കൃഷി ജാതിവ്യവസ്ഥ കേരളമുസ്‌ലിം

രണ്‍ജിത്ത് സി.കെ  (റിസര്‍ച്ച് സ്‌കോളര്‍, അലീഗഡ് യൂണിവേഴ്‌സിറ്റി)

സാമൂഹ്യ സാമ്പത്തിക ജീവിതത്തെ മാറ്റി നിര്‍ത്തി ഒരു ജനവിഭാഗത്തിന്റെ ചരിത്രം പരിശോധിക്കുക അസാധ്യമാണ്. കേരളത്തിന്റെ സാംസ്‌കാരിക വികാസചരിത്രത്തില്‍ പിന്നിട്ട നൂറ്റാണ്ടുകളിലെ സാമൂഹ്യ സാമ്പത്തിക വശങ്ങള്‍ ഏറെ സുപ്രധാനമാണ്. ജന്മിത്തത്തിന്റേയും വര്‍ണ്ണവ്യവസ്ഥയുടേയും ജീവിത പരിസരങ്ങള്‍ പിന്നിട്ടാണ് ഇന്നത്തെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രസ്തുത പരിണാമത്തെ പൂര്‍ത്തീകരിച്ചതില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെയും മുസ്ലീം കര്‍ഷകരുടേയും സ്ഥാനം പരിശോധനാര്‍ഹമാണ്.
കാര്‍ഷികവ്യവസ്ഥയില്‍ അധിഷ്ഠിതമായാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വികാസം പ്രാപിക്കുന്നത്. കൃഷിയുടെ കുത്തക പൂര്‍ണമായും ഹൈന്ദവ സമൂഹത്തിന്റെ കൈകളിലായിരുന്നു. ജന്മിത്തത്തിന്റെ പരമാധികാരം ഉപയോഗിച്ച് നമ്പൂതിരി-നായര്‍ കൂട്ടുകെട്ട് അവര്‍ണ വിഭാഗങ്ങളെ ചൂഷണം ചെയ്ത കറുത്ത കാലഘട്ടമായിരുന്നു അത്. ജാതീയമായ വേര്‍തിരിവായിരുന്നു ജന്മിത്തത്തിന്റെ പ്രധാന ആയുധം. ക്രിസ്താബ്ദം എട്ടാം നൂറ്റാണ്ടിനു ശേഷം കേരളത്തിലെ ഹിന്ദുസമൂഹം ജാതീയമായി വിഭജിതമായിരുന്നു. 'പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുതന്നെ ബ്രാഹ്മണ മേധാവിത്വം കേരളത്തില്‍ ശക്തമായിരുന്നു. നിരവധി കാര്‍ഷിക നിയമങ്ങള്‍ വഴി ഭൂമി പൂര്‍ണ്ണമായും ജന്‍മികളുടെ കൈവശമായിരുന്നു. ജാതിവ്യവസ്ഥയിലധിഷ്ഠിതമായ സാമൂഹ്യഘടനയിലൂടെയായിരുന്നു ജന്‍മിത്തം നടപ്പാക്കപ്പെട്ടത്' (98:2004, പ്രൊഫ:ബഹാവുദ്ദീന്‍, കെ.എം) കേരളത്തില്‍ ജാതിവ്യവസ്ഥ രൂപപ്പെട്ടത് ആര്യാധിനിവേശം പാരമ്യത്തിലെത്തിയപ്പോഴാണ്. ജാതിമതങ്ങള്‍ മനുഷ്യനെ ചൂഷണം ചെയ്യാനുള്ള ആയുധമായി മാറുന്നതാണ് പില്‍ക്കാലചരിത്രം. ഓരോ ജാതിക്കും അവരുടെ തൊഴിലും അവര്‍ പാലിക്കേണ്ട അയിത്തത്തിന്റെ തോതും തീര്‍ച്ചയാക്കി. ഏറ്റവും താഴ്ന്ന ജാതിക്കാരന്‍ നമ്പൂതിരിയില്‍ നിന്നും മുപ്പത് മീറ്റര്‍ ദൂരെ നില്ക്കണം എന്നായിരുന്നു  കണക്ക്. പുലയനും പറയനും തമ്മില്‍പ്പോലും അയിത്തമുണ്ടായിരുന്നു. നായന്‍മാരെ ആയുധധാരികളാക്കി ജാതിവ്യവസ്ഥ സംരക്ഷിക്കാന്‍ നിയോഗിച്ചു.
