്‍ ഇസ്‌ലാമിക കര്‍തൃത്വത്തെ കയ്യൊഴിച്ചതുപോലെ കേരളത്തിലും മതപണ്ഡിതര്‍ ഇസ്‌ലാമിക കര്‍തൃത്വത്തെ കയ്യൊഴിച്ചു.

മലബാര്‍ വിപ്ലവാനന്തരം ദേശീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച മതേതര വ്യാഖ്യാനങ്ങള്‍, സമുദായ സംഘടനകള്‍ പ്രസരിപ്പിച്ച സാമുദായിക പരികല്‍പനകള്‍ തുടങ്ങിയ ഇസ്‌ലാമിക ആശയങ്ങളില്‍ നിന്ന് ഭിന്നവും പലപ്പോഴും വിരുദ്ധവുമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തനരീതികളും  കേരളീയ മുസ്‌ലിം സമൂഹത്തില്‍ ശക്തമായി. വൈജ്ഞാനിക, സാമ്പത്തിക പിന്നാക്കവസ്ഥ മുസ്‌ലിം അവസ്ഥയെ കൂടുതല്‍ പരിതാപകരമാക്കി.   കേരളത്തില്‍ പ്രമുഖ മുസ്‌ലിം പ്രതിനിധാനമായ മുസ്‌ലിംലീഗ് വികസന/ സാമൂഹിക പങ്കാളിത്തത്തിന്റെ ആശയമായി സ്വീകരിച്ചത് മതേതര/സാമുദായിക പരികല്‍പനകളായിരുന്നു. സമുദായം അസ്ഥിത്വ ഭീഷിണി നേരിടുന്ന ഘട്ടങ്ങളിലെല്ലാം അധികാര പങ്കാളിത്തവും സമുദായ ശാക്തീകരണവുമാണ് വിജയത്തിന്റെ വഴിയെന്ന കാഴ്ചപ്പാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചത്. സ്വാഭാവികമായും പൊതുസമൂഹം ഈ പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊണ്ടതും മനസ്സിലാക്കിയതും ഇസ്‌ലാമിന്റെ വികസന നിലപാടുകളും സാമൂഹിക സഹവര്‍ത്തിത്വവുമായല്ല. മറിച്ച് കേവലമായ സാമൂദായിക വാദങ്ങളും ശാക്തീകരണ ശ്രമങ്ങളുമായാണ്. വികസന പ്രക്രിയകളില്‍ മുസ്‌ലിം കര്‍തൃത്വം ഉണ്ടായിരുന്നെങ്കിലും ഇസ്‌ലാമിക കര്‍തൃത്വം ഉണ്ടായിരുന്നില്ലെന്ന് ചുരുക്കം.

1970കളുടെ അവസാനങ്ങളില്‍ അഥവാ ഇറാന്‍ വിപ്ലവാനന്തരമാണ് കേരളത്തില്‍ വീണ്ടും വികസനത്തിന്റെ ഇസ്‌ലാമിക അടിത്തറകളെ കുറിച്ച ആശയ സംവാദങ്ങള്‍ ഗൗരവപൂര്‍ണമാകുന്നത്. 1980 കളോടെ ഇസ്‌ലാമിക ആശയാവലികളിലൂടെ വികസന/സാമൂഹിക അജണ്ടകളില്‍ ഇസ്‌ലാമിന്റെ കര്‍തൃത്വത്തിലുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും  പുനരാരംഭിച്ചു. സാമ്പത്തിക പുനക്രമീകരണ പദ്ധതികളായാണ് (പലിശ രഹിത നിധികള്‍) ആദ്യമായി ജനങ്ങളത് അനുഭവിക്കാന്‍ തുടങ്ങിയത്. പിന്നീട് സേവനത്തിന്റെ വിവിധ പദ്ധതികള്‍, വികസന ഇരകളായ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം തുടങ്ങിയവയിലൂടെ ശക്തിപ്രാപിക്കാന്‍ തുടങ്ങി. (1981-82 മാവൂര്‍ ഗ്രാസിമിനെതിരെയുള്ള സമരങ്ങള്‍, 1984 പെരിങ്ങോം ആണവ വിരുദ്ധ സമര  പങ്കാളിത്തം, സിമി 1980 കളില്‍ സംഘടിപ്പിച്ച മുതലാളിത്ത വിരുദ്ധ കാമ്പയിന്‍ എന്നിവ അതിന്റെ തുടക്കമായിരുന്നു.)

