ഹാജി വി.പി മുഹമ്മദലി: എല്ലാം തികഞ്ഞ വ്യക്തിത്വം

വി.കെ. അലി

കേരളത്തിന്റെ മുസ്‌ലിം നവോത്ഥാന മണ്ഡലത്തില്‍ ഒരു കൊള്ളിമീന്‍ കണക്കെ മിന്നിമറഞ്ഞ തേജോരൂപമായിരുന്നു ഹാജി വി.പി മുഹമ്മദലി സാഹിബ്.
''ഹാജി സാഹിബിന്റെ വ്യക്തിത്വത്തിന് അസാധാരണമായ മായിക ശക്തി ഉണ്ടായിരുന്നു. ശുഭവസ്ത്രം, യശോധാവള്യം മുറ്റിനില്‍ക്കുന്ന മുഖകമലം, കറുത്ത മനോഹരമായ വട്ടത്താടി, തലയില്‍ ജിന്നത്തൊപ്പി, കറുത്ത മഫ്ളര്‍, ഗൗരവം സ്ഫുരിക്കുന്ന നോട്ടം, ഹൃദ്യമായ പെരുമാറ്റം, വശ്യമായ സംസാരം എല്ലാം കൊണ്ടും മികവാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഹാജി സാഹിബ്. അനേകായിരങ്ങള്‍ ഒരുമിച്ചു കൂടുന്നിടത്തും ആരും അറിയിക്കാതെതന്നെ ഇദ്ദേഹമാണ് ആ നേതാവെന്ന് എല്ലാവര്‍ക്കും ബോധ്യമാകും. നേതൃത്വത്തിന്റെ എല്ലാ സവിശേഷതകളും ആ യോഗീവര്യനില്‍ സമ്മേളിച്ചിരുന്നു.'' (ഹാജിസാഹിബ്-ശൈഖ് മുഹമ്മദ് കാരക്കുന്ന്. പേ. 62)

ജനനവും വിദ്യാഭ്യാസവും
1912 ലാണ് ഹാജി സാഹിബിന്റെ ജനനം. എടയൂരിലെ വലിയപറമ്പില്‍ പോക്കാമുട്ടി ഹാജിയാണ് പിതാവ്. ചങ്ങമ്പള്ളി കുഞ്ഞാലന്‍ കുട്ടി ഗുരുക്കളുടെ മകള്‍ ഫാത്തിമയാണ് മാതാവ്. മാതാമഹന്റെ പേരായ കുഞ്ഞാലന്‍ കുട്ടി എന്നതാണ് ഹാജി സാഹിബിന്ന് മാതാപിതാക്കളിട്ടത്. പില്‍ക്കാലത്ത് അദ്ദേഹം സ്വയം തെരഞ്ഞെടുത്ത പേരാണ് മുഹമ്മദലി എന്നത്. മതഭക്തരായ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ് ചെറുപ്പം മുതലേ അദ്ദേഹം വളര്‍ന്നത്. ദീനീനിഷ്ഠയും മതവിദ്യാഭ്യാസത്തില്‍ താല്‍പര്യവും ജനിച്ചത് ഈ ചുറ്റുപാടിന്റെ സ്വാധീനത്തിലാണ്.
നാലാം ക്ലാസ് വരെ മാത്രമേ ഹാജിസാഹിബ് വിദ്യാഭ്യാസം നേടിയിട്ടുള്ളൂ. എന്നാല്‍ ഉന്നത വിദ്യഭ്യാസം ഉന്നതമായ രീതിയില്‍ തന്നെ സ്വായത്തമാക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. സഹജമായ ബുദ്ധി സാമര്‍ഥ്യവും വിജ്ഞാന തൃഷ്ണയും ഈ രംഗത്ത് ഉയരങ്ങളിലെത്താന്‍ അദ്ദേഹത്തിന് സഹായകമായി. ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ ഒറ്റക്ക് ചിന്തിച്ച് കൊണ്ടിരിക്കുക എന്നത് അവന്റെ പതിവായിരുന്നു. എന്തുകേട്ടാലും അതപ്പടി കാണാതെ പറയാനുള്ള കഴിവ് മുഴച്ചുനിന്നു. മിക്കപ്പോഴും ഒറ്റതിരിഞ്ഞാണ് നടക്കുക. ആരും നിര്‍ദ്ദേശിക്കാതെത്തന്നെ ഖുര്‍ആനില്‍ നിന്ന് കുറേ ഭാഗം ഹൃദിസ്ഥമാക്കിയിരുന്നു. വുളുവിലും നമസ്‌കാരത്തിലും വലിയ ശ്രദ്ധയായിരുന്നു. സമയമായാല്‍ പിതാവിനേക്കാള്‍ മുമ്പ് വുളു എടുത്ത് നമസ്‌കാരത്തിനൊരുങ്ങും. ഹാജി സാഹിബിന്റെ ജ്യേഷ്ഠസഹോദരന്‍ കുഞ്ഞിപ്പോക്കര്‍ ഹാജിയുടെ വാക്കുകളാണിവ. (ഹാജി സാഹിബ് അബുല്‍ ജലാല്‍ മൗലവി. പേ: 12)
ചൂനൂര്‍ക്കാരന്‍ മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലാണ് ആദ്യമായി ഹാജിസാഹിബ് നാടുവിട്ട് പഠിക്കുന്നത്. തുടര്‍ന്ന് എടക്കുളം പള്ളി ദര്‍സിലേക്ക് മാറി, അവിടെനിന്നാണ് അക്കാലത്ത് പ്രശസ്തമായി നടന്നുവന്നിരുന്ന മണ്ണാര്‍ക്കാട് പള്ളി ദര്‍സിലേക്ക് ചേക്കേറിയത്. സ്വന്തം തീരുമാന പ്രകാരം തന്നെയാണ് മണ്ണാക്കാട് ദര്‍സ് തെരഞ്ഞെടുത്തത്. നാലുവര്‍ഷം അവിടെയായിരുന്നു. പിന്നീട് മഞ്ചേരി ദര്‍സില്‍ പഠനം തുടര്‍ന്നു. അരിക്കോട്ടുകാരന്‍ മരക്കാരുട്ടി മുസ്‌ലിയാരായിരുന്നു അന്ന് മഞ്ചേരിയിലെ ഉസ്താദ്. ഇക്കാലത്താണ് പുരോഗമന ആശയക്കാരനും മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ ധാരാളമായി എഴുതിയിരുന്നവനുമായ കെ.കെ. അലി സാഹിബുമായി സൗഹൃദം തുടങ്ങുന്നതും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിമര്‍ശിച്ചുകൊണ്ടുള്ള ഉല്‍പതിഷ്ണു ചിന്തകളുമായി പരിചയപ്പെടുന്നതും. പള്ളി ദര്‍സുകളിലെ പാരമ്പര്യ കിതാബുകള്‍ക്ക് പുറമെ പ്രസിദ്ധങ്ങളായ ഇതര ഗ്രന്ഥങ്ങള്‍ വായിച്ചുപഠിക്കുന്ന ശീലവും ഹാജിസാഹിബിനുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീന്‍ ഹാജിസാഹിബിന്റെ വ്യക്തിത്വ രൂപീകരണത്തില്‍ അസാമാന്യമായ സ്വാധീനം ചെലുത്തിയ കൃതിയാണ്.
