പ്രവാസം വരുത്തിയ മാറ്റങ്ങള്‍

സുമയ്യ മുഹമ്മദ് ടി  (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)

കേരളീയ സമൂഹത്തില്‍ പ്രവാസി സംസ്‌കാരം വരുത്തിയ മാറ്റങ്ങള്‍ ഒട്ടനവധിയാണ്. ജീവിതത്തിന്റെ നാനാഭാഗങ്ങളിലും സ്വാധീനം ചെലുത്താന്‍ പ്രവാസി സംസ്‌കാരത്തിന് സാധിച്ചു. കേരളത്തിലെ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ, അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവാക്കളാണ് ആദ്യഘട്ടത്തില്‍ ജോലിതേടി സ്വരാജ്യം വിട്ടത്.
    ഗള്‍ഫിലേക്കുള്ള മലയാളികളുടെ കുടിയേറ്റത്തിന് എക്കാലത്തും രണ്ട് മുഖങ്ങള്‍ ഉണ്ടായിരുന്നു. ഗോര്‍ഫുകാന്‍ കടല്‍ തീരത്ത് ഉരുവില്‍ നിന്ന് ചാടി, കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിന്റെയും ഇരുണ്ട പ്രവാസത്തിലേക്ക്  കാലുകുത്തിയ ഒരു കൂട്ടം മലയാളികള്‍ക്കൊപ്പംതന്നെ, സാങ്കേതിക വിദ്യകളിലും ആതുര ശുശ്രൂഷാ രംഗത്തും വൈദഗ്ധ്യം നേടിയ മലയാളികളും അതേകാലത്ത് തന്നെ തുറമുഖത്തെ സുരക്ഷാവാതിലുകളിലൂടെ സൗഭാഗ്യത്തിന്റെ പ്രവാസത്തിലേക്ക് എത്തപ്പെടുകയുണ്ടായി. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് പരിസരമൊരുക്കിയ പരമ്പരാഗത തൊഴിലിടങ്ങളും രാഷ്ട്രീയ ബോധമുള്ള തൊഴിലാളികളും അപ്രത്യക്ഷമാവാനുള്ള കാരണവും ഗള്‍ഫ് പ്രവാസമായിരുന്നു. ഇന്ന് ഗള്‍ഫിലെ സമസ്ത തൊഴില്‍ മേഖലകളിലും മലയാളികള്‍  ഉണ്ട്. അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗള്‍ഫിന് മറ്റേത് ദേശക്കാരെക്കാളും പ്രിയപ്പെട്ടവരായി മലയാളി തുടരുന്നത് അവരുടെ പ്രായോഗിക ബുദ്ധിയും കഠിനാദ്ധ്വാനവും അര്‍പ്പണ മനോഭാവവും കൂറും സാമര്‍ത്ഥ്യവും കവച്ച് വെക്കാന്‍ ഗള്‍ഫിലേക്ക് അന്നം തേടിവന്ന മറ്റൊരു ദേശക്കാരനും കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടാണ്. 2013ല്‍ ഏകദേശം 35000 കോടിരൂപ കേരളത്തിന്റെ വെളിയില്‍ ജോലിചെയ്യുന്നവര്‍ നാട്ടിലേക്കയച്ചതായാണ് കണക്കുകള്‍ പറയുന്നത്.
    കേരളത്തിന്റെ അറിയപ്പെടുന്ന മിക്ക റിയല്‍ എസ്റ്റേറ്റ് - ആഭരണ - വാഹന വ്യാപാരികളുടെയും പ്രധാന വരുമാനം ഗള്‍ഫ് രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് കുതിച്ചുയരുന്നത്. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍പോലും കാണാനാവാത്ത അത്രയും സ്വര്‍ണ്ണക്കടകള്‍ കേരളത്തിലെ നഗരങ്ങളില്‍ ഇന്ന് പെരുകിവരുന്നതിന്റെ രഹസ്യമിതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചേക്കേറിയ ദശലക്ഷക്കണക്കിനുവരുന്ന മലയാളികള്‍ അടുത്തകാലത്ത് മാത്രമാണ് കേരളത്തിന്റെ പൊതുധാരാ ചര്‍ച്ചകളില്‍ ഇടംനേടിയത്. അതിരുകള്‍ താണ്ടിയുള്ള യാത്ര ഉപജീവനത്തിന്റെ ഈടുവെപ്പുകള്‍ മാത്രമല്ല സാംസ്‌കാരിക സമ്പന്നതയും മലയാളിക്ക് ആവോളം നല്‍കി. തൊഴിലിനുവേണ്ടി കാല്‍കുത്തിയ മണ്ണില്‍ ആഴത്തില്‍ വേരുകളാഴ്ത്താനും മറുനാടന്‍ മലയാളിക്ക് കഴിയുന്നു. ഉപരിപഠനത്തിന്റെ തുറന്ന വിഹായസ്സ്, മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ എന്നിവ മലയാളി പുതുതലമുറയെ സ്ഥിരമായി വിദേശ നഗരങ്ങളില്‍ തളച്ചിടുന്നു. ഇംഗ്ലീഷും ഹിന്ദിയും അനായാസകരമായി കൈകാര്യം ചെയ്യുന്ന ഈ തലമുറ പുത്തന്‍ ശരീരഭാഷയോടും ജീവിത പരിസരങ്ങളോടും കൂടുതല്‍ ഒട്ടിനില്‍ക്കുന്നതിനാല്‍ അതിന്റെ വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കഴിഞ്ഞു.  