കൃഷിപ്പണി കേവലം അടിയാള വിഭാഗത്തിന്റെ തൊഴിലായിരുന്നു. ആണാളും പെണ്ണാളും അടങ്ങിയ ആളടിയാരാണ് കൃഷിപ്പണിയില്‍ നേരിട്ട് ഇടപെട്ടവര്‍ (226:2011, രാഘവവാര്യര്‍) നമ്പൂതിരിമാരോ, നായന്‍മാരോ അതില്‍ പങ്കാളിത്തം വഹിച്ചിരുന്നില്ല. നായന്‍മാര്‍ക്ക് പതിച്ചു കിട്ടിയിരുന്ന ഭൂമി  കീഴ്ജാതിക്കാര്‍ക്ക് പാട്ടത്തിന് നല്‍കുകയായിരുന്നു ചെയ്തത്. ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്ലീം ജനവിഭാഗം കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ സജീവമാകുന്നത്. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളോടെ മുസ്ലീംങ്ങളെ മൊത്തം ഉന്‍മൂലനം ചെയ്യാനുള്ള പോര്‍ച്ചുഗീസ് ശ്രമഫലമായാണ് തീരദേശത്തു നിന്നും ഉള്‍നാടുകളിലേക്ക് ജീവിതമാര്‍ഗം തേടിപ്പോകാന്‍ മുസ്ലീംങ്ങള്‍ തയ്യാറായതെന്ന് പറയാം. കച്ചവട മേഖലകളിലൂടെ കേരളത്തിന്റെ ഉള്‍മേഖലകളിലേക്ക് എത്തിച്ചേര്‍ന്ന് ക്രമത്തില്‍ കാര്‍ഷിക മേഖലയില്‍ സജീവമായ മുസ്ലീം സമൂഹം വന്‍ മാറ്റങ്ങള്‍ക്കായിരുന്നു തുടക്കമിട്ടത്. 1841ല്‍ മലബാര്‍ കലക്ടര്‍ എച്ച്. വി. കൊണോലി മദ്രാസ് ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ഉള്‍നാട്ടിലെ മുസ്ലീംങ്ങള്‍ കൃഷിപ്പണിയിലേക്ക് തിരിഞ്ഞതിനെക്കുറിച്ച് രേഖപ്പെടുത്തുന്നത് കാണാം (29:2004, ഗംഗാധരന്‍, എം.). കൃഷിഭൂമി മനുഷ്യന്റെ ഐക്യത്തിന്റെ പ്രതീകമായി മാറുന്നതിന് മുസ്ലീംങ്ങളുടെ കടന്നുവരവ് സഹായിച്ചു. ഹിന്ദു ജന്‍മിമാരില്‍ നിന്നും വ്യത്യസ്തമായി മുസ്ലീം ജനതയുമായി തൊട്ടുകൂടായ്മയുടെ ഭയം മറന്ന്, വിവിധ ജാതിമതക്കാര്‍ക്ക് സ്വതന്ത്രമായി പെരുമാറാന്‍ സാധിച്ചു. ജനാധിപത്യ മൂല്യങ്ങളെ അവഗണിച്ചു കൊണ്ട് തീര്‍ത്തും അമാനവീയമായി പിന്തുടര്‍ന്നുപോന്നിരുന്ന ഒരു വ്യവസ്ഥയെയാണ് കേരളചരിത്രത്തില്‍ മുസ്ലീംസമൂഹം അട്ടിമറിച്ചത്.
മനുഷ്യനെ ഒന്നിപ്പിക്കുകയും അവന്റെ കൂട്ടായ്മയേയും സഹവര്‍ത്തിത്തത്വത്തേയും ഉറപ്പിച്ചെടുക്കുകയും ചെയ്യുന്ന കൃഷിയിടത്തില്‍പ്പോലും ജാതിമത നിയമങ്ങള്‍ കര്‍ക്കശമാക്കി മനുഷ്യബന്ധങ്ങളെ തകര്‍ക്കാനായിരുന്നു യൂറോപ്യന്‍മാരും ജന്‍മിത്തശക്തികളും ശ്രമിച്ചത്. 'മണ്ണ് മനുഷ്യനെ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിക്കുകയാണ് ചെയ്യുക എന്ന പ്രാദേശികമായ നേരിനെ തിരിച്ചറിഞ്ഞുകൊണ്ട് കര്‍ഷകനെ ജാതിമത സ്പര്‍ദ്ധയുടെ തൊഴുത്തില്‍ കെട്ടിക്കൊണ്ട് യൂറോകേന്ദ്രീകൃത ചരിത്രം അവര്‍ നിര്‍മ്മിച്ചുണ്ടാക്കി'(53:2012, ഡോ. ഉമ്മര്‍ തറമേല്‍). ബ്രിട്ടീഷ് ഭരണകൂടം തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിന് പ്രധാന ആയുധമാക്കിയത് ജന്‍മിത്തത്തേയും ജാതിവ്യവസ്ഥയേയും ആയിരുന്നു. അത്തരമൊരു ഘട്ടത്തില്‍ വിദേശികള്‍ക്കെതിരെ കരുത്തോടെ പ്രതിരോധം തീര്‍ത്തവരില്‍ കാര്‍ഷിക മേഖലയിലെ മുസ്ലീം ജനതയുടെ സ്ഥാനം മുന്‍പന്തിയിലാണ്.