ഈ സ്വാധീനമാണ് ഹജ്ജ് ചെയ്യുന്നതിന് അദ്ദേഹത്തെ പ്രലോഭിപ്പിച്ചത്. മക്കയിലും മദീനയിലുമായി രണ്ട് വര്‍ഷം ചെലവഴിക്കാനും ഹറമുകളിലെ ക്ലാസുകളില്‍ പങ്കെടുക്കാനും ഹജ്ജ് യാത്ര ഹാജി സാഹിബിന് സഹായകമായി. ഈ സമയത്താണ് ഇബ്‌നു തൈമിയ, ഇബ്‌നുല്‍ ഖയ്യിം, മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ് എന്നീ നവോത്ഥാന നായകരെ വായിക്കുന്നതും അവരുടെ ചിന്തകളെ അടുത്ത് നിന്ന് പരിചയപ്പെടുന്നതും. വിഖ്യാതമായ ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പഠനം അന്ധവിശ്വാങ്ങളോടും അനാചാരങ്ങളോടും വിടപറയാന്‍ ആ വിപ്ലവകാരിയെ നിര്‍ബന്ധിതനാക്കി. ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ ജനനമാണ് തുടര്‍ന്നങ്ങോട്ട് നാം കാണുന്നത്. നാട്ടില്‍ തിരിച്ചെത്തിയ ഹാജി സാഹിബിന്റെ വിജ്ഞാന ദാഹം ഇനിയും ശമിച്ചിട്ടുണ്ടായിരുന്നില്ല. തുടര്‍പഠനത്തിനായി അദ്ദേഹം വെല്ലൂരിലെ അല്‍ ബാഖിയാത്തു സ്വാലിഹാത്തിലേക്ക് പോയി. പക്ഷെ, പരമ്പരാഗത രീതിയിലായിരുന്ന അവിടുത്തെ പഠനാന്തരീക്ഷം അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. ഉമറാബാദിലെ ദാറുസ്സലാം അറബിക് കോളേജാണ് പിന്നീടദ്ദേഹം തെരഞ്ഞെടുത്തത്. ഉയര്‍ന്ന നിലവാരത്തിലുള്ള പണ്ഡിതരുടെ സാന്നിദ്ധ്യവും വൈജ്ഞാനിക ചര്‍ച്ചകളും സ്വതന്ത്രമായ അന്തരീക്ഷവും ഉമറാബാദില്‍ നിലനിന്നിരുന്നു. ഒട്ടേറെ പ്രഗല്‍ഭ വ്യക്തിത്വങ്ങളുമായി ബന്ധപ്പെടാനും അദ്ദേഹത്തിന് കഴിഞ്ഞു. പഠനം പൂര്‍ത്തിയാക്കി ഉമറാബാദ് വിട്ടപ്പോഴേക്കും അദ്ദേഹം നിലവിലുള്ള എല്ലാ അവസ്ഥകളിലും പൂര്‍ണ്ണമായും അസംതൃപ്തനായിരുന്നു. മലീമസമായ ഈ ചുറ്റുപാടില്‍ ശക്തമായ ഇസ്‌ലാമിക ജീവിതം നയിക്കാനുള്ള പ്രയാസത്തെക്കുറിച്ച് ചിന്തിച്ച് അദ്ദേഹം സദാ അസ്വസ്ഥനായിരുന്നു.
മൂന്ന് ചിന്താധാരകള്‍:
ഹാജി സാഹിബിന്റെ ജീവിതത്തെ വിലയിരുത്തുന്നവര്‍ മൂന്ന് ചിന്താധാരകള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വ നിര്‍മിതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ചതായി നിരീക്ഷിക്കുന്നു. ജീവിതാന്ത്യം വരെ പ്രസ്തുത സ്വാധീനം ആജീവിതത്തില്‍ നിഴലിച്ചിരുന്നു. ഇതില്‍ ഏറ്റവും ആദ്യത്തേതും പ്രഥമ പരിഗണനീയവും ഇമാം ഗസ്സാലിയുടെ സൂഫീ ചിന്തകളാണ്. ഇഹ്‌യാ ഉലൂമിദ്ദീന്‍ വിദ്യാര്‍ഥി ജീവിതത്തിന്റെ ആദ്യഘട്ടം മുതല്‍ക്കേ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നുവെന്ന് നാം കണ്ടു. ഇതിനെക്കുറിച്ച് അബുല്‍ ജലാല്‍ മൗലവി എഴുതുന്നു:
എടയൂരിലെ ജമാഅത്ത് ഓഫിസിലെ ലൈബ്രറിയില്‍ നിന്ന് 'ഇഹ്‌യാ' എന്തോ കുറിച്ചെടുക്കാന്‍ വേണ്ടി ഞാന്‍ എടുത്തു. രണ്ടു വാള്യങ്ങള്‍ ഒന്നായി ബൈന്റ് ചെയ്തിരുന്നതിനാല്‍ വലിയ കനം തോന്നി. ഇതൊന്ന് വേര്‍പെടുത്തി ബൈന്റ് ചെയ്യണം, കനം വളരെ കൂടുതലാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പുഞ്ചിരി തൂകിക്കൊണ്ട് ഹാജിസാഹിബ് പ്രതികരിച്ചു. നിങ്ങള്‍ക്കതൊന്ന് എടുത്ത്‌പൊക്കാന്‍ പ്രയാസം. ഞാനതും പേറി ബോംബെ വരെ നടന്നിട്ടുണ്ട്. തുടര്‍ന്ന് ഇമാം ഗസ്സാലിയെയും ഇഹ്‌യാ ഉലൂമുദ്ദീനെയും വളരെ വാഴ്ത്തുകയും അതില്‍ നിന്ന് ഹൃദിസ്ഥമായ ചില ഭാഗങ്ങള്‍ എനിക്ക് കാണിച്ചുതരികയും ചെയ്തു. (ഹാജിസാഹിബ്. പേ: 16) ഹജ്ജിന് പോയ ഹാജിസാഹിബിനെ തെരഞ്ഞ് ജ്യേഷ്ടസഹോദരന്‍ ബോംബെയിലെത്തിയപ്പോള്‍ അവിടത്തെ ഒരു പള്ളി ഇമാമിന്റെ പക്കല്‍ ഈ ഗ്രന്ഥം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച് അദ്ദേഹം ബോംബെ വിട്ടിരുന്നു.
ജീവിതത്തില്‍ അതിസൂക്ഷമമായ ദൈവഭക്തിയും തീവ്രമായ ആത്മീയതയും ഈ ഗ്രന്ഥത്തിന്റെ സ്വാധീനമായിരുന്നു. ഹാജി സാഹിബ് പുലര്‍ത്തിയ മതപരമായ സൂക്ഷമതയുടെ സാമ്പിളുകളിതാ:
1 ഷൊര്‍ണൂരിലേക്ക് തീവണ്ടി കയറിയ അദ്ദേഹം യാത്രയില്‍ ഉറങ്ങിപ്പോവുകയും ഒലവങ്ങോട്ടെത്തുകയും ചെയ്തു. ടിക്കറ്റില്ലാതെ ഷൊര്‍ണ്ണൂരില്‍ നിന്ന് ഒലവക്കോട്ടേക്ക് യാത്ര ചെയ്തതില്‍ അദ്ദേഹത്തിന് കുറ്റബോധം തോന്നി. സ്‌റ്റേഷന്‍ മാസ്റ്ററെ സമീപിച്ച് സംഭവം ധരിപ്പിക്കുകയും പിഴ ഈടാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. താങ്കള്‍ ടിക്കറ്റെടുത്ത് ഷൊര്‍ണ്ണൂരിലേക്ക് തിരിച്ചുപൊയ്‌ക്കോളൂ എന്ന് എത്ര ആവശ്യപ്പെട്ടിട്ടും ഹാജിസാഹിബ് വഴങ്ങിയില്ല. അവസാനം പിഴ വാങ്ങിവച്ച സ്റ്റേഷന്‍ മാസ്റ്റര്‍ ഇപ്രകാരം പ്രതികരിച്ചു: താങ്കളെപ്പോലുള്ള വിശുദ്ധജ്ഞരുണ്ടെങ്കില്‍ ഈ നാട് എത്ര നന്നായിരിക്കും.
2. കൈവശമുള്ള രണ്ടു രൂപയുമായാണ് ഹജ്ജിന് പുറപ്പെട്ടത്. ഇതൊരു സാഹസികതയാണ്. രാപ്പകല്‍ നടന്നും ഇടക്കിടെ പലതരത്തിലുള്ള കൂലിവേല ചെയ്തുമാണ് അദ്ദേഹം ഹജ്ജ് യാത്ര തുടര്‍ന്നത്. ബോംബെയില്‍ നിന്ന് പായ്കപ്പലിലാണ് സുഊദിയിലേക്ക് പുറപ്പെട്ടത്. ഈ യാത്രയെക്കുറിച്ച് ഹാജി സാഹിബ് അനുസ്മരിക്കുന്നു. ഞാന്‍ പായക്കപ്പല്‍ കയറി ശഅ്ര്‍ മുഖല്ലയിലെത്തി. പിന്നീട് ചുട്ടുപഴുത്ത മണല്‍ കാട്ടിലൂടെയായിരുന്നു യാത്ര. കുറേ കഴിഞ്ഞപ്പോള്‍ ക്ഷീണിച്ച് അവശനായി തളര്‍ന്ന് വീണു. ആശ്വാസം തോന്നുമ്പോള്‍ വീണ്ടും എഴുന്നേറ്റ് നടക്കും. അങ്ങനെ നീണ്ട മൂന്ന് മാസക്കാലം മരുഭൂമിയുമായി മല്ലിട്ടു. വിശപ്പും ദാഹവും കഠിനമായി. മരണത്തെ മുന്നില്‍കണ്ടു. മണലില്‍ മലര്‍ന്നുകിടന്നു ശഹാദത്ത് കലിമ ചൊല്ലി. കുറേ കഴിയുമ്പോള്‍ വീണ്ടും ബോധം തെളിയും. വീണ്ടും എഴുന്നേറ്റുനടന്നു. ശരീരം പോലും ഭാരമുള്ളതായി അനുഭവപ്പെട്ടു. കുടയും പാദരക്ഷയും ഭാരമുള്ളതായി തോന്നിയതിനാല്‍ മരുഭൂമിയില്‍ അവ അനിവാര്യമായിട്ടും വലിച്ചെറിഞ്ഞു. അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ സഹായത്തെക്കുറിച്ച് പ്രതീക്ഷയുമല്ലാതെ മറ്റൊന്നും കൈവശമുണ്ടായിരുന്നില്ല. കഠിനമായ ചൂടുകാരണം മൂത്രം തീരെ ഇല്ലാതായി. എങ്കിലും ഹറമിന്റെ ചാരത്തെത്തിയപ്പോള്‍ എന്റെ സന്തോഷത്തിനതിരില്ലായിരുന്നു. (ഇസ്‌ലാമിക പ്രസ്ഥാനം മുന്നില്‍ നടന്നവര്‍. ശൈഖ് മുഹമ്മദ് കാരക്കുന്ന്. പേ. 15)
3. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയില്‍ അസ്വസ്ഥനായി മുഹമ്മദലി സാഹിബ് ഏകാന്ത വാസം നയിക്കുന്നതിനെക്കുറിച്ച് പോലും ആലോചിക്കുകയുണ്ടായി. ലൗകികാസക്തിയും ഭൗതികാസക്തിയും അദ്ദേഹത്തിന് ഒരിക്കലും പഥ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ പലസ്ഥലങ്ങളിലും തന്റെ ഐഡന്റിറ്റി മറച്ചുകൊണ്ടുള്ള പൂര്‍വകാല സൂഫികളുടെ രീതികളാണ് അദ്ദേഹം അവലംഭിച്ചത്. മദ്രാസിലെ ഒരു കമ്പനിയില്‍ കഠിനാദ്ധ്വാനം ചെയ്തിരുന്നതിനാല്‍ പനിബാധിച്ച് ഇരുപത്തൊന്ന് ദിവസം അദ്ദേഹം രോഗബാധിതനായി. രോഗം ഭേദമാകാതെ യാത്ര തുടര്‍ന്ന് ദല്‍ഹിയിലെത്തി. അങ്ങിനെ ഒരു വര്‍ക്ക്‌ഷോപ്പിലായിരുന്നു ജോലി. ഏത് ജോലി ചെയ്യുമ്പോഴും കൃത്യമായി പള്ളിയില്‍ ജമാഅത്തിനെത്തുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. ദല്‍ഹിയിലെ പള്ളി ഇമാമുമായി പരിചയപ്പെടുന്നതും ഹാജി സാഹിബിന്റെ പാണ്ഡിത്യത്തെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കുന്നതും ഈ ഘട്ടത്തിലാണ്.  തുടര്‍ന്ന് ഒരു മലയാളി വ്യാപാരിയുടെ വീട്ടില്‍ വിവാഹ ഖുതുബ നടത്താന്‍ ഹാജി സാഹിബിനെ ഇമാം ഏര്‍പ്പാട് ചെയ്യുകയും ഹാജി സാഹിബിന്റെ വ്യക്തിത്വങ്ങളില്‍ ആകൃഷ്ടനായ വ്യാപാരിയുടെ സ്ഥാപനത്തിന്റെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. ഹജ്ജിന് ശേഷം മക്കയില്‍ റൊട്ടിയുണ്ടാക്കി വിറ്റും മദീനയില്‍ കുറച്ചുകാലം ചായക്കച്ചവടം ചെയ്തും അദ്ദേഹം ഉപജീവനം നടത്തി.