    സ്വദേശിവത്കരണത്തോടുള്ള തദ്ദേശീയ ഭരണ കൂടങ്ങകളുടെ ആഭിമുഖ്യം, വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അഭാവം, സാമ്പത്തിക പ്രതിസന്ധി, ജനപ്രഖ്യാപിത തൊഴില്‍ നഷ്ടം, എമിഗ്രേഷന്‍ നിയമങ്ങളുടെ കാര്‍ക്കശ്യം, രാഷ്ട്രീയ കാലുഷ്യങ്ങള്‍ സൃഷ്ടിക്കുന്ന അസ്ഥിരത ഇവയൊക്കെ ചേര്‍ന്ന് ഗള്‍ഫ് പരദേശികളെ സ്വന്തം നാടുകളിലേക്ക് പിന്‍വാങ്ങാന്‍ ഇന്ന് പ്രേരിപ്പിക്കുന്നു. കുടിയേറ്റത്തിന്റെ ആരംഭകാലത്തും തുടര്‍വര്‍ഷങ്ങളിലും മഹാനഗരങ്ങളില്‍ കിടപ്പാടം സ്വന്തമാക്കിയ ചെറിയൊരു ന്യൂനപക്ഷം രക്ഷപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് കേന്ദ്രീകൃത വളര്‍ച്ചയുടെ ഗുണഫലം ഇവരെ കോടീശ്വരന്‍മാരാക്കി. നഗരത്തിന്റെ വിദൂര പ്രദേശങ്ങളെ പോലും അടുത്താക്കുമാറ് മെട്രോ സംവിധാനം വ്യാപിച്ചതോടെ ദല്‍ഹിയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഫ്‌ളാറ്റ് ഭൂമി വിലകളില്‍ ഉണ്ടായ വര്‍ധന വളരെ വലുതാണ്. ഗള്‍ഫ് നാടുകളില്‍ വര്‍ഷങ്ങള്‍ ചെലവിട്ട് ഒരാള്‍ നേടുന്നതിനെക്കാള്‍ കൂടുതല്‍ തുക ഇങ്ങനെ സമ്പാദിച്ചവരുമുണ്ട് മലയാളി കൂട്ടത്തില്‍.
    ഇത്തരം മേഖലകളില്‍ പ്രവാസം സ്വാധീനം ചെലുത്തിയപ്പോള്‍, അടിവരയിട്ട് സൂചിപ്പിക്കേണ്ട ഒന്നാണ് ഇന്നത്തെ  മലയാളിയുടെ ഇഷ്ടവിഭവമായ ‘Fastfood’ന്റെ കേരളത്തിലേക്കുള്ള ആഗമനം. ഇന്നു കേരളീയ സമൂഹത്തില്‍ സുലഭമായി ലഭിക്കുന്ന 'അല്‍ഫാം, ബ്രോസ്റ്റ്, ഷവായ്, ഷവര്‍മ, കുബ്ബൂസ്, കഫ്‌സ' തുടങ്ങിയ പുതുപുത്തന്‍ ഭക്ഷണങ്ങള്‍ വിപണി കീഴടക്കിയിരിക്കുന്നു. ഈ ഭക്ഷണവിഭവങ്ങളുടെ വരവോടെ, കൊളസ്‌ട്രോള്‍, ഷുഗര്‍, ക്യാന്‍സര്‍, പ്രഷര്‍, ആമാശയ സംബന്ധമായ മറ്റു രോഗങ്ങള്‍ തുടങ്ങിയ ഏറ്റുവാങ്ങേണ്ടി വന്നത് പ്രവാസത്തിന്റെ മറ്റൊരു സ്വാധീനമാണ്.
    നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിലെ പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ വിയര്‍പ്പാണ് ഇന്ന് നാം അനുഭവിച്ചും കണ്ടും കൊണ്ടിരിക്കുന്ന പല വികസനങ്ങളും. അനുകരണശീലവും കൈയ്യിട്ടുവാരലും നന്നായറിയാവുന്ന കേരളീയര്‍ക്ക്, പ്രവാസ സംസ്‌കാരത്തെ അതേപടി അനുകരിക്കുവാനും പലതും 'കാല്‍നനയാതെ മീന്‍ പിടിക്കുക' എന്ന നിലപാടിലൂടെ നേടിയെടുക്കുവാനും ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. കേരളത്തിന്റെ സംസ്‌കാരത്തില്‍ വന്ന പല മാറ്റങ്ങളിലും പ്രവാസ ജീവിതത്തിന്റെ കൈകടത്തലുണ്ടെന്ന് നിസ്സംശയം പറയാവുന്നതാണ്.


AUTHOR: സുമയ്യ മുഹമ്മദ് ടി
  (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)