1766 മുതല്‍ 1792 വരെയാണ് മലബാറില്‍ മൈസൂര്‍ ഭരണം നിലനിന്നത്. ഹൈദരലിയും തുടര്‍ന്ന് ടിപ്പുസുല്‍ത്താനും കാര്‍ഷിക മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെ പല പരിഷ്‌കാരങ്ങളും നടപ്പാക്കിയിരുന്നു. കൃഷിക്കും കര്‍ഷകരുടെ സംരക്ഷണത്തിനും അവര്‍ ഊന്നല്‍ നല്‍കി. കൃഷി രാജ്യത്തിന്റെ ജീവരക്തമാണെന്ന് ടിപ്പു വിശ്വസിച്ചിരുന്നു. പുതുതായി കൃഷി ചെയ്ത സ്ഥലങ്ങള്‍ കര്‍ഷകന്റേയും പിന്‍ഗാമികളുടേയും സ്വത്തായിരിക്കുമെന്നും, നികുതി നല്‍കുന്നിടത്തോളം കാലം ഭൂമി അവരില്‍ നിന്നും പിടിച്ചെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വിളംബരം ചെയ്തു. നികുതി നിയമങ്ങള്‍ പരിഷ്‌കരിച്ചു. ജന്മികള്‍ വരുമാനത്തില്‍ ഒരു പങ്ക് നികുതിയായി നല്‌കേണ്ടി വന്നു. മാത്രമല്ല കൃഷിയില്‍ നേരിട്ടു ബന്ധമില്ലാത്ത നായന്മാര്‍ക്ക്  വിളവില്‍ യാതൊരു അവകാശവുമില്ലാതായി.(112:2004, പ്രൊഫ ബഹാവുദ്ദീന്‍, കെ.എം.) ദൂരവ്യാപകമായ സാമൂഹികമാറ്റങ്ങള്‍ക്കായിരുന്നു അദ്ദേഹം തുടക്കമിട്ടത്. എന്നാല്‍ ടിപ്പുവിന്റെ നയങ്ങളുടെ പിന്തുടര്‍ച്ച പിന്നീടുണ്ടായില്ല. ബ്രിട്ടീഷ് ജന്മിത്തശക്തികളുടെ കൂട്ടുകെട്ട് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ച് ചൂഷണം ചെയ്യാനായിരുന്നു എന്നും തയ്യാറായത്.
 മനുഷ്യന്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കേണ്ട വയലേലകളില്‍ ജാതിനിയമങ്ങളും കുലത്തൊഴിലും കടന്നുവന്നതോടെ അടിയാളന്‍മാര്‍ (ഹരിജനങ്ങള്‍) മാത്രമായിരുന്നു വേല ചെയ്യാന്‍ അവശേഷിച്ചത്. ജാതിമത വ്യത്യാസങ്ങളെ അവഗണിച്ച് പിന്നീടവിടേക്ക് കടന്നുവന്നത് മുസ്‌ലിംകളും, ഇസ്ലാംമതത്തിലേക്ക് മതം മാറിയ അടിയാളരുമായിരുന്നു. മലബാറിലെ ഉള്‍പ്രദേശങ്ങളിലെ കൃഷിവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന കീഴ്ജാതിക്കാരില്‍ പലരും ഇസ്ലാംമതം സ്വീകരിച്ചതിനെക്കുറിച്ച് പ്രസിദ്ധചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (14:2004, മലബാര്‍ പഠനങ്ങള്‍). മറ്റ് കര്‍ഷകത്തൊഴിലാളികള്‍ക്കൊപ്പം മുസ്‌ലിംകളും ജന്‍മിത്തത്തിന്റെ അധീശത്വം അംഗീകരിക്കണമെന്ന വാദം ശക്തമായതോടെ കാര്‍ഷിക സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. മുസ്‌ലിംകളുടെ സംസ്‌കാരവും മതവിശ്വാസവും എല്ലാവരും തുല്യരെന്ന ധാരണ അവരിലുണ്ടാക്കിലുണ്ടാക്കിയിരുന്നു. അതോടെ ജാതിവ്യവസ്ഥ അംഗീകരിക്കാന്‍ അവര്‍ തയ്യാറാവാതായി. (107:2004, പ്രൊഫ: കെ.എം ബഹാവുദ്ദീന്‍).  വടക്കന്‍ മലബാറിലെ പെരിങ്ങത്തൂര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ സവര്‍ണരുടെ അക്രമങ്ങള്‍ തടയാനായി അങ്ങാടിയില്‍ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാവല്‍ എര്‍പ്പെടുത്താന്‍ കരാറുണ്ടാക്കിയിരുന്നു.