സുഊദി അറേബ്യയില്‍ എത്തിയ ശേഷമാണ് ഹാജി സാഹിബ് സലഫി ചിന്തകളുമായി അടുത്തറിയുന്നത്. ഹജ്ജ് കാലത്ത് ഒഴിവുസമയങ്ങളിലെല്ലാം ഹറമില്‍ പോയി ഗ്രന്ഥങ്ങള്‍ വായിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. മദീനയിലും വിജ്ഞാനത്തോടുള്ള തൃഷ്ണ നിലനിര്‍ത്താന്‍ അദ്ദേഹം ഉത്സുകനായിരുന്നു. പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്മാരായ ഇബ്‌നുതൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം, മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബ് എന്നിവരുടെ കൃതികള്‍ അദ്ദേഹത്തെ ഹഠാദാകര്‍ഷിക്കുന്നത് ഇക്കാലത്താണ്. അന്ധവിശ്വാസങ്ങൡും അനാചാരങ്ങളിലും മുങ്ങിക്കിടക്കുന്ന കേരളീയാന്തരീക്ഷത്തെ സംസ്‌കരിക്കുന്നതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യമായി. ഒരു പരിഷ്‌കര്‍ത്താവിന്റെയും നവോത്ഥാന നായകന്റെയും വിപ്ലവവീര്യവുമായാണ് രണ്ടുവര്‍ഷത്തിന് ശേഷം അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്.
പണ്ഡിതനും വാഗ്മിയുമായിരുന്ന ഹാജിസാഹിബ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി ആഞ്ഞടിച്ചുകൊണ്ടാണ് തന്റെ പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഖുര്‍ആനും ഹദീസും മുന്‍കാല പണ്ഡിതരുടെ അഭിപ്രായങ്ങളും ഉദ്ധരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ അതീവ ആകര്‍ഷകമായിരുന്നു. ഒരിക്കല്‍ കാട്ടിപ്പരുത്തിയില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ശ്രദ്ധിച്ച ഒരു മാന്യന്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: എത്ര നല്ല കുട്ടിയായിരുന്നു. പക്ഷെ എന്ത് ചെയ്യും? വഹാബിയത്ത് തലയില്‍ കയറിയാല്‍ ഇങ്ങനെയാണ്. (മുന്നില്‍ നടന്നവര്‍-പേജ്. 17)
ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിന് മുമ്പ് കേരളത്തിലെ ചില പ്രമുഖ പണ്ഡിതര്‍ വഹാബി പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരം അതിന്റെ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുമായിരുന്നു. ഹാജി സാഹിബിന് പുറമെ, ഇസ്സുദ്ദീന്‍ മൗലവി, കെ.സി. അബ്ദുല്ലമൗലവി എന്നിവരെ ഇവിടെ സവിശേഷം അനുസ്മരിക്കാം. പില്‍ക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിക്ക് കേരളക്കരയില്‍ നേതൃത്വം നല്‍കിയ ഈ മഹാന്‍മാര്‍ സമുദായത്തില്‍ നിന്ന് അന്ധവിശ്വാസങ്ങളെയും ശിര്‍ക്ക് പരമായ ആചാരങ്ങളെയും നിര്‍മാര്‍ജനം ചെയ്യാന്‍ ഭഗീരഥ യത്‌നം ചെയ്തവരാണ്. മുജാഹിദ്, നേതൃത്വത്തിലുള്ള പള്ളികളില്‍ പലേടത്തും ഇവര്‍ ഖുതുബകള്‍ നിര്‍വഹിച്ചിരുന്നു. കോഴിക്കോട് പട്ടാളപള്ളിയില്‍ ഹാജി സാഹിബ് ഖതീബായിട്ടുണ്ട്. ഹാജി സാഹിബിന്റെ പരിപാടികളില്‍ മുജാഹിദ് പണ്ഡിതരും ആദ്യകാലത്ത് സന്തോഷപൂര്‍വം സഹകരിച്ചിരുന്നു. വളാഞ്ചേരിയില്‍ ഹാജിസാഹിബ് സംഘടിപ്പിച്ച ഒരു യോഗത്തില്‍ എം.സി.സി അബ്ദുറഹ്മാന്‍ മൗലവി, മുബല്ലിഗ് മൊയ്തീന്‍ കുട്ടിമൗലവി, വിടി. അബ്ദുല്ലഹാജി, കെ.ഉമ്മര്‍ മൗലവി തുടങ്ങിയ ഉല്‍പതിഷ്ണു പണ്ഡിതന്മാര്‍ സംബന്ധിച്ചിരുന്നു.