1995ന് ശേഷം വികസന അജണ്ടകളില്‍ വൈവിധ്യപൂര്‍ണമായ രീതികളിലൂടെ ഇസ്‌ലാമിക സമൂഹങ്ങള്‍ ഇടപെടാന്‍ തുടങ്ങി. ഇസ്‌ലാമിക സൈദ്ധാന്തികവും സാങ്കേതികവുമായ പദങ്ങളുടെ വ്യാഖ്യാനത്തിലൂടെ ആഗോളവല്‍ക്കരണാന്തര കേരളത്തില്‍ വികസനം എന്ന പ്രയോഗം വിശകലനം ചെയ്യാന്‍ തുടങ്ങി. അതിനെ തുടര്‍ന്ന് മുസ്‌ലിം സമൂഹത്തിലും പൊതു സമൂഹത്തിലും വികസനം, സാമൂഹികത, പൊതുമണ്ഡലത്തിലെ ഇസ്‌ലാമിക പ്രതിനിധാനങ്ങള്‍ എന്നീ വിഷയങ്ങള്‍ സംവാദങ്ങള്‍ക്ക് വിധേയമായി. സോളിഡാരിറ്റിയുടെ ഇടപെടലുകള്‍, വികസനത്തെ കുറിച്ച വ്യാഖ്യാനങ്ങള്‍ എന്നിവയിലൂടെ കേരളീയ പൊതുസമൂഹം വികസനത്തിന്റെ ഇസ്‌ലാമിക കര്‍തൃത്വം പ്രായോഗികമായി അനുഭവിക്കാന്‍ തുടങ്ങി. ആശയപരമായി വിശകലനം/വിമര്‍ശനങ്ങള്‍/ആരോപണങ്ങളും ആരംഭിച്ചു. അത് വിവിധ മുസ്‌ലിം സമൂഹത്തിലേക്കും സംക്രമിക്കുകയും വിവിധ  വ്യാഖ്യാനങ്ങള്‍ കൊണ്ട് ആശയ/ പ്രായോഗിക തലങ്ങളെ സമ്പന്നമാകുകയും ചെയ്തു.

കേരള മുസ്‌ലിം വികസനം
വികസനം എന്ന പദം വിവിധ അര്‍ഥങ്ങളില്‍ പ്രയോഗിക്കാറുണ്ട്.  ഒരു ജനതയുടെ സര്‍വ്വതോന്‍മുഖമായ പുരോഗതിയെ സൂചിപ്പിക്കാനായി വികസനം എന്ന പദം നിരപേക്ഷമായി പ്രയോഗിക്കാറുണ്ട്. വ്യക്തി/കുടുംബം/സമൂഹം എന്നീ നിലകളില്‍  വ്യക്തിക്കും ഒരു ജനതക്കും സ്വകാര്യവും ആത്മീയവും സാമ്പത്തികവും സാമൂഹികവും ധാര്‍മികവും രാഷ്ട്രീയവുമായ വളര്‍ച്ചയും സംതൃപ്തിയും നല്‍കുകയാണ് വികസനംകൊണ്ട് അര്‍ഥമാക്കുന്നത്. ഒരു രാഷ്ട്രത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ട പൗരന്മാര്‍ക്കും വിവേചനരഹിതമായ ജീവിതാന്തരീക്ഷമുണ്ടെന്നും നിയമപരവും മനുഷ്യത്വപരവുമായ വളര്‍ച്ചക്കും വികാസത്തിനുമുള്ള എല്ലാ സാധ്യതകളും ലഭ്യമാകുന്നുവെന്നും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും അതിനുവേണ്ടിയുള്ള പ്രയത്‌നങ്ങളുമാണ് വികസനത്തെ നിര്‍ണയിക്കുന്നത്. സ്വാഭാവികമായും രാഷ്ട്രീയ/സാമൂഹിക പരിവര്‍ത്തനങ്ങളാണ് വികസനത്തെ നിര്‍ണയിക്കുക. വികസനം ആഗ്രഹിക്കുന്ന ജനത, നിലനില്‍ക്കുന്ന രാഷ്ട്രീയ/സാമൂഹിക/ആശയങ്ങളിലെ സ്തംഭനാവസ്ഥകളെയും പ്രതിലോമപരതകളേയും ചോദ്യം ചെയ്യുകയും തകര്‍ക്കുന്ന പ്രവൃത്തികളില്‍ വ്യാപൃതരാകുകയും ചെയ്യുന്നു. തുടര്‍ന്ന് പുതിയത് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് കര്‍തൃപരമായ പങ്ക് നിര്‍വ്വഹിക്കുകയും പൊതു മണ്ഡലത്തിന്റെ വിചാരങ്ങളെ തിരുത്തുകയും ചെയ്യുന്നു. അതിന്റെ അനുരണനമായി സാമൂഹിക മാറ്റങ്ങളും ജീവിത സാഹചര്യങ്ങളുടെ പുനക്രമീകരണങ്ങളും സംഭവിക്കുന്നു. ഈ അര്‍ഥത്തില്‍ കേരളത്തിലെ വികസന പ്രക്രിയ മുന്‍നിര്‍ത്തി കേരളത്തിന്റെ പൊതുമണ്ഡലത്തല്‍ ഇസ്‌ലാം എങ്ങിനെ പ്രവര്‍ത്തിക്കുകയും പ്രതി പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന് പരിശോധിക്കാനാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്. ഇതില്‍ രാഷ്ട്രീയവും സാമൂഹികവുമായ നവോത്ഥാന ശ്രമങ്ങള്‍ നിര്‍ബന്ധമായും കടന്നുവരേണ്ടതാണ്. താഴെ നല്‍കിയ സൂചനകളിലൂടെ മേല്‍ സൂചിപ്പിച്ച ആശയം സമര്‍ഥിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
1. മനുഷ്യജീവിതത്തിന്റെയും നാഗരികതയുടെയും നിര്‍മ്മിതിയുടെ ആശയവും പ്രയോഗവും എന്ന നിലയില്‍ ഇസ്‌ലാം സവിശേഷമായ വികസന വീക്ഷണം പുലര്‍ത്തുന്നുണ്ട്. പ്രപഞ്ചത്തിന്റെ ഉടമയായ ദൈവം തന്നെയാണ് ഭൂമിയുടെ പരിപാലനത്തിന്റെയും ആത്യന്തിക വിധാതാവ് എന്ന തൗഹീദ് വീക്ഷണമാണ് വികസനത്തിന്റെ ഇസ്‌ലാമിക അടിത്തറ. അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ അതിപ്രധാനമായതിലൊന്നാണല്ലോ റബ്ബ് എന്നത്. ലോകത്തെ നിലനിര്‍ത്തുന്നവനും വളര്‍ത്തിക്കൊണ്ടിരിക്കുന്നവനുമാണവന്‍ എന്ന ആശയമാണ് അതിനുള്ളത്. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ അതിന്റെ കൈകാര്യകര്‍തൃത്വം ഖിലാഫത്തിലൂടെ മനുഷ്യന് നല്‍കുകയാണ് അല്ലാഹു ചെയ്തിട്ടുള്ളത്. അതിന്റെ ഭാഗമായി അവന്റെ പ്രധാന ഉത്തരവാദിത്വം ഭൂമിയുടെ പരിപാലനം (സൂറ ഹൂദ് - 61) ആണ്. ഭൂമിയുടെ പരിപാലകന്‍ എന്ന അര്‍ഥത്തില്‍ പരിസ്ഥിതി പരിപാലനം, ഭൂവിഭവങ്ങളുടെ ഉപഭോഗത്തിലെ സൂക്ഷ്മതകളും പഠനങ്ങളും, മനുഷ്യര്‍ തുല്യരെന്ന നിലക്കുള്ള അവകാശങ്ങളും ബന്ധങ്ങളും, വിവേചനരഹിതമായ സാമൂഹിക ഘടനയുടെ സൃഷ്ടിപ്പ്, നീതിപൂര്‍വ്വകമായ സാമ്പത്തിക വിനിമയം എന്നിവയെല്ലാം അവന്റെ ബാധ്യതയായി മാറുന്നു.  മുസ്‌ലിം വ്യക്തിയും അധികാര സ്വരൂപങ്ങളും നിര്‍വ്വഹിക്കേണ്ട ദൗത്യത്തെ കുറിച്ച ഖുര്‍ആനിക പ്രയോഗങ്ങളായ അംറ് ബില്‍ മഅ്‌റൂഫ് നഹിയ് വല്‍ മുന്‍കര്‍, ശഹാദത്തുല്‍ ഹക്ക്, ഇഖാമത്തുദ്ദീന്‍, ഇഖാമത്തുല്‍ അദ്ല്‍ എന്നിവയില്‍ വികസനത്തിന്റെ അനിവാര്യതയും ജാഗ്രതയും ഉള്‍ക്കൊള്ളുന്നുണ്ട്.

2. ആശയങ്ങളുടെയും സംസ്‌കാരത്തിന്റേയും പ്രായോഗിക മാര്‍ഗം എന്ന നിലക്ക് ഇസ്‌ലാം ഇടപെട്ടിടത്തെല്ലാം അതിന്റെ സിവിശേഷമായ വികസനരീതികള്‍ സമൂഹത്തില്‍ പ്രായോഗികമായിട്ടുണ്ട്. പലിശരഹിതമായ സാമ്പത്തിക വ്യവഹാരം, സമ്പത്തിലുള്ള അവകാശങ്ങള്‍, വൈജ്ഞാനിക/രാഷ്ട്രീയപരമായ തുല്യാവസരങ്ങള്‍, നീതിയുടെ വിവേചനരഹിതമായ സാക്ഷാത്കാരം എന്നിവയെല്ലാം നിഷേധിക്കപ്പെട്ട ജനതക്ക് ഇസ്‌ലാമിക സമൂഹം നേടിക്കൊടുക്കുന്നത് കാണാനാകും. സ്വതന്ത്ര്യം ലഭിച്ച് ആറര പതിറ്റാണ്ട് പിന്നിട്ടും കേരളത്തിലെ പിന്നാക്ക/ആദിവാസി ജനതക്ക് വിജ്ഞാനം വര്‍ത്തമാനകാലത്തുപോലും നല്‍കാനാകാത്തപ്പോള്‍ 40 വര്‍ഷംകൊണ്ട് അടിമകളുടെ പിന്‍തലമുറയെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ഉടമകളും സമൂഹത്തിന്റെ ഉപ്പുമാക്കിയത്  കാണാനാകും. (സയ്യിദ് ഹാമിദലി ) ആ വികസനം ലോകത്തിന് നല്‍കിയ അനുഗ്രഹങ്ങളും പൊതുമണ്ഡലത്തെ നവീകരിച്ചതിന്റേയും പഠനങ്ങള്‍ ഇന്ന് സമ്പന്നമാണ്. (മുസ്തഫസ്സിബാഇ, ഇഖ്ബാല്‍, അബുല്‍ഹസന്‍  അലി നദ്‌വി, തോമസ് അര്‍നോള്‍ഡ്, എസ്‌പോസിറ്റോ തുടങ്ങി പുരാതനരും ആധുനികരുമായ ധാരാളം പഠനങ്ങള്‍ അതിനെക്കുറിച്ചുണ്ട്)