ജാതീയമായ അക്രമങ്ങള്‍ക്കെതിരായി നടന്ന സുപ്രധാനമായ പോരാട്ടമായിരുന്നു ചേരൂര്‍പ്പട. 1843ല്‍ ആണ് ഇത് നടന്നത്. വയലില്‍ പണിയെടുക്കുന്ന, ഇസ്ലാംമതം സ്വീകരിച്ച ദളിത് സ്ത്രീയുടെ കുപ്പായം ബലമായി പിടിച്ചൂരി തിരൂരങ്ങാടിയിലെ ജന്‍മിയായ കപ്രാട്ട് കൃഷ്ണപ്പണിക്കര്‍ അപമാനിച്ചതായിരുന്നു പ്രതിഷേധത്തിന് കാരണം (75:2008, ഹുസൈന്‍, കെ.ടി). ചാന്നാര്‍ ലഹളയോളം ചരിത്ര പ്രാധാന്യമുള്ള പ്രസ്തുത സമരത്തില്‍ ഏഴ് മുസ്ലീം കര്‍ഷകരാണ് ബ്രിട്ടീഷ് സേനയുമായി ഏറ്റുമുട്ടി രക്തസാക്ഷികളായത്. മതനിരപേക്ഷവും സര്‍ഗാത്മകവുമായ കൃഷിഭൂമിയെ ജനാധിപത്യവിരുദ്ധ ചട്ടക്കൂടുകളില്‍ നിന്നും മോചിപ്പിച്ച് സ്വതന്ത്രമായ ഒരു സാമൂഹ്യ മണ്ഡലത്തിലേക്ക് പുനസ്ഥാപിക്കുന്നതിനുള്ള ശ്രമമായിരുന്നു മുസ്‌ലിം കര്‍ഷകര്‍ നടത്തിയത്. ഇത്തരത്തില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ജനാധിപത്യത്തെ സാധ്യമാക്കിയതില്‍ കാര്‍ഷിക സംസ്‌കാരത്തിനും മുസ്ലീംസമൂഹത്തിനും സുപ്രധാന സ്ഥാനമാണുള്ളത്.
കൃഷി കേവലം ഒരു ഉല്‍പാദന പ്രക്രിയ മാത്രമല്ലെന്നും, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കാര്‍ഷിക മേഖലയിലൂടെ ഉണ്ടായതെന്നും ചരിത്രപഠനങ്ങള്‍ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ മുസ്‌ലിംകളുടെ കാര്‍ഷിക മേഖലയിലേക്കുള്ള കടന്നുവരവാണ് മാറ്റങ്ങള്‍ക്ക് വേഗം കൂട്ടിയതെന്നും പറയാം. പില്‍ക്കാലത്തും, കേരളത്തിന്റെ സാമൂഹ്യവികാസത്തില്‍ നിര്‍ണായകമായ ഈഴവ മെമ്മോറിയല്‍, പൗരസമത്വ പ്രക്ഷോഭണം എന്നിങ്ങനെയുള്ള സമരഘട്ടങ്ങളിലും മുസ്‌ലിം ജനവിഭാഗത്തിന്റെ അളവറ്റ ഇടപെടലുണ്ടായിരുന്നുവെന്നത് വിസ്മരിക്കാവതല്ല.


Reference

1) ഉമ്മര്‍ തറമേല്‍, 2012: മാപ്പിളവസന്തം ചരിത്രവും വര്‍ത്തമാനവും, (എഡി. ഡോ.ഹസ്‌ക്കറലി)
2) ബഹാവുദ്ദീന്‍, കെ.എം., 2004: കേരളമുസ്‌ലിംകള്‍ ചെറുത്തുനില്പിന്റെ ചരിത്രം, ഐ.പി.എച്ച്, കോഴിക്കോട്.
3) ഗംഗാധരന്‍, എം., 2004: മലബാര്‍പഠനങ്ങള്‍, വചനം ബുക്‌സ്, കോഴിക്കോട്.
4) ഹുസൈന്‍, കെ.ടി., 2008: കേരളമുസ്‌ലിംകള്‍- അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രം, ഐ.പി.എച്ച്, കോഴിക്കോട്.
5) രാഘവവാര്യര്‍, രാജന്‍ ഗുരുക്കള്‍, 2011: കേരളചരിത്രം, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, എടപ്പാള്‍
6) വില്യം ലോഗന്‍, 2008: മലബാറിന്റെ ചരിത്രം, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്.

AUTHOR: രണ്‍ജിത്ത് സി.കെ
  (റിസര്‍ച്ച് സ്‌കോളര്‍, അലീഗഡ് യൂണിവേഴ്‌സിറ്റി)