മൗദൂദിയുടെ സ്വാധീനം
ഉമറാബാദില്‍ പഠിക്കുന്ന കാലത്ത് മൗലാനാ മൗദൂദിയുടെ പേര്‍ ഹാജി സാഹിബ് കേള്‍ക്കാനിടയായെങ്കിലും മൗലാനാ അബുല്‍ കലാം ആസാദിന്റെ സ്വാധീനവലയത്തിലായിരുന്നു അദ്ദേഹം. ഉമറാബാദ് വിട്ടശേഷം പഴയങ്ങാടിയില്‍ മദ്രസാധ്യാപകനായി സേവനം ചെയ്യുമ്പോഴാണ് മൗദൂദി ചിന്തകളുമായി കൂടുതല്‍ പരിചയപ്പെടാന്‍ അദ്ദേഹത്തിന് അവസരമുണ്ടായത്. തര്‍ജുമാനുല്‍ ഖുര്‍ആന്‍ ആദ്യന്തം വായിക്കാന്‍ അന്ന് അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇസ്‌ലാമിനെ ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥയായി അവതരിപ്പിച്ചുകൊണ്ടും ദീനിനെ തുണ്ടം തുണ്ടമായി പ്രതിനിധീകരിച്ചിരുന്ന സംഘടനകളുടെ അപകടങ്ങളെ അനാവരണം ചെയ്തുകൊണ്ടും മൗദൂദി സാഹിബ് എഴുതിയ ഏക് സ്വാലിഹ് ജമാഅത് കി സറൂറത്ത് (ഒരു ഉത്തമ സംഘടനയുടെ ആവശ്യകത) എന്ന ലേഖന പരമ്പര ഹാജി സാഹിബില്‍ അടിസ്ഥാനപരമായ കുറേ മാറ്റങ്ങളുണ്ടാക്കി. ഇസ്‌ലാമിക പ്രസ്ഥാനത്തിനായി രൂപവല്‍ക്കരിക്കാന്‍ പോകുന്ന പ്രസ്തുത സംഘടനയില്‍ അംഗമായി ചേരുവാന്‍ ആഗ്രഹിക്കുന്നവരെ മൗദൂദി സ്വാഗതം ചെയ്തു. എഴുത്തു മുഖേന ഹാജി സാഹിബ് ഈ ആഹ്വാനം സ്വീകരിക്കുകയും 1941 ല്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വം നേടുകയും ചെയ്തു.
മൗലാനാ മൗദൂദിയുടെ അടുത്തെത്താനും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാനും ഹാജിസാഹിബിന്റെ ഹൃദയം വെമ്പല്‍കൊണ്ടു. അങ്ങനെയാണ് പഞ്ചാബിലെ പഠാന്‍കോട്ടിലേക്ക് അദ്ദേഹം യാത്രയാകുന്നത്. ധരിച്ച വസ്ത്രവും കയ്യിലൊരു സഞ്ചിയുമായുള്ള യാത്ര ഏറെ ക്ലേശകരമായിരുന്നു. യാത്രയില്‍ ജോലി ചെയ്ത് മിച്ചമുണ്ടാക്കി വണ്ടികയറിയും ഇടക്കിടെ പദയാത്ര നടത്തിയും അദ്ദേഹം ദല്‍ഹിയിലെത്തി. അപ്പോഴാണ് ജാമിഅ മില്ലിയ്യയില്‍ മൗദൂദി സാഹിബ് ഒരു പ്രഭാഷണത്തിനായി വരുന്നുണ്ടെന്ന് അദ്ദേഹം കേട്ടത്. പ്രഭാഷണാനന്തരം ഹാജിസാഹിബ് മൗദൂദിയെ ഹസ്തദാനം ചെയ്ത് സലാം ചൊല്ലി പരിചയപ്പെടുത്തുകയും താന്‍ മലബാറില്‍ നിന്നാണെന്ന് പറഞ്ഞു. താങ്കള്‍ മുഹമ്മദലി സാഹിബാണോ എന്ന് മൗദൂദി തിരക്കി. 'അതെ' എന്ന് പറയുമ്പോഴേക്കും മൗദൂദി അദ്ദേഹത്തെ കെട്ടിപ്പിടിച്ചാശ്ലേഷിച്ചു. കത്തുകളിലൂടെ ആ രണ്ടു ഹൃദയങ്ങളും അത്രയേറെ അടുത്തുകഴിഞ്ഞിരുന്നു.  മൗദൂദി സാഹിബ് ഹാജി സാഹിബിനെ പഠാന്‍കോട്ടേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹത്തോടൊപ്പം പോകാന്‍ ആ സമയത്ത് സാധിച്ചില്ല. എങ്കിലും താമസിയാതെ ഹാജി സാഹബ് ദാറുല്‍ ഇസ്‌ലാമിലെത്തി.