3. ഇന്ന് കേരളമെന്ന് വ്യവഹരിക്കപ്പെടുന്ന ഭൂപ്രദേശത്തെ ജനങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ബിട്ടീഷ് കൊളോണിയലാനന്തരം രൂപപ്പെട്ട ദേശരാഷ്ട്ര പരികല്‍പനകള്‍ക്ക് പുറത്ത് ചിന്തിച്ചവരും സാമൂഹിക ഇടപെടലുകള്‍ ഇസ്‌ലാമിക അടിത്തറകളില്‍ നിര്‍വ്വഹിച്ചവരും തദാനുസാരം ഇസ്‌ലാമിക സാങ്കേതിക ശബ്ദങ്ങളെ വ്യാഖ്യാനിച്ചവരുമാണ്. ദേശീയസമരങ്ങളില്‍ വ്യാപൃതരായ മുസ്‌ലിം നേതാക്കളെ മാറ്റിനിര്‍ത്തിയാല്‍ മലബാര്‍ വിപ്ലവം വരെയുള്ള കാലഘട്ടത്തിലെ മുസ്‌ലിം നേതൃത്വം ഈ ധാരയിലുള്ളവരായിരുന്നു. അതിന്റെ മകുടോദാഹരണമാണ് സമര സന്ദര്‍ഭത്തില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി വള്ളുവനാട്ടില്‍ സ്ഥാപിപ്പിച്ച ഖിലാഫത്ത് രാഷ്ട്രം. അത് അഹ്മദ് ശഹീദും ഇസ്മാഈല്‍ ശഹീദും പെഷവാറില്‍ സ്ഥാപിച്ച ഖിലാഫത്തിന്റെ ആവര്‍ത്തനമായിരുന്നു.

മലബാര്‍ വിപ്ലവം വരെ മുസ്‌ലിം പൊതുസമൂഹത്തിന്റെ യുക്തിയും ഇസ്‌ലാം അവതരണവും പ്രതിനിധാനവും ദേശാതിര്‍ത്തിയുക്തികള്‍ക്ക് പുറത്തായിരുന്നു. ആശയങ്ങളുടേതും മൂല്യങ്ങളുടേതുമായ പ്രതിബദ്ധതയുടെ രാഷ്ട്രീയ (കമ്മിറ്റ്‌മെന്റ്‌മെന്റ് പൊളിറ്റിക്‌സ്)മാണ് അവര്‍ നിര്‍വ്വഹിച്ചത്. ഈ പ്രതിബദ്ധതയുടെ ഗുണഭോക്താക്കള്‍ അവരുടെ പ്രവര്‍ത്തന മണ്ഡലത്തിലെ മുഴുവന്‍ ജനതയുമായിരുന്നു. പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ട ഗ്രന്ഥം സമര്‍പ്പിക്കുന്നത് ബീജാപ്പൂര്‍ സുല്‍ത്താനാണ്. എന്നാല്‍ സമരത്തിന്റെ പങ്കാളികള്‍ സാമൂതിരി രാജവംശവും. മമ്പുറം തങ്ങന്‍മാരുടെ സാമ്രാജ്യത്വ വിരുദ്ധസമരങ്ങളിലും ഈ മാനവികത കാണാന്‍ കഴിയും.