അവിടെയെത്തിയ ശേഷം തന്റെ കൂട്ടുകാരനായ മഞ്ചേരിയിലെ കെ.കെ. അലി സാഹിബിന് ഹാജി സാഹിബ് എഴുതിയ കത്തില്‍ മൗദൂദിയുടെ ദാറുല്‍ ഇസ്‌ലാമിന്റെ സംക്ഷിപ്തരൂപം കാണാം. 'ഇതൊരു കൊച്ചു ഇസ്‌ലാമിക രാഷ്ട്രമാണ്. ഇവിടെ പള്ളിയുണ്ട്. പഠനമുറിയും ഓഫീസും പ്രസിദ്ധീകരണാലയവും ഗ്രന്ഥശാലയും ആസ്പത്രിയുമൊക്കെയുണ്ട്. സകലതും നിയന്ത്രിക്കുന്നത് ജമാഅത്ത് പ്രവര്‍ത്തകരാണ്. വിശാലമായൊരു പ്രദേശമാണിത്. വിവിധ ഭാഷക്കാരും വ്യത്യസ്ത വേഷക്കാരും ഇവിടെ ഒത്തുകൂടുന്നു. ചിലരെല്ലാം കുടുംബസമേതമാണ് താമസം. ഈ രാഷ്ട്രത്തിലെ ഖലീഫ മൗലാനാ മൗദൂദി സാഹിബാണ്. (മുന്നില്‍ നടന്നവര്‍. പേ. 21) ഗുരുമുഖത്ത് നിന്നുതന്നെ പ്രസ്ഥാനം പഠിക്കുകയും പ്രവര്‍ത്തനപരിചയം നേടുകയും ചെയ്ത ഹാജിസാഹിബ് ജീവിതം മുഴുവന്‍ അതിനായി ഉഴിഞ്ഞുവെച്ചുകൊണ്ടാണ് രണ്ടുവര്‍ഷത്തിനുശേഷം 1943 ല്‍ നാട്ടിലേക്ക് മടങ്ങിയത്. അന്ത്യശ്വാസം വരെ പിന്നീടദ്ദേഹത്തിന് വിശ്രമമുണ്ടായിരുന്നില്ല.
കേരളത്തില്‍ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാന്‍ ആദ്യമായി ചെയ്തത് തന്റെ പഴയ സുഹൃത്തുക്കളെയും പ്രയോജനകരമെന്ന് കരുതുന്ന പണ്ഡിത ശ്രേഷ്ഠരെയും പ്രസ്ഥാനത്തിലേക്ക് ക്ഷണിക്കുകയെന്നതായിരുന്നു. കേരളത്തിലെ ചില വിജ്ഞാന കേന്ദ്രങ്ങളെയും പുരോഗമ ചിന്തയുള്ള പ്രദേശങ്ങളെയും അദ്ദേഹം പ്രത്യേകം ലക്ഷ്യമിട്ടു. നിരന്തരം സന്ദര്‍ശനങ്ങള്‍ നടത്തി. 1946 ല്‍ ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍ എന്നൊരു വേദി വളാഞ്ചേരിയില്‍ രൂപീകരിക്കുകയും അത് 1948 ല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഘടകമായി മാറുകയും ചെയ്തു. കൊച്ചി, ആലുവാ, കുറ്റിയാടി കൊടുങ്ങല്ലൂര്‍, മുവ്വാറ്റുപുഴ, ശാന്തപുരം, ചേന്ദമംഗല്ലൂര്‍, കാസര്‍ഗോഡ്, വാഴക്കാട്, തിരൂരങ്ങാടി, ഇരിമ്പിളിയം, കൊടിഞ്ഞി, വളാഞ്ചേരി, മഞ്ചേരി എന്നീ പ്രദേശങ്ങളില്‍ അദ്ദേഹം ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. കെ.സി അബ്ദുല്ല മൗലവി, വി.കെ.എം. ഇസ്സുദ്ദീന്‍ മൗലവി, ടി. മുഹമ്മദ് സാഹിബ്, കെ. മൊയ്തു മൗലവി, ടി.കെ അബ്ദുല്ല സാഹിബ്, അബുല്‍ ജലാല്‍ മൗലവി, കെ. അബ്ദുസ്സലാം മൗലവി എന്നീ പണ്ഡിതന്മാരും താമസിയാതെ പ്രസ്ഥാനത്തില്‍ അണിചേരുകയുണ്ടായി.
പ്രസ്ഥാനത്തിന്റെ വ്യാപനത്തിലും പ്രചാരണത്തിലും കൃത്യമായ പ്ലാനും പരിപാടിയും ഹാജിസാഹിബിനുണ്ടായിരുന്നു. ഒരു പ്രസിദ്ധീകരണാലയത്തെക്കുറിച്ച് പഠാന്‍കോട്ടിലായിരിക്കെത്തന്നെ അദ്ദേഹം ചിന്തിച്ചിട്ടുണ്ടായിരുന്നു. ഇസ്‌ലാം മതം, രക്ഷാസരണി എന്നീ കൃതികള്‍ അവിടത്തെ താമസക്കാലത്തുതന്നെ അദ്ദേഹം മൊഴിമാറ്റം ചെയ്തിരുന്നു. 1945 ല്‍ ഇവ പ്രസിദ്ധീകരിക്കുകയും ഇരിമ്പിളിയത്തെ ഒരു കൊച്ചു പള്ളിയുടെ ഇടുങ്ങിയ മുറി ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ പ്രഥമ കേന്ദ്രമായി മാറുകയുംചെയ്തു. കേന്ദ്ര ജമാഅത്ത് നല്‍കിയ 700 രൂപയായിരുന്നു ഇതിന്റെ മൂലധനം.
ജമാഅത്തെ ഇസ്‌ലാമി കേരളക്കരയില്‍ വേരോടിക്കൊണ്ടിരിക്കുകയും പലേടത്തും അതിന്റെ പ്രവര്‍ത്തകരും അനുഭാവി വൃന്ദങ്ങളും ഉടലെടുക്കുകയും ചെയ്തപ്പോള്‍ ഒരു മുഖപത്രത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടു. അങ്ങനെയാണ് 1949 ആഗസ്റ്റ് 1 ന് പ്രബോധനം പ്രതിപക്ഷ പത്രം (ദൈ്വവാരിക) ആദ്യമായി പുറത്തിറങ്ങുന്നത്. പ്രബോധനം തുടക്കം മുതല്‍ക്കേ ആകര്‍ഷകവും മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ മികവുപുലര്‍ത്തുന്നതുമായിരുന്നു. തിരൂരിലെ ജമാലിയ പ്രസ്സിലായിരുന്നു പ്രബോധനം ആരംഭത്തില്‍ അച്ചടിച്ചിരുന്നത്. പിന്നീട് സ്വന്തമായ ഒരു പ്രസ് വാങ്ങാന്‍ തീരുമാനിക്കുകയും അതിന്റെ വില ആറായിരം രൂപ വകയിരുത്തി അഹമ്മദ് കുട്ടി ഹാജി വഹിക്കുകയും ചെയ്തു. ലേഖനങ്ങള്‍ തയ്യാറാക്കിയിരുന്നതും പ്രൂഫ് നോക്കിയിയിരുന്നതും അച്ചടിക്ക് മേല്‍നോട്ടം വഹിച്ചിരുന്നതും മേല്‍വിലാസമെഴുതി വിട്ടിരുന്നതുമെല്ലാം പലപ്പോഴും ഹാജി സാഹിബും കെ.സിയുമായിരുന്നു. തോരാത്ത മഴയത്ത് കുടചൂടി പ്രബോധനക്കെട്ടുകള്‍ തലയിലേറ്റി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് അവര്‍ നടന്നുപോകുന്ന കാഴ്ച ജീവചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ശാന്തപുരം ഇസ്‌ലാമിയാ കോളേജ്
ഇസ്‌ലാമിക പ്രബോധനവും പ്രസ്ഥാന പ്രചാരണവും വിജയകരമായി മുന്നോട്ടുപോവണമെങ്കില്‍ യോഗ്യരായ പണ്ഡിതനേതൃത്വം അനിവാര്യമാണെന്ന് ഹാജി സാഹിബിന് ആലോചനയുണ്ടായിരുന്നു. ഇത്തരം പണ്ഡിത ശ്രേഷ്ഠന്മാരെ വാര്‍ത്തെടുക്കുന്നതിനാണ് 1955 ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജ് ആരംഭിച്ചത്. ഈ മഹല്‍സ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ മര്‍ഹൂം അബുല്‍ ജലാല്‍ മൗലവിയെ ക്ഷണിച്ചുകൊണ്ട് ഹാജി സാഹിബ് പറഞ്ഞു: 'ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജീവനും മജ്ജയും ദീനിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇസ്‌ലാമിനെക്കുറിച്ച് ഒരു സമഗ്ര ജീവിതപദ്ധതിയെന്ന നിലയില്‍ അധ്യാപനം നടത്തിവരുന്ന കോളേജുകല്‍ ഉയര്‍ന്നുവരേണ്ടത് നമുക്കനിവാര്യമാണ്. അവയില്‍ നിന്നുള്ള നീരുറവ വറ്റുമ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിന്റെ കൂമ്പോടിഞ്ഞുവീഴും. നാം അല്‍പം ക്ലേശിക്കേണ്ടിവരും. പക്ഷെ, ദീനിനുപകാരപ്പെടുന്ന ഒരു യുവപണ്ഡിത സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ വലിയ ഭാഗ്യമാണ്.
പരമ്പരാഗതമായ വിദ്യാഭ്യാസ രീതി ഉപേക്ഷിച്ചുകൊണ്ട് മതപരവും ഭൗതികവുമായ വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച പഠ്യപദ്ധതിയാണ് ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ സ്വീകരിച്ചിരിക്കുന്നത്. അസാധാരണമായ കഴിവുള്ള യുവപണ്ഡിതരെ വാര്‍ത്തെടുക്കാന്‍ ഈ സ്ഥാപനം അരനൂറ്റാണ്ടിലേറെ കാലമായി ശ്രദ്ധ പതിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തും പ്രഗത്ഭരായ ഒരു നേതൃനിരയെ ഇതിനകം സംഭാവന ചെയ്യാന്‍ അതിന് സാധിച്ചു. 2003 മുതല്‍ അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിയ്യ യൂണിവേഴ്‌സിറ്റി) എന്ന തലത്തിലേക്ക് ഉയരുവാനും അന്താരാഷ്ട്ര പ്രശസ്തി സമ്പാദിക്കുവാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

ഹാജി സാഹിബിന്റെ വ്യക്തിത്വം
നേതൃഗുണങ്ങള്‍ അസാധാരണമായി ഒത്തുകൂടിയ വ്യക്തിത്വമായിരുന്നു ഹാജി സാഹിബിന്റേത്. അസാധാരമായ ധീരതയും ഇച്ഛാശക്തിയും പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഏത് കടന്നല്‍കൂട്ടിലേക്കും കടന്നുചെല്ലാന്‍ അദ്ദേഹത്തിന് ഭയമുണ്ടായിരുന്നില്ല. തന്റെ പ്രഭാഷണ പരമ്പരകള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും കത്തിയുമായി തന്റെ നേരെ പാഞ്ഞടുക്കുമ്പോഴും ചോദ്യ ശരങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കാന്‍ സംഘടിത ശ്രമം നടക്കുമ്പോഴുമെല്ലാം അക്ഷോഭ്യനായി മനസ്സാലെ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിഭജനത്തെത്തുടര്‍ന്ന് ഉത്തരേന്ത്യയില്‍ നിലനിന്ന വര്‍ഗീയ വികാരങ്ങളും സാമുദായിക ധ്രുവീകരണവും കുപ്രസിദ്ധമാണ്. ഈ പ്രതികൂല സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് തൊപ്പിയും താടിയുമുള്ള ഒരാള്‍ ഏകനായി വാരണാസിയിലേക്കെത്തുകയെന്നത് ചിന്തിക്കാന്‍ പോലും സാധ്യമായിരുന്നില്ല. എന്നാല്‍ അവിടെ നടക്കുന്ന ശൂറായോഗത്തില്‍ കൃത്യസമയത്ത് ഹാജി സാഹിബ് എത്തിച്ചേര്‍ന്നത് എല്ലാവര്‍ക്കും അത്ഭുതമായി. തീവണ്ടിയില്‍ ഈ വേഷത്തില്‍ നിങ്ങള്‍ക്കെങ്ങനെ സഞ്ചരിക്കാന്‍ കഴിഞ്ഞു എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത് ഷര്‍ട്ട് ഉയര്‍ത്തി കഠാരി കാണിച്ചുകൊണ്ട് അതിനല്ലേ ഇത് എന്നായിരുന്നു.