4. സൈനുദ്ദീന്‍ മഖ്ദൂം, ഖാദി മുഹമ്മദ്, മമ്പുറം തങ്ങള്‍മാര്‍, ടിപ്പുവിന്റെ പടയോട്ടം, മലബാര്‍ വിപ്ലവം വരെയുള്ള നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ഇസ്‌ലാമിക സാമൂഹിക ഇടപെടല്‍, ചരിത്രത്തില്‍ ജനങ്ങളുടെ അവകാശബോധം, ജീവിത ഗുണത, മൂല്യങ്ങള്‍, സൗകര്യങ്ങളുടെ വര്‍ധനവ് തുടങ്ങിയവക്കുള്ള ശ്രമങ്ങള്‍, വിവേചനങ്ങള്‍ക്കെതിരെയുള്ള അമര്‍ഷങ്ങളും സമരങ്ങളും, തുല്യതക്കും മാന്യതക്കും വേണ്ടിയുള്ള നിയമനിര്‍മാണങ്ങള്‍ എന്നിവ കാണാന്‍ കഴിയും. ചുരുക്കത്തില്‍ സാമൂഹിക വികസനത്തിന് ഇസ്‌ലാമിക കര്‍തൃത്വം പൊതുമണ്ഡലം അനുഭവിക്കുകയും അംഗീകരിക്കുകയും ഋണാത്മകവും നിഷേധാത്മകവുമായി അഭിമുഖീകരിക്കുകയും ചെയ്തു. മലബാറിലെ മതപരിവര്‍ത്തനത്തിന്റെ ചരിത്രവും അവര്‍ണന് ഉത്തമം ഇസ്‌ലാമോ എന്ന സംവാദവും ഈ വീക്ഷണത്തിന് ബലം നല്‍കുന്നതാണ്. ഇന്ന് മനസ്സിലാക്കപ്പെടുന്ന സ്റ്റേറ്റ് ഘടന (അറക്കല്‍ രാജവംശത്തെ മാറ്റിനിര്‍ത്തികൊണ്ട്) മുസ്‌ലിം സമൂഹത്തിന്  ഇല്ലാതിരുന്നെങ്കിലും പൊതുമണ്ഡലത്തിന്റെ വികസന അജണ്ടകളെ നിര്‍ണായകമായി നിയന്ത്രിച്ചിരുന്ന മൂല്യ വ്യവസ്ഥകളിലൊന്ന് ഇസ്‌ലാം ആയിരുന്നു. അതിനാലാണ് അതിന്റെ പ്രായോജകര്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും അതിലൂടെ അധികാരവും സൗകര്യവും നഷ്ടപ്പെട്ടവര്‍ ഇസ്‌ലാമിന്റെ ശത്രുക്കളുമായത്. അതിനാലാണ് അത്തരം സമരങ്ങള്‍ക്ക് അശയപരമായ പിന്തുണയും സമരപരമായ നേതൃത്വവും മുസ്‌ലിം മതപണ്ഡിതരും അതിന്റെ കേന്ദ്രങ്ങള്‍ മസ്ജിദുകളുമായത്.

5. മലബാര്‍ കലാപത്തിന് മുന്‍പേ ദേശീയതലത്തില്‍ ലീഗ് സ്ഥാപിതമായിട്ടുണ്ട്. അതിന്റെ ശാഖ കേരളത്തിലുണ്ടായിരുന്നെങ്കിലും മുസ്‌ലിം ജനസാമാന്യത്തിന്റെ പാര്‍ട്ടിയായി അത് പിറവിയെടുത്തിട്ടുണ്ടായിരുന്നില്ല. (എം.സി.വടകര). മലബാര്‍ വിപ്ലവത്തിനേറ്റ തിരിച്ചടികള്‍ സൃഷ്ടിച്ച നിരാശയും മലബാര്‍ദേശം തിരുകൊച്ചി ദേശത്തിലേക്ക് ചേര്‍ത്തതിന്റെയും ഗുണഫലം മലബാര്‍ മേഖലയില്‍ ലഭിച്ചത് മുസ്‌ലിം ലീഗിനായിരുന്നു. മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടേയും ഉറച്ച പിന്തുണ ലീഗിന്റെ രാഷ്ട്രീയ/സാമൂഹിക വളര്‍ച്ചക്കും പ്രവര്‍ത്തനത്തിനുമുണ്ടായിരുന്നു. (കെ.