കൊടിഞ്ഞിയില്‍ ഒരു തര്‍ബിയത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ അദ്ദേഹം രക്തം ചര്‍ദ്ദിച്ചു. വിവരമറിഞ്ഞ് പ്രസ്ഥാന പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ചെമ്മാട്ടും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുമെല്ലാം എത്തിച്ചെങ്കിലും ആ ജീവന്‍ രക്ഷിക്കാനായില്ല.  1959 ഒക്ടോബര്‍ രണ്ടിന് നാല്‍പ്പത്തിയേഴാം വയസ്സില്‍ ആ കര്‍മയോഗി തന്റെ രക്ഷിതാവിലേക്ക് യാത്രയായി. മയ്യിത്ത് ജന്മനാടായ എടയൂരിലേക്ക് കൊണ്ടുപോവുകയും ജനസഞ്ചയത്തിന്റെ സാന്നിദ്ധ്യത്തില്‍ വൈകുന്നേരം നാലുമണിക്ക് സംസ്‌കരിക്കുകയും ചെയ്തു. അബുല്‍ ജലാല്‍ മൗലവി അനുസ്മരിക്കുന്നു: 'എടയൂരിലെ ഓഫീസ് മുതല്‍ ജമാഅത്ത് പള്ളിവരെ ജനങ്ങള്‍ ചിതറിനില്‍ക്കുന്നു. ആരും അധികമൊന്നും സംസാരിക്കുന്നില്ല. കേരളത്തിലെ നാനാഭാഗത്ത് നിന്നും വന്നു ചേര്‍ന്നവര്‍ പരസ്പരം മുഖത്ത് നോക്കുമ്പോള്‍ അവരുടെ നയനങ്ങളില്‍ നിന്ന് ആശ്രുക്കള്‍ അണപൊട്ടിയൊഴുകുന്നു. ജമാഅത്തുകാര്‍ മാത്രമല്ല ഹാജിസാഹിബിനെ പരിചയമുള്ള മറ്റുള്ളവരും അക്കൂട്ടത്തിലുണ്ട്. എതിരാളികള്‍ക്കു പോലും ആ മഹാവ്യക്തിത്വത്തോട് മതിപ്പും ബഹുമാനവുണ്ടായിരുന്നു. അഭിപ്രായവ്യത്യസങ്ങളുണ്ടായിരുന്നുവെങ്കിലും മനസ്സാക്ഷിയുള്ള എല്ലാ നല്ല മനുഷ്യരും ഹാജി സാഹിബിന്റെ നിര്യാണ വാര്‍ത്ത കേട്ട് നടുങ്ങി.'  (പേജ്: 29)
മൗലാനാ മൗദൂദി സാഹിബ് ഹാജി സാഹിബിനെ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്: 'അദ്ദേഹം അത്യധികം നിഷ്‌കളങ്കനും ധീരനുമായ സുഹൃത്തായിരുന്നു, ജാമിഅ ദാറുസ്സലാമില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം നാടും വീടും വിട്ട് ഏതാനും വര്‍ഷങ്ങള്‍ എന്റെ കൂടെ കിഴക്കന്‍ പഞ്ചാബിലെ പത്താന്‍കോട്ടില്‍ ദാറുല്‍ ഇസ്‌ലാമില്‍ അദ്ദേഹം താമസിക്കുകയുണ്ടായി. പിന്നീട് സ്വദേശത്തേക്ക് തിരിച്ചുപോയി. മലബാറില്‍ ഊര്‍ജസ്വലതയോടെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ നിരതനായി. മലയാളത്തിലേക്ക് ഇസ്‌ലാമിക സാഹിത്യങ്ങള്‍ പരിഭാഷപ്പെടുത്തി. ഒരു പ്രസ്ഥാനിക പത്രം പ്രസിദ്ധീകരിച്ചു. വിഭജനത്തിന് ശേഷം ഭാരതത്തിലെ ഇസ്‌ലാമിക പ്രസ്ഥാനം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ വേര്‍ത്തിരിഞ്ഞ ശേഷവും മുഹമ്മദലി സാഹിബ് അത്യധികം ചുറുചുറുക്കോടും മനക്കരുത്തോടും കൂടി ഇസ്‌ലാമിക പ്രബോധന കൃത്യം നിര്‍വഹിച്ചുകൊണ്ടിരുന്നു. ജമാഅത്തിന്റെ പ്രബോധന രംഗത്തുള്ള ഒരു യാത്രാമധ്യേയാണ് അദ്ദേഹം പരലോകം പുല്‍കിയത്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് നല്‍കുകയും അദ്ദേഹത്തിന്റെ സല്‍കര്‍മങ്ങള്‍ സ്വീകരിച്ച് മഹത്തായ പ്രതിഫലം നല്‍കുകയും ചെയ്യുമാറാകട്ടെ'


Reference

1. ഹാജി സാഹിബ്- ശൈഖ് മുഹമ്മദ് കാരകുന്ന്, ഇസ്‌ലാമിക് യൂത്ത് സെന്റര്‍ - കോഴിക്കോട് 1983
2. ഹാജി സാഹിബ്. അബുല്‍ ജലാല്‍ മൗലവി. എസ്. ഐ.ഒ അല്‍ജാമിഅ ഏരിയ
3. ഇസ്‌ലാമിക പ്രസ്ഥാനം മുന്നില്‍ നടന്നവര്‍ - ശൈഖ് മുഹമ്മദ് കാരക്കുന്ന്. ഐ.പി.എച്ച് കോഴിക്കോട്- 2009

RELATED ARTICLES