എം മൗലവിയുടെ ജീവചരിത്രം, ബാഫഖി തങ്ങളുടെ ചരിത്രം). മുസ്‌ലിം മതപണ്ഡിതരുടേയും സാമൂഹിക ചിന്തകരുടേയും പിന്തുണയും അധികാര പങ്കാളിത്തവും ഉണ്ടായെങ്കിലും ഇസ്‌ലാമികമായ വികസന സങ്കല്‍പങ്ങള്‍ അവതരിപ്പിക്കുന്നതിലൊ നിലവിലുള്ള സാമൂഹികാവസ്ഥകളെ ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്നുകൊണ്ട് പരിഹരിച്ച് പൊതുമണ്ഡലത്തെ നവീകരിക്കുന്നതിലോ സവിശേഷമായ സംഭാവനകള്‍ സമര്‍പ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.  ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതു മണ്ഡലത്തിന് സവിശേഷമായ ഒരു പാഠവും ഗ്രഹിച്ചെടുക്കാന്‍ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസം, വ്യവസായം, പൊതുമരാമത്ത്, തദ്ദേശ സ്വയം ഭരണം, സാമൂഹിക ക്ഷേമം തുടങ്ങി മര്‍മ്മപ്രധാനമായ വകുപ്പുകള്‍ ദീര്‍ഘകാലം ഭരിച്ചെങ്കിലും നിലവിലുള്ള മൂല്യസങ്കല്‍പ്പങ്ങളില്‍ നിന്നോ പങ്കാളികളായ ഘടകകക്ഷികളുടെ ആശയങ്ങളില്‍ നിന്നോ തരിമ്പും വ്യതിരിക്തമായ ആലോചനകള്‍ സമര്‍പ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. മറ്റൊരര്‍ഥത്തില്‍ അത്തരം ആശയപരമായ വീക്ഷണവും സ്വാധീനിക്കാനാവശ്യമായ ഇസ്‌ലാമിക ദാര്‍ശനിക പരിസരവും സൃഷ്ടിക്കുന്നതില്‍ ലീഗ് പരാജയപ്പെട്ടു. കൊളോണിയല്‍ ആധിപത്യത്തില്‍ നഷ്ടപ്പെട്ട പൊതുമണ്ഡലത്തില്‍ ഇസ്‌ലാമിക പ്രതിനിധാനത്തെ സജീവമാക്കാനും കാലാനുസൃതമായി നവീകരിക്കാനും ദേശരാഷ്ട്ര സങ്കല്‍പനങ്ങളില്‍ നിന്നുകൊണ്ടും ബഹുസ്വര സാമൂഹിക ക്രമത്തോട് ഐക്യപ്പെട്ടും ആരോഗ്യകരമായി വിയോജിച്ചും രൂപീകരിക്കാവുന്ന മികച്ച സാധ്യതയാണ് അവര്‍ നഷ്ടപ്പെടുത്തിയത്. നൂറ്റാണ്ട് കാലത്തോളം കേരളത്തിന്റെ സാമൂഹിക ജീവിതത്തിലുണ്ടായിരുന്ന ഇസ്‌ലാമിക കര്‍തൃത്വം അധികാര പങ്കാളിത്തമുണ്ടായിട്ടും മുസ്‌ലിം ലീഗ് പിന്തുടര്‍ന്നില്ലെന്നുമാത്രമല്ല അത്തരം സാധ്യതയെ നിഷേധിക്കുകയോ ദുര്‍ബലപ്പെടുത്തുന്നതില്‍ പങ്കാളിയാകുകയോ ചെയ്തുവെന്നതാണ് ആശയപരമായി മുസ്‌ലിം ലീഗ് മുസ്‌ലിം സമൂഹത്തിന് ചെയ്ത പ്രധാനപ്പെട്ട കുറ്റം
6. അധികാര സ്വരൂപങ്ങളുടെ അലങ്കാരങ്ങളുള്ള മുസ്‌ലിം പ്രതിനിധാനം ലീഗും അതിനെ ഉപജീവിക്കുന്ന മത/സാമൂഹിക സംഘങ്ങളും നിര്‍വ്വഹിച്ചപ്പോള്‍ പൊതുമണ്ഡലത്തെ മറ്റൊരു തലത്തില്‍ അഭിമുഖീകരിക്കാനും ഇസ്‌ലാമിക പ്രതിനിധാനം നിര്‍വ്വഹിക്കാനുമുള്ള ധാരാളം ശ്രമങ്ങള്‍ നടന്നു. മൗദൂദി/ ബന്ന ചിന്തകളില്‍ നിന്ന് രൂപപ്പെട്ട പ്രസ്ഥാനങ്ങളും അവരോട് ഐക്യദാര്‍ഢ്യം നല്‍കിയവരുമാണ് അത്തരം ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തത്. ഇറാനിയന്‍ വിപ്ലവാനന്തരം മുസ്‌ലിം ചെറുപ്പത്തിനുണ്ടായ ആത്മവിശ്വാസവും ആഗോളതലത്തില്‍ വിജ്ഞാനത്തിന്റെ രീതിശാസ്ത്രവും സാമൂഹികവിജ്ഞാനീയങ്ങളും ഇസ്‌ലാമീകരിക്കാനുള്ള ത്വരകള്‍ (ഇസ്മാഈല്‍ റജീ ഫാറൂഖീ, അലീശരീഅത്തി, ഹുസൈന്‍ നസ്വര്‍, മാലിക് ബ്‌നുനബി) കേരളത്തിലും പ്രതിഫലിച്ചു. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഉണ്ടായ പ്രായോഗിക പദ്ധതികളും ഇസ്‌ലാമിക ബാങ്കുകളും ഇതിന് ഗതിവേഗം ഉണ്ടാക്കി.
മുതലാളിത്ത ശാക്തീകരണത്തിനും അതിന്റെ പ്രതിഫലനമായി ജനങ്ങളില്‍ ദുര്‍ബല വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികളേയും അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന കാഴ്ചപ്പാട് ശക്തിപ്പെടാന്‍ തുടങ്ങി. ഗ്രാസിം ഫാക്റ്ററി, പെരിങ്ങോം ആണവ വിരുദ്ധ സമരം എന്നിവ അതിന്റെ തുടക്കമായിരുന്നു. സിമി സംഘടിപ്പിച്ച മുതലാളിത്ത വിരുദ്ധ കാമ്പയിന്‍ കൂടുതല്‍ ആശയ വ്യക്തതകളിലേക്ക് നയിച്ചു. എസ്.ഐ.ഒ സംഘടിപ്പിച്ച ആഗോളവത്കരണത്തിനെതിരെ യുവാക്കളുടെ വീണ്ടെടുപ്പ് പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ പുതിയ തുടക്കം കുറിച്ചു. സോളിഡാരിറ്റി പൊതുമണ്ഡലത്തെ മാറ്റിപ്പണിതു. സാമൂഹിക മാറ്റത്തിന്റെ ഇസ്‌ലാമിക കര്‍തൃത്വത്തിന്റെ സാധ്യതകള്‍ നിര്‍മ്മാണാത്മകമായും നിഷേധാത്മകമായും കേരളീയ സമൂഹം വീണ്ടും ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഇസ്‌ലാമിക കര്‍തൃത്വത്തില്‍ സാമൂഹിക നിര്‍മിതിയുടെ പ്രാദേശിക മാതൃകകള്‍ പ്രായോഗികമായി സ്ഥാപിക്കപ്പെടുകയും പൊതുമണ്ഡലത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനുമുള്ള ഉപാധിയായി പോസ്റ്റ് കൊളോണിയല്‍ ആശയവലികള്‍ ഈ മാറ്റത്തിന് സഹായകരമായി. മാധ്യമം ദിനപത്രത്തിന്റെ സ്വാധീനം, സോളിഡാരിറ്റിയുടെ ആദ്യ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതിന് മതിയായ തെളിവുകളാണ്.
1920 കളില്‍ നഷ്ടമായ പൊതുമണ്ഡലത്തിലെ ഇസ്‌ലാമിക പ്രതിനിധാനം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍  നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുന്നു. അതിന് 80 വര്‍ഷത്തിലധികം വേണ്ടിവന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

author image
AUTHOR: പി ഐ നൗഷാദ്
   (എക്‌സി. എഡിറ്റര്‍, മാധ്യമം)